ഉള്ളതുകൊണ്ടു തൃപ്തരായിരിക്കുക
1 സ്വന്തം കുടുംബത്തിനു വേണ്ടി ഭൗതികമായി കരുതാൻ തിരുവെഴുത്തുകൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. എന്നാൽ അതു ജീവിതത്തിലെ മുഖ്യ സംഗതി ആകരുത്. ആത്മീയ കാര്യങ്ങൾ ഒന്നാം സ്ഥാനത്തു വരണം. (മത്താ. 6:33; 1 തിമൊ. 5:8) ഈ “ദുർഘടസമയങ്ങ”ളിൽ ഉചിതമായ സമനില പാലിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. (2 തിമൊ. 3:1) അതിനു നമ്മെ എന്തു സഹായിക്കും?
2 ബൈബിളിന്റെ വീക്ഷണം സ്വീകരിക്കുക: ധനാസക്തി ആത്മീയ നാശത്തിനു കാരണമാകുമെന്നു ദൈവവചനം നമുക്കു മുന്നറിയിപ്പു നൽകുന്നു. (സഭാ. 5:10; മത്താ. 13:22; 1 തിമൊ. 6:9, 10) ഈ നിർണായക കാലത്ത് യോഗങ്ങൾ, പഠനം, സേവനം തുടങ്ങിയ ആത്മീയ പ്രവർത്തനങ്ങൾ ജീവിതത്തിൽ രണ്ടാം സ്ഥാനത്തേക്കു തഴയപ്പെടത്തക്കവണ്ണം നമ്മിൽ ആരെങ്കിലും ലൗകിക ജോലിയിലോ സാമ്പത്തിക കാര്യങ്ങളിലോ ആമഗ്നരാകുന്നതു വിപത്കരമായിരിക്കും. (ലൂക്കൊ. 21:34-36) അതിനു വിപരീതമായി ബൈബിൾ ഈ ബുദ്ധിയുപദേശം നൽകുന്നു: “ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.”—1 തിമൊ. 6:7, 8.
3 ക്രിസ്ത്യാനികൾ സ്വയം അടിച്ചേൽപ്പിക്കുന്ന ദാരിദ്ര്യത്തിന്റെ അവസ്ഥയിൽ കഴിഞ്ഞുകൂടണമെന്നല്ല ഇതിന്റെ അർഥം. എന്നാൽ നമ്മുടെ യഥാർഥ ഭൗതിക ആവശ്യങ്ങൾ—ഭക്ഷണം, വസ്ത്രം, പാർപ്പിടം—എന്തെല്ലാമാണെന്നു തിരിച്ചറിയാൻ ഈ ബുദ്ധിയുപദേശം നമ്മെ സഹായിക്കുന്നു. നമുക്ക് ജീവിതത്തിൽ അവശ്യ സംഗതികൾ ഉണ്ടെങ്കിൽ, കൂടുതൽ വസ്തുക്കൾ സമ്പാദിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും നാം അവിരാമം ശ്രമിക്കേണ്ടതില്ല. എന്തെങ്കിലും വാങ്ങുമ്പോഴോ കൂടുതലായ ഒരു ജോലി ഏറ്റെടുക്കുമ്പോഴോ ‘ഇത് യഥാർഥത്തിൽ അത്യാവശ്യമാണോ’ എന്നു സ്വയം ചോദിക്കുക. അങ്ങനെ ചെയ്യുന്നത്, “നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ” എന്ന നിശ്വസ്ത ബുദ്ധിയുപദേശത്തിനു ചെവികൊടുക്കാൻ നമ്മെ സഹായിക്കും.—എബ്രാ. 13:5.
4 നാം യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ അവൻ നമ്മെ സഹായിക്കും. (സദൃ. 3:5, 6) ജീവിതത്തിലെ അവശ്യ കാര്യങ്ങൾക്കായി നാം കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെങ്കിലും, നമ്മുടെ ജീവിതം അവയെ കേന്ദ്രീകരിച്ചുള്ളതല്ല. നമുക്കുള്ളത് അൽപ്പമോ അധികമോ ആയാലും നമ്മുടെ ആവശ്യങ്ങൾ നടക്കാൻ നാം യഹോവയിൽ ആശ്രയിക്കുന്നു. (ഫിലി. 4:11-13) അതിന്റെ ഫലമായി, നാം ദൈവിക സംതൃപ്തിയും ഒപ്പം മറ്റനവധി അനുഗ്രഹങ്ങളും ആസ്വദിക്കുന്നു.
5 മറ്റുള്ളവരുടെ വിശ്വാസം അനുകരിക്കുക: ഒറ്റയ്ക്കുള്ള ഒരു മാതാവ് തന്റെ മകളെ സത്യത്തിന്റെ മാർഗത്തിൽ വളർത്തവേ ജീവിതം ക്രമേണ ലളിതമാക്കി. സ്വന്തം ഭവനത്തിൽ എല്ലാവിധ സുഖസൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും, അവർ ഒരു ചെറിയ വീട്ടിലേക്കും പിന്നീട് ഒരു അപ്പാർട്ടുമെന്റിലേക്കും താമസം മാറ്റി. തന്മൂലം, ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിന് ജോലിസമയം വെട്ടിക്കുറയ്ക്കാൻ അവർക്കു സാധിച്ചു. മകളുടെ വിവാഹശേഷം, ആ മാതാവ് നേരത്തേതന്നെ ജോലിയിൽനിന്നു വിരമിച്ചു. അതു നിമിത്തം വരുമാനം പിന്നെയും കുറഞ്ഞെങ്കിലും, അവർ അതു കാര്യമാക്കിയില്ല. ഇപ്പോൾ ഏഴു വർഷമായി ഈ സഹോദരി ഒരു സാധാരണ പയനിയറായി സേവിക്കുന്നു. രാജ്യ താത്പര്യങ്ങൾക്കു പ്രഥമ സ്ഥാനം നൽകാൻ താൻ ചെയ്ത ഭൗതിക ത്യാഗങ്ങളെ പ്രതി അവർക്കു യാതൊരു ഖേദവുമില്ല.
6 ഒരു മൂപ്പനും ഭാര്യയും വർഷങ്ങളോളം പയനിയറിങ് ചെയ്തു, ഒപ്പം മൂന്നു കുട്ടികളെയും വളർത്തിക്കൊണ്ടുവന്നു. ഒരു കുടുംബം എന്ന നിലയിൽ തങ്ങളുടെ ആഗ്രഹങ്ങൾക്കു പകരം ആവശ്യങ്ങൾ നിറവേറ്റുന്നതിൽ തൃപ്തരാകാൻ അവർ പഠിച്ചു. ആ സഹോദരൻ പറയുന്നു: “ഞങ്ങളുടെ ജീവിതം കൂടുതൽ ലളിതമാക്കേണ്ടിവന്നു. ചില പ്രയാസ സാഹചര്യങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും, യഹോവ എല്ലായ്പോഴും ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിയിരിക്കുന്നു. . . . എന്റെ കുടുംബം ആത്മീയ കാര്യങ്ങൾ ഒന്നാമതു വെക്കുന്ന വിധം കാണുമ്പോൾ, എല്ലാം ശരിയായ രീതിയിൽത്തന്നെയാണെന്ന് എനിക്കു തോന്നുന്നു. നേട്ടം കൈവരിച്ചുവെന്ന ഒരു ബോധം എനിക്കുണ്ട്.” അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു: “[ഭർത്താവ്] ആത്മീയ കാര്യങ്ങളിൽ വ്യാപൃതനായിരിക്കുന്നതു കാണുമ്പോൾ എനിക്ക് ആഴമായ ആന്തരിക സംതൃപ്തി അനുഭവപ്പെടുന്നു.” ഈ മാതാപിതാക്കൾ യഹോവയെ മുഴു സമയം സേവിക്കാൻ തീരുമാനിച്ചതിൽ അവരുടെ മക്കളും സന്തുഷ്ടരാണ്.
7 ഭൗതിക കാര്യങ്ങൾക്കു പിന്നാലെ പോകാതെ ദൈവഭക്തിയുടെ മാർഗം തിരഞ്ഞെടുക്കുന്ന എല്ലാവർക്കും ഇപ്പോഴും വരുവാനുള്ള ജീവിതത്തിലും സമൃദ്ധമായ പ്രതിഫലങ്ങൾ ബൈബിൾ വാഗ്ദാനം ചെയ്യുന്നു.—1 തിമൊ. 4:8.