“യഹോവയുടെ സകല വിശ്വസ്തരുമായുള്ളോരേ, അവനെ സ്നേഹിപ്പിൻ”
യേശുവിന്റെ മരണത്തിന്റെ സ്മാരകാചരണം ഏപ്രിൽ 4-ന്
1 വർഷങ്ങൾക്കു മുമ്പ്, യൂക്രെയിൻ കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലായിരിക്കെ സഹോദരങ്ങൾ അധികാരികളുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കുന്നതിനുള്ള ദിവസം അടുത്തുവരവേ വിശേഷിച്ചും. സഹോദരങ്ങൾ കൂടിവരുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു അവരുടെ ലക്ഷ്യം. സ്മാരകം ആചരിക്കുന്ന തീയതി ഏറെക്കുറെ കൃത്യമായി അധികാരികൾക്ക് അറിയാമായിരുന്നതിനാൽ അത് എല്ലായ്പോഴും ഒരു പ്രശ്നമായിരുന്നുതാനും. സഹോദരങ്ങൾക്ക് എന്തു ചെയ്യാൻ സാധിക്കുമായിരുന്നു? ഒരു സഹോദരിയുടെ വീടിന്റെ നിലവറയിൽ സ്മാരകം നടത്താൻ അവർ തീരുമാനിച്ചു. നിലവറയിൽ മുട്ടറ്റം വെള്ളം ഉണ്ടായിരുന്നതിനാൽ അങ്ങനെയൊരു സ്ഥലത്ത് ആളുകൾ കൂടിവരുമെന്ന് അധികാരികൾ കരുതുകയില്ലായിരുന്നു. സഹോദരങ്ങൾ വെള്ളത്തിനു മീതെ ഒരു പ്ലാറ്റ്ഫോം കെട്ടിപ്പൊക്കി. നന്നേ താഴ്ന്ന മേൽക്കൂരയ്ക്കു കീഴിലായി പ്ലാറ്റ്ഫോമിൽ ചുരുണ്ടുകൂടി ഇരിക്കേണ്ടിവന്നെങ്കിലും ആരും അവരെ ശല്യപ്പെടുത്താൻ ചെല്ലാഞ്ഞതിനാൽ അവർ സന്തോഷത്തോടെ സ്മാരകം ആചരിച്ചു.
2 യേശുവിന്റെ മരണത്തിന്റെ സ്മാരകം ആചരിക്കാനുള്ള കൽപ്പന അനുസരിക്കാൻ യൂക്രെയിനിലെ നമ്മുടെ സഹോദരങ്ങൾ കാട്ടിയ നിശ്ചയദാർഢ്യം ദൈവത്തോടുള്ള അവരുടെ സ്നേഹത്തിന്റെ ഉത്കൃഷ്ട പ്രകടനമായിരുന്നു. (ലൂക്കൊ. 22:19; 1 യോഹ. 5:3) പ്രതിബന്ധങ്ങൾ ഉണ്ടാകുമ്പോഴൊക്കെ അത്തരം മാതൃകകളിൽനിന്നു നമുക്കു പ്രോത്സാഹനം ഉൾക്കൊള്ളാം. ഏപ്രിൽ 4-ന് കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കുന്നതിനായി കൂടിവരാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം. അതുവഴി, “യഹോവയുടെ സകല വിശ്വസ്തരുമായുള്ളോരേ, അവനെ സ്നേഹിപ്പിൻ” എന്നു പാടിയ സങ്കീർത്തനക്കാരന്റെ അതേ വികാരം നാം പ്രകടമാക്കുകയായിരിക്കും ചെയ്യുന്നത്.—സങ്കീ. 31:23, NW.
3 ദൈവത്തോടുള്ള സ്നേഹത്തിൽ വളരാൻ മറ്റുള്ളവരെ സഹായിക്കുക: നമ്മോടൊത്ത് സ്മാരകാചരണത്തിൽ പങ്കുചേരാൻ മറ്റുള്ളവരെ ക്ഷണിക്കുന്നതിനും ദൈവത്തോടുള്ള സ്നേഹം നമ്മെ പ്രേരിപ്പിക്കുന്നു. സ്മാരകത്തിനു ക്ഷണിക്കാൻ ഉദ്ദേശിക്കുന്നവരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കാൻ ഫെബ്രുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം നമ്മെ ഓരോരുത്തരെയും പ്രോത്സാഹിപ്പിച്ചിരുന്നു. നിങ്ങളുടെ പട്ടികയിലുള്ള ഓരോ വ്യക്തിയെയും ക്ഷണിക്കാൻ നിങ്ങൾ ഉത്സാഹപൂർവം ശ്രമിക്കുന്നുണ്ടോ? സമയമെടുത്ത് ആ വേളയുടെ പ്രാധാന്യം അവർക്കു വ്യക്തമാക്കിക്കൊടുക്കുക. സ്മാരക തീയതിയെയും സമയത്തെയും കുറിച്ചു സൗഹാർദപൂർവം ഓർമിപ്പിക്കുന്നത്, ആവശ്യമെങ്കിൽ അവരെ ചെന്നുകൂട്ടിക്കൊണ്ടുവരാമെന്നു പറയുന്നത് ഒക്കെ സ്മാരകത്തിനു വരാൻ അവരെ പ്രോത്സാഹിപ്പിച്ചേക്കാം.
4 നമ്മുടെ ക്ഷണം സ്വീകരിച്ച് സ്മാരകത്തിന് എത്തുന്നവരെ ഊഷ്മളമായി സ്വാഗതം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. അപരിചിതമായ ഒരു സ്ഥലത്ത് ആയിരിക്കുന്നതു മൂലം അവർക്ക് അനുഭവപ്പെട്ടേക്കാവുന്ന അസ്വസ്ഥത ആവുന്നത്ര കുറയ്ക്കാൻ ശ്രമിക്കുക. യഹോവയോടുള്ള സ്നേഹത്തിൽ വളരാൻ അവരെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാം? അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സജ്ജരും സന്നദ്ധരുമായിരിക്കുക. ഉചിതമെങ്കിൽ ഒരു ബൈബിളധ്യയനം വാഗ്ദാനം ചെയ്യാൻ ഒരുങ്ങിയിരിക്കുക. പ്രതിവാര സഭായോഗങ്ങളിൽ സംബന്ധിക്കാൻ അവരെ ക്ഷണിക്കുക. സന്നിഹിതരായിരിക്കുന്ന നിഷ്ക്രിയരായ ക്രിസ്ത്യാനികൾക്കു പ്രത്യേക ശ്രദ്ധ നൽകാൻ മൂപ്പന്മാർ ആഗ്രഹിക്കും. അത്തരം വ്യക്തികളെ സന്ദർശിച്ച് സഭാപ്രവർത്തനങ്ങളിൽ വീണ്ടും ഏർപ്പെടാനുള്ള പ്രോത്സാഹനം നൽകുന്നതിനു വേണ്ട ക്രമീകരണം അവർക്കു ചെയ്യാൻ കഴിയും. സന്ദർശനം നടത്തുമ്പോൾ ഒരുപക്ഷേ സ്മാരക പ്രസംഗത്തിൽ അവതരിപ്പിക്കപ്പെട്ട ആശയങ്ങളെ ആധാരമാക്കി അവർക്കു സംസാരിക്കാവുന്നതാണ്.—റോമ. 5:6-8.
5 യഹോവയോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആഴം വർധിപ്പിക്കൽ: മറുവില എന്ന ദാനത്തെ കുറിച്ചു ഗൗരവമായി ചിന്തിക്കുന്നത് യഹോവയോടും അവന്റെ പുത്രനോടുമുള്ള നമ്മുടെ സ്നേഹത്തെ കൂടുതൽ ആഴമുള്ളതാക്കും. (2 കൊരി. 5:14, 15) വർഷങ്ങളായി സ്മാരകാചരണത്തിൽ പങ്കെടുത്തിട്ടുള്ള ഒരു വ്യക്തി ഇങ്ങനെ പറഞ്ഞു: “സ്മാരകത്തിനായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഓരോ വർഷവും അതു ഞങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതൽ വിശേഷതയുള്ളതായിത്തീരുന്നു. 20 വർഷം മുമ്പ്, ശവമഞ്ചത്തിൽ കിടക്കുന്ന എന്റെ പ്രിയപ്പെട്ട ഡാഡിയുടെ നിർജീവ ശരീരത്തിലേക്കു നോക്കിനിൽക്കവേ മറുവിലയുടെ മൂല്യം മുമ്പെന്നത്തെക്കാൾ അധികമായി ഞാൻ വിലമതിക്കാൻ ഇടയായി. അതിനു മുമ്പ് മറുവില വെറും ഒരു പഠനവിഷയം മാത്രമായിരുന്നു. അതിനോടു ബന്ധപ്പെട്ട എല്ലാ തിരുവെഴുത്തുകളും എനിക്കറിയാമായിരുന്നു, അവ വിശദീകരിക്കാനും! എന്നാൽ മരണത്തിന്റെ തണുത്ത സ്പർശം സ്വന്തം ജീവിതത്തിൽ അനുഭവപ്പെട്ടപ്പോഴാണ് അമൂല്യമായ ആ മറുവിലയിലൂടെ സാധിക്കാൻ പോകുന്ന കാര്യത്തെക്കുറിച്ച് ഓർത്ത് എന്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞുതുളുമ്പിയത്.”—യോഹ. 5:28, 29.
6 ഈ വർഷത്തെ സ്മാരകാചരണത്തിനുള്ള തീയതി സമീപിക്കവേ, ആ വേളയ്ക്കായി നിങ്ങളുടെ ‘ഹൃദയത്തെ ഒരുക്കുക.’ (2 ദിന. 19:3, NW) തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2004-ലും കലണ്ടർ 2004-ലും പട്ടികപ്പെടുത്തിയിരിക്കുന്ന പ്രത്യേക സ്മാരക ബൈബിൾ വായനാഭാഗങ്ങളെ കുറിച്ചു ധ്യാനിക്കുക. ചിലർ തങ്ങളുടെ കുടുംബ അധ്യയനത്തിൽ മഹാനായ മനുഷ്യൻ പുസ്തകത്തിലെ 112-16 അധ്യായങ്ങൾ പരിചിന്തിക്കാൻ താത്പര്യപ്പെടുന്നു. വേറെ ചിലർ “വിശ്വസ്തനും വിവേകിയുമായ അടിമ”വർഗം പ്രദാനം ചെയ്തിരിക്കുന്ന മറ്റു പഠനസഹായികൾ ഉപയോഗിച്ച് കൂടുതലായ ഗവേഷണം നടത്തുന്നു. (മത്താ. 24:45-47, NW) നമുക്കെല്ലാവർക്കും മറുവില എന്ന ദാനം നമ്മുടെ ഹൃദയംഗമമായ പ്രാർഥനയിലെ ഒരു വിഷയമാക്കാം. (സങ്കീ. 50:14, 23) അതേ, ഈ സ്മാരക കാലത്ത്, യഹോവയ്ക്ക് നമ്മോടുള്ള സ്നേഹത്തെ കുറിച്ച് നമുക്കു തുടർച്ചയായി ധ്യാനിക്കുകയും അവനോടുള്ള സ്നേഹം പ്രകടമാക്കുന്നതിനുള്ള വഴികൾ തേടുകയും ചെയ്യാം.—മർക്കൊ. 12:30; 1 യോഹ. 4:10.