“ഇതു ചെയ്തുകൊണ്ടിരിക്കുവിൻ” സ്മാരകാചരണം, ഏപ്രിൽ 5-ന്
1. സ്മാരകാചരണം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
1 “എന്റെ ഓർമയ്ക്കായി ഇതു ചെയ്തുകൊണ്ടിരിക്കുവിൻ” എന്നു പറഞ്ഞുകൊണ്ട് തന്റെ ബലിമരണത്തിന്റെ ഓർമ ആചരിക്കാൻ യേശു അനുഗാമികളോടു കൽപ്പിച്ചു. (ലൂക്കോ. 22:19) മറുവിലയാഗം സാധ്യമാക്കിയിരിക്കുന്ന കാര്യങ്ങളുടെയെല്ലാം വെളിച്ചത്തിൽ വർഷത്തിൽ ഇത്രത്തോളം പ്രധാനപ്പെട്ടതും വിശേഷപ്പെട്ടതും ആയ വേറൊരു ദിവസവും ക്രിസ്ത്യാനികൾക്കില്ല! ഈ വർഷത്തെ സ്മാരകാചരണദിനമായ ഏപ്രിൽ 5 അടുത്തുവരവെ, നമുക്ക് എങ്ങനെ യഹോവയോട് നന്ദി കാണിക്കാനാകും?—കൊലോ. 3:15.
2. പഠനത്തിലൂടെയും ധ്യാനത്തിലൂടെയും സ്മാരകാചരണത്തോടുള്ള വിലമതിപ്പ് എങ്ങനെ കാണിക്കാം?
2 ഒരുങ്ങുക: പ്രധാനപ്പെട്ട കാര്യങ്ങൾക്കുവേണ്ടി സാധാരണയായി നാം ചില ഒരുക്കങ്ങൾ നടത്താറുണ്ട്. യേശുവിന്റെ അവസാനദിനങ്ങളിലെ സംഭവങ്ങളെക്കുറിച്ച് സകുടുംബം ചർച്ച ചെയ്യുന്നതും അതേക്കുറിച്ച് ധ്യാനിക്കുന്നതും സ്മാരകദിനത്തിനായി ‘ഹൃദയത്തെ ഒരുക്കാൻ’ നമ്മെ സഹായിക്കും. (എസ്രാ 7:10, വിശുദ്ധ സത്യവേദ പുസ്തകം, മോഡേൺ മലയാളം വേർഷൻ) ഈ സംഭവങ്ങളുടെ ചില തിരുവെഴുത്തുപരാമർശങ്ങൾ നമ്മുടെ കലണ്ടറിലും തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന ചെറുപുസ്തകത്തിലും കാണാനാകും. കൂടുതൽ തിരുവെഴുത്തുപരാമർശങ്ങളും മഹാനായ മനുഷ്യൻ പുസ്തകത്തിലെ അധ്യായങ്ങളും 2012 ജനുവരി-മാർച്ച് വീക്ഷാഗോപുരത്തിന്റെ പേജ് 21, 22-ൽ നൽകിയിട്ടുണ്ട്.
3. ശുശ്രൂഷയിലെ പങ്കു വർധിപ്പിച്ചുകൊണ്ട് നമുക്ക് എങ്ങനെ സ്മാരകാചരണത്തോട് വിലമതിപ്പു കാണിക്കാം?
3 പ്രസംഗിക്കുക: നമ്മുടെ വിലമതിപ്പ് കാണിക്കാനാകുന്ന മറ്റൊരു വിധം ശുശ്രൂഷയിൽ പൂർണമായി ഏർപ്പെടുന്നതാണ്. (ലൂക്കോ. 6:45) മാർച്ച് 17 ശനിയാഴ്ചമുതൽ ലോകവ്യാപകമായി നാം സ്മാരകക്ഷണക്കത്ത് വിതരണം ചെയ്യും. പ്രസംഗവേലയിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനായി നിങ്ങളുടെ കാര്യാദികൾ ക്രമീകരിക്കാനാകുമോ, ഒരുപക്ഷേ സഹായ പയനിയറിങ് ചെയ്തുകൊണ്ട്? അടുത്ത കുടുംബാരാധനയിൽ ഇക്കാര്യമൊന്ന് ചർച്ച ചെയ്തുകൂടേ?
4. സ്മാരകാചരണത്തിനു കൂടിവരുന്നതിലൂടെ എന്തെല്ലാം പ്രയോജനങ്ങൾ ലഭിക്കും?
4 വർഷന്തോറും സ്മാരകാചരണത്തിനായി കൂടിവരുന്നതിലൂടെ എത്രയെത്ര പ്രയോജനങ്ങളാണ് നമുക്ക് ലഭിക്കുന്നത്! തന്റെ ഏകജാതപുത്രനെ മറുവിലയായി നൽകിയ യഹോവയുടെ മഹാമനസ്കതയെക്കുറിച്ചു ചിന്തിക്കുമ്പോൾ അവനോടുള്ള നമ്മുടെ സ്നേഹം വർധിക്കുന്നു, ഒപ്പം നമ്മുടെ സന്തോഷവും. (യോഹ. 3:16; 1 യോഹ. 4:9, 10) മേലാൽ നമുക്കുവേണ്ടി ജീവിക്കാതിരിക്കാൻ ഇത് നമ്മെ നിർബന്ധിക്കുന്നു. (2 കൊരി. 5:14, 15) മാത്രമല്ല യഹോവയെ പരസ്യമായി സ്തുതിക്കാനുള്ള നമ്മുടെ തീരുമാനത്തെയും ഇത് ശക്തമാക്കും. (സങ്കീ. 102:20-22) ഏപ്രിൽ 5-ന് നടക്കുന്ന സ്മാരകാചരണത്തിലൂടെ ‘കർത്താവിന്റെ മരണത്തെ പ്രഖ്യാപിക്കാനുള്ള’ അവസരമാണ് നമുക്കുള്ളത്. യഹോവയുടെ ദാസന്മാർ നന്ദിപൂർവം അതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.—1 കൊരി. 11:26.