പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ
ഭാഗം 2: അധ്യയനം നടത്താൻ തയ്യാറാകൽ
1 ഫലപ്രദമായി ബൈബിളധ്യയനം നടത്തുക എന്നതിൽ വിഷയം ചർച്ച ചെയ്യുകയും പരാമർശിച്ചിരിക്കുന്ന വാക്യങ്ങൾ എടുത്തു നോക്കുകയും ചെയ്യുന്നതിലധികം ഉൾപ്പെട്ടിരിക്കുന്നു. വിവരങ്ങൾ വിദ്യാർഥിയുടെ ഹൃദയത്തെ സ്പർശിക്കുംവിധം നാം അവതരിപ്പിക്കേണ്ടതുണ്ട്. ഇതിന് വിദ്യാർഥിയെ മനസ്സിൽ കണ്ടുകൊണ്ടുള്ള സമഗ്രമായ തയ്യാറാകൽ ആവശ്യമാണ്.—സദൃ. 15:28.
2 തയ്യാറാകാൻ കഴിയുന്ന വിധം: വിദ്യാർഥിയെ കുറിച്ചും അയാളുടെ ആവശ്യങ്ങളെ കുറിച്ചും യഹോവയോടു പ്രാർഥിച്ചുകൊണ്ടു തുടങ്ങുക. വിദ്യാർഥിയുടെ ഹൃദയത്തിൽ എത്തിച്ചേരുന്നതിനുള്ള സഹായത്തിനായി യഹോവയോടു യാചിക്കുക. (കൊലൊ. 1:9, 10) പ്രതിപാദ്യ വിഷയം വ്യക്തമായി മനസ്സിലാക്കാൻ പാഠത്തിന്റെ ശീർഷകം, ഉപശീർഷകങ്ങൾ, ചിത്രങ്ങൾ എന്നിവ കാണുക. എന്നിട്ട് സ്വയം ചോദിക്കുക: ‘ഈ പഠനഭാഗത്തിന്റെ സാരാംശം എന്താണ്?’ അധ്യയനം നിർവഹിക്കുമ്പോൾ മുഖ്യ ആശയങ്ങൾ വിശേഷവത്കരിക്കാൻ ഇതു നിങ്ങളെ സഹായിക്കും.
3 ഓരോ ഖണ്ഡികയും ശ്രദ്ധാപൂർവം അവലോകനം ചെയ്യുക. അച്ചടിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുക, മുഖ്യ ആശയങ്ങൾ ഉൾക്കൊള്ളുന്ന വാക്കുകളുടെയും വാചകങ്ങളുടെയും അടിയിൽ മാത്രം വരയ്ക്കുക. ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്ന വാക്യങ്ങൾ അതിലെ മുഖ്യ ആശയത്തോടു ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നു വിശകലനം ചെയ്ത് അധ്യയന സമയത്തു വായിക്കേണ്ട വാക്യങ്ങൾ നിശ്ചയിക്കുക. പ്രസിദ്ധീകരണത്തിന്റെ മാർജിനിൽ വാക്യങ്ങളെ കുറിച്ചുള്ള കുറിപ്പുകൾ രേഖപ്പെടുത്തുന്നതു സഹായകമായിരുന്നേക്കാം. താൻ പഠിക്കുന്നതു ദൈവവചനത്തിൽനിന്നാണ് എന്നു വ്യക്തമായി കാണാൻ വിദ്യാർഥിക്കു കഴിയണം.—1 തെസ്സ. 2:13.
4 അധ്യയനഭാഗം വിദ്യാർഥിക്കു വ്യക്തിപരമായി ബാധകമാക്കുക: അടുത്തതായി, വിദ്യാർഥിയെ മനസ്സിൽ കണ്ടുകൊണ്ട് പാഠം പരിചിന്തിക്കുക. അയാൾ ഉന്നയിച്ചേക്കാവുന്ന ചോദ്യങ്ങൾ, അയാൾക്കു മനസ്സിലാക്കാനോ അംഗീകരിക്കാനോ ബുദ്ധിമുട്ടായേക്കാവുന്ന ആശയങ്ങൾ എന്നിവ മുൻകൂട്ടി കാണാൻ ശ്രമിക്കുക. സ്വയം ഇങ്ങനെ ചോദിക്കുക: ‘ആത്മീയമായി പുരോഗമിക്കുന്നതിന് അയാൾ എന്തൊക്കെ മനസ്സിലാക്കേണ്ടതുണ്ട്? ആത്മീയ പുരോഗതിക്ക് അയാൾ ഏതു കാര്യങ്ങളിലാണു മെച്ചപ്പെടേണ്ടത്? എനിക്ക് അയാളുടെ ഹൃദയത്തിൽ എത്തിച്ചേരാൻ എങ്ങനെ കഴിയും?’ തദനുസരണം നിങ്ങളുടെ പഠിപ്പിക്കൽ അനുരൂപപ്പെടുത്തുക. ചിലപ്പോഴൊക്കെ, ഒരു ആശയത്തിന്റെയോ ഒരു തിരുവെഴുത്തിന്റെയോ അർഥം മനസ്സിലാക്കുന്നതിന് ഒരു ദൃഷ്ടാന്തമോ വിശദീകരണമോ കുറെ ചോദ്യങ്ങൾതന്നെയോ ആവശ്യമായി വരും എന്നു നിങ്ങൾ കണ്ടെത്തിയേക്കാം. (നെഹെ. 8:8) എന്നാൽ വിഷയത്തോടു നേരിട്ടു ബന്ധമില്ലാത്ത വിവരങ്ങൾ തിരുകിക്കയറ്റുന്നത് ഒഴിവാക്കുക. അധ്യയനത്തിന്റെ ഒടുവിൽ, മുഖ്യ ആശയങ്ങൾ ഹ്രസ്വമായി പുനരവലോകനം നടത്തുന്നതു നല്ലതാണ്, ആശയങ്ങൾ ഓർത്തിരിക്കാൻ അതു വിദ്യാർഥിയെ സഹായിക്കും.
5 പുതിയവർ യഹോവയുടെ പുകഴ്ചയ്ക്കായി നീതിഫലം പുറപ്പെടുവിക്കുമ്പോൾ നാമെത്ര സന്തോഷിക്കുന്നു! (ഫിലി. 1:11) ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ അവരെ സഹായിക്കുന്നതിന്, ഓരോ തവണ ബൈബിളധ്യയനം നടത്തുന്നതിനു മുമ്പും നന്നായി തയ്യാറാകുക.