പ്രത്യേക സമ്മേളന ദിനത്തിന്റെ പുനരവലോകനം
സേവനവർഷം 2005-ലെ പ്രത്യേക സമ്മേളന ദിനത്തിന്റെ പൂർവാവലോകനവും പുനരവലോകനവും നടത്താൻ ഈ വിവരങ്ങൾ ഉപയോഗിക്കുന്നതായിരിക്കും. ഇത് എങ്ങനെ നടത്താമെന്ന്, ഈ അനുബന്ധത്തിന്റെ 4-ാം പേജിൽ കൊടുത്തിരിക്കുന്ന “സമ്മേളന പരിപാടികൾ പുനരവലോകനം ചെയ്യുന്നതിനുള്ള പുതിയ ക്രമീകരണം” എന്ന ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ട്. അനുവദിച്ചിട്ടുള്ള സമയത്തിനുള്ളിൽ പുനരവലോകനത്തിനുള്ള എല്ലാ ചോദ്യങ്ങളും പരിചിന്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. സമ്മേളനത്തിലൂടെ ലഭിച്ച വിവരങ്ങൾ എങ്ങനെ ബാധകമാക്കാം എന്നതിനായിരിക്കണം പരിപാടി ഊന്നൽ നൽകേണ്ടത്.
രാവിലത്തെ സെഷൻ
1. യഹോവയ്ക്കു ചെവികൊടുക്കേണ്ടത് ഇന്ന് അങ്ങേയറ്റം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? ശ്രദ്ധിക്കുക എന്നതിന്റെ അർഥം എന്താണ്? (“യഹോവയുടെ ശബ്ദത്തിനു ശ്രദ്ധ നൽകേണ്ടതിന്റെ കാരണം”)
2. ആത്മീയ പ്രവർത്തനങ്ങളുടെ ഒരു നല്ല ചര്യ പിൻപറ്റാൻ കുടുംബങ്ങൾക്ക് എങ്ങനെ കഴിയും? (“ശൈഥില്യം കൂടാതെ ദൈവവചനത്തിനു ശ്രദ്ധ കൊടുക്കുന്ന കുടുംബങ്ങൾ”)
3. സർക്കിട്ടിലെ സഹോദരങ്ങൾ അനൗപചാരിക സാക്ഷീകരണത്തിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തിയിരിക്കുന്നത് എങ്ങനെ? (“സകലവും ദൈവമഹത്ത്വത്തിനായി ചെയ്യൽ”)
4. എബ്രായർ 3, 4 അധ്യായങ്ങളിൽ കാണപ്പെടുന്ന മുന്നറിയിപ്പിൻ ദൃഷ്ടാന്തത്തിൽനിന്നു നമുക്ക് എന്തു പഠിക്കാം? ഇന്ന് യഹോവ നമ്മോടു സംസാരിക്കുന്നത് എങ്ങനെ? (“ദൈവം സംസാരിക്കുമ്പോൾ ശ്രദ്ധിക്കുന്നത് നമ്മെ സംരക്ഷിക്കുന്നു”)
5. സ്നാപന പ്രസംഗത്തിൽനിന്നു നിങ്ങൾ എന്തു പ്രയോജനം നേടി? (“സമർപ്പണവും സ്നാപനവും”)
ഉച്ചകഴിഞ്ഞുള്ള സെഷൻ
6. യേശുവിന്റെ യുവപ്രായത്തെക്കുറിച്ച് നമുക്ക് എന്തു മനസ്സിലാക്കാൻ സാധിക്കുന്നു, സർക്കിട്ടിലെ യുവജനങ്ങൾ അവന്റെ മാതൃക അനുകരിക്കുന്നത് എങ്ങനെ? (“ദൈവവചനത്തിനു സൂക്ഷ്മശ്രദ്ധ നൽകുന്നത് യുവജനങ്ങളെ ബലപ്പെടുത്തുന്ന വിധം”)
7. ശിശുക്കളെയും കൊച്ചുകുട്ടികളെയും യഹോവയുടെ വഴികളിൽ കൈപിടിച്ചുനടത്താൻ മാതാപിതാക്കൾക്കു ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ഏവ? (“ദൈവത്തിനു ശ്രദ്ധ നൽകുകയും പഠിക്കുകയും ചെയ്യുന്ന കൊച്ചുകുട്ടികൾ”)
8. ഏതെല്ലാം മണ്ഡലങ്ങളിൽ നാം യഹോവയ്ക്കും അവന്റെ പുത്രനും ‘വിശ്വസ്തനും വിവേകിയും ആയ അടിമയ്ക്കും’ ശ്രദ്ധകൊടുക്കണം? (മത്താ. 24:45, NW) അങ്ങനെ ചെയ്യുന്നത് മർമപ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്? (“ദിവ്യപ്രബോധനത്തിനു നിരന്തരശ്രദ്ധ നൽകുക”)