“ഉത്തരം പറയാമോ?”
1. നമ്മിൽ മിക്കവരും ഏതു വെല്ലുവിളികൾ നേരിടുന്നു?
1 ദൈവവചനത്തോട് പ്രിയമുണ്ടെങ്കിലും ബൈബിൾ വിവരണങ്ങളുടെ വിശദാംശങ്ങളോ ചില പ്രത്യേക കാര്യങ്ങൾ ബൈബിളിൽ എവിടെയാണു പറഞ്ഞിരിക്കുന്നതെന്നോ ഓർത്തിരിക്കാൻ നിങ്ങൾക്കു പ്രയാസമാണോ? അടിസ്ഥാന ബൈബിൾ വിവരങ്ങളും പഠിപ്പിക്കലുകളും സംബന്ധിച്ച് നിങ്ങളുടെ കുട്ടികൾക്കു നല്ല അറിവുണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ഉണരുക!യുടെ 31-ാം പേജിലെ “ഉത്തരം പറയാമോ?” എന്ന പരമ്പര ദൈവവചനവുമായി മെച്ചമായി പരിചിതമാകുന്നതിന് കുട്ടികളെയും മുതിർന്നവരെയും സഹായിക്കും.—പ്രവൃ. 17:11.
2. “ഉത്തരം പറയാമോ?” എന്ന പരമ്പരയിലെ വ്യത്യസ്ത ഭാഗങ്ങൾ എങ്ങനെ ഉപയോഗിക്കാനാകും?
2 ഈ പരമ്പര എങ്ങനെ നന്നായി പ്രയോജനപ്പെടുത്താനാകും? 2006 ജനുവരി ലക്കം ഉണരുക! പിൻവരുന്ന നിർദേശങ്ങൾ നൽകി: “31-ാം പേജിലൂടെ ഒന്നു കണ്ണോടിക്കുക. ചില ഭാഗങ്ങൾ യുവ വായനക്കാർക്ക് ആകർഷകമായിരിക്കും. ബൈബിൾ നന്നായി അറിയാവുന്നവരുടെ ഓർമയെ പരിശോധിക്കുന്നതായിരിക്കും മറ്റു ഭാഗങ്ങൾ. ‘ചരിത്രത്തിൽ എപ്പോൾ?’ എന്ന ഭാഗം ബൈബിൾ കഥാപാത്രങ്ങൾ ജീവിച്ചിരുന്നതും സുപ്രധാന സംഭവങ്ങൾ നടന്നതും എപ്പോഴെന്നു കാണിക്കുന്ന ഒരു കാലാനുക്രമ ചാർട്ട് ഉണ്ടാക്കിയെടുക്കാൻ നിങ്ങളെ സഹായിക്കും. ‘ഈ ലക്കത്തിൽനിന്ന്’ എന്ന ഭാഗത്തെ ചോദ്യങ്ങൾക്കുള്ള ഉത്തരം മാസികയിലുടനീളം കണ്ടെത്താൻ സാധിക്കും. എന്നാൽ മറ്റു ചോദ്യങ്ങൾക്കുള്ള ഉത്തരം അതേ ലക്കത്തിലെ ഒരു നിശ്ചിത പേജിൽ കണ്ടെത്താനാകും, അവിടെ അവ തലകീഴായി അച്ചടിച്ചിരിക്കും. ഉത്തരങ്ങൾ വായിക്കുന്നതിനുമുമ്പ് അൽപ്പം ഗവേഷണം നടത്തരുതോ? പഠിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരോടു പറയുകയും ചെയ്യാവുന്നതാണ്. ‘ഉത്തരം പറയാമോ?’ എന്ന ഈ പുതിയ പരമ്പരയെ അടിസ്ഥാനപ്പെടുത്തി കുടുംബാംഗങ്ങളുമായും നിങ്ങൾ സഹവസിക്കുന്ന മറ്റുള്ളവരുമായും ബൈബിൾ ചർച്ചകളിൽ ഏർപ്പെടാനും സാധിക്കും.”
3. ചില കുടുംബങ്ങൾ ഈ പരമ്പര പ്രയോജനപ്പെടുത്തിയിരിക്കുന്നത് എങ്ങനെ, ഇതിലെ ഏതു ഭാഗമാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടം?
3 അനേകം കുടുംബങ്ങളും ഈ പരമ്പര കുടുംബ അധ്യയനത്തിനുള്ള അടിസ്ഥാനമായി ഉപയോഗിക്കുന്നു. ഒരു മാതാവ് ഇപ്രകാരം എഴുതുന്നു: “ഞങ്ങളുടെ മൂന്നു വയസ്സുള്ള മകൾക്ക് അധ്യയനം രസകരവും പ്രോത്സാഹജനകവും ആക്കുന്നതിനായി ‘കുട്ടികളുടെ ചിത്രാന്വേഷണം’ എന്ന ഭാഗം കുടുംബ അധ്യയനത്തിൽ ഉൾപ്പെടുത്തുന്നതു നന്നായിരിക്കുമെന്ന് എനിക്കും ഭർത്താവിനും തോന്നി. ഉണരുക! മാസികയെടുത്ത് ഉത്സാഹത്തോടെ ഓരോ പേജും മറിച്ചുമറിച്ച് അവസാനം ആ പേജ് കണ്ടുപിടിക്കുന്നത് നോക്കിയിരിക്കാൻ നല്ല രസമാണ്.” ബ്രസീലിൽനിന്ന് ഒരു പിതാവ് പറയുന്നു: “എനിക്കും എന്റെ ഏഴു വയസ്സുള്ള മകനും ഉണരുക!യിലെ ഈ പരമ്പര വലിയ ഇഷ്ടമാണ്. ശ്രദ്ധിച്ചിരിക്കുന്നതിനും തിരുവെഴുത്തുകൾ എടുത്തുനോക്കുന്നതിനും ചിത്രങ്ങൾ തിരിച്ചറിയുന്നതിനും തിയതികൾ മനസ്സിലാക്കുന്നതിനും മോയ്സ്സിനെ ഇതു സഹായിച്ചിരിക്കുന്നു.” എട്ടു വയസ്സുകാരിയായ അഷ്ലി എഴുതുന്നു: “ഉണരുക!യുടെ ഒടുവിലായുള്ള ‘ഉത്തരം പറയാമോ’ എന്ന പരമ്പരയ്ക്കു നന്ദി. എനിക്കു ബൈബിളിനെക്കുറിച്ച് ഇതിൽനിന്നും ഒത്തിരി പഠിക്കാനാകുന്നു.”
4. കുടുംബ ബൈബിളധ്യയത്തിൽ ഈ പരമ്പര എങ്ങനെ ഉൾപ്പെടുത്താം?
4 നിങ്ങളുടെ കുടുംബ അധ്യയനത്തിന്റെ ഭാഗമായി ഇടയ്ക്കൊക്കെ “ഉത്തരം പറയാമോ” എന്ന ഭാഗം എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? ഏറെ ബുദ്ധിമുട്ടുള്ളതായി തോന്നുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാൻ വിഷയസൂചികയോ സിഡി-റോമിലുള്ള വാച്ച്ടവർ ലൈബ്രറിയോ ഉപയോഗിക്കാനാകും. ഇവ ഉപയോഗിക്കുമ്പോൾ ഗവേഷണം ചെയ്യുന്നതെങ്ങനെയെന്നു നിങ്ങൾ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുകയായിരിക്കും ചെയ്യുക. നിങ്ങൾക്കു മുതിർന്ന കുട്ടികൾ ഉണ്ടെങ്കിൽ, “ഞാൻ ആരാണ്?,” “ചരിത്രത്തിൽ എപ്പോൾ” എന്നിവയുടെ ഉത്തരം അധ്യയനത്തിനു മുമ്പേ ഗവേഷണം ചെയ്തു കണ്ടുപിടിക്കാനുള്ള നിയമനം നൽകരുതോ? തുടർന്ന്, ഗവേഷണംചെയ്തു കിട്ടിയ വിവരങ്ങൾ അധ്യയനസമയത്ത് അവർക്കു പങ്കുവെക്കാനാകും. ബാല്യം മുതൽ കുട്ടികൾ “തിരുവെഴുത്തുകളെ” അറിയുന്നതിനും അങ്ങനെ ദൈവവചനം അവരിൽ ഉൾനടുന്നതിനും ഉള്ള ഒരു മാർഗമാണ് ഈ പേജിന്റെ ഫലപ്രദമായ ഉപയോഗം.—2 തിമൊ. 3:14, 15; ആവ. 6:7.