പുതിയ ശിഷ്യരെ ഉളവാക്കുന്നതിൽ ഏവർക്കും ഒരു പങ്കുണ്ടായിരിക്കാനാകും
1 ഒരാളുടെ മാത്രം ശ്രമംകൊണ്ടല്ല പുതിയ ഒരു ശിഷ്യൻ ഉളവാകുന്നത്. ബൈബിൾ വിദ്യാർഥികളുടെ ആത്മീയ പുരോഗതിക്കായി യഹോവയ്ക്കു തന്റെ മുഴു “കൂട്ടുവേലക്കാ”രെയും ഉപയോഗിക്കാൻ കഴിയും. (1 കൊരി. 3:6-9) യോഗങ്ങളിൽ പറയുന്ന ആത്മാർഥമായ അഭിപ്രായങ്ങളാലും ജീവിതത്തിൽ ദൈവാത്മാവിന്റെ പ്രവർത്തനത്തിനു കുറ്റമറ്റ തെളിവു നൽകുന്ന നല്ല പെരുമാറ്റരീതികളാലും നാമോരുത്തരും പുതിയവരെ സഹായിക്കുന്നു. (യോഹ. 13:35; ഗലാ. 5:22, 23; എഫെ. 4:22, 23) പുതിയവരെ സഹായിക്കാൻ മറ്റ് എന്തുകൂടെ ചെയ്യാം?
2 സഭയെന്ന നിലയിൽ: യോഗങ്ങൾക്കു വന്നുതുടങ്ങുന്ന പുതിയവരെ ഊഷ്മളമായി അഭിവാദനം ചെയ്യുക; യോഗങ്ങൾക്കു മുമ്പും പിമ്പും അവരുമായി സംഭാഷണത്തിലേർപ്പെടുക. അങ്ങനെ നമുക്കെല്ലാം അവരിൽ താത്പര്യം കാണിക്കാനാകും. സഭായോഗത്തിന് ആദ്യമായി വന്നപ്പോഴത്തെ അനുഭവത്തെക്കുറിച്ച് ഒരു വ്യക്തി പറഞ്ഞു: “അപരിചിതരെങ്കിലും ആത്മാർഥമായി സ്നേഹിക്കുന്ന ഇത്രയും പേരെ, ചെറുപ്പം മുതൽ പോയിക്കൊണ്ടിരുന്ന പള്ളിയിൽ ഞാൻ ഇതുവരെയും കണ്ടുമുട്ടിയിട്ടില്ല. ഞാൻ സത്യം കണ്ടെത്തി എന്നതിനു യാതൊരു സംശയവുമില്ലായിരുന്നു.” ആദ്യമായി യോഗത്തിനു വന്ന് ഏഴു മാസത്തിനുശേഷം അദ്ദേഹം സ്നാപനമേറ്റു.
3 ആത്മീയമായ പുരോഗതിവരുത്തുന്ന ബൈബിൾ വിദ്യാർഥികളെ ആത്മാർഥമായി അഭിനന്ദിക്കുക. അവരിൽ ആരെങ്കിലും എതിർപ്പ് നേരിടുന്നുണ്ടോ? ക്രമമായി യോഗങ്ങൾക്കു വരുന്നുണ്ടോ? ധൈര്യമാർജിച്ച് അഭിപ്രായം പറയുന്നുണ്ടോ? ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പേർ നൽകിയോ? ശുശ്രൂഷയിൽ പങ്കെടുക്കാൻ തുടങ്ങിയോ? ഇതുവരെയുള്ള പുരോഗതിക്ക് അദ്ദേഹത്തെ അഭിനന്ദിക്കുക; ഇത് ഉന്മേഷദായകവും പ്രോത്സാഹജനകവും ആയിരിക്കും.—സദൃ. 25:11.
4 ബൈബിളധ്യാപകൻ എന്ന നിലയിൽ: വിദ്യാർഥികൾ സഭയിലെ ഓരോരുത്തരെയും അടുത്തു പരിചയപ്പെടുന്നതിനായി ചിലർ മറ്റു പ്രസാധകരെ മാറിമാറി തങ്ങളോടൊപ്പം അധ്യയനത്തിനു കൊണ്ടുപോകുന്നു. വിദ്യാർഥിയെ കഴിവതും വേഗം സഭായോഗങ്ങൾക്കു ക്ഷണിക്കുക. അദ്ദേഹം യോഗങ്ങൾക്കു വന്നുതുടങ്ങുമ്പോൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്തികൊടുക്കുക. പുകവലി പോലുള്ള ഒരു ദുശ്ശീലത്തെ തരണം ചെയ്യാൻ അദ്ദേഹം പാടുപെടുകയാണോ? അദ്ദേഹം ബൈബിൾ പഠിക്കുന്നതിനോടു വീട്ടിലുള്ള ആർക്കെങ്കിലും എതിർപ്പുണ്ടോ? സമാനമായ വെല്ലുവിളികളെ തരണംചെയ്ത പ്രസാധകരുമായി സംസാരിക്കാൻ ക്രമീകരിക്കുന്നത് അദ്ദേഹത്തിനു പ്രയോജനം ചെയ്തേക്കാം.—1 പത്രൊ. 5:9.
5 പുതിയവർക്കു സഭയിൽനിന്നുള്ള ആത്മീയ പിന്തുണ ആവശ്യമാണ്. യഥാർഥ വ്യക്തിഗത താത്പര്യം കാണിച്ചുകൊണ്ട്, പുരോഗതി പ്രാപിക്കാൻ നമുക്കേവർക്കും അവരെ സഹായിക്കാം.