കുടുംബം ഒത്തൊരുമിച്ച് യഹോവയെ ആരാധിക്കുക
1 ബൈബിൾകാലങ്ങളിൽ കുടുംബാംഗങ്ങൾ പലകാര്യങ്ങളും ഒരുമിച്ചാണു ചെയ്തിരുന്നത്. ദൈനംദിന ജോലികളിലും പ്രത്യേകിച്ച് യഹോവയുടെ ആരാധനയോടു ബന്ധപ്പെട്ട കാര്യങ്ങളിലും അവർ ഒത്തൊരുമിച്ച് പ്രവർത്തിച്ചിരുന്നു. (ലേവ്യ. 10:12-14; ആവ. 31:12, 13) ഇന്ന് പലയിടങ്ങളിലും കുടുംബാംഗങ്ങൾ ഒരുമിച്ചു കാര്യങ്ങൾ ചെയ്യുന്നത് അപൂർവമാണ്. എന്നിരുന്നാലും കുടുംബമെന്ന നിലയിൽ കാര്യങ്ങൾ ചെയ്യേണ്ടതിന്റെ മൂല്യം ക്രിസ്ത്യാനികൾ തിരിച്ചറിയുന്നു, വിശേഷിച്ചും ആരാധനയോടുള്ള ബന്ധത്തിൽ. കുടുംബങ്ങൾ ഐക്യത്തിൽ തന്നെ ആരാധിക്കുന്നതു കാണുമ്പോൾ കുടുംബത്തിന്റെ കാരണഭൂതൻ എത്രമാത്രം സന്തോഷിക്കും!
2 പ്രസംഗവേലയിൽ ഒത്തൊരുമിച്ച്: സുവാർത്താ പ്രസംഗവേലയിൽ ഒരുമിച്ച് ഏർപ്പെടുന്നത് കുടുംബബന്ധം ശക്തിപ്പെടുത്തും. അതുകൊണ്ട് സഭയിലെ മറ്റ് അംഗങ്ങളോടൊപ്പം വയലിൽ പ്രവർത്തിക്കുന്നതു കൂടാതെ ഒരു മൂപ്പൻ തന്റെ ഭാര്യയോടും മക്കളോടുമൊപ്പവും ക്രമമായി പ്രവർത്തിക്കുന്നതിനു സമയം പട്ടികപ്പെടുത്തും. (1 തിമൊ. 3:4, 5) തിരക്കേറിയ പട്ടികയാണ് ഉള്ളതെങ്കിലും സഞ്ചാര മേൽവിചാരകന്മാർപോലും അവരുടെ ഭാര്യമാരോടൊപ്പം ശുശ്രൂഷയിൽ പങ്കുപറ്റുന്നതിനു സമയം ക്രമീകരിക്കാറുണ്ട്.
3 മക്കളോടൊപ്പം പ്രസംഗവേലയിൽ ഏർപ്പെടുന്ന മാതാപിതാക്കൾക്ക് അവരെ സുവിശേഷകരെന്ന നിലയിൽ പുരോഗമിക്കുന്നതിനു സഹായിക്കാനാകും. കുട്ടികൾ തങ്ങളുടെ മാതാപിതാക്കൾക്കു ശുശ്രൂഷയിലുള്ള സന്തോഷവും സംതൃപ്തിയും നിരീക്ഷിക്കും എന്നുമാത്രമല്ല യഹോവയോടും സഹമനുഷ്യരോടുമുള്ള അവരുടെ സ്നേഹം നേരിൽ കണ്ടറിയുകയും ചെയ്യും. (ആവ. 6:5-7) കുട്ടികൾ മുതിരവേ ഇതിന്റെ പ്രാധാന്യം കുറയുന്നില്ല. 15-നും 21-നും ഇടയ്ക്കു പ്രായമുള്ള മൂന്ന് ആൺമക്കളുള്ള ഒരു ദമ്പതികൾ ക്രമമായ അടിസ്ഥാനത്തിൽ ശുശ്രൂഷയിൽ അവരോടൊപ്പം പ്രവർത്തിക്കുന്നു. പിതാവ് ഇങ്ങനെ പറഞ്ഞു: “ഓരോ പ്രാവശ്യവും ഞങ്ങൾ അവരെ എന്തെങ്കിലും ഒരു സംഗതി പഠിപ്പിക്കും. വയൽശുശ്രൂഷ ആനന്ദകരവും പ്രോത്സാഹജനകവുമായ അനുഭവമാണെന്നു ഞങ്ങൾ ഉറപ്പുവരുത്താറുണ്ട്.”
4 ഒത്തൊരുമിച്ചു തയ്യാറാകൽ: ശുശ്രൂഷയ്ക്കായി ഒരുമിച്ചു തയ്യാറാകുന്നതു പ്രയോജനപ്രദമാണെന്നു കുടുംബങ്ങൾ കണ്ടെത്തിയിരിക്കുന്നു. കുടുംബാംഗങ്ങളോടൊപ്പം പരിശീലന സെഷനുകളിൽ ഊഴമനുസരിച്ചു പ്രകടനങ്ങൾ നടത്തുകയോ വീട്ടുകാരായി ഇരിക്കുകയോ ചെയ്യുന്നത് കുട്ടികൾ മിക്കപ്പോഴും ആസ്വദിക്കാറുണ്ട്. പലരും കുടുംബാധ്യയനത്തിനുശേഷം ഏതാനും മിനിറ്റ് ഇതിനായി ഉപയോഗിക്കുന്നു.
5 പ്രിയപ്പെട്ടവരോടൊപ്പം പ്രധാനവും സംതൃപ്തിദായകവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നമ്മുടെ സന്തോഷം വർധിപ്പിക്കുന്നു. കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചു വീടുതോറുമുള്ള വേലയിലും മടക്കസന്ദർശനങ്ങളിലും ബൈബിളധ്യയനങ്ങളിലും പങ്കുപറ്റുന്നത് എത്ര ആസ്വാദ്യമാണ്! അങ്ങനെ കുടുംബമൊന്നിച്ച് യഹോവയെ ആരാധിക്കവേ സന്തോഷപൂർവം നിങ്ങൾക്ക് ഇങ്ങനെ പറയാം: “ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.—യോശു. 24:15.