“നന്മ ചെയ്വാൻ” സന്നദ്ധർ!
1. “നന്മ ചെയ്വാൻ” നമുക്ക് എങ്ങനെ കഴിയും?
1 ദൈവരാജ്യ സുവാർത്ത സജീവമായി ഘോഷിച്ചുകൊണ്ട്, നിയമിത പ്രദേശത്തുള്ളവർക്കു “നന്മ ചെയ്വാൻ” നമുക്കു കഴിയും. (സദൃ. 3:27) ദൈവഭരണത്തിൻ കീഴിലെ അനുഗൃഹീത കാലം സംബന്ധിച്ച ശുഭവാർത്തയെക്കാൾ മികച്ച ഒരു സന്ദേശം നമുക്കു മനുഷ്യവർഗത്തിനു നൽകാനില്ല. അനൗപചാരികമായി സംസാരിച്ചുകൊണ്ടോ പ്രസിദ്ധീകരണങ്ങൾ സമർപ്പിച്ചുകൊണ്ടോ നിങ്ങൾ നിർലോപം രാജ്യദൂത് അറിയിക്കുന്നുണ്ടായിരിക്കാം. എന്നാൽ നിങ്ങൾക്കൊരു ബൈബിളധ്യയനമില്ലെങ്കിൽ, ഒരെണ്ണം തുടങ്ങുന്നതിനു ശ്രമിക്കരുതോ?
2. ബൈബിളധ്യയനം ആരംഭിക്കുന്നതിൽനിന്നു നമ്മെ എന്തു തടഞ്ഞേക്കാം?
2 ചിലപ്പോഴൊക്കെ ബൈബിളധ്യയനത്തിന് ഏറ്റവുമധികം തടസ്സം സൃഷ്ടിക്കുന്നത് നമ്മുടെതന്നെ ചിന്താഗതിയാണ്. അപര്യാപ്തതാബോധമോ വർധിച്ച ജീവിതത്തിരക്കോ നിമിത്തം ചിലർ ബൈബിളധ്യയനം നടത്താതിരിക്കുന്നു. അതൊഴിവാക്കാൻ പിൻവരുന്ന നിർദേശങ്ങൾ സഹായകമായിരിക്കും.—മത്താ. 28:19, 20; പ്രവൃ. 20:20.
3. ബൈബിൾ പഠിപ്പിക്കാൻ നമുക്കു യോഗ്യതയുള്ളത് എന്തുകൊണ്ട്?
3 അപര്യാപ്തതാബോധം: പരിമിതമായ വിദ്യാഭ്യാസം നിമിത്തമോ മറ്റു കാരണങ്ങളാലോ ഒരു ബൈബിളധ്യയനം നടത്താനുള്ള പ്രാപ്തിയില്ലെന്ന് ഒരുപക്ഷേ നിങ്ങൾക്കു തോന്നിയേക്കാം. ഒന്നാം നൂറ്റാണ്ടിലെ നിപുണരായ ക്രിസ്തീയ ശുശ്രൂഷകർ “പഠിപ്പില്ലാത്തവരും സാമാന്യരു”മായിരുന്നു. മറ്റുള്ളവരെ സത്യം പഠിപ്പിക്കാൻ അവരെ പ്രാപ്തരാക്കിയത് എന്താണ്? ‘അവർ യേശുവിനോടുകൂടെ ആയിരുന്നു’ എന്ന് ബൈബിൾ പറയുന്നു. (പ്രവൃ. 4:13) വലിയ അധ്യാപകനായ യേശുവിൽനിന്നാണ് അവർ പഠിച്ചത്, അവന്റെ പഠിപ്പിക്കലുകളും അധ്യാപനരീതികളും നമ്മുടെ പ്രയോജനത്തിനായി തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലൗകിക വിദ്യാഭ്യാസം കുറവാണെങ്കിലും നിങ്ങൾക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ആത്മീയ വിദ്യാഭ്യാസം അതുല്യമാണ്.—യെശ. 50:4; 2 കൊരി. 3:5.
4. ആമോസിന്റെ ദൃഷ്ടാന്തത്തിൽനിന്ന് നമുക്കെന്തു പഠിക്കാം?
4 ഉന്നതരായ ഭരണാധികാരികളെയും മറ്റും ശാസിക്കാൻ ചിലപ്പോഴൊക്കെ യഹോവ പ്രവാചകന്മാരെ ഉപയോഗിച്ചിട്ടുണ്ട്. അവരിൽ ആമോസിനെപ്പോലുള്ള ചിലർ തികച്ചും സാധാരണക്കാരായിരുന്നു. ആമോസ് പറയുന്നു: “ഞാൻ പ്രവാചകനല്ല, പ്രവാചകപുത്രനുമല്ല, ഇടയനും കാട്ടത്തിപ്പഴം ഒരുക്കുന്നവനുമത്രേ.” (ആമോസ് 7:14, NW) എന്നിട്ടും, കാളക്കുട്ടിയാരാധന നടത്തിയിരുന്ന പുരോഹിതനായ അമസ്യാവിനെ യഹോവയുടെ ന്യായവിധിസന്ദേശം അറിയിക്കാൻ അവൻ മടിച്ചില്ല. (ആമോ. 7:16, 17) നാം ചെയ്യുന്നതു ദൈവത്തിന്റെ വേലയാണെന്ന് എപ്പോഴും ഓർക്കണം, അതിനായി അവൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യും.—2 തിമൊ. 3:17.
5. തിരക്കുള്ളവരാണെങ്കിലും നാം ബൈബിളധ്യയനം നടത്താൻ ശ്രമിക്കേണ്ടത് എന്തുകൊണ്ട്?
5 തിരക്കൊഴിയാത്ത ജീവിതം: തിരക്കിനിടയിലും ക്രമമായി ശുശ്രൂഷയിൽ ഏർപ്പെടാൻ നിങ്ങൾ സമയം കണ്ടെത്തുന്നുണ്ടാകും. ബൈബിളധ്യയനം നടത്തുകയെന്നത് ശുശ്രൂഷയുടെ ഏറ്റവും ആനന്ദപ്രദമായ ഒരു വശമാണ്. യഹോവയുടെ വചനം ഒരു വ്യക്തിയുടെ ജീവിതത്തിൽ പരിവർത്തനമുണ്ടാക്കുന്നതു കാണുന്നത് വേറിട്ട ഒരനുഭവമാണ്. (എബ്രാ. 4:12) ‘സത്യത്തിന്റെ പരിജ്ഞാനത്തിലെത്താൻ’ മറ്റൊരാളെ സഹായിക്കുന്നതിനായി നാം ത്യാഗങ്ങൾ സഹിക്കുമ്പോൾ യഹോവ സംപ്രീതനാകുന്നു. (1 തിമൊ. 2:4) കഴിഞ്ഞകാല പ്രവർത്തനങ്ങളെപ്രതി ഒരാൾ അനുതപിക്കുകയും ആത്മീയമായി പുരോഗമിക്കുകയും ചെയ്യുമ്പോൾ ദൂതന്മാർപോലും ആനന്ദിക്കുന്നു.—ലൂക്കൊ. 15:10.
6. ദൈവേഷ്ടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നമുക്ക് എന്തു പദവിയുണ്ട്?
6 “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും [ദൈവം] ഇച്ഛിക്കുന്നു.” (1 തിമൊ. 2:4) ദൈവേഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കാനും ബൈബിളധ്യയനങ്ങൾ നടത്താനുമുള്ള നമ്മുടെ പദവി എത്ര അനുപമമാണ്!