ശുശ്രൂഷയിലെ തീക്ഷ്ണത നിലനിറുത്തുക
1 യഹോവയുടെ തീക്ഷ്ണരായ സാക്ഷികൾ 1992 മുതൽ ആഗോള പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ നൂറുകോടിയിലധികം മണിക്കൂറുകൾ ഓരോ വർഷവും ചെലവഴിച്ചിരിക്കുന്നു. മഹത്തായ ഈ നേട്ടത്തിൽ ഒരു ചെറിയ പങ്കുണ്ടായിരിക്കാൻ കഴിഞ്ഞതിൽ നാമെത്ര സന്തുഷ്ടരാണ്!—മത്താ. 28:19, 20.
2 അതിന്റെ മഹത്ത്വവും സ്തുതിയുമെല്ലാം യഹോവയ്ക്കുള്ളതാണ്. എന്തെന്നാൽ ഈ ‘ദുർഘടസമയങ്ങളിൽ’ ശുശ്രൂഷയിൽ നിലനിൽക്കാൻ അവനാണു നമ്മെ സഹായിച്ചിരിക്കുന്നത്. (2 തിമൊ. 3:1) ഈ സുപ്രധാന വേലയിൽ തുടർന്നും തീക്ഷ്ണമായ പങ്കുണ്ടായിരിക്കാൻ നാമെന്താണു ചെയ്യേണ്ടത്?
3 തീക്ഷ്ണതയുടെ പ്രേരകഘടകം: ദൈവത്തോടും അയൽക്കാരോടുമുള്ള അകമഴിഞ്ഞ സ്നേഹവും നമ്മുടെ സമർപ്പണത്തിനൊത്തു ജീവിക്കാനുള്ള ആത്മാർഥമായ ആഗ്രഹവുമാണ് രാജ്യസേവനത്തിൽ ഏർപ്പെടാൻ നമ്മെ പ്രചോദിപ്പിക്കുന്നത്. (മത്താ. 22:37-39; 1 യോഹ. 5:3) പ്രസംഗവേലയിൽ ഒരു പൂർണ പങ്കുണ്ടായിരിക്കാനാവശ്യമായ ത്യാഗങ്ങൾ ചെയ്യാൻ സ്നേഹം നമ്മെ പ്രേരിപ്പിക്കുന്നു.—ലൂക്കൊ. 9:23.
4 തീക്ഷ്ണത നിലനിറുത്താൻ ഉത്സാഹിക്കുക: ശുശ്രൂഷയിലുള്ള നമ്മുടെ തീക്ഷ്ണത നശിപ്പിക്കാൻ പ്രതിയോഗിയായ പിശാച് കിണഞ്ഞു ശ്രമിക്കുകയാണ്. ആളുകളുടെ നിസ്സംഗത, ലൗകിക പ്രലോഭനങ്ങൾ, ജീവിത സമ്മർദങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ എന്നിവ നമ്മുടെ തീക്ഷ്ണത ചോർത്തിക്കളയാൻ അവനുപയോഗിക്കുന്ന ചില ഉപാധികൾ മാത്രമാണ്.
5 അതുകൊണ്ട് നാം നമ്മുടെ തീക്ഷ്ണത സജീവമായി നിലനിറുത്താൻ തീവ്രമായി യത്നിക്കുകയും നമുക്കുണ്ടായിരുന്ന “ആദ്യസ്നേഹം” അണയാതെ കാക്കുകയും വേണം. ദൈവവചനമായ ബൈബിൾ ക്രമമായി വായിക്കുന്നതും അതേക്കുറിച്ചു ധ്യാനിക്കുന്നതും വിശ്വസ്തനും വിവേകിയുമായ അടിമയുടെ എല്ലാ ആത്മീയ കരുതലുകളും പ്രയോജനപ്പെടുത്തുന്നതും അതിൽപ്പെടുന്നു.—വെളി. 2:4; മത്താ. 24:45; സങ്കീ. 119:97.
6 ബൈബിൾ പ്രവചനങ്ങൾ വ്യക്തമായി സൂചിപ്പിക്കുന്നതുപോലെ, അഭക്തമനുഷ്യരെ നശിപ്പിക്കാനുള്ള യഹോവയുടെ ദിവസം അതിവേഗം അടുത്തുവരികയാണ്. (2 പത്രൊ. 2:3; 3:10) അതിന്റെ വെളിച്ചത്തിൽ, ആഗോളതലത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ പൂർണമായി ഏർപ്പെട്ടുകൊണ്ട് ശുശ്രൂഷയിലുള്ള തീക്ഷ്ണത നിലനിറുത്താൻ നമുക്കു കഠിനമായി യത്നിക്കാം!