യഹോവയുടെയും യേശുവിന്റെയും ശുഷ്കാന്തി സ്മാരകകാലത്ത് നിങ്ങൾ അനുകരിക്കുമോ?
1. സ്മാരകകാലത്ത് യഹോവയുടെ സാക്ഷികൾ എന്ത് പ്രത്യേക ശ്രമം നടത്തിയിരിക്കുന്നു?
1 തന്റെ ഉദ്ദേശങ്ങൾ യഹോവ ശുഷ്കാന്തിയോടെ പൂർത്തീകരിക്കുന്നു. ദൈവരാജ്യ അനുഗ്രഹങ്ങളെക്കുറിച്ചു പരാമർശിക്കവെ യെശയ്യാവു 9:7 ഇപ്രകാരം പറയുന്നു: “സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.” സമാനമായി, തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത് ദൈവപുത്രൻ സത്യാരാധനയിൽ വലിയ ശുഷ്കാന്തി കാണിച്ചു. (യോഹ. 2:13-17; 4:34) സ്മാരകകാലത്ത് ഓരോ വർഷവും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു പ്രസാധകർ, ശുശ്രൂഷയിലുള്ള തങ്ങളുടെ പ്രവർത്തനം വർധിപ്പിക്കാനായി പ്രത്യേക ശ്രമം നടത്തിക്കൊണ്ട് യഹോവയുടെയും യേശുവിന്റെയും ശുഷ്കാന്തി അനുകരിച്ചിരിക്കുന്നു. അവരെപ്പോലെ ഒരാൾ ആയിരിക്കുമോ നിങ്ങൾ?
2. മാർച്ച് 7-ഓടെ ആരംഭിക്കുന്ന ഏത് പ്രവർത്തനത്തിൽ ഏർപ്പെടാൻ ശുഷ്കാന്തി നമ്മെ പ്രേരിപ്പിക്കും?
2 സ്മാരക പ്രചാരണപരിപാടി: മാർച്ച് 7 ശനിയാഴ്ചയോടെ, ഈ വർഷത്തെ സ്മാരക പ്രചാരണപരിപാടി ആരംഭിക്കും. ശുശ്രൂഷയിൽ ശുഷ്കാന്തിയോടെ പങ്കെടുക്കാൻ ഇപ്പോൾതന്നെ ക്രമീകരണം നടത്തുക. സാധിക്കുന്നിടത്തോളം പ്രദേശം പ്രവർത്തിച്ചു തീർക്കുന്നതിൽ സഭകൾ നല്ല ആവേശത്തിലായിരിക്കും. നിങ്ങളുടെ ബൈബിൾ വിദ്യാർഥികൾ, മടക്ക സന്ദർശനത്തിലുള്ളവർ, സഹപ്രവർത്തകർ, ബന്ധുക്കൾ, സഹപാഠികൾ എന്നിവരെയൊക്കെ ക്ഷണക്കത്തു കൊടുത്തോ jw.org . ഉപയോഗിച്ചോ ക്ഷണിക്കാവുന്നതാണ്.
3. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നമുക്കു ശുശ്രൂഷ എങ്ങനെ വികസിപ്പിക്കാം?
3 സഹായ പയനിയർ: ശുശ്രൂഷ വികസിപ്പിക്കാനും ശുഷ്കാന്തി നമ്മെ പ്രേരിപ്പിക്കും. 30 മണിക്കൂർ വ്യവസ്ഥ തിരഞ്ഞെടുക്കാവുന്നതിനാൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അനേകർ സഹായ പയനിയറിങ് ചെയ്യുമെന്നതിൽ സംശയമില്ല. നിങ്ങളുടെ കുടുംബാരാധനയിലോ വ്യക്തിപരമായ പഠനത്തിലോ ഇത് എങ്ങനെ ചെയ്യാമെന്നു പ്രാർഥനാപൂർവം പരിഗണിക്കുക. (സദൃ. 15:22) പ്രചാരണവേലയിലുള്ള നിങ്ങളുടെ ഉത്സാഹം മറ്റുള്ളവരിലും ശുഷ്കാന്തി നിറയ്ക്കും. കൂടുതൽ ചെയ്യാൻ വ്യക്തിപരമായി പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നെങ്കിൽ യേശുവിന്റെ ശുഷ്കാന്തി അനുകരിക്കുകയായിരിക്കും നിങ്ങൾ.—മർക്കോ. 6:31-34.
4. യഹോവയുടെയും യേശുവിന്റെയും ശുഷ്കാന്തി അനുകരിക്കുന്നതിലൂടെ എന്ത് അനുഗ്രഹങ്ങൾ കൈവരും?
4 ഈ സ്മാരകകാലത്ത് യഹോവയുടെയും യേശുവിന്റെയും ശുഷ്കാന്തി അനുകരിക്കുന്നത് വലിയ പ്രതിഫലങ്ങൾ കൈവരുത്തും. പ്രദേശത്തെ അനേകർക്കുകൂടി സാക്ഷ്യം ലഭിക്കും. യഹോവയെ സേവിക്കുന്നതിന്റെയും മറ്റുള്ളവർക്കു കൊടുക്കുന്നതിന്റെയും സന്തോഷവും സംതൃപ്തിയും നാം അനുഭവിക്കും. (പ്രവൃ. 20:35) എല്ലാറ്റിനും പ്രധാനമായി, ശുഷ്കാന്തിയുള്ള നമ്മുടെ ദൈവത്തെയും അവന്റെ പുത്രനെയും നാം പ്രസാദിപ്പിക്കും.