ശുശ്രൂഷയിൽ സമയം പരമാവധി പ്രയോജനപ്പെടുത്തുക
1 ശുശ്രൂഷയിൽ നമുക്കു വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്, പക്ഷേ കുറച്ചു സമയമേ അവശേഷിച്ചിട്ടുള്ളൂ. (യോഹ. 4:35; 1 കൊരി. 7:29) നല്ല സംഘാടനവും മുൻകൂട്ടിയുള്ള ആസൂത്രണവും ഉണ്ടെങ്കിൽ ശുശ്രൂഷയ്ക്കായി മാറ്റിവെച്ചിരിക്കുന്ന സമയം നമുക്കു പരമാവധി പ്രയോജനപ്പെടുത്താനാകും.
2 നന്നായി തയ്യാറാകുക: വയൽസേവനയോഗത്തിനു മുമ്പുതന്നെ ശുശ്രൂഷയ്ക്ക് ആവശ്യമായ സാഹിത്യങ്ങൾ കൈവശമുണ്ടെന്നും അവതരണങ്ങൾ നന്നായി തയ്യാറായിട്ടുണ്ടെന്നും ഉറപ്പുവരുത്തുക. പ്രാർഥനയോടെ യോഗം അവസാനിച്ചുകഴിഞ്ഞാൽ നേരെ വയലിലേക്കു പോകുക. അങ്ങനെ ചെയ്യുന്നത് വയൽസേവനത്തിനു ലഭ്യമായ സമയം പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങളെയും കൂടെയുള്ളവരെയും സഹായിക്കും.
3 വയൽസേവനയോഗം നടത്താൻ നിങ്ങളെ നിയമിച്ചിട്ടുണ്ടെങ്കിൽ, കൃത്യസമയത്തുതന്നെ തുടങ്ങുക. യോഗം ഹ്രസ്വമായിരിക്കണം; 10-15 മിനിട്ടിൽ കൂടരുത്. യോഗം പിരിയുന്നതിനുമുമ്പുതന്നെ, ഓരോരുത്തരും എവിടെയാണു പ്രവർത്തിക്കുന്നതെന്നും ആരോടൊപ്പമാണെന്നും തീരുമാനിച്ചിരിക്കണം.
4 ശുശ്രൂഷയിലായിരിക്കെ: വയൽസേവനയോഗം കഴിഞ്ഞാലുടൻ, വെറുതെനിന്നു സമയംകളയാതെ നിയമിത പ്രദേശത്തേക്കു പുറപ്പെടുക. നേരത്തെ മടങ്ങിപ്പോരാൻ ഉദ്ദേശിക്കുന്നെങ്കിൽ കൂടെ പ്രവർത്തിക്കുന്ന ആളോട് അതു നേരത്തേതന്നെ പറയുന്നതു നന്നായിരിക്കും. അങ്ങനെയാകുമ്പോൾ നിങ്ങൾ പോന്നശേഷം അദ്ദേഹത്തിന് മറ്റൊരു പ്രസാധകനോടൊപ്പം ചേരാനും ശുശ്രൂഷ തുടരാനും സാധിക്കും. ഇനി വീട്ടുകാരനുമായുള്ള ചർച്ച നീണ്ടുപോകുന്നെങ്കിലെന്ത്? നമ്മോടു തർക്കിക്കുന്ന ഒരു വ്യക്തിയുമായുള്ള ചർച്ച നയപൂർവം അവസാനിപ്പിച്ചു പോരുക. താത്പര്യം കാണിക്കുന്ന ആളാണെങ്കിൽ മടക്കസന്ദർശനം ക്രമീകരിക്കാനാകും. (മത്താ. 10:11) അങ്ങനെ ചെയ്യുകവഴി, മറ്റുള്ളവർ നമുക്കുവേണ്ടി കാത്തുനിൽക്കാൻ ഇടയാക്കാതെ അവരോടു പരിഗണന കാണിക്കാനാകും.
5 മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ, ഒരു സ്ഥലത്തുള്ളവ നടത്തിയിട്ട് വേറൊരു സ്ഥലത്തേക്കു പോവുകയാണെങ്കിൽ അനാവശ്യ യാത്രകൾ ഒഴിവാക്കാനാകും. ചിലരുടെ കാര്യത്തിൽ, അവർ വീട്ടിലുണ്ടാകുമെന്ന് ഫോൺ ചെയ്ത് ഉറപ്പുവരുത്താൻ കഴിയും. (സദൃ. 21:5) മടക്കസന്ദർശനം നീണ്ടുപോകുമെന്നുണ്ടെങ്കിൽ കൂടെയുള്ളവർക്കു നിങ്ങൾ മടങ്ങിവരുന്നതുവരെ അടുത്തെവിടെയെങ്കിലും ശുശ്രൂഷ തുടരുന്നതിനോ അല്ലെങ്കിൽ മറ്റു മടക്കസന്ദർശനങ്ങൾ നടത്തുന്നതിനോ സാധിക്കും.
6 വലിയ ആത്മീയ കൊയ്ത്തിന്റെ കാലത്താണു നാം ജീവിക്കുന്നത്. (മത്താ. 9:37, 38) ഈ വേല ഉടൻതന്നെ അവസാനിക്കും. അതുകൊണ്ട് ശുശ്രൂഷയിൽ സമയം പരമാവധി പ്രയോജനപ്പെടുത്തുക എന്നതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.