പ്രസംഗിക്കാൻ പുതിയവരെ പഠിപ്പിക്കുക
1. ആദ്യമായി വീടുതോറുമുള്ള വേലയിൽ പങ്കെടുത്തപ്പോൾ നിങ്ങളുടെ അനുഭവം എന്തായിരുന്നു?
1 ആദ്യമായി വീടുതോറുമുള്ള വേലയിൽ പങ്കെടുത്തത് നിങ്ങൾ ഓർക്കുന്നുണ്ടോ? ഒരുപക്ഷേ അന്ന് നിങ്ങൾക്ക് നല്ല പേടി തോന്നിയിരിക്കും. നിങ്ങൾക്ക് അധ്യയനമെടുത്ത വ്യക്തിയുടെ കൂടെയോ മറ്റൊരു പ്രസാധകന്റെ കൂടെയോ ആയിരിക്കാം അന്ന് പ്രവർത്തിച്ചത്. ഏതായാലും കൂടെവന്ന ആളുടെ സഹായം നിങ്ങൾക്ക് വലിയൊരു ആശ്വാസമായിരുന്നു. ഇപ്പോൾ അനുഭവസമ്പന്നനായ ഒരു ശുശ്രൂഷകനായിത്തീർന്നിരിക്കുന്ന സ്ഥിതിക്ക് മറ്റുള്ളവരെ പരിശീലിപ്പിക്കാനുള്ള സ്ഥാനത്താണ് നിങ്ങൾ.
2. പുതിയ പ്രസാധകർ എന്തെല്ലാം പഠിക്കേണ്ടതുണ്ട്?
2 വീട്ടുകാരുമായി സംഭാഷണം തുടങ്ങാനും ബൈബിൾ ഉപയോഗിച്ച് സംസാരിക്കാനും മടക്കസന്ദർശനം നടത്താനും ബൈബിളധ്യയനങ്ങൾ ആരംഭിക്കാനും അവ തുടരാനും ഒക്കെ പുതിയ പ്രസാധകർ പഠിക്കേണ്ടതുണ്ട്. തെരുവുസാക്ഷീകരണം, ബിസിനസ്സ് പ്രദേശത്തുള്ള സാക്ഷീകരണം എന്നിങ്ങനെ പ്രസംഗവേലയുടെ വ്യത്യസ്ത മേഖലകളിൽ എങ്ങനെ ഏർപ്പെടാമെന്ന് അവർ അറിഞ്ഞിരിക്കേണ്ടതുണ്ട്. സുവാർത്ത പ്രസംഗിക്കുമ്പോൾ വീട്ടുകാരുടെ മതവികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാനും അവർ പഠിക്കണം. കൂടാതെ, ജാഗ്രതയോടും നയത്തോടും കൂടെ പ്രസംഗിക്കേണ്ടതിന്റെ പ്രാധാന്യവും അവർ മനസ്സിലാക്കണം. (കൊലോ. 4:6) നല്ലൊരു മാതൃകവെച്ചുകൊണ്ടും അതുപോലെ ഉചിതമായ നിർദേശങ്ങൾ നൽകിക്കൊണ്ടും ഇക്കാര്യങ്ങളിലെല്ലാം പുരോഗതിവരുത്താൻ നമുക്ക് അവരെ സഹായിക്കാം.
3. ശുശ്രൂഷയിൽ ആയിരിക്കുമ്പോൾ പുതിയവരെ ഏതുവിധത്തിൽ സഹായിക്കാനാകും?
3 ചെയ്തു കാണിക്കുക: എങ്ങനെ പ്രസംഗിക്കണമെന്ന് യേശു തന്റെ ശിഷ്യന്മാർക്ക് കാണിച്ചുകൊടുത്തു. (ലൂക്കോ. 8:1; 1 പത്രോ. 2:21) പുതിയ പ്രസാധകനുമായി പ്രവർത്തിക്കുന്നതിനുമുമ്പ് അദ്ദേഹത്തിന് പഠിച്ചെടുക്കാൻ കഴിയുന്ന ലളിതമായ ഒരു അവതരണം നിങ്ങൾക്ക് തയ്യാറാകാനാകും. നമ്മുടെ പ്രസിദ്ധീകരണങ്ങളിലെ മാതൃകാ അവതരണങ്ങൾ ഇതിനായി ഉപയോഗിക്കാം. ആദ്യത്തെ ഒന്നോ രണ്ടോ വീടുകളിൽ നിങ്ങൾ സംസാരിക്കാം എന്നു പറയുക; അപ്പോൾ പുതിയ പ്രസാധകന് നിങ്ങൾ പറയുന്നത് കേട്ടുപഠിക്കാനാകും. ഒരു വീട്ടിൽ സംസാരിച്ചതിനുശേഷം നിങ്ങളുടെ അവതരണം എത്രമാത്രം ഫലപ്രദമായിരുന്നു എന്നതിനെക്കുറിച്ച് പുതിയ പ്രസാധകനോട് അഭിപ്രായം ആരായുക. മറ്റുള്ളവരോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെടുന്നതിന്റെ പ്രയോജനം തിരിച്ചറിയാനും അതുപോലെ പിന്നീട് നിങ്ങൾ അദ്ദേഹത്തിനു നൽകിയേക്കാവുന്ന നിർദേശങ്ങൾ നല്ലമനസ്സോടെ സ്വീകരിക്കാനും ഇത് ഉപകരിക്കും.
4. പുതിയ പ്രസാധകന്റെ അവതരണം ശ്രദ്ധിച്ചശേഷം അദ്ദേഹത്തെ എങ്ങനെ സഹായിക്കാം?
4 നിർദേശങ്ങൾ നൽകുക: എങ്ങനെ പ്രസംഗിക്കണം എന്ന കാര്യത്തിൽ ശിഷ്യന്മാർക്ക് യേശു നിർദേശങ്ങൾ നൽകുകയും ചെയ്തു. (മത്താ. 10:5-14) ഒരു പുതിയ പ്രസാധകനെ നിങ്ങൾക്കും ഇപ്രകാരം സഹായിക്കാം. അദ്ദേഹം സംസാരിക്കുമ്പോൾ ശ്രദ്ധിച്ചു കേൾക്കുക. പുരോഗതി ആവശ്യമുള്ള പല കാര്യങ്ങളും നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും. എങ്കിലും, അവിടെനിന്ന് ഇറങ്ങിക്കഴിയുമ്പോൾ അവതരണത്തിലെ നല്ലവശങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് ആത്മാർഥമായി അദ്ദേഹത്തെ അഭിനന്ദിക്കുക. പുരോഗതി വരുത്തേണ്ട ഒരു പ്രത്യേക വശത്തെക്കുറിച്ച് നിർദേശം നൽകുന്നതിനുമുമ്പ് അടുത്ത വീട്ടിൽ അദ്ദേഹം എങ്ങനെ സംസാരിക്കുന്നു എന്ന് നോക്കുക. ആ പ്രത്യേക വശത്തിൽ അദ്ദേഹം മെച്ചപ്പെട്ടിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. പേടികൊണ്ടോമറ്റോ ഒരുപക്ഷേ ഒരുതവണ അങ്ങനെ സംഭവിച്ചതായിരിക്കും. എല്ലാ പ്രസാധകരും ഒരേ പ്രാപ്തിയുള്ളവരല്ല എന്നും ഒരു കാര്യം ശരിയായി ചെയ്യുന്നതിന് ഒന്നിലധികം വിധങ്ങളുണ്ട് എന്നും മനസ്സിൽപ്പിടിക്കുക.—1 കൊരി. 12:4-7.
5. നിർദേശങ്ങൾ നൽകുമ്പോൾ എന്തു പറഞ്ഞു തുടങ്ങാം?
5 ചിലപ്പോൾ പുതിയ പ്രസാധകൻതന്നെ നിങ്ങളോട് നിർദേശങ്ങൾ ചോദിച്ചേക്കാം. എന്നാൽ ചോദിക്കുന്നില്ലെങ്കിൽ നിങ്ങൾതന്നെ മുൻകൈയെടുത്ത് അദ്ദേഹത്തെ സഹായിക്കുക. നയപരമായി ഇത് എങ്ങനെ ചെയ്യാനാകും? അനുഭവസമ്പന്നരായ ചില പ്രസാധകർ ഇങ്ങനെയൊക്കെ ചോദിക്കാറുണ്ട്: “എന്റെ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യം ഞാൻ പറയട്ടെ?”, “ആ അവതരണം എങ്ങനെ ഉണ്ടായിരുന്നു?” അല്ലെങ്കിൽ ഇങ്ങനെ പറയാം: “എനിക്ക് ആദ്യമൊക്കെ . . . കാര്യത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ . . . ചെയ്തത് എന്നെ സഹായിച്ചു.” ചില സന്ദർഭങ്ങളിൽ ന്യായവാദം പുസ്തകം ഒരുമിച്ചു പരിചിന്തിക്കുന്നത് നല്ലതായിരിക്കും. ഒരുതവണ, പുരോഗമിക്കേണ്ട ഒരു വശത്തെക്കുറിച്ചുമാത്രം പറയുക; നിർദേശങ്ങൾ നൽകി അദ്ദേഹത്തെ വീർപ്പുമുട്ടിക്കരുത്.
6. ശുശ്രൂഷയുടെ കാര്യത്തിൽ ‘ഇരുമ്പ് ഇരുമ്പിനു മൂർച്ചകൂട്ടുന്നത്’ എങ്ങനെ?
6 ഇരുമ്പ് ഇരുമ്പിനു മൂർച്ചകൂട്ടും: തിമൊഥെയൊസ് പരിചയസമ്പന്നനായ ഒരു ശുശ്രൂഷകനായിരുന്നു. എന്നിട്ടും പുരോഗതിവരുത്തുന്നതിലും മറ്റുള്ളവരെ പ്രബോധിപ്പിക്കുന്നതിലും അർപ്പിതനായിരിക്കാൻ പൗലോസ് അവനെ പ്രോത്സാഹിപ്പിച്ചു. (1 തിമൊ. 4:13, 15) നിങ്ങൾ ശുശ്രൂഷ ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും നിങ്ങളുടെ പ്രാപ്തികൾ മെച്ചപ്പെടുത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കുക. നിങ്ങളോടൊപ്പം പ്രവർത്തിക്കുന്ന പ്രസാധകരിൽനിന്ന് പഠിക്കുക, അവർ പുതിയവരായിരുന്നാൽപ്പോലും. സുവാർത്ത പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കാൻ, മറ്റുള്ളവരെ, പ്രത്യേകിച്ച് പുതിയവരെ ദയാപുരസ്സരം പരിശീലിപ്പിക്കുക.—സദൃ. 27:17.