ഇതര ചികിത്സാരീതികളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?
ലോകമെമ്പാടും രക്തരഹിത ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികളുടെ എണ്ണം കൂടിവരുകയാണ്. രക്തരഹിത ചികിത്സാരംഗത്ത് ഏതെല്ലാം ചികിത്സകൾ ലഭ്യമാണ് എന്നതിനെക്കുറിച്ച് നിങ്ങൾക്ക് വേണ്ടത്ര അറിവുണ്ടോ? വൈദ്യചികിത്സയും ശസ്ത്രക്രിയയും ഉൾപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളിൽ കാര്യജ്ഞാനത്തോടെ തീരുമാനങ്ങളെടുക്കാൻ നിങ്ങൾ ഇത് അറിഞ്ഞിരിക്കേണ്ടതുണ്ട്. രക്തരഹിത ചികിത്സ—വൈദ്യശാസ്ത്രം വെല്ലുവിളിയെ വിജയകരമായി നേരിടുന്നു (ഇംഗ്ലീഷ്) എന്ന വീഡിയോ കാണുക. ഇംഗ്ലീഷ് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളവർ അവസാനത്തെ ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്ന ലേഖനങ്ങൾ വായിക്കുക. അതിനുശേഷം, പഠിച്ചകാര്യങ്ങൾ പിൻവരുന്ന ചോദ്യങ്ങളുടെ സഹായത്താൽ പ്രാർഥനാപൂർവം അവലോകനം ചെയ്യുക.—കുറിപ്പ്: വീഡിയോയിൽ ശസ്ത്രക്രിയയുടെ ഹ്രസ്വ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ കൊച്ചുകുട്ടികളോടൊപ്പം ഈ വീഡിയോ കാണുന്നതിൽ മാതാപിതാക്കൾ വിവേചന ഉപയോഗിക്കണം.
(1) യഹോവയുടെ സാക്ഷികൾ രക്തപ്പകർച്ച നിരസിക്കുന്നതിന്റെ മുഖ്യ കാരണം എന്ത്? (2) വൈദ്യചികിത്സ തേടുമ്പോൾ യഹോവയുടെ സാക്ഷികൾ എന്താണ് ആഗ്രഹിക്കുന്നത്? (3) രോഗികൾക്ക് എന്ത് അടിസ്ഥാന അവകാശം ഉണ്ട്? (4) എന്താണ് രക്തത്തിന്റെ ഘടകാംശങ്ങൾ? (5) ചില ക്രിസ്ത്യാനികൾ (എ) രക്തത്തിന്റെ ഘടകാംശങ്ങൾ സ്വീകരിക്കുകയും (ബി) ചിലർ രക്തത്തിന്റെ ഏതൊരു ഘടകാംശവും നിരസിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? (6) രക്തദാനത്തെയും, പിന്നീടുള്ള ഉപയോഗത്തിനായി സ്വന്തം രക്തം സൂക്ഷിച്ചുവെക്കുന്നതിനെയും ക്രിസ്ത്യാനികൾ എങ്ങനെ വീക്ഷിക്കണം? (7) രക്തം ഉൾപ്പെട്ട ചില ചികിത്സാരീതികൾ ഏവ? വിശദീകരിക്കുക. (8) രക്തം ഉൾപ്പെട്ട ചികിത്സാരീതികളോടുള്ള ബന്ധത്തിൽ ഓരോ ക്രിസ്ത്യാനിക്കും ഗൗരവതരമായ എന്ത് ഉത്തരവാദിത്വമുണ്ട്? (9) രക്തപ്പകർച്ചയ്ക്കു പകരം സ്വീകരിക്കുന്ന ഏതൊരു മാർഗത്തെയും കുറിച്ച് നിങ്ങൾ എന്ത് അറിഞ്ഞിരിക്കണം? (10) വലുതും സങ്കീർണവുമായ ശസ്ത്രക്രിയകൾ രക്തപ്പകർച്ച കൂടാതെ നിർവഹിക്കാൻ സാധിക്കുമോ?
ഈ വീഡിയോയിൽ അവതരിപ്പിച്ചിട്ടുള്ള ചില ചികിത്സകൾ സ്വീകരിക്കണോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും ബൈബിൾ പരിശീലിത മനസ്സാക്ഷി അനുസരിച്ചു തീരുമാനിക്കേണ്ട സംഗതിയാണ്. നിങ്ങൾക്കും മക്കൾക്കും വേണ്ടി ഏതു ചികിത്സാരീതികൾ സ്വീകരിക്കണമെന്നതു സംബന്ധിച്ച് നിങ്ങൾ ഒരു തീരുമാനം എടുത്തിട്ടുണ്ടോ? അതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ അഡ്വാൻസ് ഹെൽത്ത് കെയർ ഡയറക്റ്റിവ് പൂരിപ്പിച്ചിട്ടുണ്ടോ? ഇത്തരം കാര്യങ്ങളെക്കുറിച്ചു കൂടുതലായി അറിയാൻ വീക്ഷാഗോപുരത്തിന്റെ 2004 ജൂൺ 15, 2000 ഒക്ടോബർ 15 ലക്കങ്ങളിലെ “വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ” എന്ന പംക്തി ശ്രദ്ധാപൂർവം അവലോകനം ചെയ്യുക. എന്നിട്ട്, നമ്മുടെ രാജ്യ ശുശ്രൂഷയുടെ 2006 നവംബർ ലക്കത്തിലെ “രക്തത്തിന്റെ ഘടകാംശങ്ങളുടെയും എന്റെതന്നെ രക്തം ഉൾപ്പെടുന്ന വൈദ്യനടപടികളുടെയും കാര്യത്തിൽ ഞാൻ എന്തു തീരുമാനമെടുക്കണം?” എന്ന അനുബന്ധത്തിലെ വർക്ക്ഷീറ്റ് ഉപയോഗിച്ച് ഏതെല്ലാം ഘടകാംശങ്ങളും വൈദ്യനടപടികളും നിങ്ങൾ സ്വീകരിക്കും അല്ലെങ്കിൽ നിരസിക്കും എന്നു തീരുമാനിക്കുക. നിങ്ങൾ എടുത്ത തീരുമാനം അഡ്വാൻസ് ഹെൽത്ത് കെയർ ഡയറക്റ്റിവിൽ കൃത്യമായി രേഖപ്പെടുത്തുക. അടിയന്തിര സാഹചര്യം ഉണ്ടാകുന്നപക്ഷം ബന്ധപ്പെടേണ്ട വ്യക്തികളെയും അതുപോലെതന്നെ സാക്ഷികളല്ലാത്ത കുടുംബാംഗങ്ങളെയും നിങ്ങളുടെ തീരുമാനങ്ങൾ അറിയിച്ചിരിക്കണം.