നമുക്ക് വിലമതിപ്പു കാണിക്കാം! സ്മാരകാചരണം, ഏപ്രിൽ 17
1. സ്മാരകകാലത്ത് സങ്കീർത്തനക്കാരന്റെ ഏതു മനോഭാവം നമുക്കു പ്രതിഫലിപ്പിക്കാം?
1 പല കഷ്ടങ്ങളിൽനിന്നും തന്നെ വിടുവിക്കുകയും തന്നോട് കരുണ കാണിക്കുകയും ചെയ്ത യഹോവയോട് സങ്കീർത്തനക്കാരൻ കൃതജ്ഞതയോടെ ചോദിച്ചു: “യഹോവ എനിക്കു ചെയ്ത സകല ഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും?” (സങ്കീ. 116:12) ഇന്നത്തെ ദൈവദാസന്മാർക്ക് യഹോവയോടു കൃതജ്ഞത തോന്നാൻ അതിലും വലിയൊരു കാരണമുണ്ട്. സങ്കീർത്തനക്കാരൻ ആ വാക്കുകൾ രേഖപ്പെടുത്തി നൂറ്റാണ്ടുകൾക്കുശേഷം യഹോവ മനുഷ്യവർഗത്തിന് അമൂല്യമായ ഒരു സമ്മാനം നൽകി; തന്റെ പുത്രന്റെ ജീവൻ അവൻ നമുക്കുവേണ്ടി മറുവിലയായി നൽകി. ഏപ്രിൽ 17-ാം തീയതി ക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാനായി തയ്യാറെടുക്കവെ ആ ദാനത്തോടുള്ള നന്ദി പ്രകടിപ്പിക്കാൻ നമുക്ക് അവസരമുണ്ട്.—കൊലോ. 3:15.
2. മറുവിലയോട് വിലമതിപ്പു കാണിക്കാൻ നമുക്ക് എന്തു കാരണങ്ങളുണ്ട്?
2 മറുവിലയിലൂടെ കൈവരുന്ന അനുഗ്രഹങ്ങൾ: “നമ്മുടെ പാപങ്ങളുടെ മോചനം” സാധ്യമാകുന്നത് മറുവിലയിലൂടെയാണ്. (കൊലോ. 1:13, 14) ഒരു ശുദ്ധ മനസ്സാക്ഷിയോടെ യഹോവയ്ക്ക് ആരാധന അർപ്പിക്കാൻ ഇതുമൂലം നമുക്കു കഴിയുന്നു. (എബ്രാ. 9:13, 14) പ്രാർഥനയിൽ യഹോവയെ സമീപിക്കാൻ നമുക്കു സ്വാതന്ത്ര്യമുള്ളതും അതുകൊണ്ടുതന്നെ. (എബ്രാ. 4:14-16) മറുവിലയിൽ വിശ്വാസം അർപ്പിക്കുന്നവർക്ക് നിത്യം ജീവിക്കാനുള്ള മഹത്തായ പ്രത്യാശയുമുണ്ട്.—യോഹ. 3:16.
3. മറുവിലയോടുള്ള വിലമതിപ്പ് പ്രകടിപ്പിക്കാനാകുന്ന ചില മാർഗങ്ങളേവ?
3 എങ്ങനെ വിലമതിപ്പു കാണിക്കാം? സ്മാരകകാലത്തേക്കായി പട്ടികപ്പെടുത്തിയിരിക്കുന്ന ബൈബിൾ വായനാഭാഗം വായിക്കുകയും അതിനെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുന്നതാണ് വിലമതിപ്പു കാണിക്കാനുള്ള ഒരു മാർഗം. മറുവില നാം എത്രമാത്രം വിലമതിക്കുന്നുവെന്ന് ഹൃദയംഗമമായ പ്രാർഥനയിലൂടെ നമുക്ക് യഹോവയെ അറിയിക്കാനാകും. (1 തെസ്സ. 5:17, 18) യേശുവിന്റെ കൽപ്പന അനുസരിച്ച് സ്മാരകാചരണത്തിന് സന്നിഹിതരായിക്കൊണ്ട് നന്ദിയും വിലമതിപ്പും നമുക്കു കാണിക്കാം. (1 കൊരി. 11:24, 25) മാത്രമല്ല, നമ്മോടൊപ്പം കൂടിവരാൻ പരമാവധി ആളുകളെ ക്ഷണിച്ചുകൊണ്ട് യഹോവയുടെ ഉദാരമായ സ്നേഹം നമുക്കു പ്രതിഫലിപ്പിക്കാം.—യെശ. 55:1-3.
4. നാം എന്തു ദൃഢനിശ്ചയം ചെയ്യണം?
4 വിലമതിപ്പുള്ള ദൈവദാസന്മാർ സ്മാരകാചരണത്തെ നമ്മുടെ പതിവു സഭായോഗത്തെക്കാൾ പ്രാധാന്യത്തോടെ ആയിരിക്കും കാണുക. വർഷത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു കൂടിവരവാണ് ഇത്. സങ്കീർത്തനക്കാരൻ എഴുതി: “എൻമനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്.” (സങ്കീ. 103:2) സ്മാരകം അടുത്തുവരവെ ആ നിശ്ചയദാർഢ്യം നമുക്കും അനുകരിക്കാം.