പഠിപ്പിക്കൽപ്രാപ്തി മെച്ചപ്പെടുത്താൻ ചില നുറുങ്ങുകൾ
1. നമ്മുടെ പഠിപ്പിക്കൽപ്രാപ്തി മെച്ചപ്പെടുത്തേണ്ടത് എന്തുകൊണ്ട്?
1 എല്ലാ ക്രിസ്തീയ ശുശ്രൂഷകരും അധ്യാപകരാണ്. ആദ്യസന്ദർശനം നടത്തുമ്പോഴും താത്പര്യം കാണിച്ചവരുടെ അടുത്ത് മടങ്ങിച്ചെല്ലുമ്പോഴും ബൈബിളധ്യയനം നിർവഹിക്കുമ്പോഴും, നമ്മൾ ആളുകൾക്ക് വിവരങ്ങൾ പകർന്നുകൊടുക്കുകയാണ്. നമ്മൾ പഠിപ്പിക്കുന്ന വിവരങ്ങൾ സവിശേഷതയാർന്നവയാണ്. “രക്ഷ പ്രാപിക്കുന്നതിന്” ആളുകളെ ‘ജ്ഞാനികളാക്കാൻ പര്യാപ്തമായ തിരുവെഴുത്തുകളാണ്’ നമ്മൾ പ്രദീപ്തമാക്കുന്നത്. (2 തിമൊ. 3:15) എത്ര മഹത്തായ പദവി! നമ്മുടെ പഠിപ്പിക്കൽപ്രാപ്തി മെച്ചപ്പെടുത്താനുള്ള മൂന്നുനുറുങ്ങുകൾ ഇതാ:
2. ലാളിത്യത്തോടെ എങ്ങനെ പഠിപ്പിക്കാം?
2 ലാളിത്യത്തോടെ പഠിപ്പിക്കുക: നമുക്ക് ഒരു വിഷയം നന്നായി അറിയാമെന്നതുകൊണ്ട് കേൾവിക്കാരന് അതു ഗ്രഹിക്കാൻ എളുപ്പമായിരിക്കണമെന്നില്ല. വാസ്തവത്തിൽ അത് മനസ്സിലാക്കാൻ അദ്ദേഹത്തിനു വളരെ ബുദ്ധിമുട്ടായിരിക്കാം. അതുകൊണ്ട്, ബൈബിളധ്യയനം നടത്തുമ്പോൾ അനാവശ്യവിവരങ്ങൾ കുത്തിത്തിരുകാതെ പ്രസക്തമായ ആശയങ്ങൾമാത്രം പറയുക. ഒരു നല്ല അധ്യാപകനാകാൻ ഒരുപാട് സംസാരിക്കണമെന്നില്ല. (സദൃ. 10:19) അതുപോലെ, മുഖ്യ തിരുവെഴുത്തുകൾമാത്രം വായിക്കുന്നതാണ് നല്ലത്. തിരുവെഴുത്ത് വായിച്ചശേഷം, ചർച്ചചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട ഭാഗം എടുത്തുപറയുക. മത്തായി 5 മുതൽ 7 വരെയുള്ള അധ്യായങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഗിരിപ്രഭാഷണത്തിൽ യേശു ഗഹനമായ സത്യങ്ങളാണ് പഠിപ്പിച്ചത്; പക്ഷേ ലളിതവും യുക്തവുമായ ഒരുപിടി വാക്കുകളേ അവൻ ഉപയോഗിച്ചുള്ളൂ!
3. ദൃഷ്ടാന്തങ്ങളും ചിത്രങ്ങളും ഉപയോഗിക്കുന്നതിന്റെ പ്രയോജനമെന്ത്, ഏതു തരത്തിലുള്ളവയാണ് കൂടുതൽ പ്രയോജനപ്രദം?
3 ദൃഷ്ടാന്തങ്ങളും ചിത്രങ്ങളും ഉപയോഗിക്കുക: ദൃഷ്ടാന്തങ്ങൾ കേൾവിക്കാരന്റെ ഹൃദയത്തെ സ്വാധീനിക്കും; ചിന്തിക്കാനും കാര്യങ്ങൾ ഓർത്തുവെക്കാനും സഹായിക്കും. നല്ല ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുകയെന്നാൽ വലിയവലിയ കഥകൾ പറയുക എന്നല്ല അർഥം. ലളിതമായ, ചെറിയ ദൃഷ്ടാന്തങ്ങളാണ് യേശു മിക്കപ്പോഴും ഉപയോഗിച്ചത്. (മത്താ. 7:3-5; 18:2-4) കടലാസിൽ വരച്ച, ലളിതമായ ചിത്രങ്ങളും ഉപയോഗിക്കാവുന്നതാണ്. അൽപ്പം ചിന്ത നൽകിയാൽ നിങ്ങൾക്കും ഫലപ്രദമായ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കാനാകും.
4. ചോദ്യങ്ങൾ ഫലകരമായി എങ്ങനെ ചോദിക്കാം?
4 ചോദ്യങ്ങൾ ചോദിക്കുക: ചോദ്യങ്ങൾ ചോദിക്കുമ്പോൾ വിദ്യാർഥി ചിന്തിക്കാൻ പ്രേരിതനാകും. അതുകൊണ്ട്, ചോദ്യം ചോദിച്ചശേഷം അദ്ദേഹത്തിന് ചിന്തിക്കാൻ മതിയായ സമയം അനുവദിക്കുക. തിടുക്കത്തിൽ നിങ്ങൾത്തന്നെ ഉത്തരം കൊടുക്കുകയാണെങ്കിൽ വിദ്യാർഥിക്ക് കാര്യങ്ങൾ എത്രത്തോളം മനസ്സിലായി എന്ന് തിരിച്ചറിയാൻ നിങ്ങൾക്കു കഴിഞ്ഞെന്നുവരില്ല. ഇനി അദ്ദേഹം തെറ്റായ ഒരു ഉത്തരമാണ് പറയുന്നതെങ്കിലോ? തിരുത്തുന്നതിനു പകരം കൂടുതൽ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ശരിയായ നിഗമനത്തിൽ എത്താൻ അദ്ദേഹത്തെ സഹായിക്കുക. (മത്താ. 17:24-27) എല്ലാം തികഞ്ഞ അധ്യാപകരായി നമ്മളിലാരുമില്ല. അതുകൊണ്ടുതന്നെ നമ്മുടെ പ്രബോധത്തിന് നിതാന്ത ശ്രദ്ധ കൊടുക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്നെങ്കിൽ നമുക്കും നമ്മുടെ ശ്രോതാക്കൾക്കും നിത്യപ്രയോജനങ്ങൾ ലഭിക്കും.—1 തിമൊ. 4:16.