ബൈബിളധ്യയനം കണ്ടെത്താൻ അഞ്ചുവഴികൾ!
1. നമ്മുടെ പ്രദേശത്ത് ബൈബിളധ്യയനം കണ്ടെത്താൻ ബുദ്ധിമുട്ടാണെങ്കിൽ എന്തു ചെയ്യണം, എന്തുകൊണ്ട്?
1 ഒരു ബൈബിളധ്യയനം കണ്ടെത്താൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടോ? ശ്രമം ഉപേക്ഷിക്കരുത്! തന്റെ ഹിതം ചെയ്യുന്നതിൽ മടുത്തു പിന്മാറാത്തവരെ യഹോവ അനുഗ്രഹിക്കുകതന്നെ ചെയ്യും. (ഗലാ. 6:9) സഹായകമായ അഞ്ചു നിർദേശങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
2. നേരിട്ടുള്ള സമീപനത്തിലൂടെ എങ്ങനെ ഒരു ബൈബിളധ്യയനം തുടങ്ങാം?
2 നേരിട്ടുള്ള സമീപനം: വീക്ഷാഗോപുരം, ഉണരുക! മാസികകൾ നമ്മൾ വിതരണം ചെയ്യുന്ന കാര്യം പലർക്കും അറിയാം. പക്ഷേ നമ്മൾ ബൈബിളധ്യയനങ്ങൾ നടത്താറുണ്ടെന്ന് അവർക്ക് അറിയില്ലായിരിക്കാം. വീടുതോറും പോകുമ്പോൾ ബൈബിൾ പഠിക്കാൻ താത്പര്യമുണ്ടോയെന്ന് നേരിട്ട് ആളുകളോട് ചോദിക്കാവുന്നതാണ്. ബൈബിളധ്യയനത്തിന് താത്പര്യമില്ലെന്ന് പറയുന്നവർക്ക് മാസികകൾ കൊടുത്തിട്ടുപോരാം. തുടർന്ന് അവരിൽ താത്പര്യം നട്ടുവളർത്താൻ പുതിയ ലക്കങ്ങളുമായി മടങ്ങിച്ചെല്ലുക. ഒരു സഹോദരൻ വർഷങ്ങളോളം ഒരു ദമ്പതികൾക്ക് പതിവായി മാസികകൾ കൊണ്ടുചെന്ന് കൊടുക്കുമായിരുന്നു. ഒരിക്കൽ മാസികകൾ കൊടുത്തിട്ട് പോകാൻ ഒരുങ്ങവെ അദ്ദേഹം അവരോട്, “ബൈബിൾ പഠിക്കാൻ താത്പര്യമുണ്ടോ?” എന്നു ചോദിച്ചു. അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് അവർ സമ്മതംമൂളി. ഇന്ന് അവർ സ്നാനമേറ്റ സാക്ഷികളാണ്.
3. യോഗങ്ങൾക്കു വരുന്ന എല്ലാവരും ബൈബിൾ പഠിക്കുന്നവരായിരിക്കുമെന്ന് ഊഹിക്കുന്നത് ശരിയാണോ? വിശദീകരിക്കുക.
3 യോഗങ്ങൾക്ക് ഹാജരാകുന്നവരോട് ചോദിക്കുക: സഭായോഗങ്ങൾക്കു വരുന്ന എല്ലാവരും ബൈബിൾ പഠിക്കുന്നവരായിരിക്കണമെന്നില്ല. ഒരു സഹോദരൻ പറയുന്നു: “ഞാൻ നടത്തിയിട്ടുള്ള അധ്യയനങ്ങളിൽ പകുതിയിലധികവും സഭായോഗത്തിനു വന്നവരോട് സംസാരിച്ചതിന്റെ ഫലമായി കിട്ടിയതാണ്.” ഒരു സഹോദരി യോഗങ്ങൾക്കു വന്നിരുന്ന ലജ്ജാശീലയായ ഒരു സ്ത്രീയോട് സംസാരിക്കാൻ തീരുമാനിച്ചു. ഈ സ്ത്രീയുടെ രണ്ടു പെൺമക്കൾ ആ സഭയിലെ സ്നാനമേറ്റ സാക്ഷികളായിരുന്നു. ആ സ്ത്രീ രാജ്യഹാളിൽ വരാൻ തുടങ്ങിയിട്ട് 15 വർഷമായിരുന്നു; യോഗങ്ങൾ തുടങ്ങുന്ന സമയത്തു വന്നിട്ട് അവസാനിച്ചയുടനെ പോകുകയായിരുന്നു അവരുടെ പതിവ്. ബൈബിളധ്യയനത്തെക്കുറിച്ച് സഹോദരി അവരോടു സംസാരിച്ചപ്പോൾ അവർ അതിനു സമ്മതിച്ചു; ഒടുവിൽ അവർ ഒരു സാക്ഷിയായിത്തീർന്നു. സഹോദരി പറയുന്നു: “15 വർഷം കഴിഞ്ഞിട്ടാണല്ലോ ബൈബിൾ പഠിക്കാൻ താത്പര്യമുണ്ടോയെന്ന് അവരോടു ചോദിക്കാൻ തോന്നിയത് എന്നോർക്കുമ്പോൾ എനിക്കു വിഷമമുണ്ട്!”
4. അധ്യയനം കണ്ടെത്താനുള്ള മറ്റൊരു മാർഗം ഏത്?
4 ബൈബിൾ വിദ്യാർഥികളോടും മറ്റുള്ളവരോടും ചോദിക്കുക: ഒരു സഹോദരി മറ്റുള്ളവരോടൊപ്പം അവരുടെ ബൈബിളധ്യയനങ്ങൾക്ക് പോകാൻ പ്രത്യേക ശ്രമം ചെയ്യാറുണ്ട്. പഠനശേഷം, അധ്യയനം നടത്തുന്ന വ്യക്തിയുടെ അനുവാദത്തോടെ സഹോദരി വിദ്യാർഥിയോട്, ബൈബിൾ പഠിക്കാൻ താത്പര്യമുള്ള മറ്റാരെയെങ്കിലും അറിയാമോ എന്ന് ചോദിക്കും. ഇനി, ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കവെ, “ഈ പുസ്തകം വായിക്കാൻ താത്പര്യമുള്ള മറ്റാരെയെങ്കിലും അറിയാമോ?” എന്ന് നിങ്ങൾക്ക് വീട്ടുകാരനോടു ചോദിക്കാവുന്നതാണ്. താത്പര്യം കാണിക്കുന്ന എല്ലാവരെയും ബൈബിൾ പഠിപ്പിക്കാൻ പ്രസാധകർക്കോ പയനിയർമാർക്കോ കഴിഞ്ഞെന്നുവരില്ല. ബൈബിളധ്യയനമെടുക്കാൻ നിങ്ങൾ സന്നദ്ധരാണെന്ന് അറിയുന്നപക്ഷം ആ അധ്യയനങ്ങൾ അവർ നിങ്ങളെ ഏൽപ്പിച്ചേക്കാം.
5. സഭയിലെ പ്രസാധകരുടെ അവിശ്വാസികളായ ഇണകളോട് അധ്യയനത്തിനു താത്പര്യമുണ്ടോ എന്നു ചോദിക്കേണ്ടത് എന്തുകൊണ്ട്?
5 അവിശ്വാസികളായ ഇണകളോടു ചോദിക്കുക: അവിശ്വാസികളായ ഇണകളുള്ള പ്രസാധകർ നിങ്ങളുടെ സഭയിലുണ്ടോ? ചില അവിശ്വാസികൾ തങ്ങളുടെ ക്രിസ്തീയ ഇണയുമായി ബൈബിൾ വിഷയങ്ങൾ ചർച്ച ചെയ്യാൻ വിസമ്മതിച്ചേക്കാം; എന്നാൽ മറ്റൊരു സാക്ഷിയോടൊപ്പം ബൈബിൾ പഠിക്കാൻ ആ വ്യക്തി സമ്മതിച്ചെന്നുവരാം. ആ വ്യക്തിയോടു സംസാരിക്കുന്നതിനുമുമ്പ് വിശ്വാസിയായ ഇണയുടെ അഭിപ്രായം ആരായുക.
6. ബൈബിളധ്യയനം കണ്ടെത്തുന്നതിൽ പ്രാർഥനയുടെ പങ്ക് എന്ത്?
6 പ്രാർഥിക്കുക: പ്രാർഥനയ്ക്ക് വലിയ ശക്തിയുണ്ട്. (യാക്കോ. 5:16) ദൈവേഷ്ടത്തിനു ചേർച്ചയിലുള്ള അപേക്ഷകൾക്ക് ഉത്തരം നൽകുമെന്ന് യഹോവ ഉറപ്പു തരുന്നു. (1 യോഹ. 5:14) തിരക്കേറിയ ജീവിതം നയിക്കുന്ന ഒരു സഹോദരൻ ബൈബിളധ്യയനത്തിനായി പ്രാർഥിക്കാൻ തുടങ്ങി. എന്നാൽ, വിദ്യാർഥിയുടെ ആവശ്യങ്ങൾക്കു ശ്രദ്ധകൊടുക്കാൻ—വിശേഷിച്ചും ആ വ്യക്തിക്ക് ഒരുപാടു പ്രശ്നങ്ങളുണ്ടെങ്കിൽ—തന്റെ ഭർത്താവിനു കഴിയുമോ എന്ന് അദ്ദേഹത്തിന്റെ ഭാര്യക്ക് ആശങ്കയുണ്ടായിരുന്നു. ബൈബിളധ്യയനം കണ്ടെത്താൻ ഭർത്താവിനെ സഹായിക്കണമേ എന്ന പ്രാർഥനയോടൊപ്പം തന്റെ ഉത്കണ്ഠകളും സഹോദരി യഹോവയെ അറിയിച്ചു. രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ അവരുടെ പ്രാർഥനയ്ക്ക് ഉത്തരം ലഭിച്ചു. സഭയിലെ ഒരു പയനിയർ, താൻ കണ്ടുമുട്ടിയ ഒരു വ്യക്തിയുടെ അധ്യയനം സഹോദരനെ ഏൽപ്പിച്ചു. സഹോദരി പറയുന്നു: “ബൈബിളധ്യയനം നടത്താൻ തങ്ങളെക്കൊണ്ടാവില്ലെന്നു കരുതുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ: നിങ്ങളുടെ തടസ്സങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് യഹോവയോട് പ്രാർഥിക്കുക. ഉത്തരം കിട്ടുന്നതുവരെ പ്രാർഥിക്കുക. വിചാരിച്ചതിനെക്കാൾ വലിയ സന്തോഷമാണ് ഞങ്ങൾ ഇന്ന് അനുഭവിക്കുന്നത്.” മടുത്തു പിന്മാറാതിരുന്നാൽ ഒരു ബൈബിളധ്യയനം കണ്ടെത്താനും “ജീവനിലേക്കുള്ള . . . പാത” തിരഞ്ഞെടുക്കാൻ ആളുകളെ സഹായിക്കുന്നതിന്റെ സന്തോഷം അനുഭവിക്കാനും നിങ്ങൾക്കു സാധിക്കും.—മത്താ. 7:13, 14.