‘സകല മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കുക’
1. വീട്ടുകാരൻ ദേഷ്യത്തോടെ പ്രതികരിക്കുമ്പോൾ നാം ഏതു ബൈബിളുപദേശം ബാധകമാക്കണം?
1 യഹോവയുടെ ജനം സമാധാനപ്രിയരാണ്; സമാധാനത്തിന്റെ സുവിശേഷമാണ് നാം ഘോഷിക്കുന്നത്. (യെശ. 52:7) എന്നാൽ സുവാർത്തയുമായി നാം അവരുടെ വീട്ടിൽ ചെല്ലുന്നത് ചില ആളുകളെ ദേഷ്യം പിടിപ്പിച്ചേക്കാം. അത്തരം സാഹചര്യങ്ങളിൽ സമാധാനത്തോടെ വർത്തിക്കാൻ നമുക്ക് എങ്ങനെ കഴിയും?—റോമ. 12:18.
2. സാഹചര്യങ്ങൾ മനസ്സിലാക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
2 സാഹചര്യങ്ങൾ മനസ്സിലാക്കുക: സത്യത്തെ എതിർക്കുന്നതുകൊണ്ടാണ് ചിലർ നമ്മോട് ദേഷ്യപ്പെടുന്നത്; എന്നാൽ എല്ലായ്പോഴും കാരണം അതായിരിക്കണമെന്നില്ല. നാം ചെന്നത് അനുയോജ്യമല്ലാത്ത ഒരു സമയത്തായിരിക്കാം. വ്യക്തിപരമായ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ടാകാം. ഇനി, സുവാർത്തയാണ് അദ്ദേഹത്തെ ദേഷ്യം പിടിപ്പിക്കുന്നത് എന്നുതന്നെയിരിക്കട്ടെ; തെറ്റിദ്ധരിപ്പിക്കപ്പെട്ടതു നിമിത്തമായിരിക്കാം അദ്ദേഹം അങ്ങനെ പ്രതികരിക്കുന്നതെന്ന് നാം ഓർക്കണം. (2 കൊരി. 4:4) സാഹചര്യങ്ങൾ മനസ്സിലാക്കുന്നത്, ശാന്തരായി നിൽക്കാനും അദ്ദേഹത്തിന് നമ്മോട് വ്യക്തിപരമായി പ്രശ്നമൊന്നുമില്ലെന്ന് തിരിച്ചറിയാനും സഹായിക്കും.—സദൃ. 19:11.
3. നമുക്ക് എങ്ങനെ വീട്ടുകാരനോട് ആദരവ് കാണിക്കാം?
3 ആദരവ് കാണിക്കുക: ശുശ്രൂഷയിൽ നാം കണ്ടുമുട്ടുന്ന പലർക്കും അടിയുറച്ച വിശ്വാസങ്ങളാണുള്ളത്. (2 കൊരി. 10:4) നമ്മുടെ സന്ദേശം കേൾക്കണോ എന്നു തീരുമാനിക്കാനുള്ള അവകാശം അവർക്കുണ്ട്. നാം വീട്ടുകാരന്റെ വിശ്വാസങ്ങളെ വിലകുറച്ചുകാണുകയോ നമുക്ക് അദ്ദേഹത്തെക്കാൾ ബൈബിൾ പരിജ്ഞാനമുണ്ടെന്ന് ഭാവിക്കുകയോ ചെയ്യില്ല. പോകാൻ ആവശ്യപ്പെട്ടാൽ നാം ആദരവോടെ അനുസരിക്കും.
4. ഹൃദ്യമായി സംസാരിക്കുക എന്നാൽ എന്താണ് അർഥം?
4 ഹൃദ്യമായി സംസാരിക്കുക: ആളുകൾ നമ്മോട് മോശമായി സംസാരിച്ചാലും നാം സൗമ്യതയോടെ ഹൃദ്യമായി മറുപടി പറയണം. (കൊലോ. 4:6; 1 പത്രോ. 2:23) അവരോട് തർക്കിക്കാൻ ശ്രമിക്കുന്നതിനു പകരം ഇരുകൂട്ടർക്കും യോജിക്കാൻ കഴിയുന്ന എന്തെങ്കിലുമുണ്ടോ എന്നു കണ്ടെത്തുക. വീട്ടുകാരന് താത്പര്യമില്ലാത്തത് എന്തുകൊണ്ടാണെന്ന് സൗമ്യമായി ചോദിക്കാൻ കഴിഞ്ഞേക്കും. എന്നാൽ, അദ്ദേഹത്തെ കൂടുതൽ കോപിപ്പിക്കാതിരിക്കാൻ ചില സാഹചര്യങ്ങളിൽ സംഭാഷണം അവസാനിപ്പിക്കുന്നതാണ് നല്ലത്.—സദൃ. 9:7; 17:14.
5. സമാധാനപരമായി ശുശ്രൂഷ നിർവഹിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?
5 സമാധാനപരമായി ഇടപെടുന്നെങ്കിൽ വീട്ടുകാരൻ നമ്മുടെ പെരുമാറ്റം ഓർത്തിരിക്കുകയും ഭാവിയിൽ മറ്റാരെങ്കിലും സാക്ഷീകരിക്കുമ്പോൾ ശ്രദ്ധിക്കുകയും ചെയ്തേക്കാം. (റോമ. 12:20, 21) നമ്മെ ശക്തമായി എതിർക്കുന്ന വ്യക്തിപോലും ഭാവിയിൽ നമ്മുടെ ഒരു സഹോദരനായിത്തീർന്നേക്കാം. (ഗലാ. 1:13, 14) വീട്ടുകാരൻ സത്യം സ്വീകരിച്ചാലും ഇല്ലെങ്കിലും, ആത്മനിയന്ത്രണം പാലിക്കുകയും സമാധാനപ്രിയരായിരിക്കുകയും ചെയ്യുന്നെങ്കിൽ യഹോവയെ ആദരിക്കാനും നമ്മുടെ പഠിപ്പിക്കലിനെ അലങ്കരിക്കാനും നമുക്ക് കഴിയും.—2 കൊരി. 6:3.