ആരാധനയ്ക്കുവേണ്ടി ഇതാ കുറച്ച് പുതിയ പാട്ടുകൾ!
1 വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് പെൻസിൽവേനിയയുടെ 2014 ഒക്ടോബർ 4-നു നടന്ന വാർഷികയോഗത്തിൽ ആവേശം ജനിപ്പിക്കുന്ന ഒരു അറിയിപ്പ് ഉണ്ടായി: ‘നമ്മുടെ പാട്ടുപുസ്തകത്തിൽ ചില മാറ്റങ്ങൾ വരുന്നു!’ ആരാധനയിൽ രാജ്യഗീതങ്ങൾക്കുള്ള പ്രമുഖസ്ഥാനത്തെക്കുറിച്ച് ആ യോഗത്തിൽ കൂടിവന്നവരെ ഓർമിപ്പിക്കുകയും ചെയ്തു.—സങ്കീ. 96:2.
2 ‘എന്തിനാണ് പാട്ടുപുസ്തകത്തിൽ മാറ്റങ്ങൾ വരുത്തുന്നത്’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. കാരണങ്ങൾ പലതുണ്ട്. ഒന്നാമതായി, തിരുവെഴുത്തുകളെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിൽ ചില മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. (സദൃ. 4:18) അതിന് അനുസരിച്ച് നമ്മുടെ പാട്ടുകളുടെ വരികളും മാറ്റി എഴുതേണ്ടതുണ്ട്. മാത്രമല്ല, ഇപ്പോഴത്തെ പാട്ടുപുസ്തകത്തിലെ പല വാക്കുകളും പദപ്രയോഗങ്ങളും പുതിയ ലോക ഭാഷാന്തരത്തിന്റെ (ഇംഗ്ലീഷ്) പഴയ പതിപ്പിൽനിന്നുള്ളതാണ്. പരിഷ്കരിച്ച പതിപ്പ് വന്നതോടെ പാട്ടുകളുടെ വരികളും പഴയതായിത്തീർന്നു. പാട്ടുകളിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടതുള്ളതിനാൽ അവയോടൊപ്പം പുതിയ ചില പാട്ടുകളുംകൂടി പാട്ടുപുസ്തകത്തിൽ ചേർക്കാൻ തീരുമാനമായി.
3 എന്നാൽ പുതിയ പാട്ടുപുസ്തകം അച്ചടിക്കുന്നതുവരെ കാത്തിരിക്കണമെന്നാണോ? അല്ല. അതിനു മുമ്പുതന്നെ പുതിയ പാട്ടുകൾ നമുക്കു ലഭിക്കും. എങ്ങനെയെന്നോ? വരുന്ന ഏതാനും മാസങ്ങളിൽ നമ്മുടെ വെബ്സൈറ്റായ jw.org-ലൂടെ പുതിയ ചില പാട്ടുകൾ പുറത്തിറക്കുന്നതായിരിക്കും എന്ന് നിങ്ങളെ അറിയിക്കാൻ സന്തോഷമുണ്ട്. പുതിയ ഒരു പാട്ട് പുറത്തിറങ്ങിക്കഴിഞ്ഞാൽ, ഒരു സേവനയോഗ പരിപാടിയുടെ ഒടുവിൽ അത് പാടാൻ പട്ടികപ്പെടുത്തുന്നതായിരിക്കും. “പുതിയ പാട്ട്” എന്ന പേരിലായിരിക്കും അത് നമ്മുടെ രാജ്യശുശ്രൂഷയിൽ നൽകുക.
4 പുതിയ പാട്ടുകൾ എങ്ങനെ പഠിക്കാം? ഒരു പുതിയ പാട്ടു പഠിക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ ‘മൗനമായിരിക്കാനല്ല,’ സങ്കീർത്തനക്കാരനെപ്പോലെ സഭായോഗങ്ങളിൽ സ്തുതിഗീതങ്ങൾ പാടാനാണ് നമ്മുടെ ആഗ്രഹം. (സങ്കീ. 30:12) പുതിയ പാട്ട് എളുപ്പത്തിൽ പഠിക്കാനുള്ള ചില പൊടിക്കൈകൾ ഇതാ:
നമ്മുടെ വെബ്സൈറ്റിൽ ലഭ്യമാകുന്ന പിയാനോ റെക്കോർഡിങ് പല തവണ കേൾക്കുക. അങ്ങനെയാകുമ്പോൾ മനോഹരമായ ആ സംഗീതം ഓർത്തെടുക്കാൻ നിങ്ങൾക്ക് എളുപ്പമായിരിക്കും.
വരികൾ കാണാപ്പാഠം പഠിക്കുക.
ആ പാട്ട് നിങ്ങൾക്ക് നന്നായി പാടാൻ കഴിയുന്നതുവരെ സംഗീതത്തോടൊപ്പം വരികൾ പാടിനോക്കുക.
കുടുംബാരാധനയുടെ സമയത്ത് പുതിയ പാട്ടുകൾ പാടിനോക്കുക. എല്ലാവരും പഠിച്ചെടുക്കുന്നതുവരെ പല ആവർത്തി അവ പാടുക.
5 വരുംമാസങ്ങളിൽ സേവനയോഗത്തിന്റെ ഒടുവിൽ പുതിയ പാട്ടുകൾ പാടാൻ പട്ടികപ്പെടുത്തിയിട്ടുള്ളപ്പോൾ, സഭയിൽ ആദ്യം ഒരു തവണ അതിന്റെ പിയാനോ റെക്കോർഡിങ് കേൾപ്പിക്കുന്നതായിരിക്കും. പിന്നെ, നമ്മുടെ മറ്റു പാട്ടുകൾ പാടുന്നതുപോലെ, സഭ ഒന്നാകെ ആ പാട്ട് പീയാനോ റെക്കോർഡിങിനൊപ്പം പാടും.
6 സഭ ഒത്തൊരുമിച്ച് യഹോവയെ പാടിസ്തുതിക്കാനുള്ള സന്തോഷകരമായ അവസരങ്ങളാണ് ക്രിസ്തീയയോഗങ്ങളിലൂടെ നമുക്ക് ലഭിക്കുന്നത്. അതുകൊണ്ട്, പാട്ടു പാടാനുള്ള സമയമാകുമ്പോൾ അനാവശ്യമായി പുറത്തേക്കോ മറ്റോ പോകുന്ന രീതി ഒഴിവാക്കുക.
7 ഭക്തിനിർഭരമായ നമ്മുടെ ഗീതങ്ങളോടു വിലമതിപ്പു കാണിക്കാൻ കഴിയുന്ന മറ്റ് അവസരങ്ങളുമുണ്ട്. നമ്മുടെ സമ്മേളനങ്ങളിലും കൺവെൻഷനുകളിലും ഓരോ സെഷനും ആരംഭിക്കുന്നത് സംഗീതത്തോടെയാണ്. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള, അർപ്പിതരായ ചില സഹോദരങ്ങൾ സ്വന്തം കൈയിലെ പണം മുടക്കി ന്യൂയോർക്കിലെ പാറ്റേർസണിൽ എത്തിയാണ് മനോഹരമായ ഈ ഗീതങ്ങൾ തയ്യാറാക്കുന്നത്. വർഷത്തിൽ രണ്ടു തവണ അവർ അങ്ങനെ ചെയ്യുന്നു. അതുകൊണ്ട്, സംഗീതം കേൾക്കാനായി സീറ്റുകളിൽ വന്ന് ഇരിക്കാൻ സെഷൻ ചെയർമാൻ അറിയിപ്പുനടത്തുമ്പോൾ അത് അനുസരിക്കുക. പിന്നീടുള്ള പരിപാടികൾക്കുവേണ്ടി നമ്മുടെ ഹൃദയത്തെ ഒരുക്കാൻ ആ സംഗീതം സഹായിക്കും.—എസ്രാ 7:10.
8 ഇന്നത്തെ യോഗപരിപാടികളുടെ ഒടുവിൽ നമ്മൾ പാടുന്നത്, “രാജ്യം സ്ഥാപിതമായി—അതു വരേണമേ!” എന്ന പുതിയ ഗീതമായിരിക്കും. ദൈവരാജ്യത്തിന്റെ 100-ാം വാർഷികത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ ഒരു ഗീതമാണ് ഇത്. ഈ വർഷത്തെ വാർഷികയോഗത്തിൽ ഇതു കേൾപ്പിച്ചിരുന്നു.
9 യഹോവ നമുക്കു തന്ന “നല്ല കാര്യങ്ങൾ,” അഥവാ നല്ല സമ്മാനങ്ങൾ, ആണ് നമ്മുടെ ഈ പുതിയ പാട്ടുകൾ. (മത്താ. 12:35എ) അതുകൊണ്ട് യഹോവയ്ക്കു സ്തുതിയും ആദരവും നൽകുന്ന ഈ പുതിയ പാട്ടുകൾ പഠിക്കാനും ഹൃദയം തുറന്ന് അവ പാടാനും നമുക്കു ദൃഢതീരുമാനമെടുക്കാം.—സങ്കീ. 147:1.