പഠനലേഖനം 20
ഗീതം 67 “വചനം പ്രസംഗിക്കുക”
ഉത്സാഹത്തോടെ പ്രസംഗപ്രവർത്തനം തുടരാൻ സ്നേഹം പ്രചോദിപ്പിക്കട്ടെ!
“ആദ്യം . . . സന്തോഷവാർത്ത സകല ജനതകളോടും പ്രസംഗിക്കേണ്ടതാണ്.”—മർക്കോ. 13:10.
ഉദ്ദേശ്യം
ഉത്സാഹത്തോടെയും മുഴുഹൃദയത്തോടെയും പ്രസംഗപ്രവർത്തനം ചെയ്യാൻ സ്നേഹം നമ്മളെ എങ്ങനെയാണു പ്രചോദിപ്പിക്കുന്നത്.
1. 2023 വാർഷികയോഗത്തിൽ നമ്മൾ എന്താണ് കണ്ടത്?
കഴിഞ്ഞ വർഷത്തിലെ വാർഷികയോഗത്തിലൂടെ,a നമ്മുടെ വിശ്വാസങ്ങളിൽ വന്ന ചില മാറ്റങ്ങളെക്കുറിച്ച് നമ്മൾ മനസ്സിലാക്കി. ശുശ്രൂഷയെക്കുറിച്ച് ആവേശകരമായ ചില അറിയിപ്പുകളും നമുക്കു കിട്ടി. ഉദാഹരണത്തിന്, ബാബിലോൺ എന്ന മഹതിയുടെ നാശത്തിനു ശേഷം പോലും യഹോവയുടെ ജനത്തോടൊപ്പം ചേരാനുള്ള അവസരം ആളുകൾക്ക് കിട്ടാൻ സാധ്യതയുണ്ടെന്നു നമ്മൾ കണ്ടു. പ്രചാരകർ 2023 നവംബർ മുതൽ ശുശ്രൂഷയിൽ ചെലവഴിച്ച സമയവും മറ്റും റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്നും നമ്മൾ കണ്ടു. ഈ മാറ്റങ്ങളുടെയെല്ലാം അർഥം നമ്മുടെ ശുശ്രൂഷയുടെ പ്രാധാന്യവും അടിയന്തിരതയും മുമ്പത്തേതിലും കുറഞ്ഞുപോയി എന്നാണോ? ഒരിക്കലും അല്ല!
2. ഓരോ ദിവസം കഴിയുന്തോറും ശുശ്രൂഷയുടെ അടിയന്തിരത വർധിക്കുന്നത് എന്തുകൊണ്ട്? (മർക്കോസ് 13:10)
2 ഓരോ ദിവസം കഴിയുന്തോറും നമ്മുടെ ശുശ്രൂഷയുടെ അടിയന്തിരത കൂടിക്കൂടി വരുകയാണ്. എന്തുകൊണ്ട്? കാരണം, കുറച്ച് സമയമേ ഇനി ബാക്കിയുള്ളൂ. അവസാനനാളുകളിലെ പ്രസംഗപ്രവർത്തനത്തെക്കുറിച്ച് യേശു എന്താണു മുൻകൂട്ടി പറഞ്ഞതെന്നു നോക്കുക. (മർക്കോസ് 13:10 വായിക്കുക.) മത്തായിയുടെ വിവരണമനുസരിച്ച്, “അവസാനം” വരുന്നതിനു മുമ്പ് സന്തോഷവാർത്ത ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും എന്ന് യേശു പറഞ്ഞു. (മത്താ. 24:14) ഇവിടെ അവസാനം എന്നു പറഞ്ഞിരിക്കുന്നത്, സാത്താന്റെ വ്യവസ്ഥിതിയുടെ സമ്പൂർണമായ നാശത്തെയാണ്. ഉടൻ നടക്കാൻപോകുന്ന ആ സംഭവങ്ങളുടെ “ദിവസവും മണിക്കൂറും” യഹോവ കുറിച്ചുവെച്ചിട്ടുണ്ട്. (മത്താ. 24:36; 25:13; പ്രവൃ. 1:7) ഓരോ ദിവസം കഴിയുന്തോറും അതിലേക്കുള്ള ദൂരം കുറഞ്ഞുകുറഞ്ഞ് വരുകയാണ്. (റോമ. 13:11) അതുവരെ, അതായത് അവസാനം വരുന്നതുവരെ, നമ്മൾ പ്രസംഗപ്രവർത്തനം തുടർന്നുകൊണ്ടിരിക്കണം.
3. പ്രസംഗിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് എന്താണ്?
3 പ്രസംഗപ്രവർത്തനത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കേണ്ട ഒരു ചോദ്യം ഇതാണ്: എന്തുകൊണ്ടാണ് നമ്മൾ സന്തോഷവാർത്ത പ്രസംഗിക്കുന്നത്? ലളിതമായി പറഞ്ഞാൽ, സ്നേഹം ഉള്ളതുകൊണ്ട്. പ്രസംഗപ്രവർത്തനം സ്നേഹത്തിന്റെ തെളിവാണ്; സന്തോഷവാർത്തയോടും ആളുകളോടും അതിനെക്കാൾ എല്ലാം പ്രധാനമായി, യഹോവയോടും യഹോവയുടെ നാമത്തോടും ഉള്ള സ്നേഹത്തിന്റെ തെളിവ്. ഇവ ഓരോന്നിനെക്കുറിച്ചും നമുക്കു ചിന്തിക്കാം.
സന്തോഷവാർത്തയെ സ്നേഹിക്കുന്നതുകൊണ്ട് നമ്മൾ പ്രസംഗിക്കുന്നു
4. സന്തോഷം തരുന്ന നല്ലൊരു വാർത്ത കേൾക്കുമ്പോൾ നമ്മൾ എങ്ങനെയാണ് പ്രതികരിക്കുന്നത്?
4 സന്തോഷം തരുന്ന ഒരു വാർത്ത കേട്ടപ്പോൾ നിങ്ങൾക്ക് എന്താണു തോന്നിയതെന്ന് ഓർത്തുനോക്കുക. കുടുംബത്തിൽ ഒരു കുഞ്ഞു ജനിച്ചതോ, ശരിക്കും ആവശ്യമായിരുന്ന സമയത്ത് ഒരു ജോലി കിട്ടിയതോ ഒക്കെ? അത് എത്രയും പെട്ടെന്ന് കുടുംബാംഗങ്ങളെയും കൂട്ടുകാരെയും അറിയിക്കാൻ നിങ്ങൾക്ക് ആവേശം തോന്നിക്കാണും. ഏറ്റവും നല്ല വാർത്ത, അതായത് ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത കേട്ടപ്പോഴും നിങ്ങൾക്ക് ഇങ്ങനെതന്നെയാണോ തോന്നിയത്?
5. ആദ്യമായി ദൈവവചനത്തിലെ സത്യങ്ങൾ അറിഞ്ഞപ്പോൾ നിങ്ങൾക്ക് എന്താണു തോന്നിയത്? (ചിത്രങ്ങളും കാണുക.)
5 ദൈവവചനത്തിലെ സത്യങ്ങൾ ആദ്യമായി അറിഞ്ഞപ്പോൾ നിങ്ങൾക്ക് എന്താണ് തോന്നിയത്? അന്ന് നിങ്ങൾ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി. ഉദാഹരണത്തിന്, സ്വർഗീയപിതാവ് നിങ്ങളെ സ്നേഹിക്കുന്നു, നമ്മൾ തന്റെ ആരാധകരുടെ കുടുംബത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു, വേദനയും കഷ്ടപ്പാടും എല്ലാം ഇല്ലാതാക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു, ഒരു പുതിയ ലോകത്തിൽ മരിച്ചുപോയ പ്രിയപ്പെട്ടവരെ വീണ്ടും കാണാനാകും, അങ്ങനെ പലതും. (മർക്കോ. 10:29, 30; യോഹ. 5:28, 29; റോമ. 8:38, 39; വെളി. 21:3, 4) ആ സത്യങ്ങൾ നിങ്ങളുടെ ഹൃദയത്തെ ആഴത്തിൽ സ്വാധീനിച്ചു. (ലൂക്കോ. 24:32) പഠിക്കുന്ന കാര്യങ്ങളെ നിങ്ങൾ സ്നേഹിച്ചു, അത് മറ്റുള്ളവരോടു പറയാതിരിക്കാൻ കഴിയാതെയായി.—യിരെമ്യ 20:9 താരതമ്യം ചെയ്യുക.
സന്തോഷവാർത്തയെക്കുറിച്ച് ആദ്യം മനസ്സിലാക്കിയപ്പോൾ ആ വിലയേറിയ സത്യങ്ങൾ ഉള്ളിൽ അടക്കിവെക്കാൻ നമുക്കായില്ല! (5-ാം ഖണ്ഡിക കാണുക)
6. ഏണെസ്റ്റിന്റെയും റോസിന്റെയും അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
6 ഏണെസ്റ്റ്b എന്ന സഹോദരന്റെ അനുഭവം നോക്കുക. അദ്ദേഹത്തിനു പത്തു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചുപോയി. ഏണെസ്റ്റ് പറയുന്നു: “ഡാഡി സ്വർഗത്തിൽ ആയിരിക്കുമോ, അതോ ഇല്ലാതായിപ്പോയോ’ എന്നൊക്കെ ഞാൻ ചിന്തിച്ചു. മറ്റു കുട്ടികളെ അവരുടെ അച്ഛന്റെകൂടെ കാണുമ്പോൾ എനിക്ക് അസൂയ തോന്നുമായിരുന്നു.” ഏണെസ്റ്റ് എപ്പോഴും സെമിത്തേരിയിൽ ഡാഡിയുടെ കല്ലറയുടെ മുന്നിൽ പോയി മുട്ടുകുത്തി ഇങ്ങനെ പ്രാർഥിക്കും: “ദൈവമേ, എന്റെ ഡാഡി എവിടെയാണെന്ന് എനിക്ക് ഒന്നു പറഞ്ഞുതരാമോ?” ഡാഡി മരിച്ച് 17 വർഷം കഴിഞ്ഞപ്പോൾ യഹോവയുടെ സാക്ഷികളുടെ കൂടെ ബൈബിൾ പഠിക്കാൻ ഏണെസ്റ്റിന് ഒരു അവസരം കിട്ടി. അദ്ദേഹം അതു പെട്ടെന്നുതന്നെ സ്വീകരിച്ചു. നല്ല ഉറക്കത്തിലായിരിക്കുന്നവരെ പോലെ മരിച്ചവർ ഒന്നും അറിയുന്നില്ലെന്നും, അവർ വീണ്ടും ജീവനിലേക്കു വരുമെന്ന് ബൈബിൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അറിഞ്ഞപ്പോൾ ഏണെസ്റ്റിനു സന്തോഷം അടക്കാനായില്ല. (സഭാ. 9:5, 10; പ്രവൃ. 24:15) ഒരുപാട് കാലം തന്നെ കുഴപ്പിച്ച ചോദ്യങ്ങൾക്ക് അങ്ങനെ ഒടുവിൽ അദ്ദേഹത്തിന് ഉത്തരം കിട്ടി. താൻ പഠിച്ചുകൊണ്ടിരുന്ന ബൈബിൾസത്യങ്ങളെക്കുറിച്ച് ഏണെസ്റ്റിന് അങ്ങേയറ്റം ആവേശം തോന്നി. ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ ഭാര്യ റോസിനും രാജ്യസന്ദേശത്തോട് അതേ സ്നേഹം തോന്നി. 1978-ൽ അവർ സ്നാനമേറ്റു. തങ്ങൾ മനസ്സിലാക്കിയ ആ വിലയേറിയ സത്യങ്ങൾ കുടുംബാംഗങ്ങളോടും കൂട്ടുകാരോടും മറ്റുള്ളവരോടും അവർ ഉത്സാഹത്തോടെ അറിയിച്ചു. അങ്ങനെ 70-ലേറെ പേരെ യഹോവയെക്കുറിച്ച് മനസ്സിലാക്കാനും സ്നാനമേൽക്കാനും ഏണെസ്റ്റും റോസും സഹായിച്ചു.
7. ബൈബിൾസത്യത്തോടുള്ള സ്നേഹം നമ്മുടെ ഉള്ളിൽ ആഴ്ന്നിറങ്ങിയാൽ എന്തായിരിക്കും ഫലം? (ലൂക്കോസ് 6:45)
7 ബൈബിൾസത്യത്തോടുള്ള സ്നേഹം നമ്മുടെ ഉള്ളിൽ ആഴ്ന്നിറങ്ങിയാൽ നിശ്ശബ്ദരായിരിക്കാൻ നമുക്കു കഴിയില്ല. (ലൂക്കോസ് 6:45 വായിക്കുക.) ഒന്നാം നൂറ്റാണ്ടിലെ ശിഷ്യന്മാരെപ്പോലെ നമുക്കും ഇങ്ങനെ തോന്നും: “ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു കഴിയില്ല.” (പ്രവൃ. 4:20) സത്യത്തെ അത്രയേറെ സ്നേഹിക്കുന്നതുകൊണ്ട് അതെക്കുറിച്ച് പരമാവധി ആളുകളോടു പറയാൻ നമ്മളും ആഗ്രഹിക്കുന്നു.
ആളുകളെ സ്നേഹിക്കുന്നതുകൊണ്ട് നമ്മൾ പ്രസംഗിക്കുന്നു
8. ആളുകളെ സന്തോഷവാർത്ത അറിയിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് എന്താണ്? (“സ്നേഹിക്കുക, ശിഷ്യരാക്കുക” എന്ന ചതുരം കാണുക.) (ചിത്രവും കാണുക.)
8 യഹോവയെയും യേശുവിനെയും പോലെ നമ്മളും ആളുകളെ സ്നേഹിക്കുന്നു. (സുഭാ. 8:31; യോഹ. 3:16) “ദൈവമില്ലാത്തവരും” “പ്രത്യാശയില്ലാത്തവരും” ആയ ആളുകളെ കാണുമ്പോൾ നമുക്ക് അനുകമ്പ തോന്നുന്നു. (എഫെ. 2:12) ജീവിതപ്രശ്നങ്ങളിൽ മുങ്ങിത്താഴുന്ന അവരെ പിടിച്ചുകയറ്റാനാകുന്ന ഒന്ന് നമ്മുടെ കൈയിലുണ്ട്. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത! ആ സന്തോഷവാർത്ത എങ്ങനെയും അവരുടെ അടുത്ത് എത്തിക്കാൻ അവരോടുള്ള സ്നേഹവും അനുകമ്പയും നമ്മളെ പ്രേരിപ്പിക്കുന്നു. നമ്മൾ അറിയിക്കുന്ന വിലപ്പെട്ട സന്ദേശത്തിന് അവരുടെ ഉള്ളിൽ പ്രത്യാശ നിറയ്ക്കാനാകും, ഇപ്പോൾത്തന്നെ സന്തോഷത്തോടെ ജീവിക്കാൻ അവരെ സഹായിക്കും. ദൈവത്തിന്റെ പുതിയ ലോകത്തിലെ ‘യഥാർഥജീവൻ,’ നിത്യജീവൻ നേടാനുള്ള ഒരു അവസരവും അവർക്കു കിട്ടും.—1 തിമൊ. 6:19.
സന്തോഷവാർത്ത എങ്ങനെയും ആളുകളുടെ അടുത്ത് എത്തിക്കാൻ അവരോടുള്ള സ്നേഹവും അനുകമ്പയും നമ്മളെ പ്രേരിപ്പിക്കുന്നു (8-ാം ഖണ്ഡിക കാണുക)
9. എന്തു മുന്നറിയിപ്പാണു നമ്മൾ ആളുകൾക്ക് കൊടുക്കുന്നത്, എന്തുകൊണ്ട്? (യഹസ്കേൽ 33:7, 8)
9 ഈ ദുഷ്ടലോകത്തിന് സംഭവിക്കാനിരിക്കുന്ന നാശത്തെക്കുറിച്ച് ആളുകൾക്കു മുന്നറിയിപ്പു കൊടുക്കാനും അവരോടുള്ള സ്നേഹം നമ്മളെ പ്രേരിപ്പിക്കുന്നു. (യഹസ്കേൽ 33:7, 8 വായിക്കുക.) അയൽക്കാരുടെയും വിശ്വാസത്തിലില്ലാത്ത ബന്ധുക്കളുടെയും കാര്യം ഓർത്ത് നമുക്കു വിഷമമുണ്ട്. കാരണം, ‘ലോകാരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും പിന്നെ ഒരിക്കലും സംഭവിക്കില്ലാത്തതും ആയ മഹാകഷ്ടതയാണ്’ വരാൻ പോകുന്നത്. (മത്താ. 24:21) എന്നാൽ ആളുകൾ അതൊന്നും അറിയാതെ അവരുടെ ജീവിതവുമായി മുന്നോട്ടുപോകുകയാണ്. ന്യായവിധിയുടെ ആ സമയത്ത് എന്താണു സംഭവിക്കാൻ പോകുന്നതെന്ന് ആളുകൾ അറിയാൻ നമ്മൾ ആഗ്രഹിക്കുന്നു. അന്ന്, ആദ്യം വ്യാജമതങ്ങളെ ഇല്ലാതാക്കുകയും തുടർന്ന് അർമഗെദോനിൽ ഈ ദുഷ്ടവ്യവസ്ഥിതിയെ സമ്പൂർണമായി നശിപ്പിക്കുകയും ചെയ്യും. (വെളി. 16:14, 16; 17:16, 17; 19:11, 19, 20) കഴിയുന്നത്ര ആളുകൾ നമ്മൾ അറിയിക്കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കണമെന്നും ഇപ്പോൾത്തന്നെ നമ്മളോടൊപ്പം യഹോവയെ ആരാധിച്ച് തുടങ്ങണമെന്നും ആണ് നമ്മുടെ ആത്മാർഥമായ ആഗ്രഹം. എന്നാൽ നമ്മുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങൾ ഉൾപ്പെടെ ചിലർ നമ്മുടെ മുന്നറിയിപ്പിനു ശ്രദ്ധകൊടുക്കണമെന്നില്ല. അവരുടെ കാര്യം എന്താകും?
10. ആളുകൾക്ക് തുടർന്നും മുന്നറിയിപ്പു കൊടുക്കുന്നത് അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്?
10 ബാബിലോൺ എന്ന മഹതിയുടെ നാശം കണ്ടിട്ട് മാറ്റം വരുത്താൻ തയ്യാറാകുന്ന ആളുകളെ യഹോവ രക്ഷിച്ചേക്കാം എന്ന് കഴിഞ്ഞ ലേഖനത്തിൽ നമ്മൾ കണ്ടു. അതുകൊണ്ട് നമ്മൾ ആളുകൾക്കു മുന്നറിയിപ്പു കൊടുക്കുന്നതിൽ തുടരേണ്ടത് ഇപ്പോൾ കൂടുതൽ അടിയന്തിരമാണ്. ശരിയല്ലേ? കാരണം, നമ്മൾ ഇപ്പോൾ പറയുന്ന കാര്യങ്ങളായിരിക്കും ഭാവിയിൽ അവർ ഓർക്കുന്നത്. (യഹസ്കേൽ 33:33 താരതമ്യം ചെയ്യുക.) നമ്മളിൽനിന്ന് കേട്ട മുന്നറിയിപ്പിനെക്കുറിച്ച് ഒരുപക്ഷേ ആ സമയത്ത് അവർ ചിന്തിക്കുകയും അധികം വൈകുന്നതിനു മുമ്പുതന്നെ നമ്മളോടൊപ്പം യഹോവയെ സേവിക്കാൻ തയ്യാറാകുകയും ചെയ്തേക്കാം. ഒന്നാം നൂറ്റാണ്ടിൽ ഫിലിപ്പിയിലെ ജയിലധികാരി “വലിയ ഒരു ഭൂകമ്പം” ഉണ്ടായിക്കഴിഞ്ഞപ്പോഴാണ് മാറ്റം വരുത്തിയത്. അതുപോലെ ഇന്ന് നമ്മുടെ സത്യത്തോടു പ്രതികരിക്കാത്ത ചിലർ, ബാബിലോൺ എന്ന മഹതിയുടെ നാശത്തിനു ശേഷമായിരിക്കാം മാറ്റം വരുത്താൻ തയ്യാറാകുന്നത്.—പ്രവൃ. 16:25-34.
യഹോവയെയും യഹോവയുടെ പേരിനെയും സ്നേഹിക്കുന്നതുകൊണ്ട് നമ്മൾ പ്രസംഗിക്കുന്നു
11. നമ്മൾ എങ്ങനെയാണ് യഹോവയ്ക്ക് മഹത്ത്വവും ബഹുമാനവും ശക്തിയും കൊടുക്കുന്നത്? (വെളിപാട് 4:11) (ചിത്രങ്ങളും കാണുക.)
11 സന്തോഷവാർത്ത പ്രസംഗിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം നമ്മൾ യഹോവയെയും ദൈവനാമത്തെയും സ്നേഹിക്കുന്നു എന്നതാണ്. നമ്മൾ സ്നേഹിക്കുന്ന ദൈവത്തെ സ്തുതിക്കുന്നതിനുള്ള ഒരു വിധമാണ് നമ്മുടെ ശുശ്രൂഷ. (വെളിപാട് 4:11 വായിക്കുക.) യഹോവ, തന്റെ വിശ്വസ്ത ആരാധകരിൽനിന്ന് മഹത്ത്വവും ബഹുമാനവും ശക്തിയും ലഭിക്കാൻ യോഗ്യനാണ് എന്നതിനോട് നമ്മളും പൂർണമായി യോജിക്കുന്നു. യഹോവയാണ് “എല്ലാം സൃഷ്ടിച്ചത്” എന്നതിനും ജീവന് നമ്മൾ യഹോവയോടു കടപ്പെട്ടിരിക്കുന്നു എന്നതിനും ഉള്ള ഈടുറ്റ തെളിവുകൾ മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ, നമ്മൾ യഹോവയ്ക്കു മഹത്ത്വവും ബഹുമാനവും കൊടുക്കുകയാണ്. ഇനി, സമയവും ഊർജവും മറ്റു കാര്യങ്ങളും ശുശ്രൂഷയിൽ പരമാവധി ഏർപ്പെടുന്നതിനുവേണ്ടി ഉപയോഗിക്കുമ്പോൾ നമ്മൾ നമ്മുടെ ശക്തി യഹോവയ്ക്കു കൊടുക്കുകയാണ്. (മത്താ. 6:33; ലൂക്കോ. 13:24; കൊലോ. 3:23) ചുരുക്കിപ്പറഞ്ഞാൽ, നമ്മൾ സ്നേഹിക്കുന്ന ദൈവത്തെക്കുറിച്ച് സംസാരിക്കാൻ നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്നു. അതുപോലെ ദൈവത്തിന്റെ പേരിനെക്കുറിച്ചും അതിന്റെ അർഥത്തെക്കുറിച്ചും മറ്റുള്ളവരെ അറിയിക്കാനും ആഗ്രഹിക്കുന്നു. എന്തുകൊണ്ട്?
സമയവും ഊർജവും മറ്റു കാര്യങ്ങളും ശുശ്രൂഷയിൽ പരമാവധി ഏർപ്പെടുന്നതിനുവേണ്ടി ഉപയോഗിക്കുമ്പോൾ നമ്മൾ നമ്മുടെ ശക്തി യഹോവയ്ക്കു കൊടുക്കുകയാണ് (11-ാം ഖണ്ഡിക കാണുക)
12. ശുശ്രൂഷയിൽ നമ്മൾ എങ്ങനെയാണ് യഹോവയുടെ പേര് പരിശുദ്ധമാക്കുന്നത്?
12 യഹോവയോടുള്ള സ്നേഹം ദൈവനാമം വിശുദ്ധീകരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു. (മത്താ. 6:9) ദുഷ്ടമായ നുണകൾ പറഞ്ഞുകൊണ്ട് സാത്താൻ ദൈവനാമത്തിന്മേൽ വരുത്തിവെച്ചിരിക്കുന്ന നിന്ദ നീക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കാൻ, നമ്മൾ ആഗ്രഹിക്കുന്നു. (ഉൽപ. 3:1-5; ഇയ്യോ. 2:4; യോഹ. 8:44) ശുശ്രൂഷയിൽ ശ്രദ്ധിക്കുന്ന എല്ലാവരോടും യഹോവ ആരാണെന്നും എങ്ങനെയുള്ള ദൈവമാണെന്നും പറയാൻ നമ്മൾ അതിയായി ആഗ്രഹിക്കുന്നു. യഹോവയുടെ ഏറ്റവും വലിയ ഗുണം സ്നേഹമാണെന്നും യഹോവ ഭരിക്കുന്ന വിധം നീതിയുള്ളതാണെന്നും ദൈവത്തിന്റെ രാജ്യം എല്ലാ കഷ്ടപ്പാടുകളും അവസാനിപ്പിച്ച് മനുഷ്യകുടുംബത്തിന് സന്തോഷവും സമാധാനവും പകരുമെന്നും എല്ലാവരും അറിയാൻ നമ്മൾ ആഗ്രഹിക്കുന്നു. (സങ്കീ. 37:10, 11, 29; 1 യോഹ. 4:8) ഇക്കാര്യങ്ങളെല്ലാം മറ്റുള്ളവരോടു പറയുമ്പോൾ നമ്മൾ യഹോവയുടെ പേര് വിശുദ്ധമാക്കുകയാണ്. നമ്മുടെ പേരിനൊത്ത് ജീവിക്കുന്നതിന്റെ സന്തോഷവും നമുക്കുണ്ട്. അതെങ്ങനെ?
13. യഹോവയുടെ സാക്ഷികൾ എന്നു വിളിക്കപ്പെടുന്നതിൽ നമ്മൾ അഭിമാനിക്കുന്നത് എന്തുകൊണ്ട്? (യശയ്യ 43:10-12)
13 യഹോവ നമ്മളെ തന്റെ “സാക്ഷികൾ” എന്നു വിളിച്ചിരിക്കുന്നു. (യശയ്യ 43:10-12 വായിക്കുക.) കുറച്ച് വർഷം മുമ്പ് ഭരണസംഘം അയച്ച ഒരു കത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “നമുക്ക് ലഭിക്കാവുന്നതിൽവെച്ച് ഏറ്റവും വലിയ ബഹുമതിയാണ് യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിൽ അറിയപ്പെടുക എന്നത്.”c എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ഒരു ദൃഷ്ടാന്തം നോക്കാം. നിങ്ങളുടെ പേരിൽ കോടതിയിൽ ഒരു കേസുണ്ട്. നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് സാക്ഷി പറയാൻ ഒരാളെ വേണം. എങ്ങനെയുള്ള ഒരാളെ ആയിരിക്കും നിങ്ങൾ തിരഞ്ഞെടുക്കുക? നിങ്ങൾക്ക് അറിയാവുന്ന, വിശ്വാസമുള്ള ഒരാളെ. അയാൾക്ക് നല്ല സത്പേരും ഉണ്ടായിരിക്കും. എങ്കിൽ മാത്രമല്ലേ അയാളുടെ മൊഴി മറ്റുള്ളവർ വിശ്വസിക്കൂ. അതുപോലെ, നമ്മളെ തന്റെ സാക്ഷികളായി തിരഞ്ഞെടുത്തതിലൂടെ നമ്മളെ നന്നായി അറിയാമെന്ന് യഹോവ കാണിച്ചിരിക്കുകയാണ്. താൻ മാത്രമാണു സത്യദൈവം എന്നു മറ്റുള്ളവരോടു പറയാനുള്ള ഉത്തരവാദിത്വം നമ്മളെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുകയാണ്. യഹോവയുടെ സാക്ഷികളായിരിക്കുക എന്നതു വലിയൊരു ബഹുമതിയായി നമ്മൾ കാണുന്നു. അതുകൊണ്ട് ദൈവനാമം അറിയിക്കാനും ദൈവത്തെക്കുറിച്ച് പറഞ്ഞുപരത്തിയിരിക്കുന്ന നുണകൾ തെറ്റാണെന്നു തെളിയിക്കാനും കിട്ടുന്ന എല്ലാ അവസരവും നമ്മൾ ഉപയോഗിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ യഹോവയുടെ സാക്ഷികൾ എന്ന പേരിനു ചേർച്ചയിൽ നമ്മൾ ജീവിക്കുകയാണ്.—സങ്കീ. 83:18; റോമ. 10:13-15.
നമ്മൾ പ്രസംഗിക്കും അവസാനംവരെ
14. പ്രതീക്ഷ ഉണർത്തുന്ന എന്തെല്ലാം കാര്യങ്ങളാണ് നമ്മളെ കാത്തിരിക്കുന്നത്?
14 പ്രതീക്ഷ ഉണർത്തുന്ന എത്രയെത്ര കാര്യങ്ങളാണു നമ്മളെ കാത്തിരിക്കുന്നത്! യഹോവയുടെ അനുഗ്രഹത്താൽ മഹാകഷ്ടത തുടങ്ങുന്നതിനു മുമ്പ് ഇനിയും പലരും സത്യത്തിലേക്കു വരുമെന്നു നമ്മൾ പ്രതീക്ഷിക്കുന്നു. അതുപോലെ മനുഷ്യചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ സമയമായ മഹാകഷ്ടത തുടങ്ങിയതിനു ശേഷവും ആളുകൾക്ക് അവസരത്തിന്റെ വാതിൽ അടഞ്ഞേക്കില്ല എന്നതു നമ്മളെ ആവേശഭരിതരാക്കുന്നു. ആ സമയത്തും നശിച്ചുകൊണ്ടിരിക്കുന്ന സാത്താന്റെ ഈ ലോകം ഉപേക്ഷിച്ച് പലരും യഹോവയെ സ്തുതിക്കുന്നതിൽ നമ്മളോടൊപ്പം ചേർന്നേക്കാം.—പ്രവൃ. 13:48.
15-16. നമ്മൾ എന്തു ചെയ്യുന്നതിൽ തുടരും, എപ്പോൾ വരെ?
15 അതുവരെ നമുക്കു ജോലിയുണ്ട്. ഭൂമിയിലെമ്പാടും ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത അറിയിക്കാനുള്ള പദവി. വീണ്ടും ഒരിക്കലും ആവർത്തിക്കപ്പെടുകയില്ലാത്ത ഒരു പ്രവർത്തനമാണ് ഇത്. അതോടൊപ്പം നമ്മൾ ആളുകൾക്ക് മുന്നറിയിപ്പു കൊടുക്കുകയും വേണം. ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനം പാഞ്ഞടുക്കുകയാണെന്ന് ആളുകൾ അറിയണം. നമ്മൾ അങ്ങനെ ചെയ്യുന്നെങ്കിൽ ന്യായവിധിയുടെ ആ സമയം വന്നെത്തുമ്പോൾ അവർക്കു മനസ്സിലാകും, നമ്മൾ അറിയിച്ച സന്ദേശം യഹോവയിൽനിന്നുള്ളതായിരുന്നു എന്ന്.—യഹ. 38:23.
16 അതുകൊണ്ട് എന്താണ് നമ്മുടെ തീരുമാനം? നമ്മൾ തുടർന്നും പ്രസംഗിക്കും. സ്നേഹമാണ് അതിനു നമ്മളെ പ്രചോദിപ്പിക്കുന്നത്. സന്തോഷവാർത്തയോടുള്ള സ്നേഹം, ആളുകളോടുള്ള സ്നേഹം, ഏറ്റവും പ്രധാനമായി യഹോവയോടും ദൈവനാമത്തോടും ഉള്ള സ്നേഹം. അതുകൊണ്ട്, കൂടുതൽ തീവ്രതയോടെ, കൂടുതൽ ഉത്സാഹത്തോടെ, കൂടുതൽ അടിയന്തിരതയോടെ നമ്മൾ പ്രസംഗിക്കും, “മതി” എന്ന് യഹോവ പറയുന്നതുവരെ!
ഗീതം 54 ‘വഴി ഇതാണ്’
a അമേരിക്കയിലെ ന്യൂയോർക്കിലുള്ള യഹോവയുടെ സാക്ഷികളുടെ ന്യൂബർഗ് സമ്മേളനഹാളിൽവെച്ച് 2023 ഒക്ടോബർ 7-നാണ് വാർഷികയോഗം നടന്നത്. മുഴു പരിപാടികളും JW പ്രക്ഷേപണത്തിൽ പിന്നീട് സംപ്രേഷണം ചെയ്തു. ആദ്യ ഭാഗം 2023 നവംബറിലും രണ്ടാം ഭാഗം 2024 ജനുവരിയിലും.
b 2015 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) “ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു—എത്ര വ്യക്തവും യുക്തിക്കു നിരക്കുന്നതും ആയ ഉത്തരങ്ങളാണ് ബൈബിളിലുള്ളത്!” എന്ന ലേഖനം കാണുക. മലയാളത്തിൽ ഈ ലേഖനം വായിക്കാൻ jw.org-ൽ ഈ തലക്കെട്ട് തിരയുക.