ജീവിതകഥ
യഹോവയുടെ സേവനത്തിൽ സംതൃപ്തി നിറഞ്ഞ ജീവിതം
വർഷം 1951. കാനഡയിലെ ക്യുബെക്കിലുള്ള ഒരു കൊച്ചുപട്ടണമായ റൂയനിൽ ഞാൻ എത്തി. എന്റെ കയ്യിലുള്ള അഡ്രസ്സിലെ വാതിലിൽ ഞാൻ മുട്ടി. ഒരു ഗിലെയാദ് മിഷനറിയായ മാഴ്സെൽ ഫിൽറ്റോa സഹോദരൻ വാതിൽ തുറന്നു; 23 വയസ്സുള്ള, പൊക്കമുള്ള ഒരാൾ. ഞാനാണെങ്കിൽ വെറും 16 വയസ്സുള്ള ചെറിയ ഒരു പയ്യൻ. എനിക്കു മുൻനിരസേവകനായി നിയമനം കിട്ടിയ കത്ത് ഞാൻ അദ്ദേഹത്തെ കാണിച്ചു. അത് വായിച്ച അദ്ദേഹം എന്നെ ഒന്ന് നോക്കിയിട്ട് ഇങ്ങനെ ചോദിച്ചു: “മോനേ, നീ ഇങ്ങോട്ടു പോന്ന കാര്യം നിന്റെ അമ്മയ്ക്ക് അറിയാമോ?”
എന്റെ കുടുംബം
1934-ലാണ് ഞാൻ ജനിച്ചത്. കാനഡയിലെ ഒണ്ടേറിയോയിലുള്ള ടിമ്മിൻസ് എന്ന പട്ടണത്തിലേക്കു സ്വിറ്റ്സർലഡിൽനിന്ന് കുടിയേറിപ്പാർത്തവരായിരുന്നു എന്റെ മാതാപിതാക്കൾ. ഏതാണ്ട് 1939-ൽ എന്റെ മമ്മി വീക്ഷാഗോപുരം മാസിക വായിക്കാനും യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകൾക്കു പങ്കെടുക്കാനും തുടങ്ങി. എന്നെയും എന്റെ ആറു കൂടപ്പിറപ്പുകളെയും മമ്മി മീറ്റിങ്ങിനു കൊണ്ടുപോകുമായിരുന്നു. അധികം താമസിയാതെ മമ്മി യഹോവയുടെ സാക്ഷികളിൽ ഒരാളായി.
മമ്മി എടുത്ത ആ തീരുമാനം പപ്പയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. എന്നാൽ മമ്മി സത്യത്തെ സ്നേഹിക്കുകയും യഹോവയോടു വിശ്വസ്തയായി തുടരുകയും ചെയ്തു. 1940-കളുടെ തുടക്കത്തിൽ യഹോവയുടെ സാക്ഷികളെ കാനഡയിൽ നിരോധിച്ചപ്പോൾപ്പോലും മമ്മി വിശ്വസ്തയായി തുടർന്നു. പപ്പ മമ്മിയോടു വളരെ മോശമായി സംസാരിക്കുമായിരുന്നെങ്കിലും മമ്മി തിരിച്ച് വളരെ ദയയോടെയും ആദരവോടെയും ആണ് ഇടപെട്ടത്. മമ്മിയുടെ ആ നല്ല മാതൃക സത്യം സ്വീകരിക്കാൻ എന്നെയും എന്റെ കൂടപ്പിറപ്പുകളെയും ഒരുപാടു സഹായിച്ചു. പതിയെപ്പതിയെ പപ്പയുടെ മനോഭാവത്തിനു മാറ്റം വന്നു. പപ്പ ഞങ്ങളോടു സ്നേഹത്തോടെ ഇടപെടാൻ തുടങ്ങി.
മുഴുസമയസേവനത്തിന്റെ തുടക്കം
1950 ആഗസ്റ്റിൽ ന്യൂയോർക്ക് സിറ്റിയിൽ വെച്ച് നടന്ന ദിവ്യാധിപത്യ വർധന സമ്മേളനത്തിൽ ഞാൻ പങ്കെടുത്തു. അന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള സഹോദരങ്ങളെ പരിചയപ്പെടാനും ഗിലെയാദ് സ്കൂളിൽനിന്ന് ബിരുദം നേടിയ സഹോദരങ്ങളുടെ ആവേശം നിറഞ്ഞ അനുഭവങ്ങൾ കേൾക്കാനും എനിക്കായി. ഇതെല്ലാം യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാനുള്ള വലിയ ആഗ്രഹം എന്നിലുണ്ടാക്കി. എന്തൊക്കെ വന്നാലും മുഴുസമയസേവനം ചെയ്യണം എന്നു ഞാൻ തീരുമാനിച്ചുറച്ചു. വീട്ടിലെത്തിയ ഉടനെ സാധാരണ മുൻനിരസേവകൻ ആകാനുള്ള അപേക്ഷ ഞാൻ നൽകി. പക്ഷേ ഞാൻ ആദ്യം സ്നാനപ്പെടേണ്ടതുണ്ടെന്നു കാനഡ ബ്രാഞ്ച് എന്നെ എഴുതി അറിയിച്ചു. 1950 ഒക്ടോബർ 1-നു ഞാൻ സ്നാനപ്പെട്ടു. ഒരു മാസം കഴിഞ്ഞ് ഒരു സാധാരണ മുൻനിരസേവകനുമായി. കപ്പസ്കാസിംഗിൽ ആയിരുന്നു എന്റെ ആദ്യനിയമനം. വീട്ടിൽനിന്ന് ഒരുപാട് കിലോമീറ്ററുകൾ അകലെയായിരുന്നു ആ സ്ഥലം.
ക്യുബെക്കിൽ സേവിക്കുന്ന സമയത്ത്
1951-ൽ ഫ്രഞ്ച് അറിയാവുന്ന സഹോദരങ്ങളോടു ക്യുബെക്കിലെ ഫ്രഞ്ച് സംസാരിക്കുന്ന ആളുകളുള്ള ഒരു പ്രദേശത്തേക്കു മാറാൻ പറ്റുമോ എന്നു ബ്രാഞ്ച് ചോദിച്ചു. അവിടെ കൂടുതൽ പ്രചാരകരുടെ ആവശ്യം ഉണ്ടായിരുന്നു. ഞാൻ ഫ്രഞ്ചും ഇംഗ്ലീഷും സംസാരിച്ചാണ് വളർന്നത്. അതുകൊണ്ട് ഞാൻ പോകാൻ തീരുമാനിച്ചു. എന്നെ റൂയനിലേക്കാണു നിയമിച്ചത്. എനിക്ക് അവിടെ ആരെയും അറിയില്ലായിരുന്നു. ആകെയുണ്ടായിരുന്നത് ഒരു അഡ്രസ്സ് മാത്രമാണ്. അതെക്കുറിച്ചാണ് ഞാൻ തുടക്കത്തിൽ പറഞ്ഞത്. പക്ഷേ കാര്യങ്ങളെല്ലാം നന്നായിട്ടുപോയി. ഞാനും മാഴ്സെലും നല്ല കൂട്ടുകാരായിത്തീർന്നു. അങ്ങനെ നാലു വർഷം ഞാൻ ക്യുബെക്കിലെ സേവനം ഒരുപാട് ആസ്വദിച്ചു. അപ്പോഴേക്കും എനിക്ക് ഒരു പ്രത്യേക മുൻനിരസേവകനായി നിയമനം കിട്ടിയിരുന്നു.
ഗിലെയാദും നിറവേറാൻ വൈകിയ പ്രതീക്ഷകളും
ക്യുബെക്കിൽ ആയിരുന്നപ്പോൾ 26-ാമത്തെ ഗിലെയാദ് സ്കൂളിലേക്ക് എനിക്കു ക്ഷണം കിട്ടി. ന്യൂയോർക്കിലെ സൗത്ത് ലാൻസിങിൽ വെച്ചായിരുന്നു അതു നടക്കുന്നത്. അപ്പോഴത്തെ എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. 1956 ഫെബ്രുവരി 12-നായിരുന്നു ബിരുദദാനം. എന്നെ പടിഞ്ഞാറെ ആഫ്രിക്കയിലുള്ള ഘാനയിലേക്കുb നിയമിച്ചു. എന്നാൽ അങ്ങോട്ടു പോകുന്നതിനു മുമ്പ് യാത്രയ്ക്കുവേണ്ട ചില രേഖകൾ തയ്യാറാക്കാനായി “രണ്ടുമൂന്ന് ആഴ്ചത്തേക്ക്” എനിക്ക് കാനഡയിലേക്കു പോകേണ്ടിവന്നു.
എന്നാൽ ആ രേഖകൾ ശരിയായിക്കിട്ടാൻ ഏഴു മാസം എടുത്തു. ആ സമയത്ത് ടൊറന്റോയിലുള്ള ക്രിപ്സ് സഹോദരന്റെ കുടുംബം എന്നെ അവരുടെ വീട്ടിൽ താമസിപ്പിച്ചു. അവിടെവെച്ച് ഞാൻ സഹോദരന്റെ മോളെ പരിചയപ്പെട്ടു. ഷീല എന്നായിരുന്നു അവളുടെ പേര്. ഞങ്ങൾ രണ്ടുപേരും ഇഷ്ടത്തിലായി. പക്ഷേ, എന്നെ വിവാഹം കഴിക്കാമോ എന്നു ഞാൻ അവളോടു ചോദിക്കുന്നതിനു തൊട്ടുമുമ്പ് എന്റെ വിസ വന്നു. ഞാനും ഷീലയും അതെക്കുറിച്ച് പ്രാർഥിച്ചു. എന്നിട്ട് ഞാൻ നിയമനസ്ഥലത്തേക്കു പോകാൻതന്നെ തീരുമാനിച്ചു. എന്നാൽ അങ്ങോട്ടും ഇങ്ങോട്ടും കത്തുകൾ എഴുതാനും, കല്യാണം കഴിക്കാൻ പറ്റുന്ന ഒരു സാഹചര്യം വരുന്നതുവരെ കാത്തിരിക്കാനുംകൂടെ ഞങ്ങൾ തീരുമാനിച്ചു. അത് അത്ര എളുപ്പമായിരുന്നില്ല. പക്ഷേ അത് ശരിയായ ഒരു തീരുമാനമായിരുന്നെന്നു പിന്നീടു ഞങ്ങൾ മനസ്സിലാക്കി.
ട്രെയിനിലും ചരക്കു കപ്പലിലും വിമാനത്തിലും ഒക്കെയായി ഒരു മാസത്തെ യാത്ര! ഒടുവിൽ ഞാൻ ഘാനയിലെ അക്രയിൽ എത്തി. അവിടെ ഒരു ഡിസ്ട്രിക്റ്റ് മേൽവിചാരകനായിട്ടായിരുന്നു എന്റെ നിയമനം. ഘാന മുഴുവൻ എനിക്കു സഞ്ചരിക്കണമായിരുന്നു. അതുകൂടാതെ ഐവറി കോസ്റ്റിലും (ഇപ്പോഴത്തെ കോറ്റ്-ഡീ ഐവോർ) ടോഗോലാൻഡിലും (ഇപ്പോഴത്തെ ടോഗോ) പോകണമായിരുന്നു. ഞാൻ കൂടുതൽ സമയവും ബ്രാഞ്ച് തന്ന ഒരു ജീപ്പിൽ ഒറ്റയ്ക്കായിരുന്നു യാത്ര ചെയ്തിരുന്നത്. സഹോദരങ്ങളെ സന്ദർശിക്കാൻ പോകുന്നത് എനിക്കു ഒരുപാട് ഇഷ്ടമായിരുന്നു.
ചില വാരാന്തങ്ങളിൽ എനിക്ക് സർക്കിട്ട് സമ്മേളനത്തിന്റെ നിയമനങ്ങൾ ഉണ്ടായിരുന്നു. അവിടെ സമ്മേളനഹാളുകൾ ഇല്ലാതിരുന്നതുകൊണ്ട് സഹോദരങ്ങൾ മുളയും പനയോലയും ഒക്കെ ഉപയോഗിച്ച് പന്തൽ കെട്ടും. അങ്ങനെ സമ്മേളനത്തിനു വരുന്നവർക്ക് വെയിൽ കൊള്ളാതെ ഇരിക്കാൻ പറ്റി. ഭക്ഷണശാലയിൽ ഫ്രിഡ്ജ് ഇല്ലാത്തതുകൊണ്ട് അറുക്കാനുള്ള മൃഗങ്ങളെ അവിടെ കൊണ്ടുനിറുത്തുമായിരുന്നു. എന്നിട്ട് സമ്മേളനത്തിനു വരുന്ന സഹോദരങ്ങൾക്കു കൊടുക്കാൻ അവയെ അറുത്ത് പാകം ചെയ്യും.
സമ്മേളനത്തിന്റെ സമയത്ത് ചില തമാശകൾ ഒക്കെയുണ്ടായിട്ടുണ്ട്. ഒരിക്കൽ, മിഷനറിയായിരുന്ന ഹെർബർട്ട് ജനിങ്സ്c സഹോദരൻ പ്രസംഗം നടത്തുകയായിരുന്നു. ആ സമയത്ത് പാചകം ചെയ്തിരുന്ന സ്ഥലത്തുനിന്ന് ഒരു പശു ഇറങ്ങി സ്റ്റേജിനും സഹോദരങ്ങൾക്കും ഇടയിലൂടെ ഓടി. ഹെർബർട്ട് സഹോദരൻ അപ്പോൾത്തന്നെ പ്രസംഗം നിറുത്തി. പശുവാകട്ടെ എങ്ങോട്ട് പോകണം എന്നറിയാത്ത അവസ്ഥയിലുമായി. എന്നാൽ നല്ല ശക്തിയും ആരോഗ്യവും ഉള്ള നാലു സഹോദരന്മാർ ഒരു തരത്തിൽ അതിനെ പിടിച്ച് പാചകസ്ഥലത്തേക്കു കൊണ്ടുപോയി. അതു കണ്ട് സഹോദരങ്ങളെല്ലാം കൈയടിച്ചു.
സമ്മേളനങ്ങൾക്കിടയിലുള്ള ദിവസങ്ങളിൽ ഞാൻ നമ്മുടെ പുതിയ ലോക സമുദായം പ്രവർത്തനത്തിൽ (ഇംഗ്ലീഷ്) എന്ന വീഡിയോ അടുത്തുള്ള ഗ്രാമങ്ങളിൽ കാണിക്കുമായിരുന്നു. അതിനുവേണ്ടി രണ്ടു കുറ്റികളിലോ രണ്ടു മരങ്ങളിലോ ഒരു വെള്ള ഷീറ്റ് വലിച്ചുകെട്ടും. എന്നിട്ട് പ്രൊജക്ടർ ഉപയോഗിച്ച് അതിൽ വീഡിയോ കാണിക്കും. ഗ്രാമത്തിലെ ആളുകൾ അത് ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. അവരിൽ പലരും ജീവിതത്തിൽ ആദ്യമായാണ് ഒരു വീഡിയോ കാണുന്നത്. ആളുകൾ സ്നാനപ്പെടുന്ന രംഗങ്ങൾ കണ്ടപ്പോൾ അവർ ഉച്ചത്തിൽ കൈയടിച്ചു. ഈ വീഡിയോ കണ്ടവർക്കെല്ലാം യഹോവയുടെ ജനം ലോകമെങ്ങുമുണ്ടെന്നും അവർ ഐക്യമുള്ളവർ ആണെന്നും മനസ്സിലായി.
1959-ൽ ഘാനയിൽവെച്ച് ഞങ്ങൾ വിവാഹിതരായി
ആഫ്രിക്കയിൽ ഏകദേശം രണ്ടു വർഷം സേവിച്ചതിനു ശേഷം 1958-ൽ ന്യൂയോർക്കിൽവെച്ച് നടന്ന അന്താരാഷ്ട്ര കൺവെൻഷനിൽ പങ്കെടുക്കാൻ എനിക്കു പറ്റി. ഷീലയും ആ കൺവെൻഷനു വരുന്നുണ്ടായിരുന്നു. അവൾ ആ സമയത്ത് ക്യുബെക്കിൽ ഒരു പ്രത്യേക മുൻനിരസേവികയായിരുന്നു. ഞങ്ങൾ കത്തുകളൊക്കെ എഴുതുന്നുണ്ടായിരുന്നെങ്കിലും ഇപ്പോൾ നേരിട്ട് കാണാമല്ലോ എന്നോർത്ത് എനിക്ക് ഒരുപാടു സന്തോഷം തോന്നി. നേരിട്ട് കണ്ടപ്പോൾ ഞാൻ അവളോട് “എന്നെ വിവാഹം കഴിക്കാമോ” എന്ന് ചോദിച്ചു. അവൾ അതു സമ്മതിച്ചു. ഷീലയ്ക്കും ഗിലെയാദിൽ പങ്കെടുത്തിട്ട് എന്റെകൂടെ ആഫ്രിക്കയിൽ സേവിക്കാൻ പറ്റുമോ എന്നറിയാൻ ഞാൻ നോർ സഹോദരന്d ഒരു കത്ത് എഴുതി. സഹോദരൻ അതിന് അനുവദിച്ചു. അങ്ങനെ ഒടുവിൽ ഷീല ഘാനയിൽ എത്തി. 1959 ഒക്ടോബർ 3-ന് അക്രയിൽവെച്ച് ഞങ്ങൾ വിവാഹിതരായി. യഹോവയെ ജീവിതത്തിൽ ഒന്നാമതു വെച്ചതുകൊണ്ട് യഹോവ ഞങ്ങളെ ശരിക്കും അനുഗ്രഹിച്ചു.
ഒരുമിച്ച് കാമറൂണിൽ സേവിക്കുന്നു
കാമറൂണിലെ ബ്രാഞ്ചിൽ പ്രവർത്തിക്കുന്നു
1961-ൽ കാമറൂണിലേക്കു ഞങ്ങളെ നിയമിച്ചു. അവിടെ പുതിയ ഒരു ബ്രാഞ്ച് ആരംഭിക്കുന്നതിനു സഹായിക്കാൻ സഹോദരങ്ങൾ എന്നോട് ആവശ്യപ്പെട്ടു. തിരക്കുപിടിച്ച ഒരു സമയമായിരുന്നു അത്. പുതിയ ഒരു ബ്രാഞ്ച് ദാസനായതുകൊണ്ട് എനിക്ക് ഒരുപാടു പഠിക്കാൻ ഉണ്ടായിരുന്നു. എന്നാൽ 1965-ൽ ഷീല ഗർഭിണിയാണെന്നു ഞങ്ങൾ മനസ്സിലാക്കി. മാതാപിതാക്കളാകാൻ പോകുകയാണെന്ന കാര്യം അംഗീകരിക്കാൻ തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ടായിരുന്നു. എന്നാൽ പതിയെ അതിന്റെ സന്തോഷം ആസ്വദിച്ച് തുടങ്ങിയപ്പോഴേക്കും ഒരു സംഭവം ഉണ്ടായി. കാനഡയിലേക്കു മടങ്ങാൻ തയ്യാറെടുക്കുന്ന സമയത്ത് ഞങ്ങളുടെ ജീവിതത്തിൽ വലിയൊരു ദുരന്തം ആഞ്ഞടിച്ചു.
ഞങ്ങളുടെ കുഞ്ഞ് ജനിക്കുന്നതിനു മുമ്പേ മരിച്ചുപോയി. അത് ഒരു ആൺകുഞ്ഞ് ആയിരുന്നു എന്ന് ഡോക്ടർ പറഞ്ഞു. ഇപ്പോൾ 50 വർഷം കഴിഞ്ഞെങ്കിലും ആ സംഭവം ഇതുവരെ ഞങ്ങളുടെ മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല. അന്ന് ആകെ തകർന്നുപോയെങ്കിലും ഞങ്ങൾ ഒരുപാടു സ്നേഹിച്ച ആ വിദേശനിയമനത്തിൽത്തന്നെ ഞങ്ങൾ തുടർന്നു.
1965-ൽ ഷീലയോടൊപ്പം കാമറൂണിൽ
കാമറൂണിലെ സഹോദരങ്ങൾക്കു പലപ്പോഴും രാഷ്ട്രീയ നിഷ്പക്ഷതയുടെ പേരിൽ ഉപദ്രവങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. പ്രസിഡന്റ്-തെരഞ്ഞെടുപ്പിന്റെ സമയത്ത് കാര്യങ്ങൾ കൂടുതൽ വഷളാകും. അങ്ങനെയിരിക്കെ 1970 മെയ് 13-നു ഞങ്ങൾ ഏറ്റവും പേടിച്ചിരുന്ന ഒരു കാര്യം സംഭവിച്ചു. യഹോവയുടെ സാക്ഷികളെ നിയമപരമായി നിരോധിച്ചു. നമ്മുടെ മനോഹരമായ പുതിയ ബ്രാഞ്ച് കെട്ടിടവും ഗവൺമെന്റ് കണ്ടുകെട്ടി. അങ്ങോട്ടു മാറിയിട്ട് വെറും അഞ്ചു മാസമേ ആയിരുന്നുള്ളൂ. ഒരാഴ്ചയ്ക്കുള്ളിൽ എന്നെയും ഷീലയെയും ഉൾപ്പെടെ രാജ്യത്തുള്ള എല്ലാ മിഷനറിമാരെയും നാടുകടത്തി. ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരെ അവിടെ വിട്ടിട്ട് പോകേണ്ടിവന്നപ്പോൾ ശരിക്കും വേദന തോന്നി. ഇനിയുള്ള നാളുകളിൽ അവർ എങ്ങനെ പിടിച്ചുനിൽക്കുമെന്നു ഞങ്ങൾക്കു പേടിയുണ്ടായിരുന്നു.
പിന്നീടുള്ള ആറു മാസം ഞങ്ങൾ ഫ്രാൻസിലെ ബ്രാഞ്ചോഫീസിൽ ആയിരുന്നു. അവിടെവെച്ച് കാമറൂണിലുള്ള സഹോദരങ്ങൾക്കുവേണ്ടി ചെയ്യാൻ പറ്റുന്നതെല്ലാം ഞാൻ ചെയ്തു. ആ വർഷം ഡിസംബറിൽ ഞങ്ങളെ നൈജീരിയ ബ്രാഞ്ചിലേക്കു നിയമിച്ചു. കാമറൂണിലെ പ്രവർത്തനങ്ങൾ നോക്കിനടത്താനുള്ള ഉത്തരവാദിത്വം അപ്പോൾ ആ ബ്രാഞ്ചിന് ആയിരുന്നു. നൈജീരിയയിലെ സഹോദരങ്ങൾ ഞങ്ങളെ വളരെ സ്നേഹത്തോടെയാണു സ്വീകരിച്ചത്. പിന്നീടുള്ള കുറെ വർഷങ്ങൾ അവിടെ സന്തോഷത്തോടെ സേവിച്ചു.
ബുദ്ധിമുട്ടുള്ള ഒരു തീരുമാനം
1973-ൽ ഞങ്ങൾക്കു വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനം എടുക്കേണ്ടിവന്നു. കുറച്ചുനാളായി ഷീല ഗുരുതരമായ ചില ആരോഗ്യപ്രശ്നങ്ങൾ നേരിടുകയായിരുന്നു. ഒരു കൺവെൻഷൻ കൂടാൻ ന്യൂയോർക്കിലായിരുന്ന സമയത്ത് ഷീല എന്നോടു കരഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു: “എനിക്ക് ഇനി ഇങ്ങനെ മുമ്പോട്ടു പോകാൻ പറ്റില്ല. ഞാൻ ആകെ മടുത്തു. എനിക്ക് എപ്പോഴും അസുഖമാണ്.” ഷീല എന്നോടൊപ്പം പടിഞ്ഞാറെ ആഫ്രിക്കയിൽ 14 വർഷത്തിലധികമായി സേവിക്കുകയായിരുന്നു. അവൾ അത്രയുംനാൾ വിശ്വസ്തമായി പിടിച്ചുനിന്നു. അതിൽ എനിക്ക് ഒരുപാടു സന്തോഷമുണ്ട്. പക്ഷേ ഇപ്പോൾ ചില മാറ്റങ്ങൾ ആവശ്യമായി വന്നു. ഞങ്ങൾ ഞങ്ങളുടെ സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുകയും യഹോവയോട് ഉള്ളുരുകി പ്രാർഥിക്കുകയും ചെയ്തു. അങ്ങനെ ഞങ്ങൾ കാനഡയിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചു. അവിടെയാകുമ്പോൾ ഷീലയ്ക്കു കുറച്ചുകൂടി മെച്ചപ്പെട്ട ചികിത്സ കിട്ടുമായിരുന്നു. മിഷനറി നിയമനവും മുഴുസമയസേവനവും ഉപേക്ഷിക്കുക എന്നതായിരുന്നു ഞങ്ങളുടെ ജീവിതത്തിൽ എടുക്കേണ്ടിവന്ന ഏറ്റവും ബുദ്ധിമുട്ടേറിയ, വേദന ഉണ്ടാക്കിയ ഒരു തീരുമാനം.
കാനഡയിൽ എത്തിയതിനു ശേഷം എന്റെ ഒരു പഴയ കൂട്ടുകാരന്റെകൂടെ ഞാൻ ജോലി ചെയ്യാൻതുടങ്ങി. ടൊറന്റോയുടെ വടക്കുഭാഗത്ത് കാർ വിൽക്കുന്ന ബിസിനെസ്സ് ആയിരുന്നു അദ്ദേഹത്തിന്. ഞാനും ഷീലയും ഒരു അപ്പാർട്ടുമെന്റ് വാടകയ്ക്ക് എടുത്തു; അതുപോലെ വീട്ടിലേക്കായി പഴയ ഗൃഹോപകരണങ്ങൾ വാങ്ങുകയും ചെയ്തു. അതുകൊണ്ട് കടമില്ലാതെ മുമ്പോട്ടുപോകാൻ പറ്റി. ഞങ്ങൾ ലളിതമായ ഒരു ജീവിതമാണ് നയിച്ചത്. കാരണം ഒരു ദിവസം മുഴുസമയസേവനത്തിലേക്കു തിരിച്ചുവരാൻ പറ്റും എന്നുതന്നെയായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. എന്നാൽ ഞങ്ങൾ പ്രതീക്ഷിച്ചതിലും നേരത്തേ ഞങ്ങളുടെ ആ ആഗ്രഹം നടന്നു. ശരിക്കും ഞങ്ങൾക്ക് അത് ഒരു അത്ഭുതംതന്നെയായിരുന്നു.
ഒണ്ടേറിയോയിലെ നോർവെലിൽ പുതിയ സമ്മേളനഹാൾ പണിയുന്ന സ്ഥലത്ത് ഞാൻ ശനിയാഴ്ചകളിൽ സേവിക്കാൻ തുടങ്ങി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഒരു സമ്മേളനഹാൾ മേൽവിചാരകനായി സേവിക്കാമോ എന്ന് എന്നോടു ചോദിച്ചു. ഷീലയുടെ ആരോഗ്യം മെച്ചപ്പെടുന്നുണ്ടായിരുന്നു. അതുകൊണ്ട് ഈ നിയമനം സ്വീകരിക്കാമെന്നു ഞങ്ങൾക്കു തോന്നി. അങ്ങനെ 1974 ജൂണിൽ ഞങ്ങൾ സമ്മേളനഹാളിലുള്ള താമസസൗകര്യത്തിലേക്കു മാറി. മുഴുസമയസേവനത്തിലേക്കു തിരിച്ചുവന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി.
ഷീലയുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെട്ടുകൊണ്ടിരുന്നു. അതുകൊണ്ട് രണ്ടു വർഷം കഴിഞ്ഞപ്പോൾ സർക്കിട്ട് മേൽവിചാരകനായുള്ള നിയമനം ഞങ്ങൾക്കു സ്വീകരിക്കാൻ പറ്റി. കാനഡയിലെ മാനിടോബയിലായിരുന്നു ഞങ്ങൾ സേവിക്കേണ്ടിയിരുന്നത്. കൊടുംതണുപ്പിനു പേരുകേട്ട ഒരു സ്ഥലമായിരുന്നു അത്. എങ്കിലും അവിടത്തെ സഹോദരങ്ങളുടെ സ്നേഹത്തിന്റെ ‘ചൂട്’ ഞങ്ങൾക്ക് ആസ്വദിക്കാനായി. നമ്മൾ എവിടെ സേവിക്കുന്നു എന്നുള്ളതല്ല, എവിടെയായിരുന്നാലും യഹോവയെ സേവിക്കുന്നതിൽ തുടരുക എന്നതാണു പ്രധാനം എന്നു ഞങ്ങൾ മനസ്സിലാക്കി.
ഒരു പ്രധാനപ്പെട്ട പാഠം പഠിച്ചു
കുറച്ച് വർഷം സർക്കിട്ട് മേൽവിചാരകനായി സേവിച്ചശേഷം 1978-ൽ ഞങ്ങളെ കാനഡ ബഥേലിൽ സേവിക്കാനായി ക്ഷണിച്ചു. അധികം താമസിയാതെ ഞാൻ പ്രധാനപ്പെട്ട ഒരു പാഠം പഠിച്ചു. അത് വേദനയുള്ള ഒരു അനുഭവം ആയിരുന്നു. മോൺട്രിയലിൽവെച്ച് നടന്ന ഒരു പ്രത്യേക മീറ്റിങ്ങിനു ഫ്രഞ്ചിൽ ഒന്നര മണിക്കൂർ നീണ്ട ഒരു പ്രസംഗം നടത്താൻ എന്നെ നിയമിച്ചു. പക്ഷേ സഹോദരങ്ങളുടെ ശ്രദ്ധ പിടിച്ചുനിറുത്താൻ എനിക്കു പറ്റിയില്ല. അതുകൊണ്ട് സർവീസ് ഡിപ്പാർട്ടുമെന്റിലെ ഒരു സഹോദരൻ എനിക്കു ബുദ്ധിയുപദേശം തന്നു. സത്യം പറഞ്ഞാൽ, ഞാൻ അത്ര നല്ലൊരു പ്രസംഗകനല്ലെന്ന് അപ്പോൾ മനസ്സിലാക്കേണ്ടതായിരുന്നു. എന്നാൽ ഞാൻ ആ ഉപദേശം സ്വീകരിച്ചില്ല. ഞങ്ങളുടെ സംഭാഷണം അത്ര നല്ല രീതിക്കല്ല പോയത്. സഹോദരൻ എന്നെ വല്ലാതെ കുറ്റപ്പെടുത്തുന്നതായും ഞാൻ നന്നായി ചെയ്തതിനെക്കുറിച്ച് ഒന്നും പറയാത്തതായും എനിക്കു തോന്നി. ഞാൻ ഉപദേശം തന്ന വിധത്തെക്കുറിച്ചും ഉപദേശം തന്ന വ്യക്തിയെക്കുറിച്ചും ആണ് ചിന്തിച്ചത്. അതുകൊണ്ട് ഞാൻ ആ ഉപദേശത്തിനു വേണ്ട ശ്രദ്ധകൊടുത്തില്ല.
ഫ്രഞ്ചിൽ ഒരു പ്രസംഗം നടത്തിയതിനു ശേഷം ഞാൻ പ്രധാനപ്പെട്ട ഒരു പാഠം പഠിച്ചു
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ബ്രാഞ്ച് കമ്മിറ്റിയിലെ ഒരു സഹോദരൻ ഈ കാര്യത്തെക്കുറിച്ച് എന്നോടു സംസാരിച്ചു. ഉപദേശം കിട്ടിയപ്പോൾ ഞാൻ അതിനോട് നല്ല രീതിയിലല്ല പ്രതികരിച്ചതെന്നു ഞാൻ സമ്മതിച്ചു. അതെക്കുറിച്ച് ഓർത്ത് നല്ല വിഷമമുണ്ടെന്നും സഹോദരനോട് പറഞ്ഞു. എന്നിട്ടു ഞാൻ ഉപദേശം തന്ന ആ സഹോദരനെ പോയി കണ്ടു. അദ്ദേഹം എന്നോടു ക്ഷമിക്കാൻ തയ്യാറായി. ഈ അനുഭവം താഴ്മ ഉണ്ടായിരിക്കേണ്ടത് എത്ര പ്രധാനമാണെന്ന് എന്നെ പഠിപ്പിച്ചു. അത് ഞാൻ ഒരിക്കലും മറക്കില്ല. (സുഭാ. 16:18) ഞാൻ ഇതെപ്പറ്റി പല തവണ യഹോവയോടു പ്രാർഥിച്ചു. ഇനി ഒരിക്കലും ഒരു ഉപദേശം കിട്ടുമ്പോൾ അതിനോടു മോശമായി പ്രതികരിക്കില്ലെന്നു ഞാൻ തീരുമാനമെടുത്തു.
ഞാൻ ഇപ്പോൾ കാനഡ ബഥേലിൽ വന്നിട്ട് 40-ലധികം വർഷമായി. 1985 മുതൽ എനിക്ക് ഇവിടെ ഒരു ബ്രാഞ്ച് കമ്മിറ്റി അംഗമായി സേവിക്കാൻ പറ്റുന്നു. 2021 ഫെബ്രുവരിയിൽ എന്റെ പ്രിയപ്പെട്ട ഷീലയെ എനിക്കു മരണത്തിൽ നഷ്ടമായി. അതുണ്ടാക്കിയ വേദന വളരെ വലുതാണ്. അത് കൂടാതെ എനിക്കു പല ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. എന്നാൽ യഹോവയുടെ സേവനം എന്നെ തിരക്കുള്ളവനാക്കി നിറുത്തുന്നു. അതിന്റെ സന്തോഷം ഉള്ളതുകൊണ്ട് ‘ദിവസങ്ങൾ കടന്നുപോകുന്നത് ഞാൻ അത്ര ശ്രദ്ധിക്കാറില്ല.’ (സഭാ. 5:20) എന്റെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ, കിട്ടിയ സന്തോഷങ്ങളുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ ഒന്നുമല്ല. യഹോവയെ ജീവിതത്തിൽ ഒന്നാമതു വെക്കാനും 70 വർഷം മുഴുസമയസേവനം ആസ്വദിക്കാനും കഴിഞ്ഞത് വലിയൊരു അനുഗ്രഹമായി ഞാൻ കാണുന്നു. നമ്മുടെ ചെറുപ്പക്കാരായ സഹോദരീസഹോദരന്മാർ യഹോവയെ ഒന്നാമതു വെച്ച് ജീവിക്കട്ടെ എന്നാണ് എന്റെ പ്രാർഥന. കാരണം യഹോവയെ സേവിക്കുന്നതിലൂടെ മാത്രം കിട്ടുന്ന സന്തോഷവും അനുഗ്രഹവും നിറഞ്ഞ ജീവിതം അവർക്കും കിട്ടുമെന്ന് എനിക്ക് ഉറപ്പാണ്.
a മാഴ്സെൽ ഫിൽറ്റോ സഹോദരന്റെ ജീവിതകഥ വായിക്കാൻ 2000 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിലെ “യഹോവ എന്റെ സങ്കേതവും ബലവും” എന്ന ലേഖനം കാണുക.
b 1957 വരെ ആഫ്രിക്കയിലെ ഈ പ്രദേശം ഗോൾഡ് കോസ്റ്റ് എന്ന് അറിയപ്പെടുന്ന ഒരു ബ്രിട്ടീഷ് കോളനിയായിരുന്നു.
c ഹെർബർട്ട് ജനിങ്സ് സഹോദരന്റെ ജീവിതകഥ വായിക്കാൻ 2000 ഡിസംബർ 1 ലക്കം വീക്ഷാഗോപുരത്തിലെ “നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളത് ആയിരിക്കും എന്നു നിങ്ങൾക്കറിഞ്ഞുകൂടാ” എന്ന ലേഖനം കാണുക.
d നേഥൻ എച്ച്. നോർ സഹോദരനായിരുന്നു ആ സയമത്ത് നമ്മുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം എടുത്തിരുന്നത്.