“ദൈവം എവിടെ ആയിരുന്നു?”
“കൂടെക്കൂടെ മനസ്സിൽ വരുന്ന ഒരു ചോദ്യമാണ്: ദൈവം എവിടെ ആയിരുന്നു?”—പോളണ്ടിലെ ഓഷ്വിറ്റ്സിലുള്ള മുൻ നാസി തടങ്കൽപ്പാളയം സന്ദർശിച്ചപ്പോൾ പോപ്പ് ബെനഡിക്റ്റ് പതിനാറാമൻ പറഞ്ഞത്.
ദുരന്തങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ ‘ദൈവം എവിടെ ആയിരുന്നു’ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലും ദുരന്തം സംഭവിച്ചപ്പോൾ ‘ദൈവത്തിന് എന്റെ കാര്യത്തിൽ ഒരു ചിന്തയുമില്ലേ’ എന്നു നിങ്ങൾക്കു തോന്നിയിട്ടുണ്ടോ?
ഐക്യനാടുകളിൽ ജീവിക്കുന്ന ഷെയ്ലയെപ്പോലെയായിരിക്കാം നിങ്ങളും ചിന്തിക്കുന്നത്. ആഴമായ മതഭക്തിയുള്ള കുടുംബത്തിൽ വളർന്നുവന്ന ഷെയ്ല പറയുന്നു: “ദൈവം നമ്മുടെ സ്രഷ്ടാവായതുകൊണ്ട് കുട്ടിക്കാലം മുതൽ എനിക്കു ദൈവത്തോട് ഒരു ആകർഷണം തോന്നിയിരുന്നു. പക്ഷേ ഒരിക്കലും അടുപ്പം തോന്നിയിട്ടില്ല. ദൈവം എന്നെ ശ്രദ്ധിക്കുന്നുണ്ട്, പക്ഷേ കുറച്ച് അകലെനിന്നാണെന്നാണ് ഞാൻ ചിന്തിച്ചത്. ദൈവത്തിന് എന്നോട് വെറുപ്പില്ലായിരിക്കാം, പക്ഷേ എന്നെക്കുറിച്ച് ചിന്തയുള്ളതായും എനിക്കു തോന്നിയില്ല.” എന്തുകൊണ്ടായിരിക്കും ഷെയ്ല ഇങ്ങനെയൊക്കെ ചിന്തിച്ചത്? ഷെയ്ല പറയുന്നു: “എന്റെ കുടുംബത്തിൽ ഒന്നിനു പുറകെ ഒന്നായി പല ദുരന്തങ്ങൾ സംഭവിച്ചു. ഇതൊക്കെ കണ്ടപ്പോൾ ദൈവം ഞങ്ങളെ ഒരുവിധത്തിലും സഹായിക്കുന്നില്ലെന്നു എനിക്കു തോന്നി.”
സർവശക്തനായ ഒരു ദൈവമുണ്ടെന്ന് ഷെയ്ലയെപ്പോലെ നിങ്ങൾക്കും ഉറപ്പുണ്ടായിരിക്കും. എന്നാലും ദൈവത്തിനു നിങ്ങളുടെ കാര്യത്തിൽ ചിന്തയുണ്ടോ എന്ന് നിങ്ങൾ സംശയിക്കുന്നുണ്ടാകും. സ്രഷ്ടാവിന്റെ ശക്തിയിലും ജ്ഞാനത്തിലും വിശ്വാസമുണ്ടായിരുന്ന നീതിമാനായ ഇയ്യോബിനും ഇതുപോലുള്ള സംശയങ്ങളുണ്ടായിരുന്നു. (ഇയ്യോബ് 2:3; 9:4) ജീവിതത്തിൽ അടിക്കടി ദുരന്തങ്ങൾ സംഭവിച്ചപ്പോൾ ഇനി ഒരു രക്ഷയുമില്ല എന്നു വിചാരിച്ച അദ്ദേഹം ദൈവത്തോടു ചോദിച്ചു: “അങ്ങ് എന്നിൽനിന്ന് മുഖം മറയ്ക്കുന്നത് എന്തിനാണ്? എന്നെയൊരു ശത്രുവായി കാണുന്നത് എന്തുകൊണ്ട്?”—ഇയ്യോബ് 13:24.
ബൈബിൾ എന്താണ് പറയുന്നത്? ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പഴിക്കേണ്ടതു ദൈവത്തെയാണോ? എല്ലാ ആളുകളെയും, ഇനി ഓരോ വ്യക്തിയെയും കുറിച്ച് ദൈവം കരുതുന്നു എന്നതിന് എന്തെങ്കിലും തെളിവുണ്ടോ? ദൈവം ഓരോ വ്യക്തിയെയും ശ്രദ്ധിക്കുന്നുണ്ടോ, മനസ്സിലാക്കുന്നുണ്ടോ, സമാനുഭാവം കാണിക്കുന്നുണ്ടോ, പ്രശ്നങ്ങൾ വരുമ്പോൾ സഹായിക്കുന്നുണ്ടോ എന്നൊക്കെ നമുക്കു തിരിച്ചറിയാൻ പറ്റുമോ?
തുടർന്നുവരുന്ന ലേഖനങ്ങളിൽ ദൈവത്തിനു നമ്മളോടുള്ള കരുതലിനെക്കുറിച്ച് സൃഷ്ടി എന്താണു പഠിപ്പിക്കുന്നതെന്നു നമ്മൾ കാണും. (റോമർ 1:20) അതോടൊപ്പം ദൈവത്തിന്റെ കരുതലിനെക്കുറിച്ച് ബൈബിൾ എന്തു വെളിപ്പെടുത്തുന്നെന്നും നമ്മൾ നോക്കും. ദൈവത്തിന്റെ സൃഷ്ടിയിൽനിന്നും വചനത്തിൽനിന്നും എത്രയേറെ ദൈവത്തെക്കുറിച്ച് അറിയുന്നുവോ അത്രയേറെ “ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനാ”ണെന്ന് നിങ്ങൾക്ക് ഉറപ്പാകും.—1 പത്രോസ് 5:7.