യുദ്ധത്തിന്റെ ഭീകരമുഖം
യുദ്ധത്തിന്റെ അത്രയും ഭീകരത വരില്ല മറ്റൊന്നിനും! പട്ടാളക്കാർക്കും യുദ്ധഭൂമിയിൽ ജീവിക്കുന്ന സാധാരണ പൗരന്മാർക്കും ആണ് അതിന്റെ ഭീകരത ഏറ്റവും നന്നായി അറിയാവുന്നത്.
പട്ടാളക്കാർ
“ആളുകൾക്കു ഗുരുതരമായ പരിക്കേൽക്കുന്നതും അവർ നിസ്സഹായരായി മരിച്ചുവീഴുന്നതും എപ്പോഴും കാണേണ്ടിവരാറുണ്ട്. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന ഒരു അവസ്ഥ.”—ഗേരി, ബ്രിട്ടൻ.
“എന്റെ പുറത്തും മുഖത്തും വെടിയുണ്ടകൾ ഏറ്റു. കുട്ടികളും പ്രായമായവരും ഉൾപ്പെടെ ഒരുപാടു പേരുടെ ജീവൻ പൊലിയുന്നതു ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടു. ഇതെല്ലാം കണ്ട് എന്റെ ഹൃദയം തഴമ്പിച്ചുപോയി.”—വെൽമാർ, കൊളംബിയ.
“നമ്മുടെ മുന്നിൽവെച്ച് ഒരാൾ വെടിയേറ്റ് വീഴുന്ന ആ രംഗം ഒരിക്കലും മനസ്സിൽനിന്ന് മായില്ല. ആ കരച്ചിലും നിലവിളിയും എന്നും കാതിൽ മുഴങ്ങും. അവരുടെ മുഖം എപ്പോഴും നമ്മുടെ ഓർമകളെ അലട്ടിക്കൊണ്ടിരിക്കും.”—സഫീറ, ഐക്യനാടുകൾ.
സാധാരണ പൗരന്മാർ
“ഇനി ഒരിക്കലും സന്തോഷം കിട്ടില്ലെന്ന് എനിക്കു തോന്നി. ഞാൻ മരിച്ചുപോകുമോ എന്നായിരുന്നു എന്റെ പേടി. എന്നാൽ അതിനെക്കാൾ പേടി എന്റെ കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും എന്തെങ്കിലും സംഭവിക്കുമോ എന്ന് ഓർത്തായിരുന്നു.”—ഒലക്‌സാൻഡ്ര, യുക്രെയിൻ.
“രാവിലെ 2:00 മണിമുതൽ രാത്രി 11:00 മണിവരെ ഭക്ഷണം കാത്ത് ക്യൂവിൽ നിൽക്കണമായിരുന്നു. ആ സമയത്ത് എനിക്ക് വല്ലാത്ത പേടി തോന്നി. കാരണം എപ്പോൾ വേണമെങ്കിലും വെടിയേറ്റ് മരിക്കാൻ സാധ്യതയുണ്ടായിരുന്നു.”—ഡാലർ, താജികിസ്ഥാൻ.
“യുദ്ധം എന്റെ മാതാപിതാക്കളെ കവർന്നെടുത്തു. ഞാൻ അനാഥയായിപ്പോയി. എന്നെ ആശ്വസിപ്പിക്കാൻ ആരുമില്ലായിരുന്നു.”—മേരി, റുവാണ്ട.
യുദ്ധത്തിന്റെ ദാരുണമായ അനുഭവങ്ങൾ നേരിടേണ്ടിവന്നെങ്കിലും ഇവർക്കെല്ലാം സമാധാനം കണ്ടെത്താനായി. എല്ലാ യുദ്ധങ്ങളും പോരാട്ടങ്ങളും ഉടൻതന്നെ അവസാനിക്കുമെന്നും അവർക്ക് ബോധ്യമായി. അത് എങ്ങനെയാണെന്നു ബൈബിൾ ഉപയോഗിച്ച് ഈ വീക്ഷാഗോപുരം വിശദീകരിക്കുന്നു.