യുദ്ധങ്ങളും പോരാട്ടങ്ങളും അവശേഷിപ്പിക്കുന്ന കെടുതികൾ
“രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, ഇതുവരെ കാണാത്തത്ര യുദ്ധങ്ങളാണ് ഇന്നു ലോകം കാണുന്നത്. ലോകജനതയുടെ നാലിലൊന്ന്, അതായത് 200 കോടി ആളുകൾ യുദ്ധബാധിത പ്രദേശങ്ങളിലാണ് താമസിക്കുന്നത്.”
യു. എൻ. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ആമിന ജെ. മുഹമ്മദ്, 2023 ജനുവരി 26.
സമാധാനമുള്ള സ്ഥലങ്ങളിൽപ്പോലും യുദ്ധങ്ങളും പോരാട്ടങ്ങളും പൊട്ടിപ്പുറപ്പെട്ടേക്കാം. യുദ്ധം നടക്കുന്ന സ്ഥലത്തുള്ളവർക്ക് മാത്രമല്ല വളരെ അകലെയായിരിക്കുന്നവർക്കുപോലും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവന്നേക്കാം. ഇനി യുദ്ധം അവസാനിച്ചാലും അതു വരുത്തിവെക്കുന്ന പ്രശ്നങ്ങൾ കാലങ്ങളോളം നീണ്ടുനിൽക്കും. ചില ഉദാഹരണങ്ങൾ നോക്കാം:
ഭക്ഷ്യക്ഷാമം. ലോകഭക്ഷ്യപദ്ധതിയുടെ (World Food Programme) കണക്കനുസരിച്ച് “ഭക്ഷ്യക്ഷാമത്തിന്റെ ഏറ്റവും പ്രധാനകാരണം യുദ്ധങ്ങളാണ്. പട്ടിണി നേരിടുന്ന ലോകത്തിലെ 70 ശതമാനം ആളുകളും ജീവിക്കുന്നതു യുദ്ധബാധിത പ്രദേശങ്ങളിലാണ്.”
ശാരീരികവും മാനസികവും ആയ ആരോഗ്യപ്രശ്നം. യുദ്ധത്തിന്റെ ഭീഷണിയും എന്തു സംഭവിക്കും എന്ന പേടിയും ആളുകളെ വല്ലാതെ ഉത്കണ്ഠയിൽ ആഴ്ത്തുകയും തളർത്തുകയും ചെയ്യുന്നു. യുദ്ധബാധിതപ്രദേശങ്ങളിൽ താമസിക്കുന്നവർക്കു ശാരീരികപ്രശ്നങ്ങൾ മാത്രമല്ല മാനസികാരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എങ്കിലും അവർക്കു വേണ്ട വൈദ്യസഹായം മിക്കപ്പോഴും ലഭിക്കുന്നില്ല.
നിർബന്ധിതപലായനം. 2023 സെപ്റ്റംബർവരെ ലോകമെങ്ങുമുള്ള 11 കോടി 40 ലക്ഷത്തിലധികം ആളുകളാണു വീടുവിട്ട് പോകാൻ നിർബന്ധിതരായതെന്ന് ഐക്യരാഷ്ട്രസംഘടനയുടെ അഭയാർഥി ഹൈകമ്മീഷണർ വ്യക്തമാക്കുന്നു. യുദ്ധങ്ങളും പോരാട്ടങ്ങളും ആണ് ഇതിന്റെ പ്രധാനകാരണം.
സാമ്പത്തികപ്രതിസന്ധി. യുദ്ധം കാരണം മിക്കപ്പോഴും ആളുകൾക്ക് സാമ്പത്തികപ്രതിസന്ധി നേരിടേണ്ടിവരുന്നു. അതിനു പല കാരണങ്ങളുണ്ട്. യുദ്ധത്തിന്റെ സമയത്ത് സാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. ഇനി, ആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിക്കേണ്ട പണം, സൈനികപ്രവർത്തനങ്ങൾക്കുവേണ്ടി ഗവൺമെന്റ് ചെലവഴിക്കുന്നതിനാൽ ഒരുപക്ഷേ ആളുകൾ ബുദ്ധിമുട്ടിലാകുന്നു. അതുപോലെ യുദ്ധം കാരണം നഷ്ടമായതെല്ലാം പുനർനിർമിക്കാനും വലിയ തുക ചെലവാക്കേണ്ടിവരും.
പരിസ്ഥിതിപ്രശ്നങ്ങൾ. യുദ്ധം കാരണം പ്രകൃതിവിഭവങ്ങൾ നശിക്കുന്നതുകൊണ്ട് ആളുകൾ കഷ്ടത്തിലാകുന്നു. വെള്ളവും വായുവും മണ്ണും ഒക്കെ മലിനമാകുന്നതുകൊണ്ട് ആളുകൾക്കു നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. അതുപോലെ യുദ്ധത്തിന്റെ സമയത്ത് കുഴിച്ചിട്ട കുഴിബോംബുകൾ പിന്നീടും ആളുകളുടെ ജീവനു ഭീഷണിയായി മാറാറുണ്ട്.
ഒരു സംശയവുമില്ല, യുദ്ധം വലിയ നാശവും സാമ്പത്തികനഷ്ടവും വരുത്തിവെക്കുന്നു