മനുഷ്യർക്കു യുദ്ധം അവസാനിപ്പിക്കാൻ കഴിയില്ല
യുദ്ധങ്ങളും പോരാട്ടങ്ങളും എങ്ങനെ അവസാനിക്കും?
മനുഷ്യരല്ല, ‘ദൈവം ഭൂമിയിലെങ്ങും യുദ്ധങ്ങൾ നിറുത്തലാക്കും’ എന്നു ബൈബിൾ പറയുന്നു.—സങ്കീർത്തനം 46:9.
ദൈവം മനുഷ്യഗവൺമെന്റുകളെ ഇല്ലാതാക്കും
അർമഗെദോൻa എന്നു ബൈബിൾ വിളിക്കുന്ന യുദ്ധത്തിലൂടെ ദൈവം, മനുഷ്യഗവൺമെന്റുകളെയെല്ലാം ഇല്ലാതാക്കും. (വെളിപാട് 16:16) ആ സമയത്ത് ‘ഭൂമിയിൽ എല്ലായിടത്തുമുള്ള രാജാക്കന്മാരെ സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനു കൂട്ടിച്ചേർക്കും.’ (വെളിപാട് 16:14) അതെ, അർമഗെദോൻ യുദ്ധത്തിലൂടെ എല്ലാ യുദ്ധങ്ങളും ദൈവം അവസാനിപ്പിക്കും.
മനുഷ്യഗവൺമെന്റുകളെ ഇല്ലാതാക്കി ആ സ്ഥാനത്ത് ദൈവം തന്റെ രാജ്യം അഥവാ ഗവൺമെന്റ് കൊണ്ടുവരും. സ്വർഗത്തിൽനിന്ന് ഭരിക്കുന്ന ആ ഗവൺമെന്റ് ഒരിക്കലും നശിപ്പിക്കപ്പെടില്ല. (ദാനിയേൽ 2:44) അതിന്റെ രാജാവായി ദൈവം തിരഞ്ഞെടുത്തിരിക്കുന്നതു തന്റെ മകനായ യേശുക്രിസ്തുവിനെയാണ്. (യശയ്യ 9:6, 7; മത്തായി 28:18) ആ രാജ്യത്തിനുവേണ്ടിb പ്രാർഥിക്കാനാണു യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത്. (മത്തായി 6:9, 10) അതെ, യേശു ഭരണാധികാരിയായ ആ ആഗോള ഗവൺമെന്റിന്റെ കീഴിൽ എല്ലാ മനുഷ്യരും ഒന്നിക്കും.
മനുഷ്യഭരണാധികാരികളെപ്പോലെ യേശു ഒരിക്കലും തന്റെ അധികാരം സ്വന്തം നേട്ടത്തിനുവേണ്ടി ഉപയോഗിക്കില്ല. യേശു നീതിയോടെയും പക്ഷപാതമില്ലാതെയും ഭരിക്കുന്നതുകൊണ്ട് ദേശത്തിന്റെയോ വംശത്തിന്റെയോ പേരിൽ തങ്ങൾ അവഗണിക്കപ്പെടുമെന്ന് ആരും പേടിക്കേണ്ടതില്ല. (യശയ്യ 11:3, 4) അതുപോലെ ആളുകൾക്കു അവരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടേണ്ടിയും വരില്ല. കാരണം, യേശു ഓരോരുത്തരുടെയും ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യും. ബൈബിൾ പറയുന്നു: “സഹായത്തിനായി കേഴുന്ന ദരിദ്രനെ അവൻ രക്ഷിക്കും; എളിയവനെയും ആരോരുമില്ലാത്തവനെയും അവൻ വിടുവിക്കും. . . . അടിച്ചമർത്തലിനും അക്രമത്തിനും ഇരയാകുന്നവരെ അവൻ മോചിപ്പിക്കും.”—സങ്കീർത്തനം 72:12-14.
ദൈവത്തിന്റെ രാജ്യം മാരകായുധങ്ങൾ എല്ലാം ഭൂമിയിൽനിന്ന് നീക്കം ചെയ്യും. (മീഖ 4:3) യുദ്ധം ചെയ്യാനോ സമാധാനം തകർക്കാനോ ശ്രമിക്കുന്ന എല്ലാ ദുഷ്ടന്മാരെയും ദൈവം നശിപ്പിക്കും. (സങ്കീർത്തനം 37:9, 10) ദൈവരാജ്യം ഭരിക്കുമ്പോൾ പുരുഷന്മാരും സ്ത്രീകളും കുട്ടികളും എല്ലാം സുരക്ഷിതരായിരിക്കും. ഭൂമിയുടെ ഏതു കോണിൽ പോയാലും അവർക്ക് പേടിക്കേണ്ടിവരില്ല.—യഹസ്കേൽ 34:28.
ദൈവത്തിന്റെ ഗവൺമെന്റ് ഭരിക്കുമ്പോൾ എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കാൻ പറ്റിയ സാഹചര്യമുണ്ടായിരിക്കും. ഇന്ന് ആളുകളെ തമ്മിലടിപ്പിക്കുന്ന പ്രശ്നങ്ങൾ, പട്ടിണിയും ദാരിദ്ര്യവും വീടുകളില്ലാത്തതും പോലുള്ള പ്രശ്നങ്ങൾ, പരിഹരിക്കപ്പെടും. എല്ലാവർക്കും പോഷകഗുണമുള്ള ആഹാരം ലഭിക്കുകയും താമസിക്കാൻ നല്ല സ്ഥലങ്ങൾ കിട്ടുകയും ചെയ്യും.—സങ്കീർത്തനം 72:16; യശയ്യ 65:21-23.
ദൈവരാജ്യം ഭരിക്കുമ്പോൾ യുദ്ധത്തിന്റെ മുറിപ്പാടുകളെല്ലാം ഇല്ലാതാകും. ശാരീരികമായ മുറിവുകൾ മാത്രമല്ല യുദ്ധം കാരണം ആളുകൾ അനുഭവിക്കുന്ന മാനസികമായ വേദനകളും ഇല്ലാതാകും. മരിച്ചവർപോലും തിരികെ ജീവനിലേക്കു വരും. (യശയ്യ 25:8; 26:19; 35:5, 6) കുടുംബങ്ങളെല്ലാം സന്തോഷത്തോടെ ഒന്നിക്കും. യുദ്ധത്തിന്റെ ഭീകരമായ ഓർമകളെല്ലാം മാഞ്ഞുപോകും. കാരണം ബൈബിൾ പറയുന്നു: “പഴയതെല്ലാം കഴിഞ്ഞുപോയി!”—വെളിപാട് 21:4.
ദൈവം പാപം ഇല്ലാതാക്കും
ദൈവരാജ്യത്തിൽ എല്ലാ ആളുകളും സത്യദൈവമായ, “സ്നേഹത്തിന്റെയും സമാധാനത്തിന്റെയും” ദൈവമായ, യഹോവയെc മാത്രമായിരിക്കും ആരാധിക്കുക. (2 കൊരിന്ത്യർ 13:11) അപ്പോൾ പരസ്പരം സമാധാനത്തോടെ എങ്ങനെ ജീവിക്കാമെന്ന് ആളുകൾ പഠിക്കും. (യശയ്യ 2:3, 4; 11:9) പഠിക്കുന്ന കാര്യങ്ങൾ അനുസരിച്ച് ജീവിക്കുന്നവർക്കു പിന്നെ പാപത്തിന്റെ പ്രശ്നങ്ങൾ നേരിടേണ്ടിവരില്ല.—റോമർ 8:20, 21.
ദൈവം സാത്താനെയും അവന്റെ ഭൂതങ്ങളെയും ഇല്ലാതാക്കും
ദൈവരാജ്യം യുദ്ധത്തിനു കാരണക്കാരായ സാത്താനെയും അവന്റെ ഭൂതങ്ങളെയും നശിപ്പിക്കും. (വെളിപാട് 20:1-3, 10) അവർ ഇല്ലാതാകുമ്പോൾ എല്ലായിടത്തും “സമാധാനസമൃദ്ധിയുണ്ടാകും.”—സങ്കീർത്തനം 72:7.
യുദ്ധങ്ങളും പോരാട്ടങ്ങളും അവസാനിപ്പിക്കുമെന്ന ദൈവത്തിന്റെ വാഗ്ദാനം ഉറപ്പായും നടക്കുമെന്നു നമുക്കു വിശ്വസിക്കാനാകും. കാരണം, യുദ്ധം അവസാനിപ്പിക്കാനുള്ള കഴിവും ആഗ്രഹവും ദൈവത്തിനുണ്ട്.
യുദ്ധവും പോരാട്ടവും അവസാനിപ്പിക്കാനുള്ള ജ്ഞാനവും ശക്തിയും ദൈവത്തിനുണ്ട്. (ഇയ്യോബ് 9:4) ദൈവത്തിന് അസാധ്യമായി ഒന്നുമില്ല.—ഇയ്യോബ് 42:2.
ആരും കഷ്ടപ്പെടുന്നതു കാണാൻ ദൈവത്തിന് ഇഷ്ടമല്ല. (യശയ്യ 63:9) ‘അക്രമം ഇഷ്ടപ്പെടുന്നവനെ ദൈവം വെറുക്കുകയും’ ചെയ്യുന്നു.—സങ്കീർത്തനം 11:5.
ദൈവം എപ്പോഴും തന്റെ വാക്ക് പാലിക്കുന്നു. നുണ പറയാൻ ദൈവത്തിനു കഴിയില്ല. —യശയ്യ 55:10, 11; തീത്തോസ് 1:2.
ദൈവം പെട്ടെന്നുതന്നെ ഭൂമിയിൽ സമാധാനം കൊണ്ടുവരും, അത് എന്നെന്നും നിലനിൽക്കും
ദൈവം യുദ്ധം തുടച്ചുനീക്കും
a jw.org-ൽനിന്ന് “അർമഗെദോൻ യുദ്ധം എന്താണ്?” എന്ന ലേഖനം വായിക്കുക.
b jw.org-ൽനിന്ന് “എന്താണ് ദൈവരാജ്യം?” എന്ന വീഡിയോ കാണുക.
c ദൈവത്തിന്റെ പേരാണ് യഹോവ.—സങ്കീർത്തനം 83:18.