പഠനലേഖനം 23
ഗീതം 2 യഹോവ—അതാണ് അങ്ങയുടെ പേര്
യഹോവയുടെ പേര് നമുക്ക് എത്ര പ്രധാനമാണ്?
“‘നിങ്ങൾ എന്റെ സാക്ഷികൾ’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”—യശ. 43:10.
ഉദ്ദേശ്യം
യഹോവയുടെ നാമം വിശുദ്ധീകരിക്കാനും ദൈവത്തെക്കുറിച്ച് സാത്താൻ പറഞ്ഞതെല്ലാം നുണയാണെന്ന് തെളിയിക്കാനും എന്തു ചെയ്യാമെന്ന് കാണും.
1-2. യഹോവയുടെ നാമം യേശുവിനു പ്രധാനമാണെന്ന് നമുക്ക് എങ്ങനെ അറിയാം?
യഹോവയുടെ പേര് കഴിഞ്ഞേ യേശുവിനു മറ്റെന്തും ഉണ്ടായിരുന്നുള്ളൂ. ആ പേര് മറ്റുള്ളവരെ അറിയിക്കുന്നതിൽ ഇത്രയധികം പ്രവർത്തിച്ച മറ്റൊരു വ്യക്തിയില്ല. കഴിഞ്ഞ ലേഖനത്തിൽ കണ്ടതുപോലെ യഹോവയുടെ പേര് വിശുദ്ധീകരിക്കാനും യഹോവ ചെയ്യുന്ന കാര്യങ്ങളെല്ലാം ശരിയാണെന്നു തെളിയിക്കാനും യേശു തന്നാലാകുന്നതെല്ലാം ചെയ്തു. ആ പേരിനുവേണ്ടി മരിക്കാൻപോലും യേശു തയ്യാറായി. (മർക്കോ. 14:36; എബ്രാ. 10:7-9) ഇനി, 1,000 വർഷ വാഴ്ചയുടെ ഒടുവിൽ പിതാവിന് എല്ലാ മഹത്ത്വവും കിട്ടാൻവേണ്ടി തന്റെ എല്ലാ അധികാരവും യേശു മനസ്സോടെ യഹോവയ്ക്കു തിരികെ കൊടുക്കും. (1 കൊരി. 15:26-28) ഇതെല്ലാം കാണിക്കുന്നത് ആ പേരിനു പിന്നിലെ വ്യക്തിയെ, തന്റെ പിതാവിനെ, യേശു എത്രമാത്രം സ്നേഹിക്കുന്നു എന്നാണ്.
2 യേശു തന്റെ പിതാവിന്റെ നാമത്തിൽ ഭൂമിയിലേക്കു വന്നു. (യോഹ. 5:43; 12:13) ആ നാമം യേശു ശിഷ്യന്മാരെ അറിയിച്ചു. (യോഹ. 17:6, 26) യഹോവയുടെ നാമത്തിൽ പഠിപ്പിക്കുകയും ആ നാമത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. (യോഹ. 10:25) തന്റെ ശിഷ്യന്മാർക്കുവേണ്ടി പ്രാർഥിച്ചപ്പോൾ “അങ്ങയുടെ പേര് ഓർത്ത് അവരെ കാത്തുകൊള്ളേണമേ” എന്നാണ് യേശു അപേക്ഷിച്ചത്. (യോഹ. 17:11) അതെ, തന്റെ ജീവനെക്കാൾ അധികം യേശു യഹോവയുടെ നാമത്തെ സ്നേഹിച്ചു. അങ്ങനെയെങ്കിൽ ആ നാമം അറിയുകയോ ഉപയോഗിക്കുകയോ ചെയ്യാത്ത ഒരാൾക്ക് യേശുവിന്റെ ഒരു യഥാർഥ ശിഷ്യനാണെന്ന് അവകാശപ്പെടാൻ എങ്ങനെ കഴിയും?
3. ഈ ലേഖനത്തിൽ നമ്മൾ എന്ത് ചർച്ച ചെയ്യും?
3 യേശുവിന്റെ കാലടികൾ അടുത്ത് പിന്തുടരുന്നവർ എന്ന നിലയിൽ നമ്മൾ യഹോവയുടെ നാമം വളരെ വിലപ്പെട്ടതായി കാണുന്നു. (1 പത്രോ. 2:21) ഈ ലേഖനത്തിൽ, ഇന്ന് ‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത’ അറിയിക്കുന്നവർ എന്തുകൊണ്ടാണ് ദൈവത്തിന്റെ നാമത്തിൽ അറിയപ്പെടുന്നതെന്ന് കാണും. (മത്താ. 24:14) അതുപോലെ ദൈവത്തിന്റെ നാമം നമുക്ക് ഓരോരുത്തർക്കും എത്ര പ്രധാനപ്പെട്ടതായിരിക്കണമെന്നും നമ്മൾ ചർച്ച ചെയ്യും.
“തന്റെ പേരിനായി ഒരു ജനം”
4. (എ) സ്വർഗത്തിലേക്ക് പോകുന്നതിനു തൊട്ടുമുമ്പ് യേശു തന്റെ ശിഷ്യന്മാരോട് എന്താണ് പറഞ്ഞത്? (ബി) എന്നാൽ ഏത് പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉയർന്നുവരുന്നു?
4 സ്വർഗത്തിലേക്കു പോകുന്നതിന് തൊട്ടുമുമ്പ് യേശു തന്റെ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾക്കു ശക്തി കിട്ടും. അങ്ങനെ നിങ്ങൾ യരുശലേമിലും യഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും എന്റെ സാക്ഷികളായിരിക്കും.” (പ്രവൃ. 1:8) അതെ, സന്തോഷവാർത്ത ഇസ്രായേലിന്റെ പരിധികൾ കടന്ന് പ്രസംഗിക്കപ്പെടുമായിരുന്നു. കാലങ്ങൾ കഴിയുമ്പോൾ ഭൂമിയിലുള്ള എല്ലാവർക്കും യേശുവിന്റെ ശിഷ്യന്മാരായിത്തീരാനുള്ള അവസരമുണ്ടാകുമായിരുന്നു. (മത്താ. 28:19, 20) എന്നാൽ ആ വാക്യത്തിൽ യേശു പറഞ്ഞത് ശ്രദ്ധിച്ചോ? ‘നിങ്ങൾ എന്റെ സാക്ഷികളായിരിക്കും’ എന്ന്. അതിനർഥം യേശുവിന്റെ ശിഷ്യരായിത്തീരുന്നവർ യഹോവ എന്ന നാമം അറിയേണ്ടാ എന്നാണോ? അവർ യഹോവയെ അറിയുകയും യഹോവയെക്കുറിച്ച് സാക്ഷ്യം നൽകുകയും ചെയ്യേണ്ടതില്ലേ? പ്രവൃത്തികൾ 15-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ ആ ചോദ്യത്തിനുള്ള ഉത്തരം തരും.
5. യരുശലേമിലെ അപ്പോസ്തലന്മാരുടെയും മൂപ്പന്മാരുടെയും ചർച്ചയിൽനിന്ന് യഹോവയുടെ പേര് എല്ലാവരും അറിയേണ്ടതുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം? (ചിത്രവും കാണുക.)
5 ജനതകളിൽപ്പെട്ടവർ ക്രിസ്ത്യാനികളാകുന്നതിന് പരിച്ഛേദനയേൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനായി എ.ഡി. 49-ൽ അപ്പോസ്തലന്മാരും മൂപ്പന്മാരും യരുശലേമിൽ കൂടിവന്നു. ആ ചർച്ചയുടെ അവസാനം യേശുവിന്റെ അർധസഹോദരനായ യാക്കോബ് ഇങ്ങനെ ഒരു പ്രസ്താവന നടത്തി: “ജനതകളിൽപ്പെട്ടവരിൽനിന്ന് തന്റെ പേരിനായി ഒരു ജനത്തെ എടുക്കാൻ ദൈവം ആദ്യമായി അവരിലേക്കു ശ്രദ്ധതിരിച്ചതിനെക്കുറിച്ച് ശിമ്യോൻ (പത്രോസ്) നന്നായി വിവരിച്ചല്ലോ.” ഇവിടെ തന്റെ പേരിനായി എന്ന് പറഞ്ഞപ്പോൾ യാക്കോബ് ആരുടെ പേരാണ് ഉദ്ദേശിച്ചത്? തുടർന്ന്, പ്രവാചകനായ ആമോസിന്റെ വാക്കുകൾ കടമെടുത്തുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അങ്ങനെ ജനത്തിൽ ബാക്കിയുള്ളവർ എല്ലാ ജനതകളിലുംപെട്ടവരോടൊപ്പം, അതായത് എന്റെ നാമത്തിൽ അറിയപ്പെടുന്ന ആളുകളോടൊപ്പം, എന്നെ ആത്മാർഥമായി അന്വേഷിക്കും എന്ന് യഹോവ പറയുന്നു.” (പ്രവൃ. 15:14-18) അപ്പോൾ യേശുവിന്റെ ശിഷ്യരായിത്തീരുന്നവർ യഹോവയെക്കുറിച്ച് പഠിച്ചാൽ മാത്രം പോരായിരുന്നു; ‘യഹോവയുടെ നാമത്തിൽ അറിയപ്പെടുന്നവരും’ ആയിരിക്കണമായിരുന്നു. അതിനർഥം അവർ യഹോവയുടെ നാമത്തെക്കുറിച്ച് മറ്റുള്ളവരോട് പറയുമെന്നും ആ നാമത്തിൽ തിരിച്ചറിയപ്പെടുമെന്നും ആണ്.
ക്രിസ്ത്യാനികൾ ദൈവത്തിന്റെ പേരിനായുള്ള ഒരു ജനമായിരിക്കണം എന്ന് ഒന്നാം നൂറ്റാണ്ടിൽ ഭരണസംഘാംഗങ്ങൾ കൂടിവന്നപ്പോൾ തിരിച്ചറിഞ്ഞു (5-ാം ഖണ്ഡിക കാണുക)
6-7. (എ) യേശു ഭൂമിയിലേക്കു വന്നത് എന്തിനാണ്? (ബി) യേശു ഭൂമിയിലേക്കു വന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്താണ്?
6 യേശു എന്ന പേരിന്റെ അർഥംതന്നെ “യഹോവ രക്ഷയാണ്” എന്നാണ്. തന്നിലും പുത്രനിലും വിശ്വസിക്കുന്ന ആളുകളെ രക്ഷിക്കാൻ യഹോവ യേശുവിനെയാണ് ഉപയോഗിച്ചത്. അതിനുവേണ്ടിയാണ് യേശു ഭൂമിയിലേക്ക് വന്ന് മനുഷ്യർക്കുവേണ്ടി തന്റെ ജീവൻ നൽകിയത്. (മത്താ. 20:28) യേശുവിന്റെ മോചനവിലയിലൂടെ പാപങ്ങൾക്കുള്ള ക്ഷമ നേടാനും നിത്യജീവൻ അവകാശമാക്കാനും മനുഷ്യർക്കു കഴിയുമായിരുന്നു.—യോഹ. 3:16.
7 ആദ്യമനുഷ്യരായ ആദാമും ഹവ്വയും യഹോവയ്ക്ക് എതിരെ മത്സരിച്ചപ്പോൾ മനുഷ്യർക്ക് നിത്യം ജീവിക്കാനുള്ള അവസരം നഷ്ടമായി. അതുകൊണ്ടാണ് നമുക്ക് രക്ഷ ആവശ്യമായി വന്നത്. (ഉൽപ. 3:6, 24) എന്നാൽ യേശു ഭൂമിയിലേക്കു വന്നത് മനുഷ്യർക്ക് രക്ഷ കൊടുക്കാൻ മാത്രമല്ല; അതിലും പ്രധാനമായി യഹോവയുടെ നാമത്തിൻമേൽ വന്ന നിന്ദ നീക്കാനാണ്. (ഉൽപ. 3:4, 5) മനുഷ്യമക്കളുടെ രക്ഷയും ദൈവനാമത്തിന്റെ വിശുദ്ധീകരണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. യഹോവ ചെയ്യുന്ന കാര്യങ്ങളെല്ലാം ശരിയാണെന്നും ദൈവം പരിശുദ്ധനാണെന്നും അംഗീകരിച്ചാൽ മാത്രമേ അവർക്ക് രക്ഷ കിട്ടുകയുള്ളൂ. ഈ കാര്യം തെളിയിക്കാൻ ഏറ്റവും പറ്റിയ സ്ഥാനത്ത് യേശുവാണ്. കാരണം യേശു യഹോവയുടെ നാമം വഹിക്കുകയും യഹോവയെ പ്രതിനിധീകരിക്കുകയും ചെയ്തു.
യഹോവയുടെ നാമം അറിയുകയോ ഉപയോഗിക്കുകയോ ചെയ്യാത്ത ഒരാൾക്ക് യേശുവിന്റെ ഒരു യഥാർഥ ശിഷ്യനാണെന്ന് അവകാശപ്പെടാൻ എങ്ങനെ കഴിയും?
8. യേശുവിൽ വിശ്വസിക്കുന്ന എല്ലാവരും എന്ത് അംഗീകരിക്കണം?
8 യേശുവിൽ വിശ്വാസം അർപ്പിക്കുന്ന എല്ലാവരും, അതായത് ജൂതന്മാരും ജനതകളിൽപ്പെട്ടവരും, രക്ഷയുടെ ഉറവിടമായ യഹോവയിലും വിശ്വസിക്കണമായിരുന്നു. (യോഹ. 17:3) യേശുവിനെപ്പോലെ അവരും അറിയപ്പെടേണ്ടിയിരുന്നത് യഹോവയുടെ നാമത്തിലാണ്. ദൈവനാമത്തിന്റെ വിശുദ്ധീകരണത്തിന്റെ പ്രാധാന്യം അവർ തിരിച്ചറിയണമായിരുന്നു. കാരണം അവരുടെ രക്ഷ അതിനെ ആശ്രയിച്ചാണിരുന്നത്. (പ്രവൃ. 2:21, 22) അതുകൊണ്ട് യേശുവിന്റെ എല്ലാ വിശ്വസ്ത അനുഗാമികളും യേശുവിനെയും അതുപോലെ യഹോവയെയും കുറിച്ച് പഠിക്കണം. ഈ കാര്യങ്ങളെല്ലാം മനസ്സിൽ ഉണ്ടായിരുന്നതുകൊണ്ടായിരിക്കണം യോഹന്നാൻ 17-ാം അധ്യായത്തിൽ കാണുന്ന തന്റെ പ്രാർഥന യേശു ഇങ്ങനെ അവസാനിപ്പിച്ചത്: “ഞാൻ അങ്ങയുടെ പേര് ഇവരെ അറിയിച്ചിരിക്കുന്നു, ഇനിയും അറിയിക്കും. അങ്ങനെ, അങ്ങ് എന്നോടു കാണിച്ച സ്നേഹം ഇവരിലും നിറയും. ഞാൻ ഇവരോടു യോജിപ്പിലായിരിക്കുകയും ചെയ്യും.”—യോഹ. 17:26.
“നിങ്ങൾ എന്റെ സാക്ഷികൾ”
9. യഹോവയുടെ പേര് നമുക്ക് പ്രധാനമാണെന്ന് എങ്ങനെ കാണിക്കാം?
9 നമ്മൾ കണ്ടതുപോലെ യേശുവിന്റെ യഥാർഥ അനുഗാമികളെല്ലാം യഹോവയുടെ നാമം വിശുദ്ധീകരിക്കേണ്ടതുണ്ട്. (മത്താ. 6:9, 10) അവർ യഹോവയുടെ നാമം ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായി കാണണം. അത് വെറുതേ വാക്കുകളിൽ മാത്രം ഒതുങ്ങിനിന്നാൽ പോരാ, നമ്മുടെ പ്രവൃത്തികളിലൂടെയും കാണിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ യഹോവയുടെ നാമം വിശുദ്ധീകരിക്കാനും സാത്താൻ യഹോവയെക്കുറിച്ച് പറഞ്ഞതെല്ലാം നുണയാണെന്ന് തെളിയിക്കാനും നമുക്ക് എങ്ങനെ കഴിയും?
10. യശയ്യ 42 മുതൽ 44 വരെയുള്ള അധ്യായങ്ങളിൽ ആലങ്കാരികമായ ഏത് കോടതിക്കേസിനെക്കുറിച്ചാണ് പറയുന്നത്? (യശയ്യ 43:9; 44:7-9) (ചിത്രവും കാണുക.)
10 യശയ്യ 42 മുതൽ 44 വരെയുള്ള അധ്യായങ്ങളിൽ യഹോവയുടെ നാമം വിശുദ്ധീകരിക്കുന്നതിൽ നമ്മുടെ പങ്ക് എന്താണെന്ന് കാണാം. ഒരു കോടതിയിൽ കേസ് നടക്കുന്നതുപോലെ യഹോവ ഇവിടെ വാദിക്കുകയാണ്. വ്യാജദൈവങ്ങളെ ആരാധിക്കുന്നവരോട്, തങ്ങളുടെ ദൈവങ്ങൾ ശരിക്കും ഉള്ളതാണോ എന്നു തെളിയിക്കാൻ യഹോവ ആവശ്യപ്പെടുന്നു. തങ്ങളുടെ വാദം തെളിയിക്കാൻ സാക്ഷികളെ കൊണ്ടുവരാനും യഹോവ പറയുന്നു. പക്ഷേ അവർ അമ്പേ പരാജയപ്പെടുന്നു.—യശയ്യ 43:9; 44:7-9 വായിക്കുക.
പല വിധങ്ങളിൽ നമ്മൾ ആലങ്കാരികമായ ഒരു കോടതിക്കേസിൽ ഉൾപ്പെട്ടിരിക്കുന്നു (10-11 ഖണ്ഡികകൾ കാണുക)
11. യശയ്യ 43:10-12-ൽ യഹോവ തന്റെ ജനത്തോട് എന്താണു പറയുന്നത്?
11 യശയ്യ 43:10-12 വായിക്കുക. യഹോവ തന്റെ ജനത്തോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്റെ സാക്ഷികൾ. . . . ഞാനാണു ദൈവം.” യഹോവ അവരോട് ഇങ്ങനെ ഒരു ചോദ്യവും ചോദിക്കുന്നു: “ഞാനല്ലാതെ മറ്റൊരു ദൈവമുണ്ടോ?” (യശ. 44:8) ആ ചോദ്യത്തിന് ഉത്തരം കൊടുക്കാനുള്ള വലിയൊരു പദവി നമുക്കുണ്ട്. അതിനുവേണ്ടി യഹോവയെ നമ്മൾ ആത്മാർഥമായി സ്നേഹിക്കുന്നെന്നും സാത്താൻ എന്തെല്ലാം പ്രശ്നങ്ങൾ കൊണ്ടുവന്നാലും ദൈവത്തോട് വിശ്വസ്തരായിരിക്കുമെന്നും നമുക്ക് ജീവിതത്തിലൂടെ തെളിയിക്കാം. അങ്ങനെ, നമ്മുടെ വാക്കാലും പ്രവൃത്തിയാലും യഹോവയാണ് സത്യദൈവമെന്നും ആ നാമമാണ് നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനമെന്നും കാണിക്കാം. അപ്പോൾ നമ്മൾ യഹോവയുടെ നാമം വിശുദ്ധീകരിക്കുകയാണ്.
12. യശയ്യ 40:3, 5-ലെ പ്രവചനം നിറവേറിയത് എങ്ങനെ?
12 നമ്മൾ യഹോവയുടെ പക്ഷത്ത് നിൽക്കുകയും യഹോവയുടെ നാമം വിശുദ്ധീകരിക്കുകയും ചെയ്യുമ്പോൾ യേശുവിനെ അനുകരിക്കുകയാണ്. യശയ്യ തന്റെ പ്രവചനത്തിൽ ‘യഹോവയുടെ വഴി നിരപ്പാക്കാൻ’ അഥവാ ‘ഒരുക്കാൻ’ ഒരാൾ വരുമെന്ന് മുൻകൂട്ടിപ്പറഞ്ഞു. (യശ. 40:3, അടിക്കുറിപ്പ്) ആ പ്രവചനം എങ്ങനെയാണ് നിറവേറിയത്? യോഹന്നാൻ സ്നാപകൻ യേശുവിനു വഴിയൊരുക്കിയപ്പോൾ യഹോവയ്ക്കു വഴിയൊരുക്കിയതുപോലെ ആണെന്നു പറയാം. കാരണം യേശു യഹോവയുടെ നാമത്തിലാണ് വന്നത്, ആ നാമത്തിലാണ് സംസാരിച്ചത്. (മത്താ. 3:3; മർക്കോ. 1:2-4; ലൂക്കോ. 3:3-6) അതേ പ്രവചനം ഇങ്ങനെ തുടരുന്നു: “യഹോവയുടെ മഹത്ത്വം വെളിപ്പെടും.” (യശ. 40:5) ഇത് എങ്ങനെയാണ് നിവൃത്തിയേറിയത്? യേശു ഭൂമിയിൽ വന്നപ്പോൾ യഹോവയുടെ മഹത്ത്വം പൂർണമായി വെളിപ്പെടുത്തി. ഒരർഥത്തിൽ യേശു ഭൂമിയിലേക്കു വന്നപ്പോൾ അത് യഹോവ ഭൂമിയിലേക്ക് വന്നതുപോലെ തന്നെയായിരുന്നു. അത്ര വ്യക്തമായി യേശു തന്റെ പിതാവിനെ അനുകരിച്ചു.—യോഹ. 12:45.
13. നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാം?
13 യേശുവിനെപ്പോലെ നമ്മളും യഹോവയുടെ സാക്ഷികളാണ്. നമ്മൾ യഹോവയുടെ നാമം വഹിക്കുകയും യഹോവ നമുക്കുവേണ്ടി ചെയ്ത മഹത്തായ കാര്യങ്ങളെക്കുറിച്ച് ആളുകളോടു പറയുകയും ചെയ്യുന്നു. യഹോവയ്ക്കുവേണ്ടി ഏറ്റവും നല്ല സാക്ഷ്യം കൊടുക്കുന്നതിന് ദൈവനാമം വിശുദ്ധീകരിക്കുന്നതിനായി യേശു ചെയ്ത കാര്യങ്ങളെക്കുറിച്ചും നമ്മൾ ആളുകളെ അറിയിക്കണം. (പ്രവൃ. 1:8) യഹോവയ്ക്കുവേണ്ടി സാക്ഷ്യം കൊടുക്കുന്നതിൽ ഏറ്റവും നല്ല മാതൃക വെച്ചത് യേശുവാണ്. ആ മാതൃക നമുക്കും അനുകരിക്കാം. (വെളി. 1:5) ശരി, യഹോവയുടെ നാമം നമുക്ക് പ്രധാനമാണെന്നു മറ്റ് ഏതെല്ലാം വിധങ്ങളിൽ കാണിക്കാം?
യഹോവയുടെ നാമം പ്രധാനമാണെന്നു കാണിക്കാനാകുന്ന വിധങ്ങൾ
14. സങ്കീർത്തനം 105:3 പറയുന്നതുപോലെ യഹോവയുടെ നാമത്തെക്കുറിച്ച് നമുക്ക് എന്താണ് തോന്നുന്നത്?
14 യഹോവയുടെ നാമത്തിൽ അഭിമാനംകൊള്ളുന്നു. (സങ്കീർത്തനം 105:3 വായിക്കുക.) നമ്മൾ യഹോവയുടെ നാമത്തിൽ അഭിമാനംകൊള്ളുമ്പോൾ ശരിക്കും യഹോവ സന്തോഷിക്കുകയാണ്. (യിരെ. 9:23, 24; 1 കൊരി. 1:31; 2 കൊരി. 10:17) യഹോവ പരിശുദ്ധനാണെന്നും യഹോവ കാര്യങ്ങൾ ചെയ്യുന്ന വിധമാണ് ശരിയെന്നും ആളുകളോട് പറയുന്നതിൽ നമുക്ക് ‘അഭിമാനം തോന്നുന്നില്ലേ?’ നമ്മുടെകൂടെ ജോലി ചെയ്യുന്നവരോടും കൂടെ പഠിക്കുന്നവരോടും അയൽക്കാരോടും ഒക്കെ നമ്മൾ യഹോവയുടെ സാക്ഷികളാണെന്നു പറയാൻ ഒരിക്കലും നാണക്കേടു തോന്നരുത്. സാത്താൻ ആഗ്രഹിക്കുന്നത് നമ്മൾ ആ പേരിനെക്കുറിച്ച് ആളുകളോട് പറയാതിരിക്കാനാണ്. (യിരെ. 11:21; വെളി. 12:17) ശരിക്കും പറഞ്ഞാൽ ആളുകൾ ദൈവനാമം മറക്കാനാണ് സാത്താനും അവന്റെ അനുയായികളും ആഗ്രഹിക്കുന്നത്. (യിരെ. 23:26, 27) പക്ഷേ യഹോവയോടു സ്നേഹമുള്ളതുകൊണ്ട് യഹോവയുടെ പേരിൽ “ദിവസം മുഴുവൻ” നമ്മൾ ആനന്ദിക്കും.—സങ്കീ. 5:11; 89:16.
15. യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിൽ എന്തെല്ലാം ഉൾപ്പെടുന്നു?
15 യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നു. (യോവേ. 2:32; റോമ. 10:13, 14) യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിൽ ആ നാമം അറിയുന്നതും ഉപയോഗിക്കുന്നതും മാത്രമല്ല ഉൾപ്പെടുന്നത്. നമ്മൾ ദൈവത്തെ ഒരു വ്യക്തി എന്ന നിലയിൽ അറിയണം, ദൈവത്തിൽ ആശ്രയിക്കണം, സഹായത്തിനും വഴിനടത്തിപ്പിനും ആയി ദൈവത്തിലേക്ക് നോക്കുകയും വേണം. (സങ്കീ. 20:7; 99:6; 116:4; 145:18) അതുപോലെ ദൈവത്തിന്റെ നാമത്തെക്കുറിച്ചും മനോഹരമായ ഗുണങ്ങളെക്കുറിച്ചും ആളുകളോട് പറയണം. അങ്ങനെ ജീവിതത്തിന് മാറ്റം വരുത്താനും ദൈവം അംഗീകരിക്കുന്ന വ്യക്തികളായി മാറാനും നമ്മൾ അവരെ സഹായിക്കുകയാണ്.—യശ. 12:4; പ്രവൃ. 2:21, 38.
16. സാത്താൻ ഒരു നുണയനാണെന്ന് നമുക്ക് എങ്ങനെ തെളിയിക്കാം?
16 യഹോവയുടെ നാമത്തിനുവേണ്ടി എന്തും സഹിക്കുന്നു. (യാക്കോ. 5:10, 11) പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും നമ്മൾ യഹോവയോട് വിശ്വസ്തരായി നിൽക്കുമ്പോൾ സാത്താൻ ഒരു നുണയനാണെന്ന് തെളിയിക്കുകയാണ്. യഹോവയെ സേവിക്കുന്നവരെക്കുറിച്ച് ഇയ്യോബിന്റെ നാളിൽ സാത്താൻ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചു: “സ്വന്തം ജീവൻ രക്ഷിക്കാൻ മനുഷ്യൻ തനിക്കുള്ളതെല്ലാം കൊടുക്കും.” (ഇയ്യോ. 2:4) കാര്യങ്ങളെല്ലാം നന്നായി പോകുമ്പോൾ മാത്രമേ മനുഷ്യർ യഹോവയെ ആരാധിക്കുകയുള്ളൂ എന്നും കഷ്ടപ്പാടുകൾ ഉണ്ടാകുമ്പോൾ അവർ ദൈവത്തെ ഉപേക്ഷിക്കുമെന്നും ആണ് സാത്താൻ വാദിച്ചത്. എന്നാൽ ഇയ്യോബ് വിശ്വസ്തനായിനിന്നുകൊണ്ട് ആ വാദം തെറ്റാണെന്ന് തെളിയിച്ചു. നമുക്കും ഇന്ന് അതിനുള്ള അവസരമുണ്ട്. സാത്താൻ എന്തെല്ലാം പ്രശ്നങ്ങൾ കൊണ്ടുവന്നാലും നമ്മൾ ഒരിക്കലും യഹോവയ്ക്ക് എതിരെ തിരിയില്ല. തന്റെ പേരിനെ ഓർത്ത് യഹോവ നമ്മളെ കാക്കും എന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാം.—യോഹ. 17:11.
17. 1 പത്രോസ് 2:12-ൽ പറയുന്നതുപോലെ യഹോവയുടെ നാമത്തെ മഹത്ത്വപ്പെടുത്താൻ നമുക്ക് മറ്റെന്തുകൂടെ ചെയ്യാം?
17 യഹോവയുടെ നാമത്തെ ആദരിക്കുന്നു. (സുഭാ. 30:9; യിരെ. 7:8-11) നമ്മൾ യഹോവയുടെ പേരിൽ അറിയപ്പെടുന്നതുകൊണ്ട് നമ്മുടെ പ്രവൃത്തികൾ ഒന്നുകിൽ യഹോവയെ മഹത്ത്വപ്പെടുത്തും അല്ലെങ്കിൽ നിന്ദിക്കും. (1 പത്രോസ് 2:12 വായിക്കുക.) അതുകൊണ്ട് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും യഹോവയെ മഹത്ത്വപ്പെടുത്താൻ നമ്മൾ കഴിവിന്റെ പരമാവധി ശ്രമിക്കണം. അങ്ങനെ ചെയ്യുമ്പോൾ അപൂർണരാണെങ്കിലും നമ്മൾ യഹോവയുടെ നാമത്തെ ആദരിക്കുകയാണ്.
18. യഹോവയുടെ പേരാണ് നമുക്ക് പ്രധാനമെന്നു തെളിയിക്കാൻ കഴിയുന്ന മറ്റൊരു വിധം ഏതാണ്? (അടിക്കുറിപ്പും കാണുക.)
18 നമ്മൾ നമ്മുടെ പേരിനെക്കാൾ യഹോവയുടെ പേരിനു പ്രാധാന്യം കൊടുക്കുന്നു. (സങ്കീ. 138:2) എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? നമ്മൾ യഹോവയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ അതു പലപ്പോഴും ആളുകൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അവർ നമ്മളെക്കുറിച്ച് മോശമായി സംസാരിക്കുകയോ നമ്മളെ കളിയാക്കുകയോ ചെയ്തേക്കാം.a യേശുവിന്റെ കാര്യത്തിൽ അതാണ് സംഭവിച്ചത്. ഒരു കുറ്റവാളി എന്ന പേരിൽ ആളുകളുടെ നിന്ദയേറ്റാണ് യേശു മരിച്ചത്. മറ്റുള്ളവർ തന്നെക്കുറിച്ച് എന്തു ചിന്തിക്കും എന്നോർത്ത് യേശു അമിതമായി ഉത്കണ്ഠപ്പെടുകയോ അസ്വസ്ഥനാകുകയോ ചെയ്തില്ല. യഹോവയുടെ നാമം മഹത്ത്വപ്പെടുത്തുന്നതിനുവേണ്ടി യേശു ആ ‘അപമാനമൊന്നും വകവെക്കാതെ’ എല്ലാ നിന്ദയും സഹിച്ചു. (എബ്രാ. 12:2-4) അതെ, യഹോവയുടെ ഇഷ്ടം ചെയ്യുന്നതിലായിരുന്നു യേശുവിന്റെ മുഖ്യശ്രദ്ധ.—മത്താ. 26:39.
19. യഹോവയുടെ പേരിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്, എന്തുകൊണ്ട്?
19 യഹോവയുടെ നാമത്തിൽ നമ്മൾ അഭിമാനിക്കുന്നു. യഹോവയുടെ സാക്ഷികൾ എന്ന് അറിയപ്പെടുന്നത് ഒരു പദവിയായി നമ്മൾ കാണുന്നു. അതുകൊണ്ടുതന്നെ ആ പേരിനുവേണ്ടി എന്തു നിന്ദയും സഹിക്കാൻ നമ്മൾ തയ്യാറാണ്. കാരണം നമ്മുടെ സത്പേരിനെക്കാൾ നമുക്ക് പ്രധാനം യഹോവയുടെ പേരാണ്. അതുകൊണ്ട് സാത്താൻ നമ്മളെ എങ്ങനെയൊക്കെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചാലും നമുക്ക് യഹോവയുടെ നാമത്തെ മഹത്ത്വപ്പെടുത്തുന്നതിൽ തുടരാം. അപ്പോൾ, യഹോവയുടെ നാമമാണ് ജീവിതത്തിൽ ഏറ്റവും പ്രധാനമെന്നു യേശുവിനെപ്പോലെ നമ്മളും തെളിയിക്കുകയായിരിക്കും.
ഗീതം 10 നമ്മുടെ ദൈവമായ യഹോവയെ സ്തുതിപ്പിൻ!
a വിശ്വസ്തനായ ഇയ്യോബുപോലും മൂന്ന് വ്യാജ സുഹൃത്തുക്കൾ കുറ്റപ്പെടുത്തിയപ്പോൾ തന്നെക്കുറിച്ച് വേണ്ടതിലധികം ചിന്തിച്ചു. ഇയ്യോബിനു മക്കളും സമ്പത്തും എല്ലാം നഷ്ടപ്പെട്ടപ്പോൾപ്പോലും “ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തെ കുറ്റപ്പെടുത്തുകയോ ചെയ്തില്ല.” (ഇയ്യോ. 1:22; 2:10) എന്നാൽ ആരോപണം തനിക്ക് എതിരെ ആയപ്പോൾ ഇയ്യോബ് “ചിന്തിക്കാതെ” സംസാരിച്ചു. യഹോവയുടെ നാമത്തിന് മഹത്ത്വം കൊടുക്കുന്നതിനെക്കാൾ പ്രാധാന്യം ഇയ്യോബ് സ്വന്തം പേരിനു കൊടുത്തു.—ഇയ്യോ. 6:3; 13:4, 5; 32:2; 34:5.