പഠനലേഖനം 28
ഗീതം 88 അങ്ങയുടെ വഴികൾ അറിയിച്ചുതരേണമേ
നല്ല ഉപദേശം എങ്ങനെ തേടാം?
“ഉപദേശം തേടുന്നവർക്കു ജ്ഞാനമുണ്ട്.”—സുഭാ. 13:10.
ഉദ്ദേശ്യം
ഉപദേശം കിട്ടുമ്പോൾ അതിൽനിന്ന് പൂർണപ്രയോജനം നേടാൻ നമ്മൾ എന്തു ചെയ്യണമെന്നു കാണും.
1. നല്ല തീരുമാനങ്ങളെടുക്കാനും പദ്ധതികൾ വിജയിക്കാനും നമ്മൾ എന്തു ചെയ്യണം? (സുഭാഷിതങ്ങൾ 13:10; 15:22)
നമ്മൾ എല്ലാവരും നല്ല തീരുമാനങ്ങളെടുക്കാനും നമ്മുടെ പദ്ധതികൾ വിജയിച്ച് കാണാനും ആഗ്രഹിക്കുന്നു. അതിന് നമ്മൾ എന്തു ചെയ്യണമെന്ന് ദൈവവചനം പറയുന്നു. നമ്മൾ ഉപദേശം തേടണം.—സുഭാഷിതങ്ങൾ 13:10; 15:22 വായിക്കുക.
2. യഹോവ നമുക്ക് എന്ത് ഉറപ്പു നൽകിയിരിക്കുന്നു?
2 നമുക്ക് ഉപദേശം ചോദിക്കാൻ പറ്റിയ ഏറ്റവും നല്ലയാൾ നമ്മുടെ പിതാവായ യഹോവയാണ്. യഹോവ നമ്മളോട് ഇങ്ങനെ പറഞ്ഞിട്ടുണ്ട്: “നിന്റെ മേൽ കണ്ണുനട്ട് ഞാൻ നിന്നെ ഉപദേശിക്കും.” (സങ്കീ. 32:8) അതു കാണിക്കുന്നത് യഹോവ നമുക്ക് ഓരോരുത്തർക്കും ആവശ്യമായ ഉപദേശങ്ങൾ തരുകയും അത് അനുസരിക്കാൻ നമ്മളെ സഹായിക്കുകയും ചെയ്യുന്നു എന്നാണ്.
3. ഈ ലേഖനത്തിൽ നമ്മൾ എന്ത് പഠിക്കും?
3 ഈ ലേഖനത്തിൽ, നാലു ചോദ്യങ്ങൾക്ക് ബൈബിളിൽനിന്ന് നമ്മൾ ഉത്തരം കണ്ടെത്തും. (1) ഉപദേശം കിട്ടുമ്പോൾ അതിൽനിന്ന് പ്രയോജനം നേടാൻ എനിക്ക് ഏതെല്ലാം ഗുണങ്ങൾ വേണം? (2) എനിക്ക് നല്ല ഉപദേശം തരാൻ ആർക്കു കഴിയും? (3) ഒരു തുറന്ന മനസ്സോടെ ഉപദേശം തേടാൻ എനിക്ക് എന്തു ചെയ്യാനാകും? (4) എനിക്കുവേണ്ടി തീരുമാനമെടുക്കാൻ ഞാൻ മറ്റുള്ളവരോട് ആവശ്യപ്പെടരുതാത്തത് എന്തുകൊണ്ട്?
എനിക്ക് ഏതെല്ലാം ഗുണങ്ങൾ വേണം?
4. നല്ല ഉപദേശത്തിൽനിന്ന് പ്രയോജനം കിട്ടണമെങ്കിൽ നമുക്ക് ഏതെല്ലാം ഗുണങ്ങൾ വേണം?
4 നല്ല ഉപദേശം കിട്ടുമ്പോൾ അതിൽനിന്ന് പ്രയോജനം നേടണമെങ്കിൽ നമുക്ക് താഴ്മയും എളിമയും ആവശ്യമാണ്. എപ്പോഴും നല്ല തീരുമാനങ്ങളെടുക്കാൻ വേണ്ട അനുഭവപരിചയമോ അറിവോ നമുക്ക് ഉണ്ടായിരിക്കില്ലെന്ന് നമ്മൾ അംഗീകരിക്കണം. നമുക്കു താഴ്മയും എളിമയും ഇല്ലെങ്കിൽ യഹോവയ്ക്കു നമ്മളെ സഹായിക്കാനാകില്ല. അതുകൊണ്ടുതന്നെ ദൈവവചനം വായിക്കുമ്പോൾ ഇത് എനിക്കുള്ള ഉപദേശമാണെന്ന് നമുക്ക് തിരിച്ചറിയാൻ പറ്റാതെ വരും. അത് കല്ലിന്റെ മുകളിൽ ഒഴിക്കുന്ന വെള്ളംപോലെ വെറുതെയങ്ങ് ഒഴുകിപ്പോകും. (മീഖ 6:8; 1 പത്രോ. 5:5) എന്നാൽ താഴ്മയും എളിമയും ഉണ്ടെങ്കിൽ നമ്മൾ ബൈബിൾ തരുന്ന ഉപദേശം പെട്ടെന്നു സ്വീകരിക്കുകയും അതിൽനിന്ന് പ്രയോജനം നേടുകയും ചെയ്യും.
5. വേണമെങ്കിൽ അഹങ്കരിക്കാവുന്ന എന്തെല്ലാം നേട്ടങ്ങൾ ദാവീദിനുണ്ടായിരുന്നു?
5 ദാവീദ് രാജാവിൽനിന്ന് നമുക്ക് എന്തു പഠിക്കാമെന്നു നോക്കാം. ദാവീദിന് വേണമെങ്കിൽ അഹങ്കരിക്കാൻ ഒരുപാടു കാര്യങ്ങൾ ഉണ്ടായിരുന്നു. ഒരു രാജാവാകുന്നതിനു വളരെ മുമ്പുതന്നെ സംഗീതജ്ഞൻ എന്ന നിലയിൽ പേരുകേട്ട ഒരാളായിരുന്നു അദ്ദേഹം. ശൗൽ രാജാവിന്റെ മുന്നിൽപോലും സംഗീതോപകരണം വായിക്കാൻ ദാവീദിനെ വിളിച്ചിട്ടുണ്ട്. (1 ശമു. 16:18, 19) അടുത്ത രാജാവായി ദാവീദിനെ അഭിഷേകം ചെയ്തുകഴിഞ്ഞപ്പോൾ യഹോവ തന്റെ ആത്മാവിനെ നൽകി ദാവീദിനെ ശക്തീകരിച്ചു. (1 ശമു. 16:11-13) അതുപോലെ ഫെലിസ്ത്യമല്ലനായ ഗൊല്യാത്തിനെ ഉൾപ്പെടെ ഇസ്രായേല്യരുടെ ശത്രുക്കളെ തോൽപ്പിച്ചതിന് അദ്ദേഹം തന്റെ ജനത്തിനിടയിൽ പ്രശസ്തനായിരുന്നു. (1 ശമു. 17:37, 50; 18:7) അഹങ്കാരിയായ ഒരു വ്യക്തിക്കാണ് ഇത്രയും നേട്ടങ്ങൾ ഒക്കെ കിട്ടുന്നതെങ്കിൽ തനിക്ക് ഇനി ആരുടേയും ഉപദേശമൊന്നും ആവശ്യമില്ല എന്ന് അയാൾ ചിന്തിക്കാൻ ഇടയുണ്ട്. പക്ഷേ ദാവീദ് അങ്ങനെ ഒരാൾ ആയിരുന്നില്ല.
6. ഉപദേശം മനസ്സോടെ സ്വീകരിക്കുന്ന ഒരു വ്യക്തിയായിരുന്നു ദാവീദ് എന്ന് നമുക്ക് എങ്ങനെ അറിയാം? ( ചിത്രവും കാണുക.)
6 രാജാവായതിനു ശേഷം ദാവീദ് ഉപദേശം തരുന്നവരെ തന്റെ അടുത്ത സുഹൃത്തുക്കളാക്കി. (1 ദിന. 27:32-34) എന്നാൽ രാജാവാകുന്നതിനു മുമ്പും ഉപദേശം സ്വീകരിക്കുന്ന കാര്യത്തിൽ ദാവീദ് നല്ലൊരു മാതൃകയായിരുന്നു. പുരുഷന്മാരിൽനിന്ന് മാത്രമല്ല അബീഗയിൽ എന്നൊരു സ്ത്രീയിൽനിന്നുപോലും ദാവീദ് ഉപദേശം സ്വീകരിച്ചു. അബീഗയിലിന്റെ ഭർത്താവായ നാബാലിനെപ്പോലെ ദാവീദ് നന്ദിയും ബഹുമാനവും ഇല്ലാത്ത, അഹങ്കാരിയായ ഒരാളായിരുന്നില്ല; പകരം താഴ്മയുള്ള ആളായിരുന്നു. അതുകൊണ്ട് ദാവീദ് ആ സ്ത്രീയുടെ ഉപദേശം സ്വീകരിക്കുകയും അങ്ങനെ വലിയൊരു തെറ്റ് ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്തു.—1 ശമു. 25:2, 3, 21-25, 32-34.
ദാവീദ് താഴ്മയോടെ അബീഗയിലിന്റെ ഉപദേശം സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്തു (6-ാം ഖണ്ഡിക കാണുക)
7. ദാവീദിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തൊക്കെ പാഠങ്ങൾ പഠിക്കാം? (സഭാപ്രസംഗകൻ 4:13) (ചിത്രങ്ങളും കാണുക.)
7 ദാവീദിൽനിന്ന് നമുക്കു ചില പാഠങ്ങൾ പഠിക്കാനുണ്ട്. ഉദാഹരണത്തിന്, നമുക്കു ചിലപ്പോൾ കഴിവുകളോ ചില അധികാരങ്ങളോ ഒക്കെ ഉണ്ടായിരിക്കാം. എന്നാൽ ‘എനിക്ക് എല്ലാം അറിയാം, അതുകൊണ്ട് ആരുടെയും ഉപദേശം ആവശ്യമില്ല’ എന്നു നമ്മൾ ഒരിക്കലും ചിന്തിക്കരുത്. അതുപോലെ നല്ല ഉപദേശം തരുന്നത് ആരാണെങ്കിലും ദാവീദിനെപ്പോലെ അതു സ്വീകരിക്കാൻ നമ്മൾ തയ്യാറാകണം. (സഭാപ്രസംഗകൻ 4:13 വായിക്കുക.) അങ്ങനെ ചെയ്താൽ നമ്മളെയും മറ്റുള്ളവരെയും വേദനിപ്പിക്കുന്ന വലിയ തെറ്റുകൾ ഒഴിവാക്കാൻ നമുക്കായേക്കും.
നല്ല ഉപദേശം ആരിൽനിന്ന് കിട്ടിയാലും നമ്മൾ അതു സ്വീകരിക്കാൻ തയ്യാറായിരിക്കണം (7-ാം ഖണ്ഡിക കാണുക)c
എനിക്ക് നല്ല ഉപദേശം തരാൻ ആർക്കു കഴിയും?
8. ദാവീദിനു നല്ല ഉപദേശം കൊടുക്കാൻ യോനാഥാന് കഴിഞ്ഞത് എന്തുകൊണ്ട്?
8 ദാവീദിൽനിന്ന് പഠിക്കാനാകുന്ന മറ്റൊരു പാഠം നമുക്കു നോക്കാം. ദാവീദ് ഉപദേശം സ്വീകരിച്ചത് യഹോവയുമായി നല്ല ബന്ധമുള്ള വ്യക്തികളിൽനിന്നായിരുന്നു. എന്നാൽ അതുമാത്രമല്ല, ദാവീദ് നേരിടുന്ന സാഹചര്യം അവർക്ക് നന്നായി അറിയുകയും ചെയ്യാമായിരുന്നു. ഉദാഹരണത്തിന്, രാജാവായ ശൗലുമായി സമാധാനത്തിലാകാൻ പറ്റുമോ എന്നറിയാൻ ദാവീദ് ശൗലിന്റെ മകനായ യോനാഥാനോടാണ് ഉപദേശം ചോദിച്ചത്. ആ സാഹചര്യത്തിൽ ഏറ്റവും നല്ല ഉപദേശം കൊടുക്കാൻ പറ്റിയ ആൾ യോനാഥാനായിരുന്നു. എന്തുകൊണ്ട്? കാരണം യോനാഥാന് യഹോവയുമായി നല്ല ഒരു ബന്ധമുണ്ടായിരുന്നു; അതുപോലെ ശൗലിനെ നന്നായി അറിയാവുന്ന ആളുമായിരുന്നു. (1 ശമു. 20:9-13) ദാവീദിന്റെ ഈ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം?
9. ഉപദേശം വേണ്ടപ്പോൾ നമ്മൾ ആരോട് ചോദിക്കണം? വിശദീകരിക്കുക. (സുഭാഷിതങ്ങൾ 13:20)
9 നമ്മൾ ഒരാളോട് ഉപദേശം ചോദിക്കുമ്പോൾ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുന്നതു പ്രയോജനം ചെയ്യും. ആ വ്യക്തിക്ക് യഹോവയുമായി നല്ലൊരു ബന്ധമുണ്ടോ എന്നും അതുപോലെ നമ്മൾ ചോദിക്കുന്ന വിഷയത്തിൽ അദ്ദേഹത്തിന് അനുഭവപരിചയമുണ്ടോ എന്നും നോക്കാനാകും.a (സുഭാഷിതങ്ങൾ 13:20 വായിക്കുക.) ഉദാഹരണത്തിന്, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരനായ ഒരു സഹോദരനെക്കുറിച്ച് ചിന്തിക്കുക. അദ്ദേഹം അവിവാഹിതനായ ഒരു സഹോദരനോട് ഉപദേശം ചോദിക്കുന്നതിൽ തെറ്റൊന്നുമില്ല. കാരണം ആ സഹോദരനു ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ ചില ഉപദേശങ്ങൾ കൊടുക്കാൻ കഴിഞ്ഞേക്കും. എന്നാൽ ആ യുവസഹോദരൻ, തന്നെ നന്നായി അറിയാവുന്ന, വർഷങ്ങളായി ഒരുമിച്ച് യഹോവയെ സേവിക്കുന്ന ഒരു ദമ്പതികളോടാണ് ഉപദേശം ചോദിക്കുന്നതെങ്കിൽ കൂടുതൽ നല്ലതായിരിക്കും. ബൈബിളിലെ നിർദേശങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാം എന്നു മാത്രമല്ല സ്വന്തം ജീവിതത്തിൽനിന്ന് പഠിച്ച പാഠങ്ങളും പറഞ്ഞുകൊടുക്കാൻ ആ ദമ്പതികൾക്ക് കഴിഞ്ഞേക്കും.
10. നമ്മൾ ഇനി എന്താണ് പഠിക്കാൻപോകുന്നത്?
10 നമുക്ക് ഉണ്ടായിരിക്കേണ്ട രണ്ടു ഗുണങ്ങളെക്കുറിച്ചും നല്ല ഉപദേശം തരാൻ ആർക്കു കഴിയും എന്നതിനെക്കുറിച്ചും നമ്മൾ ചർച്ച ചെയ്തു. ഇനി, ഒരു ഉപദേശം ചോദിക്കുമ്പോൾ തുറന്ന മനസ്സുണ്ടായിരിക്കേണ്ടത് എന്തുകൊണ്ടാണെന്നും നമുക്കുവേണ്ടി തീരുമാനമെടുക്കാൻ മറ്റുള്ളവരോട് പറയുന്നത് ശരിയാണോ എന്നും നമ്മൾ പഠിക്കാൻപോകുകയാണ്.
തുറന്ന മനസ്സോടെ ഉപദേശം തേടാൻ എനിക്ക് എന്തു ചെയ്യാം?
11-12. (എ) ചിലപ്പോൾ നമ്മൾ എന്തു ചെയ്തേക്കാം? (ബി) പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കേണ്ടിവന്നപ്പോൾ രാജാവായ രഹബെയാം എന്തു ചെയ്തു?
11 ചിലപ്പോൾ ഒരു വ്യക്തി മറ്റുള്ളവരോട് ഉപദേശം ചോദിച്ചേക്കാം. പക്ഷേ താൻ അതിനോടകം എടുത്ത തീരുമാനത്തോട് മറ്റേയാൾ യോജിക്കുന്നുണ്ടോ എന്നറിയാൻവേണ്ടി മാത്രമായിരിക്കാം അങ്ങനെ ചോദിക്കുന്നത്. അങ്ങനെയൊരാൾക്കു തുറന്ന മനസ്സുണ്ടെന്ന് പറയാനാകില്ല. രഹബെയാം രാജാവിന്റെ ജീവിതം ആ വ്യക്തിക്കുള്ള ഒരു മുന്നറിയിപ്പാണ്.
12 ഇസ്രായേലിൽ ശലോമോനു ശേഷം വന്ന രാജാവായിരുന്നു രഹബെയാം. രാജ്യം വളരെ സമ്പദ്സമൃദ്ധിയിലിരുന്ന സമയത്താണ് രഹബെയാം രാജാവായത്. പക്ഷേ ശലോമോൻ രാജാവ് തങ്ങളുടെമേൽ അമിതഭാരം ചുമത്തിയതായി ജനങ്ങൾക്കു തോന്നിയിരുന്നു. അതുകൊണ്ട് ആ ഭാരം കുറച്ചുതരണം എന്ന് അവർ രഹബെയാമിനോട് അപേക്ഷിച്ചു. തീരുമാനമെടുക്കാൻ രഹബെയാം ജനത്തോട് സമയം ആവശ്യപ്പെട്ടു. എന്നിട്ട് അദ്ദേഹം ശലോമോൻ രാജാവിന് ഉപദേശങ്ങൾ നൽകിയിരുന്ന പ്രായമുള്ള പുരുഷന്മാരോട് അഭിപ്രായം ചോദിച്ചു. അതൊരു നല്ല തുടക്കമായിരുന്നു. (1 രാജാ. 12:2-7) എങ്കിലും അവരുടെ ഉപദേശം അദ്ദേഹം തള്ളിക്കളഞ്ഞു. എന്തുകൊണ്ടാണ് രഹബെയാം അങ്ങനെ ചെയ്തത്? അദ്ദേഹം അപ്പോൾത്തന്നെ ഒരു തീരുമാനം എടുത്തിട്ടുണ്ടായിരുന്നോ? എന്നിട്ട് ആ തീരുമാനം അംഗീകരിക്കുന്ന ആളുകളെ തിരയുകയായിരുന്നോ? ചിലപ്പോൾ അതുകൊണ്ടായിരിക്കാം ചെറുപ്പക്കാരായ തന്റെ കൂട്ടുകാർ കൊടുത്ത ഉപദേശം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടത്. (1 രാജാ. 12:8-14) ആ ഉപദേശത്തിനു ചേർച്ചയിൽ രഹബെയാം ജനത്തോട് മറുപടി പറഞ്ഞു. പക്ഷേ അതിന്റെ ഫലമായി രാജ്യം വിഭജിക്കപ്പെട്ടു. പിന്നീടങ്ങോട്ട് രഹബെയാമിന്റെ ജീവിതത്തിൽ മുഴുവൻ പ്രശ്നങ്ങളായിരുന്നു.—1 രാജാ. 12:16-19.
13. നമുക്ക് ഒരു തുറന്ന മനസ്സുണ്ടോ എന്ന് എങ്ങനെ അറിയാം?
13 രഹബെയാമിൽനിന്ന് നമുക്ക് എന്തു പഠിക്കാം? നമ്മൾ ഉപദേശം ചോദിക്കുന്നത് ഒരു തുറന്ന മനസ്സോടെയായിരിക്കണം. നമുക്ക് ഒരു തുറന്ന മനസ്സുണ്ടോ എന്ന് എങ്ങനെ അറിയാം? അതിനായി സ്വയം ചിന്തിക്കുക: ‘ഉപദേശം ചോദിക്കുമ്പോൾ ഞാൻ കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു കാര്യമാണ് മറ്റുള്ളവർ പറയുന്നതെങ്കിൽ ഞാൻ അത് തള്ളിക്കളയാറുണ്ടോ?’ ഒരു ഉദാഹരണം നോക്കാം.
14. ഉപദേശം കിട്ടുമ്പോൾ നമ്മൾ എന്ത് ഓർക്കണം? ഒരു ഉദാഹരണം പറയുക. (ചിത്രവും കാണുക.)
14 ഒരു സഹോദരനു നല്ലൊരു ജോലിക്കുള്ള ക്ഷണം കിട്ടുന്നെന്നു വിചാരിക്കുക. ജോലി സ്വീകരിക്കുന്നതിനു മുമ്പ് സഹോദരൻ ഒരു മൂപ്പനോട് ഉപദേശം ചോദിക്കുന്നു. ആ ജോലി തിരഞ്ഞെടുത്താൽ കൂടെക്കൂടെ ആഴ്ചകളോളം വീട്ടിൽനിന്ന് മാറിനിൽക്കേണ്ടി വരുമെന്നും സഹോദരൻ മൂപ്പനോടു പറഞ്ഞു. അത് കേട്ടുകഴിഞ്ഞപ്പോൾ, കുടുംബത്തിനുവേണ്ടി ആത്മീയമായി കരുതുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം എന്ന ബൈബിൾതത്ത്വം മൂപ്പൻ ഈ സഹോദരനെ ഓർമിപ്പിച്ചു. (എഫെ. 6:4; 1 തിമൊ. 5:8) ആ ഉപദേശം സഹോദരന് ഇഷ്ടമായില്ല. അതുകൊണ്ടുതന്നെ ആ ഉപദേശത്തിന് അദ്ദേഹം പല കുറ്റങ്ങളും കണ്ടുപിടിക്കുന്നു. എന്നിട്ട് താൻ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു മറുപടി കിട്ടുന്നതുവരെ മറ്റു സഹോദരങ്ങളോട് അദ്ദേഹം മാറിമാറി ചോദിച്ചുകൊണ്ടിരുന്നു. സഹോദരൻ ശരിക്കും ഉപദേശം ചോദിക്കുകയായിരുന്നോ? അതോ താനെടുത്ത തീരുമാനത്തെ അംഗീകരിക്കുന്ന ഒരാളെ അന്വേഷിക്കുകയായിരുന്നോ? നമ്മുടെ ഹൃദയം വഞ്ചകമാണെന്ന് എപ്പോഴും ഓർക്കാം. (യിരെ. 17:9) ചിലപ്പോൾ നമ്മൾ ഒട്ടും കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു ഉപദേശമായിരിക്കും നമുക്ക് ഏറ്റവും വേണ്ടത്.
നമ്മൾ ശരിക്കും നല്ല ഉപദേശം തേടുകയാണോ? അതോ നമ്മുടെ തീരുമാനത്തോടു യോജിക്കുന്ന ഒരാളെ അന്വേഷിക്കുകയാണോ? (14-ാം ഖണ്ഡിക കാണുക)
എനിക്കുവേണ്ടി തീരുമാനമെടുക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടാമോ?
15. നമ്മൾ എന്തു ചെയ്യരുത്, എന്തുകൊണ്ട്?
15 നമുക്കുവേണ്ടി തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്വം നമുക്കുതന്നെയാണ്. (ഗലാ. 6:4, 5) നമ്മൾ കണ്ടതുപോലെ ജ്ഞാനിയായ ഒരു വ്യക്തി ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് ദൈവവചനത്തിൽനിന്നും പക്വതയുള്ള ക്രിസ്ത്യാനികളിൽനിന്നും ഉപദേശം തേടും. പക്ഷേ നമ്മൾ ഒരിക്കലും നമുക്കുവേണ്ടി തീരുമാനമെടുക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടരുത്. കാരണം ചിലർക്ക് ഇങ്ങനെ ഒരു പ്രശ്നം പറ്റിയേക്കാം: അവർ തങ്ങൾ ആദരിക്കുന്ന ആരോടെങ്കിലും “എന്റെ സാഹചര്യത്തിൽ നിങ്ങൾ ആയിരുന്നെങ്കിൽ എന്ത് ചെയ്തേനേ” എന്നു നേരിട്ടു ചോദിച്ചേക്കാം. ഇനി മറ്റു ചിലർ അങ്ങനെ നേരിട്ടു ചോദിക്കില്ല. പകരം തങ്ങളുടെ അതേ സാഹചര്യത്തിൽ വേറെ ആരെങ്കിലും എടുത്ത തീരുമാനം കൂടുതലൊന്നും ചിന്തിക്കാതെ അതേപടി പകർത്താൻ ശ്രമിക്കും.
16. വിഗ്രഹങ്ങൾക്ക് അർപ്പിച്ച മാംസം കഴിക്കുന്നതിനോടു ബന്ധപ്പെട്ട് കൊരിന്ത് സഭയിൽ എന്ത് സാഹചര്യം ഉണ്ടായി, ആ മാംസം കഴിക്കണോ എന്ന തീരുമാനം ആരുടേതായിരുന്നു? (1 കൊരിന്ത്യർ 8:7; 10:25, 26)
16 ഒന്നാം നൂറ്റാണ്ടിലെ കൊരിന്ത് സഭയിലുണ്ടായ ഒരു സാഹചര്യം നമുക്കു നോക്കാം. വിഗ്രഹങ്ങൾക്ക് അർപ്പിച്ചിരിക്കാൻ സാധ്യതയുള്ള മാംസം കഴിക്കുന്നതിനോട് ബന്ധപ്പെട്ട് ഒരു തീരുമാനം അവർക്ക് എടുക്കേണ്ടതുണ്ടായിരുന്നു. അതെക്കുറിച്ച് പൗലോസ് ആ ക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതി: “വിഗ്രഹങ്ങൾ ഒന്നുമല്ലെന്നും ഏകദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല എന്നും നമുക്ക് അറിയാം.” (1 കൊരി. 8:4) പൗലോസ് ഇങ്ങനെ പറഞ്ഞതുകൊണ്ട് ചന്തസ്ഥലത്ത് വിൽക്കുന്ന മാംസം, അതിപ്പോൾ വിഗ്രഹങ്ങൾക്ക് അർപ്പിച്ചതാണെങ്കിലും, വാങ്ങി കഴിക്കുന്നതിൽ കുഴപ്പമില്ലെന്ന് ചില ക്രിസ്ത്യാനികൾ തീരുമാനിച്ചു. എന്നാൽ മറ്റു ചിലർ അത് കഴിക്കേണ്ടെന്നാണ് തീരുമാനിച്ചത്, കാരണം അവരുടെ മനസ്സാക്ഷി അത് അനുവദിച്ചില്ല. (1 കൊരിന്ത്യർ 8:7; 10:25, 26 വായിക്കുക.) ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമായിരുന്നു അത്. മറ്റൊരാൾക്കുവേണ്ടി തീരുമാനം എടുക്കാനോ വേറൊരാളുടെ തീരുമാനം അതേപടി അനുകരിക്കാനോ പൗലോസ് ഒരിക്കലും കൊരിന്തിലെ ക്രിസ്ത്യാനികളോട് പറഞ്ഞില്ല. അവർ ‘ഓരോരുത്തരുമായിരുന്നു ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിയിരുന്നത്.’—റോമ. 14:10-12.
17. മറ്റുള്ളവർ ചെയ്യുന്നത് അതേപടി പകർത്തിയാൽ എന്തു സംഭവിച്ചേക്കാം? ഒരു ഉദാഹരണം പറയുക. (ചിത്രങ്ങളും കാണുക.)
17 ഇന്ന് സമാനമായ ഒരു സാഹചര്യം ഉണ്ടായേക്കാവുന്നത് എങ്ങനെയാണ്? രക്തത്തിന്റെ ഘടകാംശങ്ങളുടെ കാര്യം ഒരു ഉദാഹരണമായെടുക്കാം. ഓരോ ക്രിസ്ത്യാനിയും എടുക്കേണ്ട ഒരു തീരുമാനമാണ് അത്.b ആ വിഷയത്തെക്കുറിച്ച് എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്നു നമുക്കു തോന്നിയേക്കാം. പക്ഷേ ഘടകാംശങ്ങൾ സ്വീകരിക്കണോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരും സ്വന്തമായി എടുക്കേണ്ട തീരുമാനമാണ്. (റോമ. 14:4) നമ്മൾ മറ്റൊരാളുടെ തീരുമാനം അതേപടി പകർത്താൻ നോക്കിയാൽ എന്താണ് കുഴപ്പം? നമ്മൾ ജ്ഞാനികൾ ആകില്ല, നമ്മുടെ മനസ്സാക്ഷി ദുർബലമായേക്കാം. ബൈബിൾ അനുസരിച്ച് സ്വന്തമായി തീരുമാനങ്ങളെടുത്താലേ നമുക്കു മനസ്സാക്ഷിയെ പരിശീലിപ്പിക്കാനും ശക്തമാക്കാനും കഴിയുകയുള്ളൂ. (എബ്രാ. 5:14) അങ്ങനെയാണെങ്കിൽ പക്വതയുള്ള ഒരു ക്രിസ്ത്യാനിയോട് നമ്മൾ ഉപദേശം ചോദിക്കേണ്ടത് എപ്പോഴാണ്? ആ വിഷയത്തിൽ ആവശ്യമായ ഗവേഷണങ്ങൾ ഒക്കെ നടത്തിക്കഴിഞ്ഞും തിരുവെഴുത്തുതത്ത്വങ്ങൾ എങ്ങനെയാണ് പ്രാവർത്തികമാക്കേണ്ടതെന്നു നമുക്കു മനസ്സിലാകുന്നില്ലെങ്കിൽ അപ്പോൾ സഹായം ചോദിക്കാനാകും.
സ്വന്തമായി ഗവേഷണം ചെയ്തശേഷമാണ് മറ്റുള്ളവരോട് ഉപദേശം ചോദിക്കേണ്ടത് (17-ാം ഖണ്ഡിക കാണുക)
ഉപദേശം ചോദിച്ചുകൊണ്ടിരിക്കുക
18. യഹോവ നമുക്കുവേണ്ടി എന്താണു ചെയ്തിരിക്കുന്നത്?
18 സ്വന്തമായി തീരുമാനങ്ങളെടുക്കാൻ യഹോവ നമ്മളെ അനുവദിച്ചിരിക്കുന്നു. നമ്മളിൽ വലിയ വിശ്വാസമുണ്ടെന്നല്ലേ അതിലൂടെ യഹോവ കാണിക്കുന്നത്. തീരുമാനങ്ങളെടുക്കാനുള്ള സഹായത്തിനായി ദൈവം തന്റെ വചനമായ ബൈബിൾ നമുക്കു നൽകിയിരിക്കുന്നു. ഇനി ബൈബിളിലെ തത്ത്വങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന നല്ല സുഹൃത്തുക്കളെയും ദൈവം തന്നിട്ടുണ്ട്. ഇങ്ങനെയെല്ലാം, സ്നേഹമുള്ള ഒരു പിതാവിനെപ്പോലെ യഹോവ നമുക്കായി കരുതുന്നു. (സുഭാ. 3:21-23) നമുക്ക് എങ്ങനെ ഇതിനെല്ലാം തിരിച്ച് നന്ദി കാണിക്കാനാകും?
19. നമുക്ക് എങ്ങനെ തുടർന്നും യഹോവയെ സന്തോഷിപ്പിക്കാം?
19 ഇങ്ങനെ ചിന്തിക്കുക: മാതാപിതാക്കൾക്കു തങ്ങളുടെ മക്കൾ പക്വതയിലേക്കു വളരുന്നതും ജ്ഞാനികളായ, മറ്റുള്ളവരെ സഹായിക്കുന്ന ദൈവദാസരായി മാറുന്നതും ഒക്കെ കാണുമ്പോൾ വളരെ സന്തോഷമാകും. നമ്മുടെ സ്വർഗീയ പിതാവായ യഹോവയും അതുപോലെതന്നെയാണ്. നമ്മൾ ആത്മീയപക്വതയിലേക്കു വളരുന്നതും ഉപദേശങ്ങൾ ചോദിക്കുന്നതും തന്നെ മഹത്ത്വപ്പെടുത്തുന്ന തീരുമാനങ്ങളെടുക്കുന്നതും ഒക്കെ കാണുമ്പോൾ യഹോവയും സന്തോഷിക്കുന്നു.
ഗീതം 127 ഞാൻ എങ്ങനെയുള്ള ആളായിരിക്കണം?
a സാമ്പത്തികം, വൈദ്യശാസ്ത്രം എന്നിവപോലുള്ള വിഷയങ്ങളിൽ തീരുമാനം എടുക്കേണ്ടിവരുമ്പോൾ ക്രിസ്ത്യാനികൾ യഹോവയുടെ ആരാധകർ അല്ലാത്തവരോടും ഉപദേശം ചോദിച്ചേക്കാം.
b ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാൻ ജീവിതം ആസ്വദിക്കാം പുസ്തകം, പാഠം 39-ലെ പോയിന്റ് 5-ഉം “കൂടുതൽ മനസ്സിലാക്കാൻ” എന്ന ഭാഗവും കാണുക.
c ചിത്രത്തിന്റെ വിവരണം: കഴിഞ്ഞ മീറ്റിങ്ങിൽ സംസാരിച്ച വിധത്തെക്കുറിച്ച് ഒരു മൂപ്പൻ സഹമൂപ്പന് ഉപദേശം കൊടുക്കുന്നു.