പഠനലേഖനം 29
ഗീതം 87 വരൂ, ഉന്മേഷം നേടൂ!
നല്ല ഉപദേശം എങ്ങനെ കൊടുക്കാം?
“നിന്റെ മേൽ കണ്ണുനട്ട് ഞാൻ നിന്നെ ഉപദേശിക്കും.”—സങ്കീ. 32:8.
ഉദ്ദേശ്യം
മറ്റുള്ളവർക്കു പ്രയോജനം ചെയ്യുന്ന ഉപദേശം നമുക്ക് എങ്ങനെ കൊടുക്കാമെന്നു നോക്കാം.
1. ആരൊക്കെ ഉപദേശം കൊടുക്കണം, എന്തുകൊണ്ട്?
ഉപദേശം കൊടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾക്ക് എന്താണു തോന്നുന്നത്? ചിലർക്ക് അതു കൊടുക്കാൻ സന്തോഷമായിരിക്കും. എന്നാൽ മറ്റു ചിലർക്ക് ഉപദേശം കൊടുക്കാൻ പേടിയോ ചമ്മലോ ഒക്കെയായിരിക്കാം. എന്തുതന്നെയായാലും നമ്മൾ എല്ലാവരും ഉപദേശം കൊടുക്കേണ്ടവരാണ്. കാരണം തന്റെ അനുഗാമികളെ തിരിച്ചറിയിക്കുന്ന ഗുണം പരസ്പരമുള്ള സ്നേഹമാണെന്നു യേശു പറഞ്ഞു. (യോഹ. 13:35) ആ സ്നേഹം കാണിക്കുന്നതിനുള്ള ഒരു വഴിയാണു സഹോദരങ്ങൾക്ക് ആവശ്യമായ ഉപദേശം കൊടുക്കുന്നത്. ‘ആത്മാർഥമായ ഉപദേശത്തിൽനിന്ന് മധുരമായ സൗഹൃദം’ വളരുമെന്നു ബൈബിൾ പറയുന്നു.—സുഭാ. 27:9.
2. എന്തു ചെയ്യാൻ മൂപ്പന്മാർ അറിഞ്ഞിരിക്കണം, എന്തുകൊണ്ട്? (“ഇടദിവസത്തെ മീറ്റിങ്ങിലെ ബുദ്ധിയുപദേശം” എന്ന ചതുരവും കാണുക.)
2 പ്രത്യേകിച്ചും മൂപ്പന്മാർ മറ്റുള്ളവർക്കു ഫലകരമായ ഉപദേശങ്ങൾ കൊടുക്കാൻ അറിഞ്ഞിരിക്കണം. കാരണം യഹോവ യേശുവിലൂടെ അവരെയാണു സഭയുടെ ഇടയന്മാരായി നിയമിച്ചിരിക്കുന്നത്. (1 പത്രോ. 5:2, 3) അവർ അതു ചെയ്യുന്ന ഒരു വിധം, സഭയിൽ പ്രസംഗങ്ങൾ നടത്തിക്കൊണ്ടാണ്. അതിലൂടെ അവർ ബൈബിളിൽനിന്നുള്ള ഉപദേശങ്ങൾ നമുക്കു തരുന്നു. ഇനി ഒരോ ആടുകൾക്കും വ്യക്തിപരമായി വേണ്ട ഉപദേശവും അവർ കൊടുക്കുന്നു. അതിൽ യഹോവയിൽനിന്ന് അകന്നുപോയവരും ഉൾപ്പെടും. അങ്ങനെയെങ്കിൽ മൂപ്പന്മാർക്കും നമുക്ക് എല്ലാവർക്കും എങ്ങനെ മറ്റുള്ളവർക്കു നല്ല ഉപദേശം കൊടുക്കാനാകും?
3. (എ) നല്ല ഉപദേശം കൊടുക്കാൻ പഠിക്കുന്നതിനു നമുക്ക് എന്തു ചെയ്യാം? (യശയ്യ 9:6; “ഉപദേശം കൊടുക്കുമ്പോൾ യേശുവിനെ അനുകരിക്കുക” എന്ന ചതുരവും കാണുക.) (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
3 എങ്ങനെ നല്ല ഉപദേശം കൊടുക്കാൻ കഴിയുമെന്നു പഠിക്കാൻ ബൈബിൾമാതൃകകൾ നോക്കിയാൽ മതി. യേശു അതിൽ ഒരു മികച്ച മാതൃകയാണ്. യേശുവിനെ “അതുല്യനായ ഉപദേശകൻ” എന്ന് വിളിച്ചിട്ടുണ്ട്. (യശയ്യ 9:6 വായിക്കുക.) ഈ ലേഖനത്തിൽ, ആരെങ്കിലും നമ്മളോട് ഒരു ഉപദേശം ചോദിക്കുമ്പോൾ എന്ത് ചെയ്യാമെന്നും ഇനി ഉപദേശം ചോദിക്കാതെ അതു കൊടുക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ എന്തു ചെയ്യാമെന്നും നമ്മൾ നോക്കും. കൂടാതെ ഉചിതമായ സമയത്ത്, ഉചിതമായ രീതിയിൽ ഉപദേശം കൊടുക്കേണ്ടതിന്റെ പ്രാധാന്യവും നമ്മൾ കാണും.
നമ്മളോട് ആരെങ്കിലും ഉപദേശം ചോദിക്കുമ്പോൾ
4-5. ആരെങ്കിലും ഒരു ഉപദേശം ചോദിക്കുമ്പോൾ നമ്മൾ സ്വയം ഏതു ചോദ്യം ചോദിക്കണം? ഒരു ഉദാഹരണം പറയുക.
4 നിങ്ങളോട് ആരെങ്കിലും ഒരു ഉപദേശം ചോദിക്കുമ്പോൾ എന്തായിരിക്കും ആദ്യം തോന്നുന്നത്? ചിലപ്പോൾ നിങ്ങൾക്കു സന്തോഷം തോന്നും. പെട്ടെന്നു സഹായിക്കാനും ശ്രമിക്കും. എന്നാൽ അങ്ങനെ ചെയ്യുന്നതിനു മുമ്പ് നമ്മൾ സ്വയം ഇങ്ങനെ ചോദിക്കണം, ‘ഈ വിഷയത്തിൽ ഒരു ഉപദേശം കൊടുക്കാൻ വേണ്ട അറിവ് എനിക്കുണ്ടോ?’ ചിലപ്പോൾ, നമ്മൾ ഒരു ഉപദേശം കൊടുക്കുന്നതിനെക്കാളും കൂടുതൽ നല്ലത് ആ വിഷയത്തിൽ നല്ല അറിവുള്ള ഒരു വ്യക്തിയെ കണ്ടെത്താൻ അദ്ദേഹത്തെ സഹായിക്കുന്നതായിരിക്കും.
5 ഒരു ഉദാഹരണം നോക്കാം. നിങ്ങളുടെ ഒരു അടുത്ത സുഹൃത്ത് തനിക്കുള്ള ഗുരുതരമായ ഒരു ആരോഗ്യപ്രശ്നത്തെക്കുറിച്ച് നിങ്ങളോടു പറയുന്നു. ആ വ്യക്തി പല ചികിത്സാരീതികളെക്കുറിച്ച് അറിയാൻ ശ്രമിക്കുകയാണ്. അപ്പോൾ നിങ്ങളോടും അഭിപ്രായം ചോദിക്കുന്നു. ഏതെങ്കിലും ഒരു ചികിത്സാരീതിയോടു നിങ്ങൾക്കു കൂടുതൽ ഇഷ്ടം കാണും. പക്ഷേ അതെക്കുറിച്ച് ഒരു അഭിപ്രായം പറയാൻമാത്രം ആരോഗ്യമേഖലയിൽ അറിവോ അനുഭവപരിചയമോ നിങ്ങൾക്ക് ഇല്ല. അങ്ങനെയൊരു സാഹചര്യത്തിൽ ഏറ്റവും നല്ലത്, നിങ്ങൾ ഒരു അഭിപ്രായം പറയുന്നതിനു പകരം ആ വ്യക്തിക്കു നല്ല ഉപദേശം കൊടുക്കാൻ യോഗ്യതയുള്ള ഒരാളെ കണ്ടെത്താൻ സഹായിക്കുന്നതായിരിക്കും.
6. ഒരു ഉപദേശം കൊടുക്കുന്നതിനു മുമ്പ് എന്തു ചെയ്യുന്നതു നല്ലതാണ്?
6 ചിലപ്പോൾ ഒരു വിഷയത്തിൽ ഉപദേശം കൊടുക്കാൻ വേണ്ട അറിവ് നമുക്കുണ്ടെന്നു തോന്നിയേക്കാം. അങ്ങനെയാണെങ്കിൽപ്പോലും ഒരു ഉപദേശം പെട്ടെന്നു കൊടുക്കാതിരിക്കുന്നതായിരിക്കും നല്ലത്. കാരണം സുഭാഷിതങ്ങൾ 15:28 പറയുന്നത്, “മറുപടി പറയുംമുമ്പ് നീതിമാൻ നന്നായി ആലോചിക്കുന്നു” എന്നാണ്. അതുകൊണ്ട് എന്താണു പറയേണ്ടതെന്നു നിങ്ങൾക്ക് അറിയാമെന്നു തോന്നിയാൽപ്പോലും എന്ത് ഉപദേശം കൊടുക്കണം എന്നതിനെക്കുറിച്ച് പഠിക്കുകയും പ്രാർഥിക്കുകയും നന്നായി ചിന്തിക്കുകയും ചെയ്യുന്നതു നല്ലതാണ്. അങ്ങനെ ചെയ്യുന്നെങ്കിൽ നമ്മൾ എന്ത് ഉപദേശം കൊടുക്കാനാണോ യഹോവ ആഗ്രഹിക്കുന്നത് അതുതന്നെ കൊടുക്കാൻ നമുക്കു കഴിയും. ഇക്കാര്യത്തിൽ നാഥാൻ പ്രവാചകന്റെ ഉദാഹരണം നോക്കാം.
7. നാഥാൻ പ്രവാചകന്റെ ഉദാഹരണത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
7 യഹോവയ്ക്കുവേണ്ടി ഒരു ആലയം പണിയാൻ താൻ ആഗ്രഹിക്കുന്നെന്നു ദാവീദ് രാജാവ് ഒരിക്കൽ നാഥാൻ പ്രവാചകനോടു പറഞ്ഞു. അതു കേട്ട ഉടനെ അങ്ങനെ ചെയ്തുകൊള്ളാൻ നാഥാൻ ദാവീദിനു നിർദേശം കൊടുത്തു. എന്നാൽ അതിനു മുമ്പ് അദ്ദേഹം ആദ്യം യഹോവയോടു ചോദിക്കണമായിരുന്നു. കാരണം തന്റെ ആലയം ദാവീദ് പണിയാനായിരുന്നില്ല യഹോവ ആഗ്രഹിച്ചിരുന്നത്. (1 ദിന. 17:1-4) ഈ സംഭവം കാണിക്കുന്നതു നമ്മളോട് ആരെങ്കിലും ഉപദേശം ചോദിക്കുമ്പോൾ നമ്മൾ “സംസാരിക്കാൻ തിടുക്കം കൂട്ടരുത്” എന്നാണ്.—യാക്കോ. 1:19.
8. ഉപദേശം കൊടുക്കുന്നതിനു മുമ്പ് നന്നായി ചിന്തിക്കേണ്ടതിന്റെ മറ്റൊരു കാരണം എന്താണ്?
8 ഒരു ഉപദേശം കൊടുക്കുമ്പോൾ നമ്മൾ വളരെ ശ്രദ്ധിക്കേണ്ടതിന്റെ മറ്റൊരു കാരണം നോക്കാം: നമ്മൾ കൊടുത്ത ഉപദേശം കേട്ട് ഒരാൾ ഒരു തീരുമാനമെടുക്കുകയും അതു കാരണം എന്തെങ്കിലും കുഴപ്പം സംഭവിക്കുകയും ചെയ്താൽ നമുക്കും ഒരു പരിധിവരെ അതിന്റെ ഉത്തരവാദിത്വം വരും. അതുകൊണ്ട് ഉപദേശം കൊടുക്കുന്നതിനു മുമ്പ് നന്നായി ചിന്തിക്കേണ്ടതു വളരെ പ്രധാനമാണ്.
ചോദിക്കാതെ ഉപദേശം കൊടുക്കേണ്ടിവരുമ്പോൾ
9. ഉപദേശം കൊടുക്കുന്നതിനു മുമ്പ് മൂപ്പന്മാർ ഏതു കാര്യം ഉറപ്പാക്കണം? (ഗലാത്യർ 6:1)
9 ഒരു സഹോദരനോ സഹോദരിയോ ‘തെറ്റായ ഒരു ചുവടു വെക്കുമ്പോൾ’ മൂപ്പന്മാർ അവർക്ക് ഉപദേശം കൊടുക്കാൻ മുൻകൈയെടുക്കണം. (ഗലാത്യർ 6:1 വായിക്കുക.) പിന്നീട് ഗുരുതരമായ തെറ്റിലേക്കു നയിച്ചേക്കാവുന്ന മോശം തിരഞ്ഞെടുപ്പുകളായിരിക്കാം ആ വ്യക്തി നടത്തുന്നത്. അവരെ നിത്യജീവന്റെ പാതയിൽ തുടരാൻ സഹായിക്കുക എന്നതാണു മൂപ്പന്മാരുടെ ലക്ഷ്യം. (യാക്കോ. 5:19, 20) എന്നാൽ കൊടുക്കുന്ന ഉപദേശംകൊണ്ട് എന്തെങ്കിലും പ്രയോജനം കിട്ടണമെങ്കിൽ ആ വ്യക്തി ശരിക്കും തെറ്റായ ഒരു ചുവടു വെച്ചിട്ടുണ്ടോ എന്ന് മൂപ്പന്മാർ ആദ്യം ഉറപ്പുവരുത്തണം. ഒരാൾ എടുക്കുന്ന തീരുമാനം തങ്ങളുടെ ഇഷ്ടത്തിനു ചേർച്ചയിൽ അല്ല എന്നതുകൊണ്ട് മാത്രം അതു തെറ്റായ ഒരു തീരുമാനമാണെന്നു മൂപ്പന്മാർ ചിന്തിക്കില്ല. (റോമ. 14:1-4) എന്നാൽ ഒരു സഹോദരൻ ശരിക്കും തെറ്റായ ഒരു ചുവടു വെച്ചിട്ടുണ്ടെന്നു മൂപ്പന്മാർ മനസ്സിലാക്കുകയും ആ വ്യക്തിക്ക് ഒരു ഉപദേശം കൊടുക്കാൻ തീരുമാനിക്കുകയും ചെയ്യുന്നെങ്കിലോ?
10-12. ചോദിക്കാതെ ഉപദേശം കൊടുക്കേണ്ടിവരുമ്പോൾ മൂപ്പന്മാർ എന്തു ചെയ്യണം? ഒരു ദൃഷ്ടാന്തം പറയുക. (ചിത്രങ്ങളും കാണുക.)
10 ഒരാൾ ചോദിക്കാതെ അയാൾക്ക് ഉപദേശം കൊടുക്കുക എന്നതു മൂപ്പന്മാർക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. എന്തുകൊണ്ട്? കാരണം താൻ തെറ്റായ ഒരു ചുവടു വെച്ചിട്ടുണ്ടെന്ന് ആ വ്യക്തി അറിഞ്ഞിട്ടുണ്ടാകില്ല. അതുകൊണ്ട് മൂപ്പന്മാർ ആദ്യം, ഉപദേശം സ്വീകരിക്കാൻ കഴിയേണ്ടതിന് അയാളുടെ മനസ്സിനെ ഒരുക്കണം.
11 ചോദിക്കാതെ ഒരു ഉപദേശം കൊടുക്കുന്നത്, നല്ല ഉറച്ചുകിടക്കുന്ന മണ്ണിൽ ചെടികൾ നടാൻ ശ്രമിക്കുന്നതുപോലെയാണ്. ആ മണ്ണിൽ നേരിട്ട് വിത്ത് നടുന്നതിനു പകരം കൃഷിക്കാരൻ ആദ്യം അത് ഉഴുതുമറിക്കും. അപ്പോൾ വിത്തിനു വളരാൻ പാകത്തിന് ആ മണ്ണ് മയപ്പെടും. എന്നിട്ട് അദ്ദേഹം വിത്തു നടും. അവസാനം അതു വളരാൻ വെള്ളവും ഒഴിക്കും. സമാനമായി, ചോദിക്കാതെ ഒരു ഉപദേശം കൊടുക്കേണ്ടിവരുമ്പോൾ ഒരു മൂപ്പൻ ആ വ്യക്തിയുടെ ഹൃദയമാകുന്ന മണ്ണിനെ ഇതുപോലെ ഒരുക്കേണ്ടതുണ്ട്. അതിനുവേണ്ടി ചിലപ്പോൾ ആ മൂപ്പൻ സംസാരിക്കാൻ പറ്റിയൊരു സമയത്തിനായി കാത്തിരുന്നേക്കാം. അതുപോലെ തനിക്ക് ആ വ്യക്തിയെക്കുറിച്ച് ചിന്തയുണ്ടെന്നും അതുകൊണ്ട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നെന്നും ആ മൂപ്പൻ അദ്ദേഹത്തോടു പറഞ്ഞേക്കാം. എപ്പോഴും സ്നേഹത്തോടെയും ദയയോടെയും ഇടപെടുന്ന ഒരു മൂപ്പൻ കൊടുക്കുന്ന ഉപദേശം സ്വീകരിക്കാൻ മറ്റുള്ളവർക്ക് എളുപ്പമായിരിക്കും.
12 ആ വ്യക്തിയുമായി സംസാരിക്കുമ്പോൾ മൂപ്പനു “മണ്ണ്” മയപ്പെടുത്തുന്നതു തുടരാനാകും. അതിനായി, എല്ലാവർക്കും തെറ്റുകൾ പറ്റുമെന്നും ഇടയ്ക്കൊക്കെ ഉപദേശം ആവശ്യമാണെന്നും ആ വ്യക്തിയോടു പറയാം. (റോമ. 3:23) അതു കഴിഞ്ഞ് ശാന്തമായ സ്വരത്തിൽ, ആദരവോടെ ആ വ്യക്തി എങ്ങനെയാണ് ഒരു തെറ്റായ ചുവടു വെച്ചിരിക്കുന്നതെന്നു തിരുവെഴുത്തുകളിൽനിന്ന് വ്യക്തമായി കാണിച്ചുകൊടുക്കുക. അദ്ദേഹം തെറ്റ് അംഗീകരിച്ച് കഴിഞ്ഞാൽപ്പിന്നെ അടുത്തതായി “വിത്ത് നടാം.” അത് എങ്ങനെ ചെയ്യാം? തെറ്റ് തിരുത്താൻ ആ വ്യക്തി എന്താണു ചെയ്യേണ്ടതെന്നു ലളിതമായി പറഞ്ഞുകൊടുക്കുക. അവസാനം, അദ്ദേഹത്തെ ആത്മാർഥമായി അഭിനന്ദിച്ചുകൊണ്ടും ആ വ്യക്തിയോടൊപ്പം ഇരുന്ന് പ്രാർഥിച്ചുകൊണ്ടും വിത്തിനു “വെള്ളം” ഒഴിക്കാനാകും.—യാക്കോ. 5:15.
ചോദിക്കാതെ ഉപദേശം കൊടുക്കുമ്പോൾ സ്നേഹവും വൈദഗ്ധ്യവും കാണിക്കണം (10-12 ഖണ്ഡികകൾ കാണുക)
13. കൊടുത്ത ഉപദേശം വ്യക്തിക്കു മനസ്സിലായെന്നു മൂപ്പന്മാർക്ക് എങ്ങനെ ഉറപ്പുവരുത്താം?
13 ചിലപ്പോൾ ഉപദേശം കൊടുക്കുന്നയാൾ പറയുന്നതും സ്വീകരിക്കുന്നയാൾ കേൾക്കുന്നതും രണ്ടും രണ്ടായി പോയേക്കാം. അത് ഒഴിവാക്കാൻ മൂപ്പന്മാർക്ക് എന്തു ചെയ്യാം? ആദരവോടെ ആ വ്യക്തിയോടു ചില ചോദ്യങ്ങൾ ചോദിക്കാം. മറുപടികളിൽനിന്ന് കൊടുത്ത ഉപദേശം അദ്ദേഹത്തിനു ശരിക്കും മനസ്സിലായോ എന്ന് ഉറപ്പുവരുത്താനാകും.—സഭാ. 12:11.
ഉചിതമായ സമയത്ത് ഉചിതമായ രീതിയിൽ ഉപദേശം കൊടുക്കുക
14. ദേഷ്യപ്പെട്ടിരിക്കുമ്പോൾ നമ്മൾ ഉപദേശം കൊടുക്കരുതാത്തത് എന്തുകൊണ്ട്?
14 നമ്മളെല്ലാം അപൂർണരായതുകൊണ്ട് മറ്റുള്ളവരെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ പറയാനോ ചെയ്യാനോ സാധ്യതയുണ്ട്. (കൊലോ. 3:13) മറ്റുള്ളവരെ ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങൾപോലും നമ്മൾ ചെയ്തേക്കാമെന്നു ബൈബിൾ സമ്മതിക്കുന്നു. (എഫെ. 4:26) എന്നാൽ ദേഷ്യം പിടിച്ചിരിക്കുമ്പോൾ മറ്റുള്ളവർക്ക് ഉപദേശം കൊടുക്കരുത്. എന്തുകൊണ്ട്? കാരണം, “മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതി നടപ്പാക്കുന്നില്ല.” (യാക്കോ. 1:20) ദേഷ്യപ്പെട്ടിരിക്കുമ്പോൾ മറ്റുള്ളവർക്ക് ഉപദേശം കൊടുത്താൽ അതു ഗുണത്തെക്കാൾ ഏറെ ദോഷമായിരിക്കും ചെയ്യുന്നത്. എന്നാൽ അതിന്റെ അർഥം, നമ്മളെ ദേഷ്യം പിടിപ്പിച്ച ആളോടു നമ്മുടെ ഉള്ളിലുള്ളതൊന്നും തുറന്നുപറയരുത് എന്നല്ല. മറിച്ച് നമ്മൾ ശാന്തമാകുന്നതുവരെ കാത്തിരിക്കുന്നെങ്കിൽ ആ വ്യക്തിക്കു കാര്യങ്ങൾ കൂടുതൽ നന്നായി പറഞ്ഞുകൊടുക്കാൻ പറ്റും. ഇയ്യോബിനു നല്ല ഉപദേശം കൊടുത്ത എലീഹു ഇക്കാര്യത്തിൽ നല്ലൊരു മാതൃകയാണ്. അതു നമുക്കു നോക്കാം.
15. എലീഹുവിന്റെ മാതൃകയിൽനിന്ന് നമ്മൾ എന്താണു പഠിക്കുന്നത്? (ചിത്രവും കാണുക.)
15 വ്യാജ ആശ്വാസകർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നു തെളിയിക്കാൻ ഇയ്യോബ് ശ്രമിക്കുന്നത് എലീഹു ദിവസങ്ങളോളം കേട്ടിരുന്നു. അദ്ദേഹത്തിന് ഇയ്യോബിനോട് അനുകമ്പ തോന്നി. എന്നാൽ ഇയ്യോബ് തന്നെക്കുറിച്ച് മാത്രം ചിന്തിക്കുകയും യഹോവയെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പറയുകയും ചെയ്തപ്പോൾ എലീഹുവിനു ദേഷ്യവും വന്നു. എങ്കിലും എലീഹു തന്റെ അവസരത്തിനായി കാത്തിരുന്നു. എന്നിട്ട് ഉപദേശം കൊടുത്തപ്പോൾ സൗമ്യതയോടെയും വളരെ ആദരവോടെയും ആണ് അദ്ദേഹം സംസാരിച്ചത്. (ഇയ്യോ. 32:2; 33:1-7) എലീഹുവിന്റെ ഈ മാതൃക നമ്മളെ വളരെ പ്രധാനപ്പെട്ട ഒരു സത്യം പഠിപ്പിക്കുന്നു. ഉചിതമായ സമയത്ത്, ഉചിതമായ രീതിയിൽ സ്നേഹത്തോടെയും ആദരവോടെയും കൊടുക്കുന്ന ഉപദേശമാണ് ഏറ്റവും നല്ല ഉപദേശം.—സഭാ. 3:1, 7.
എലീഹുവിനു വളരെ ദേഷ്യം തോന്നിയെങ്കിലും അദ്ദേഹം കാത്തിരുന്നു; പിന്നീട് ആദരവോടെയും സൗമ്യമായും ഉപദേശം കൊടുത്തു (15-ാം ഖണ്ഡിക കാണുക)
തുടർന്നും ഉപദേശം കൊടുക്കുക, സ്വീകരിക്കുക
16. സങ്കീർത്തനം 32:8-ൽനിന്ന് നമുക്ക് എന്തു പഠിക്കാം?
16 ഈ ലേഖനത്തിന്റെ ആധാരവാക്യം പറയുന്നത്, യഹോവ നമ്മുടെ മേൽ ‘കണ്ണുനട്ട് നമ്മളെ ഉപദേശിക്കും’ എന്നാണ്. (സങ്കീർത്തനം 32:8 വായിക്കുക.) യഹോവ നമ്മളെ സഹായിക്കുന്നതിൽ തുടരും എന്ന് അതു കാണിക്കുന്നു. യഹോവ നമ്മൾക്ക് ഉപദേശം തരുക മാത്രമല്ല അതു പ്രാവർത്തികമാക്കാനും സഹായിക്കുന്നു. ഇതു നമുക്കു നല്ലൊരു മാതൃകയാണ്. മറ്റുള്ളവർക്ക് ഉപദേശം കൊടുക്കേണ്ടിവരുമ്പോൾ നമുക്കും യഹോവയെപ്പോലെ അവരുടെ മേൽ കണ്ണുനട്ട് വിജയത്തിലെത്താൻ അവർക്ക് എന്തു സഹായമാണോ വേണ്ടത് അതു കൊടുത്തുകൊണ്ടേയിരിക്കാം.
17. മൂപ്പന്മാർ ബൈബിളിൽനിന്ന് ഉപദേശം തരുമ്പോൾ നമുക്ക് എന്താണു തോന്നുന്നത്? (യശയ്യ 32:1, 2)
17 മുമ്പെന്നത്തെക്കാളും ഇപ്പോൾ ഉപദേശം സ്വീകരിക്കുകയും കൊടുക്കുകയും ചെയ്യേണ്ടതു വളരെ പ്രധാനമാണ്. (2 തിമൊ. 3:1) നമുക്കു വേണ്ട ഉപദേശം ബൈബിളിൽനിന്ന് കാണിച്ചുതരുന്ന മൂപ്പന്മാർ “വെള്ളമില്ലാത്ത ദേശത്ത് അരുവികൾപോലെ” ആണ്. (യശയ്യ 32:1, 2 വായിക്കുക.) നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്നത് എന്താണെന്ന് അറിയാമെങ്കിലും നമുക്കു വേണ്ടത് എന്താണോ അതു പറഞ്ഞുതരുന്ന കൂട്ടുകാർ ഉള്ളതിൽ നമുക്ക് ഒരുപാട് നന്ദിയുണ്ട്. അവരുടെ വാക്കുകൾ “വെള്ളിപ്പാത്രത്തിലെ സ്വർണ ആപ്പിളുകൾപോലെ” ആണ്. (സുഭാ. 25:11) അതുകൊണ്ട് നമുക്ക് എല്ലാവർക്കും എങ്ങനെ നല്ല ഉപദേശം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യാമെന്നു പഠിക്കുന്നതിൽ തുടരാം.
ഗീതം 109 ഹൃദയപൂർവം ഉറ്റ് സ്നേഹിക്കുക