പഠനലേഖനം 30
ഗീതം 97 ജീവന് ആധാരം ദൈവവചനം
അടിസ്ഥാന ബൈബിൾപഠിപ്പിക്കലുകളിൽനിന്ന് തുടർന്നും പഠിക്കാം
‘നിങ്ങൾക്ക് ഈ കാര്യങ്ങളൊക്കെ അറിയാമെങ്കിലും, നിങ്ങൾക്കു ലഭിച്ച സത്യത്തിൽ നിങ്ങൾക്കു നല്ല അടിസ്ഥാനമുണ്ടെങ്കിലും ഇവയെക്കുറിച്ച് നിങ്ങളെ ഓർമിപ്പിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു.’—2 പത്രോ. 1:12.
ഉദ്ദേശ്യം
നിങ്ങൾ അടിസ്ഥാന ബൈബിൾപഠിപ്പിക്കലുകൾ മനസ്സിലാക്കിയിട്ട് വർഷങ്ങളായെങ്കിലും അതിൽനിന്ന് ഇപ്പോഴും പ്രയോജനം നേടാനാകുന്നത് എങ്ങനെയെന്നു നോക്കാം.
1. ആദ്യമായി ബൈബിൾ പഠിച്ചപ്പോൾ മനസ്സിലാക്കിയ അടിസ്ഥാന സത്യങ്ങൾ നിങ്ങളെ എങ്ങനെയാണ് സ്വാധീനിച്ചത്?
അടിസ്ഥാന ബൈബിൾപഠിപ്പിക്കലുകൾ നമ്മുടെ ജീവിതംതന്നെ മാറ്റിമറിച്ചു. ഉദാഹരണത്തിന്, ദൈവത്തിന്റെ പേര് യഹോവയാണെന്ന് മനസ്സിലാക്കിയപ്പോൾ നമ്മൾ ദൈവവുമായി കൂടുതൽ അടുക്കാൻ തുടങ്ങി. (യശ. 42:8) മരിച്ചവരുടെ അവസ്ഥയെക്കുറിച്ചുള്ള സത്യം അറിഞ്ഞപ്പോൾ നമ്മുടെ പ്രിയപ്പെട്ട മരിച്ചുപോയവർ വേദന അനുഭവിക്കുന്നില്ല എന്ന് നമുക്ക് ഉറപ്പായി. (സഭാ. 9:10) ഇനി, ഭൂമി പറുദീസയാകുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് പഠിച്ചപ്പോൾ ഭാവിയെക്കുറിച്ചുള്ള നമ്മുടെ ഉത്കണ്ഠകളെല്ലാം മാറി. വെറും 70-ഓ 80-ഓ വർഷമല്ല, നിത്യതയിലെന്നും ജീവിക്കാമെന്ന പ്രത്യാശ നമുക്കു ലഭിച്ചു.—സങ്കീ. 37:29; 90:10.
2. പക്വതയുള്ള ക്രിസ്ത്യാനികൾക്കുപോലും അടിസ്ഥാന ബൈബിൾപഠിപ്പിക്കലുകളിൽനിന്ന് പ്രയോജനം നേടാൻ കഴിയുമെന്ന് 2 പത്രോസ് 1:12, 13 കാണിക്കുന്നത് എങ്ങനെയാണ്?
2 അടിസ്ഥാന ബൈബിൾസത്യങ്ങൾ നമ്മൾ ഒരിക്കലും വിലകുറച്ച് കാണരുത്. അപ്പോസ്തലനായ പത്രോസ് തന്റെ രണ്ടാമത്തെ കത്തെഴുതിയത് ‘സത്യത്തിൽ നല്ല അടിസ്ഥാനമുള്ള’ ക്രിസ്ത്യാനികൾക്കാണ്. (2 പത്രോസ് 1:12, 13 വായിക്കുക.) എന്നാൽ ആ സമയത്ത് സഭയിലെ ദുഷ്ടരായ ചില ആളുകൾ സഹോദരങ്ങളെ സത്യത്തിനിന്ന് അകറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു. (2 പത്രോ. 2:1-3) അവരെ ചെറുത്തുനിൽക്കാൻ ആ ക്രിസ്ത്യാനികൾക്കു നല്ല വിശ്വാസം വേണമായിരുന്നു. അതിന് അവരെ സഹായിക്കുന്നതിന് അപ്പോൾത്തന്നെ അവർക്ക് അറിയാമായിരുന്ന ചില സത്യങ്ങൾ പത്രോസ് അവരെ ഓർമിപ്പിച്ചു. ആ അടിസ്ഥാന സത്യങ്ങൾ അവസാനംവരെ വിശ്വസ്തരായി നിൽക്കാൻ അവരെ സഹായിക്കുമായിരുന്നു.
3. എല്ലാ ക്രിസ്ത്യാനികളും അടിസ്ഥാന ബൈബിൾപഠിപ്പിക്കലുകളെക്കുറിച്ച് തുടർന്നും ആഴത്തിൽ ചിന്തിക്കേണ്ടത് എന്തുകൊണ്ട്? ഒരു ദൃഷ്ടാന്തം പറയുക.
3 വർഷങ്ങളായി നമ്മൾ യഹോവയെ സേവിക്കുന്നവരാണെങ്കിലും അടിസ്ഥാന ബൈബിൾപഠിപ്പിക്കലുകളിൽനിന്ന് നമുക്കു പുതിയ പല പാഠങ്ങളും പഠിക്കാൻ ഉണ്ടാകും. അതു മനസ്സിലാക്കാൻ ഒരു ദൃഷ്ടാന്തം നോക്കാം. വർഷങ്ങളായി പാചകം ചെയ്യുന്ന ഒരു ഷെഫും പാചകം പഠിച്ചുതുടങ്ങിയ ഒരാളും ഒരു വിഭവം ഉണ്ടാക്കാൻ ഒരേ സാധനങ്ങൾതന്നെ ആയിരിക്കും ഉപയോഗിക്കുന്നത്. പക്ഷേ അനുഭവപരിചയമുള്ള ഷെഫ് വർഷങ്ങൾകൊണ്ട് ഇതേ സാധനങ്ങൾ ഉപയോഗിച്ച് വൈവിധ്യമാർന്ന രീതിയിൽ, രുചിയുള്ള വിഭവങ്ങൾ ഉണ്ടാക്കാൻ പഠിച്ചിട്ടുണ്ടാകും. ഇതുപോലെ യഹോവയെ വളരെ കാലമായി സേവിക്കുന്നവരും പുതിയ ബൈബിൾവിദ്യാർഥികളും അടിസ്ഥാന ബൈബിൾസത്യങ്ങളെ വ്യത്യസ്തവിധങ്ങളിലായിരിക്കും നോക്കിക്കാണുന്നത്. അത് എങ്ങനെയാണ്? വർഷങ്ങളായി സേവിക്കുന്നവരുടെ കാര്യത്തിൽ അവർ സ്നാനപ്പെട്ടുകഴിഞ്ഞ് അവരുടെ സാഹചര്യത്തിലും സേവനപദവികളിലും ഒക്കെ മാറ്റം വന്നിട്ടുണ്ടാകും. അതുകൊണ്ട് കുറെ കാലങ്ങൾക്കു മുമ്പ് പഠിച്ച അടിസ്ഥാന സത്യങ്ങൾ ഇപ്പോഴത്തെ അവരുടെ സാഹചര്യവുമായി ബന്ധപ്പെടുത്തി ചിന്തിച്ചാൽ അവർക്ക് പുതിയ പല പാഠങ്ങളും അതിൽനിന്ന് പഠിക്കാനായേക്കും. എങ്കിൽ നമുക്ക് ഇപ്പോൾ മൂന്ന് അടിസ്ഥാന ബൈബിൾപഠിപ്പിക്കലുകളിൽനിന്ന് പക്വതയുള്ള ക്രിസ്ത്യാനികൾക്കു പഠിക്കാനാകുന്ന ചില പാഠങ്ങൾ നോക്കാം.
യഹോവയാണ് സ്രഷ്ടാവ്
4. യഹോവയാണ് സ്രഷ്ടാവ് എന്ന് അറിഞ്ഞത് നമ്മളെ എങ്ങനെയാണ് സ്വാധീനിച്ചത്?
4 ഭൂമിയും അതിലുള്ളതും എല്ലാം സൃഷ്ടിച്ചത് ജ്ഞാനിയായ, ശക്തനായ ഒരു സ്രഷ്ടാവാണ് എന്ന് നമുക്ക് അറിയാം. ബൈബിൾ പറയുന്നു: “എല്ലാം നിർമിച്ചതു ദൈവമാണ്.” (എബ്രാ. 3:4) ഇതൊരു അടിസ്ഥാന സത്യമാണെങ്കിലും ഇതിൽനിന്ന് പല കാര്യങ്ങളും നമുക്കു പഠിക്കാനാകും. നമ്മുടെ സ്രഷ്ടാവായതുകൊണ്ട് യഹോവ നമ്മളെക്കുറിച്ച് എല്ലാ കാര്യങ്ങളും അറിയുന്നു. കൂടാതെ ദൈവത്തിനു നമ്മളെക്കുറിച്ച് ചിന്തയുണ്ട്. നമുക്ക് ഏറ്റവും നല്ലത് എന്താണെന്ന് യഹോവയ്ക്ക് അറിയാം. അതുകൊണ്ട് യഹോവയാണ് സ്രഷ്ടാവ് എന്ന് അറിഞ്ഞത് നമ്മുടെ ജീവിതത്തെ പല രീതിയിൽ സ്വാധീനിച്ചു. അതു ജീവിതത്തിന് ഒരു അർഥം പകർന്നു.
5. താഴ്മ വളർത്തിയെടുക്കാൻ ഏത് സത്യം നമ്മളെ സഹായിക്കും? (യശയ്യ 45:9-12)
5 യഹോവയാണ് സ്രഷ്ടാവ് എന്ന സത്യം താഴ്മ കാണിക്കേണ്ടതിന്റെ പ്രാധാന്യം നമ്മളെ പഠിപ്പിക്കുന്നു. ഉദാഹരണത്തിന്, ഇയ്യോബിന്റെ കാര്യം നോക്കാം. ഇയ്യോബ് തന്നെക്കുറിച്ചുതന്നെ വേണ്ടതിലധികം ചിന്തിക്കുകയും താനാണ് ശരിയെന്ന് തെളിയിക്കാൻ ശ്രമിക്കുകയും ചെയ്തു. അപ്പോൾ അത്യുന്നതനായ സ്രഷ്ടാവ് ആരാണെന്ന് യഹോവ ഇയ്യോബിനെ ഓർമിപ്പിച്ചു. (ഇയ്യോ. 38:1-4) ഈ സത്യം യഹോവയുടെ വഴികൾ മനുഷ്യന്റെ വഴികളെക്കാൾ എത്രയോ ഉന്നതമാണെന്നു മനസ്സിലാക്കാൻ അദ്ദേഹത്തെ സഹായിച്ചു. ഇതേ ആശയംതന്നെയാണ് യശയ്യ പ്രവാചകന്റെ ഈ വാക്കുകളിലും കാണുന്നത്: “കളിമണ്ണു കുശവനോട്, ‘നീ എന്താണ് ഈ ഉണ്ടാക്കുന്നത്’ എന്നു ചോദിക്കുന്നതു ശരിയോ?”—യശയ്യ 45:9-12 വായിക്കുക.
6. സ്രഷ്ടാവിന്റെ ജ്ഞാനത്തെയും ശക്തിയെയും കുറിച്ച് നമ്മൾ ചിന്തിക്കേണ്ട ഒരു സാഹചര്യം ഏതാണ്? (ചിത്രങ്ങളും കാണുക.)
6 ഒരു ക്രിസ്ത്യാനി അനുഭവപരിചയം നേടുമ്പോൾ മാർഗനിർദേശത്തിനായി യഹോവയിലേക്കും യഹോവയുടെ വചനത്തിലേക്കും നോക്കുന്നതിനു പകരം സ്വന്തം അഭിപ്രായങ്ങളിൽ ആശ്രയിക്കാൻ സാധ്യതയുണ്ട്. (ഇയ്യോ. 37:23, 24) എന്നാൽ സ്രഷ്ടാവിന്റെ അപാരമായ ജ്ഞാനത്തെയും ശക്തിയെയും കുറിച്ച് ആ വ്യക്തി ചിന്തിക്കുന്നെങ്കിലോ? (യശ. 40:22; 55:8, 9) ആ അടിസ്ഥാന സത്യത്തെക്കുറിച്ച് ചിന്തിക്കുന്നത് താഴ്മയുള്ളവനായിരിക്കാനും സ്രഷ്ടാവിന്റെ ചിന്തകൾ തന്റേതിനെക്കാൾ വളരെ ഉന്നതമാണെന്നു തിരിച്ചറിയാനും ആ വ്യക്തിയെ സഹായിക്കും.
നമ്മുടെ ചിന്തകൾ യഹോവയുടേതിനെക്കാൾ മികച്ചതല്ലെന്ന് ഓർക്കാൻ നമ്മളെ എന്തു സഹായിക്കും? (6-ാം ഖണ്ഡിക കാണുക)d
7. ഒരു മാറ്റവുമായി പൊരുത്തപ്പെടാൻ റഹീല എന്താണു ചെയ്തത്?
7 സ്ലോവേനിയയിൽ താമസിക്കുന്ന റഹീലയുടെ അനുഭവം നോക്കാം. സ്രഷ്ടാവിനെക്കുറിച്ച് ചിന്തിച്ചത് സംഘടനയിൽ വരുന്ന മാറ്റങ്ങൾ അംഗീകരിക്കാൻ സഹോദരിയെ സഹായിച്ചു. റഹീല പറയുന്നു: “നേതൃത്വസ്ഥാനത്തുള്ളവർ എടുക്കുന്ന ചില തീരുമാനങ്ങൾ അംഗീകരിക്കാൻ എനിക്കു ചിലപ്പോൾ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന്, 2023 ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #8 കണ്ടതിനു ശേഷവും, എനിക്ക് താടിവെച്ച ഒരു സഹോദരൻ പ്രസംഗം നടത്തുന്നത് ആദ്യമായി കണ്ടപ്പോൾ അത് ഉൾക്കൊള്ളാനായില്ല. അതുകൊണ്ട് ഈ മാറ്റവുമായി പൊരുത്തപ്പെടാൻ സഹായിക്കണേ എന്ന് ഞാൻ യഹോവയോട് പ്രാർഥിച്ചു.” സ്വർഗത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ യഹോവയ്ക്ക് തന്റെ സംഘടനയെ ഏറ്റവും നന്നായി വഴിനയിക്കാൻ കഴിയുമെന്ന് മനസ്സിലാക്കാൻ റഹീലയ്ക്കു കഴിഞ്ഞു. അതുകൊണ്ട് ഗ്രാഹ്യത്തിൽ വരുന്ന പുതിയ മാറ്റമോ ഒരു പുതിയ നിർദേശമോ ഒക്കെ ഉൾക്കൊള്ളാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ സ്രഷ്ടാവിന്റെ ഉന്നതമായ ജ്ഞാനത്തെയും ശക്തിയെയും കുറിച്ച് താഴ്മയോടെ, സമയമെടുത്ത് ചിന്തിക്കുക.—റോമ. 11:33-36.
ദൈവം കഷ്ടപ്പാട് അനുവദിക്കുന്നതിന്റെ കാരണം
8. ദൈവം കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് അറിഞ്ഞത് നമുക്കു പ്രയോജനം ചെയ്തിരിക്കുന്നത് എങ്ങനെ?
8 ദൈവം കഷ്ടപ്പാടുകൾ അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? ഈ ചോദ്യത്തിന്റെ ഉത്തരം അറിയാത്തതുകൊണ്ട് പലർക്കും ദൈവത്തോട് ദേഷ്യം തോന്നുന്നു. ഇനി വേറെ ചിലർ ദൈവം ഇല്ല എന്നുപോലും പറയുന്നു. (സുഭാ. 19:3) എന്നാൽ യഹോവയല്ല, പാരമ്പര്യമായി കിട്ടിയ പാപവും അപൂർണതയും ആണ് കഷ്ടപ്പാടുകളുടെ കാരണം എന്നു നമ്മൾ മനസ്സിലാക്കി. കൂടാതെ യഹോവ ക്ഷമയോടെ സമയം അനുവദിച്ചിരിക്കുന്നതുകൊണ്ടാണ്, ലക്ഷക്കണക്കിന് ആളുകൾക്ക് യഹോവയെക്കുറിച്ച് അറിയാനും ദൈവം കഷ്ടപ്പാടുകൾ എന്നേക്കുമായി ഇല്ലാതാക്കാൻ പോകുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാനും കഴിഞ്ഞതെന്ന് നമുക്ക് അറിയാം. (2 പത്രോ. 3:9, 15) ഈ സത്യങ്ങൾ നമ്മളെ ആശ്വസിപ്പിക്കുകയും യഹോവയോടു കൂടുതൽ അടുപ്പിക്കുകയും ചെയ്തിരിക്കുന്നു.
9. യഹോവ കഷ്ടപ്പാട് അനുവദിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് നമ്മൾ പ്രത്യേകിച്ചും ചിന്തിക്കേണ്ടത് എപ്പോഴൊക്കെയാണ്?
9 യഹോവ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുന്ന സമയത്തിനായി നമ്മൾ കാത്തിരിക്കുമ്പോൾ ക്ഷമ ആവശ്യമാണെന്ന് നമുക്ക് അറിയാം. എങ്കിലും നമുക്കോ പ്രിയപ്പെട്ടവർക്കോ എന്തെങ്കിലും ബുദ്ധിമുട്ടോ അനീതിയോ നേരിടുകയോ സ്നേഹിക്കുന്നവരെ മരണത്തിൽ നഷ്ടമാകുകയോ ചെയ്യുമ്പോൾ യഹോവ എന്തുകൊണ്ടാണ് പെട്ടെന്ന് പ്രവർത്തിക്കാത്തത് എന്നു നമ്മൾ ചിന്തിച്ചേക്കാം. (ഹബ. 1:2, 3) അത്തരം സാഹചര്യങ്ങളിൽ നീതിമാന്മാർ കഷ്ടപ്പാടുകൾ അനുഭവിക്കാൻ യഹോവ അനുവദിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് ചിന്തിക്കുന്നതു ക്ഷമയുള്ളവരായിരിക്കാൻ നമ്മളെ സഹായിക്കും.a (സങ്കീ. 34:19) അതുപോലെ കഷ്ടതകൾ എന്നേക്കുമായി ഇല്ലാതാക്കാനുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ചിന്തിക്കുന്നതും പ്രയോജനം ചെയ്യും.
10. അമ്മയുടെ മരണശേഷം ആശ്വാസം കണ്ടെത്താൻ ആനിനെ എന്താണു സഹായിച്ചത്?
10 കഷ്ടപ്പാടുകളുടെ കാരണത്തെക്കുറിച്ച് ചിന്തിക്കുന്നത് സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കും. ഇന്ത്യൻ മഹാസമുദ്രത്തിലെ മയോട്ട് ദ്വീപിൽ താമസിക്കുന്ന ആൻ പറയുന്നു: “കുറച്ചു വർഷങ്ങൾക്കു മുമ്പ് എന്റെ അമ്മ മരിച്ചുപോയി. അത് എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. പക്ഷേ ദുരന്തങ്ങൾക്ക് കാരണക്കാരൻ യഹോവയല്ല എന്ന് ഞാൻ കൂടെക്കൂടെ എന്നെത്തന്നെ ഓർമിപ്പിച്ചു. ശരിക്കും യഹോവ നമ്മുടെ കഷ്ടപ്പാടുകളൊക്കെ മാറ്റാനും മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെ പുനരുത്ഥാനപ്പെടുത്താനും നോക്കിയിരിക്കുകയാണ്. വളരെ സങ്കടപ്പെട്ട് ഇരിക്കുമ്പോൾപ്പോലും ഈ സത്യങ്ങളെക്കുറിച്ചൊക്കെ ചിന്തിച്ചത് എന്റെ മനസ്സിന് വലിയ ശാന്തത നൽകി.”
11. യഹോവ കഷ്ടപ്പാടുകൾ അനുവദിച്ചിരിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് ചിന്തിക്കുന്നത് പ്രസംഗപ്രവർത്തനം തുടർന്നും ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കുന്നത് എങ്ങനെ?
11 ദൈവം കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നു ചിന്തിക്കുന്നതു പ്രസംഗപ്രവർത്തനം തുടർന്നും ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കും. യഹോവ ക്ഷമ കാണിക്കുന്നതിന്റെ ഒരു കാരണം ആളുകൾ പശ്ചാത്തപിക്കാനും രക്ഷ നേടാനും ദൈവം ആഗ്രഹിക്കുന്നതുകൊണ്ടാണെന്ന് പത്രോസ് വിശദീകരിച്ചു. എന്നിട്ട് നമ്മൾ എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു: “വിശുദ്ധമായ പെരുമാറ്റരീതികളിലും ഭക്തിപൂർണമായ പ്രവൃത്തികൾ ചെയ്യുന്നതിലും നിങ്ങൾ എങ്ങനെയുള്ളവരായിരിക്കണമെന്നു ചിന്തിച്ചുകൊള്ളുക!” (2 പത്രോ. 3:11) ഇവിടെ പറഞ്ഞിരിക്കുന്ന ‘ഭക്തിപൂർണമായ പ്രവൃത്തികളിൽ’ ഉൾപ്പെടുന്നതാണ് നമ്മുടെ പ്രസംഗപ്രവർത്തനം. പിതാവായ യഹോവയെപ്പോലെ നമ്മളും ആളുകളെ സ്നേഹിക്കുന്നു. അവർ ദൈവത്തിന്റെ നീതിയുള്ള പുതിയ ഭൂമിയിൽ ജീവിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. യഹോവ ഇന്ന് ക്ഷമയോടെ നമ്മുടെ പ്രദേശത്തുള്ള ആളുകൾക്ക് തന്നെ ആരാധിക്കാനുള്ള ഒരു അവസരം കൊടുക്കുകയാണ്. അതെ, യഹോവയോടൊപ്പം പ്രവർത്തിക്കാനും അവസാനം വരുന്നതിനു മുമ്പ് കഴിയുന്നത്ര ആളുകളെ ദൈവത്തെക്കുറിച്ച് പഠിപ്പിക്കാനും നമുക്ക് കഴിയുന്നത് എത്ര വലിയ ഒരു പദവിയാണ്!—1 കൊരി. 3:9.
നമ്മൾ ജീവിക്കുന്നത് ‘അവസാനകാലത്താണ്’
12. ഇത് ‘അവസാനകാലമാണ്’ എന്ന അറിവ് നമ്മളെ ഏതു കാര്യം ബോധ്യപ്പെടുത്തുന്നു?
12 “അവസാനകാലത്ത്” ജീവിക്കുന്ന ആളുകൾ എങ്ങനെ ആയിരിക്കുമെന്ന് ബൈബിൾ കൃത്യമായി പറയുന്നുണ്ട്. (2 തിമൊ. 3:1-5) ചുറ്റുമൊന്ന് കണ്ണോടിച്ചാൽ ഈ പ്രവചനം അങ്ങനെതന്നെ നിറവേറുന്നത് നമുക്കു കാണാനാകും. ആളുകളുടെ സ്വഭാവം ഒന്നിനൊന്ന് വഷളാകുന്നത് കാണുമ്പോൾ ദൈവവചനം എത്ര സത്യമാണെന്ന നമ്മുടെ ബോധ്യം കൂടുതൽക്കൂടുതൽ ശക്തമാകും.—2 തിമൊ. 3:13-15.
13. ലൂക്കോസ് 12:15-21-ലെ യേശുവിന്റെ ദൃഷ്ടാന്തകഥ നമ്മളെ എങ്ങനെ സഹായിക്കും?
13 നമ്മൾ ജീവിക്കുന്നത് അവസാനകാലത്താണെന്ന സത്യം ശരിയായ മുൻഗണനകൾ വെക്കാൻ നമ്മളെ സഹായിക്കുന്നു. അതിന്റെ പ്രാധാന്യം ലൂക്കോസ് 12:15-21 (വായിക്കുക.) വരെയുള്ള വാക്യങ്ങളിലെ യേശുവിന്റെ ദൃഷ്ടാന്തത്തിൽ കാണാം. എന്തുകൊണ്ടാണ് ധനികനായ ആ മനുഷ്യനെ “മൂഢാ” എന്നു വിളിച്ചിരിക്കുന്നത്? അദ്ദേഹത്തിന് പണം ഉണ്ടായിരുന്നതുകൊണ്ടല്ല പകരം ശരിയായ മുൻഗണനകൾ വെക്കാതിരുന്നതുകൊണ്ടാണ്. ആ മനുഷ്യൻ “തനിക്കുവേണ്ടി സമ്പത്ത് സ്വരൂപിക്കുകയും എന്നാൽ ദൈവമുമ്പാകെ സമ്പന്നനാകാതിരിക്കുകയും” ചെയ്തു. അത് അത്ര ഗൗരവമുള്ള ഒരു കാര്യമായിരുന്നത് എന്തുകൊണ്ടാണ്? കാരണം ദൈവം അദ്ദേഹത്തോട് പറഞ്ഞു: “ഇന്നു രാത്രി അവർ നിന്റെ ജീവൻ നിന്നോടു ചോദിക്കും.” ഈ ദൃഷ്ടാന്തകഥയിൽനിന്ന് നമുക്ക് എന്താണു പഠിക്കാനുള്ളത്? നമ്മുടെ ഈ വ്യവസ്ഥിതിയും അവസാനിക്കാൻ ഇനി അധികം സമയമില്ല. അതുകൊണ്ട് സ്വയം ഇങ്ങനെ ചോദിക്കുക: ‘ഞാൻ ശരിയായ മുൻഗണനകൾ വെച്ചിട്ടുണ്ടെന്നാണോ എന്റെ ലക്ഷ്യങ്ങൾ കാണിക്കുന്നത്? എന്തൊക്കെ ലക്ഷ്യങ്ങൾ വെക്കാനാണ് ഞാൻ എന്റെ മക്കളെ സഹായിക്കുന്നത്? ഞാൻ എന്റെ ആരോഗ്യവും സമയവും വസ്തുവകകളും ഒക്കെ എനിക്കുവേണ്ടി സമ്പത്ത് സ്വരൂപിക്കാനാണോ അതോ സ്വർഗത്തിൽ നിക്ഷേപം സ്വരൂപിക്കാനാണോ ഉപയോഗിക്കുന്നത്?’
14. മിക്കിയുടെ അനുഭവം, നമ്മൾ അവസാനകാലത്താണ് ജീവിക്കുന്നതെന്ന് ഓർക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നത് എങ്ങനെ?
14 നമ്മൾ അവസാനകാലത്താണ് ജീവിക്കുന്നത് എന്നതിനെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുമ്പോൾ അത് നമ്മൾ എടുക്കുന്ന പ്രധാനപ്പെട്ട തീരുമാനങ്ങളെ സ്വാധീനിക്കും. മിക്കി സഹോദരിയുടെ കാര്യത്തിൽ അതാണ് സംഭവിച്ചത്. സഹോദരി പറയുന്നു: “എന്റെ സ്കൂൾ പഠനം കഴിഞ്ഞപ്പോൾ മൃഗങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു ജോലി ചെയ്യാനായിരുന്നു എനിക്ക് ഇഷ്ടം. അതിനുവേണ്ടി ഒരു ദീർഘകാലകോഴ്സ് ചെയ്യേണ്ടിവരുമായിരുന്നു. എന്നാൽ മുൻനിരസേവനം ചെയ്യാനും ആവശ്യം അധികമുള്ളിടത്ത് സേവിക്കാനും ഉള്ള ലക്ഷ്യവും എനിക്കുണ്ടായിരുന്നു. പക്ഷേ എന്റെ ആഗ്രഹമനുസരിച്ചുള്ള ജോലി തിരഞ്ഞെടുത്താൽ അതോടൊപ്പം എന്റെ ആത്മീയലക്ഷ്യങ്ങളും മുന്നോട്ടു കൊണ്ടുപോകാനാകുമോ എന്നു നന്നായി ചിന്തിക്കാൻ സഭയിലെ പക്വതയുള്ള സുഹൃത്തുക്കൾ എന്നോടു പറഞ്ഞു. ഈ വ്യവസ്ഥിതി ഉടൻ അവസാനിക്കാൻ പോകുകയാണെന്ന് അവർ എന്നെ ഓർമിപ്പിച്ചു. അതുപോലെ പുതിയ ലോകത്തിൽ നിത്യതയിലുടനീളം എല്ലാ മൃഗങ്ങളെയും കുറിച്ച് പഠിക്കാനുള്ള അവസരം എനിക്കുണ്ടെന്നും അവർ പറഞ്ഞു. അതുകൊണ്ട് ഞാൻ ഒരു ചെറിയ തൊഴിലധിഷ്ഠിത കോഴ്സ് ചെയ്തു. അങ്ങനെ മുൻനിരസേവനം ചെയ്യാൻ എന്നെ സഹായിക്കുന്ന ഒരു ജോലി കണ്ടെത്താൻ എനിക്കായി. പിന്നീട് ആവശ്യം അധികമുള്ള ഇക്വഡോറിലേക്കു മാറാനും എനിക്കു കഴിഞ്ഞു.” ഇപ്പോൾ മിക്കിയും ഭർത്താവും ആ രാജ്യത്ത് സർക്കിട്ട് വേല ചെയ്യുകയാണ്.
15. സന്തോഷവാർത്തയോട് താത്പര്യം കാണിക്കാത്ത ആളുകളുടെ കാര്യത്തിൽ നമ്മൾ മടുത്തുപോകരുതാത്തത് എന്തുകൊണ്ട്? ഒരു ഉദാഹരണം പറയുക. (ചിത്രങ്ങളും കാണുക.)
15 ആളുകൾ സന്തോഷവാർത്ത സ്വീകരിച്ചില്ലെങ്കിലും നമ്മൾ മടുത്തുപോകരുത്. കാരണം ആളുകൾക്കു മാറ്റം വരാം. യേശുവിന്റെ അർധസഹോദരനായ യാക്കോബിനെക്കുറിച്ച് ചിന്തിക്കുക. യേശു വളർന്ന് വരുന്നതും മിശിഹയാകുന്നതും മറ്റാരും പഠിപ്പിക്കാത്തതുപോലെ ആളുകളെ പഠിപ്പിക്കുന്നതും ഒക്കെ കണ്ടിട്ടും യാക്കോബ് യേശുവിനെ വർഷങ്ങളോളം അനുഗമിച്ചില്ല. യേശു പുനരുത്ഥാനപ്പെട്ടശേഷം മാത്രമാണ് യാക്കോബ് ഒരു ശിഷ്യനായിത്തീരുന്നത്; അതും തീക്ഷ്ണതയുള്ള ഒരു ശിഷ്യൻ!b (യോഹ. 7:5; ഗലാ. 2:9) അതുകൊണ്ട് കുടുംബാംഗങ്ങൾ സന്തോഷവാർത്തയോട് താത്പര്യം കാണിച്ചില്ലെങ്കിലും നമ്മൾ മടുത്തുപോകരുത്. അവരോടു തുടർന്നും പ്രസംഗിച്ചുകൊണ്ടിരിക്കേണ്ടത് പ്രധാനമാണ്. നമ്മൾ അവസാനകാലത്ത് ജീവിക്കുന്നതുകൊണ്ട് പ്രസംഗപ്രവർത്തനം വളരെ അടിയന്തിരമായി ചെയ്യേണ്ടതാണെന്ന് ഓർക്കാം. ഇന്ന് നമ്മൾ അവരോടു പറയുന്ന കാര്യങ്ങൾ പിന്നീട് അവരെ സ്വാധീനിച്ചേക്കാം; ചിലപ്പോൾ മഹാകഷ്ടത തുടങ്ങിക്കഴിഞ്ഞുപോലും.c
അവിശ്വാസികളായ ബന്ധുക്കളുടെ കാര്യത്തിൽ മടുത്തുപോകാതിരിക്കാൻ നമ്മളെ എന്തു സഹായിക്കും? (15-ാം ഖണ്ഡിക കാണുക)e
യഹോവയുടെ ഓർമിപ്പിക്കലുകളോട് എന്നും നന്ദിയുള്ളവരായിരിക്കുക
16. നിങ്ങൾ എങ്ങനെയാണ് യഹോവയുടെ ഓർമിപ്പിക്കലുകളിൽനിന്ന് പ്രയോജനം നേടിയിരിക്കുന്നത്? (“മറ്റുള്ളവരെ സഹായിക്കാൻ അവ ഉപയോഗിക്കുക” എന്ന ചതുരവും കാണുക.)
16 നമുക്കു ലഭിക്കുന്ന ചില ആത്മീയഭക്ഷണം, അടിസ്ഥാന ബൈബിൾസത്യങ്ങൾപോലും അറിയാത്തവർക്കുവേണ്ടി തയ്യാറാക്കുന്നവയാണ്. ഉദാഹരണത്തിന് നമ്മൾ ഓരോ ആഴ്ചയും കേൾക്കുന്ന പൊതുപ്രസംഗം, jw.org-ലെ ചില ലേഖനങ്ങളും വീഡിയോകളും, പൊതുജനത്തിനുവേണ്ടിയുള്ള മാസികകൾ എന്നിവയെല്ലാം പ്രധാനമായും സാക്ഷികളല്ലാത്തവർക്കു വേണ്ടിയുള്ളതാണ്. എങ്കിലും നമുക്ക് ഈ ഓർമിപ്പിക്കലുകളിൽനിന്ന് പ്രയോജനം നേടാനാകും. അവ യഹോവയോടുള്ള സ്നേഹം കൂട്ടാനും ദൈവവചനത്തിലുള്ള വിശ്വാസം ശക്തമാക്കാനും അടിസ്ഥാനസത്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുന്നതിൽ കൂടുതൽ മെച്ചപ്പെടാനും നമ്മളെ സഹായിക്കും.—സങ്കീ. 19:7.
17. അടിസ്ഥാന ബൈബിൾസത്യങ്ങളെക്കുറിച്ച് നമ്മൾ ഓർക്കേണ്ട ചില സാഹചര്യങ്ങൾ ഏതൊക്കെയാണ്?
17 യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ ബൈബിൾസത്യങ്ങളെക്കുറിച്ച് പുതിയ ഗ്രാഹ്യം ലഭിക്കുമ്പോൾ നമുക്ക് ആവേശം തോന്നാറുണ്ട്. എന്നാൽ നമ്മളെ തുടക്കത്തിൽ യഹോവയോട് അടുപ്പിച്ച അടിസ്ഥാന ബൈബിൾസത്യങ്ങളോടും നമുക്കു വളരെയേറെ വിലമതിപ്പുണ്ട്. യഹോവയുടെ സംഘടനയിൽനിന്ന് കിട്ടുന്ന നിർദേശങ്ങൾക്കു കീഴ്പെടാതെ നമ്മുടെതന്നെ അഭിപ്രായങ്ങളിൽ കടിച്ചുതൂങ്ങാൻ തോന്നുമ്പോൾ ആരാണ് സംഘടനയെ നയിക്കുന്നതെന്ന് നമുക്കു താഴ്മയോടെ ഓർക്കാം. അത് അത്യുന്നതനും സർവജ്ഞാനിയും ആയ സ്രഷ്ടാവാണ്. അതുപോലെ നമുക്കോ നമ്മുടെ പ്രിയപ്പെട്ടവർക്കോ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമ്പോൾ യഹോവ കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുകയും അങ്ങനെ ക്ഷമയുള്ളവരായിരിക്കുകയും ചെയ്യാം. കൂടാതെ നമ്മുടെ സമയവും വസ്തുവകകളും എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടിവരുമ്പോൾ, നമ്മൾ ജീവിക്കുന്നത് അവസാനകാലത്താണെന്നും ഇനി അധികം സമയമില്ലെന്നും ഓർക്കാം. അതുകൊണ്ട് യഹോവയുടെ ഓർമിപ്പിക്കലുകൾ തുടർന്നും നമ്മളെ ശക്തീകരിക്കുകയും പ്രചോദിപ്പിക്കുകയും ജ്ഞാനികളാക്കുകയും ചെയ്യട്ടെ!
ഗീതം 95 വെളിച്ചം കൂടുതൽക്കൂടുതൽ തെളിഞ്ഞുവരുന്നു
a 2007 മേയ് 15 ലക്കം വീക്ഷാഗോപുരം, പേജ് 21-25-ലെ “സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം!” എന്ന ലേഖനം കാണുക.
c 2024 മേയ് ലക്കം വീക്ഷാഗോപുരം, പേജ് 8-13-ലെ “ഭാവിയിലെ യഹോവയുടെ വിധികളെക്കുറിച്ച് നമുക്ക് എന്ത് അറിയാം?” എന്ന ലേഖനം കാണുക.
d ചിത്രത്തിന്റെ വിവരണം: ഒരു മൂപ്പൻ മുന്നോട്ടുവെക്കുന്ന അഭിപ്രായം മൂപ്പന്മാരുടെ സംഘത്തിലെ മറ്റുള്ളവർ അംഗീകരിക്കുന്നില്ല. എന്നാൽ പിന്നീട് നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്കു നോക്കി സ്രഷ്ടാവിനെക്കുറിച്ച് ചിന്തിച്ചപ്പോൾ സ്വന്തം അഭിപ്രായങ്ങളെക്കുറിച്ച് ശരിയായ മനോഭാവം നിലനിറുത്താൻ അദ്ദേഹത്തിനു കഴിയുന്നു.
e ചിത്രത്തിന്റെ വിവരണം: വ്യക്തിപരമായ പഠനത്തിന്റെ സമയത്ത് ഒരു സഹോദരി നമ്മൾ ജീവിക്കുന്നത് അവസാനകാലത്താണ് എന്നതിന്റെ തെളിവുകളെക്കുറിച്ച് പഠിക്കുന്നു. ഇത് തന്റെ കൂടപ്പിറപ്പിനെ വിളിച്ച് അവളോട് സാക്ഷീകരിക്കാൻ ആ സഹോദരിയെ പ്രേരിപ്പിക്കുന്നു.