പഠനലേഖനം 32
ഗീതം 38 ദൈവം നിന്നെ ബലപ്പെടുത്തും
സഹിച്ചുനിൽക്കാൻ യഹോവ സഹായിക്കും
“അനർഹദയയുടെ ദൈവം . . . നിങ്ങളെ ബലപ്പെടുത്തുകയും ശക്തരാക്കുകയും ഉറപ്പിക്കുകയും ചെയ്യും.”—1 പത്രോ. 5:10.
ഉദ്ദേശ്യം
സഹിച്ചുനിൽക്കാൻ യഹോവ തരുന്ന സഹായങ്ങൾ എന്തൊക്കെയാണെന്നും അവ ഓരോന്നിൽനിന്നും പ്രയോജനം നേടാൻ നമുക്ക് എങ്ങനെ കഴിയുമെന്നും നോക്കാം.
1. നമുക്കു സഹനശക്തി വേണ്ടത് എന്തുകൊണ്ട്, നമുക്ക് ആരുടെ സഹായമുണ്ട്? (1 പത്രോസ് 5:10)
ബുദ്ധിമുട്ടുകൾ നിറഞ്ഞ ഈ അവസാനകാലത്ത് നമുക്കെല്ലാം സഹനശക്തി ആവശ്യമാണ്. നമ്മളിൽ ചിലർ കാലങ്ങളായി ഏതെങ്കിലും രോഗവുമായി മല്ലിടുകയായിരിക്കും. വേറെ ചിലരുടെ ജീവിതത്തിൽ പ്രിയപ്പെട്ടവരുടെ മരണം നികത്താനാകാത്ത വിടവ് ഉണ്ടാക്കിയിരിക്കുന്നു. മറ്റു ചിലർ കുടുംബാംഗങ്ങളിൽനിന്നോ ഗവൺമെന്റിൽനിന്നോ ഉള്ള എതിർപ്പുകൾ നേരിടുന്നു. (മത്താ. 10:18, 36, 37) നിങ്ങൾ അനുഭവിക്കുന്ന പ്രശ്നം എന്തുതന്നെയാണെങ്കിലും സഹിച്ചുനിൽക്കാൻ യഹോവയ്ക്കു നിങ്ങളെ സഹായിക്കാനാകും.—1 പത്രോസ് 5:10 വായിക്കുക.
2. സഹിച്ചുനിൽക്കാൻ നമുക്കു കഴിയുന്നത് എന്തുകൊണ്ട്?
2 സഹനശക്തി എന്നത്, പ്രശ്നങ്ങളും എതിർപ്പുകളും പ്രലോഭനങ്ങളും ഉള്ളപ്പോഴും വിശ്വസ്തമായി, സന്തോഷത്തോടെ യഹോവയെ സേവിക്കാനും പ്രത്യാശ മുറുകെപ്പിടിക്കാനും ഉള്ള കഴിവാണ്. ആ കഴിവ് വളർത്തിയെടുക്കാൻ നമുക്ക് ഒറ്റയ്ക്കു കഴിയില്ല. മറിച്ച് “അസാധാരണശക്തി” തരാൻ കഴിയുന്ന യഹോവയുടെ സഹായം നമുക്കു വേണം. (2 കൊരി. 4:7) ഈ ലേഖനത്തിൽ, പിടിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്നതിന് യഹോവ നൽകിയിരിക്കുന്ന നാലു കാര്യങ്ങളെക്കുറിച്ച് നമ്മൾ പഠിക്കും. അവ ഓരോന്നിൽനിന്നും പ്രയോജനം നേടാൻ നമ്മൾ എന്താണു ചെയ്യേണ്ടതെന്നും കാണും.
പ്രാർഥന
3. പ്രാർഥന ഒരു അത്ഭുതമാണെന്നു പറയാനാകുന്നത് എന്തുകൊണ്ട്?
3 സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്നതിന് യഹോവ ചെയ്തിരിക്കുന്ന വലിയൊരു ക്രമീകരണമാണു പ്രാർഥന. നമ്മൾ പാപികളാണെങ്കിലും തന്നോടു സംസാരിക്കാനുള്ള വഴി ദൈവം ഒരുക്കിയിരിക്കുന്നു. (എബ്രാ. 4:16) ഇതെക്കുറിച്ച് ഒന്നു ചിന്തിക്കുക. ഏതു സമയത്തും ഏതു കാര്യത്തെക്കുറിച്ചും നമുക്ക് യഹോവയോടു സംസാരിക്കാനാകുന്നു. നമ്മുടെ ഭാഷ ദൈവത്തിന് ഒരു പ്രശ്നമല്ല. നമ്മൾ എവിടെയാണെങ്കിലും, ഒറ്റപ്പെട്ട് പോകുകയോ തടവിലാക്കപ്പെടുകയോ ചെയ്താൽപ്പോലും നമ്മുടെ പ്രാർഥനകൾ ദൈവത്തിനു കേൾക്കാനാകും. (യോന 2:1, 2; പ്രവൃ. 16:25, 26) നമ്മുടെ ഉള്ളിൽ ഉത്കണ്ഠകൾ തിങ്ങിനിറഞ്ഞിട്ട് പ്രാർഥിക്കാനുള്ള വാക്കുകൾ കിട്ടാതെ വന്നാലും നമ്മൾ പറയാൻ ഉദ്ദേശിക്കുന്നത് യഹോവയ്ക്കു മനസ്സിലാകും. (റോമ. 8:26, 27) പ്രാർഥന ശരിക്കും ഒരു അത്ഭുതമല്ലേ?
4. സഹിച്ചുനിൽക്കാനുള്ള ശക്തിക്കായി പ്രാർഥിക്കുന്നത് യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിലുള്ള ഒന്നായിരിക്കുന്നത് എന്തുകൊണ്ട്?
4 “ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ എന്ത് അപേക്ഷിച്ചാലും ദൈവം നമ്മുടെ അപേക്ഷ കേൾക്കും” എന്നു ബൈബിൾ ഉറപ്പുതരുന്നു. (1 യോഹ. 5:14) അങ്ങനെയെങ്കിൽ സഹിച്ചുനിൽക്കാനുള്ള ശക്തിക്കായി പ്രാർഥിക്കുന്നതു ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിലുള്ള ഒരു അപേക്ഷയാണോ? തീർച്ചയായും. കാരണം നമ്മൾ സഹിച്ചുനിന്നാൽ, തന്നെ നിന്ദിക്കുന്ന സാത്താനു മറുപടി കൊടുക്കാൻ യഹോവയ്ക്കു കഴിയും. (സുഭാ. 27:11) കൂടാതെ, “പൂർണഹൃദയത്തോടെ തന്നിൽ ആശ്രയിക്കുന്നവർക്കുവേണ്ടി തന്റെ ശക്തി പ്രകടിപ്പിക്കാൻ” യഹോവ നോക്കിയിരിക്കുകയാണെന്നും ബൈബിൾ പറയുന്നു. (2 ദിന. 16:9) അതുകൊണ്ട് സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്നതിനുള്ള ആഗ്രഹവും ശക്തിയും യഹോവയ്ക്കുണ്ടെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം.—യശ. 30:18; 41:10; ലൂക്കോ. 11:13.
5. പ്രാർഥന നമുക്ക് എങ്ങനെയാണു സമാധാനം തരുന്നത്? (യശയ്യ 26:3)
5 ഉത്കണ്ഠകളെക്കുറിച്ച് ആത്മാർഥമായി പ്രാർഥിക്കുമ്പോൾ “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും . . . കാക്കും” എന്നു ബൈബിൾ പറയുന്നു. (ഫിലി. 4:7) അതിന്റെ അർഥം എന്താണെന്നു നോക്കാം. യഹോവയെ സേവിക്കാത്ത ആളുകൾ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സമാധാനം കണ്ടെത്താനായി പല കാര്യങ്ങളും ചെയ്തുനോക്കിയേക്കാം. അതിലൊന്നാണ് ഉത്കണ്ഠകൾ ഉൾപ്പെടെയുള്ള മനസ്സിലെ ചിന്തകൾ മാറ്റി നിറുത്തി, മനസ്സിനെ ശൂന്യമാക്കിക്കൊണ്ടുള്ള ഒരുതരം ധ്യാനം. പക്ഷേ അങ്ങനെ മനസ്സിനെ ശൂന്യമാക്കുന്നത് ആത്മീയമായി അപകടം ചെയ്യും. (മത്തായി 12:43-45 താരതമ്യം ചെയ്യുക.) മാത്രമല്ല അത്തരം ധ്യാനത്തിലൂടെ ചിലപ്പോൾ കിട്ടിയേക്കാവുന്ന സമാധാനത്തെക്കാൾ വളരെ വലുതാണു നമ്മൾ പ്രാർഥിക്കുമ്പോൾ യഹോവ തരുന്ന സമാധാനം. പ്രാർഥിക്കുമ്പോൾ നമ്മൾ യഹോവയിൽ പൂർണമായി ആശ്രയിക്കുന്നെന്നു കാണിക്കുകയാണ്. അപ്പോൾ യഹോവ നമുക്കു “നിത്യസമാധാനം” തരും. (യശയ്യ 26:3 വായിക്കുക.) യഹോവ അതു ചെയ്യുന്ന ഒരു വിധം നമ്മൾ മുമ്പു പഠിച്ചിട്ടുള്ള ആശ്വസിപ്പിക്കുന്ന വാക്യങ്ങൾ നമ്മുടെ ഓർമയിലേക്കു കൊണ്ടുവന്നുകൊണ്ടാണ്. ആ തിരുവെഴുത്തുകൾ യഹോവ നമ്മളെ എത്രത്തോളം സ്നേഹിക്കുന്നെന്നും സഹായിക്കാൻ ആഗ്രഹിക്കുന്നെന്നും നമ്മളെ ഓർമപ്പെടുത്തും. അതു നമ്മുടെ മനസ്സിനു ശാന്തത തരും.—സങ്കീ. 62:1, 2.
6. പ്രാർഥന എന്ന സഹായം നിങ്ങൾക്ക് എങ്ങനെ നന്നായി പ്രയോജനപ്പെടുത്താം? (ചിത്രവും കാണുക.)
6 നിങ്ങൾക്കു ചെയ്യാനാകുന്നത്. പ്രശ്നങ്ങൾ നേരിടുമ്പോൾ നിങ്ങളുടെ “ഭാരം യഹോവയുടെ മേൽ ഇടുക.” സമാധാനത്തിനായി പ്രാർഥിക്കുക. (സങ്കീ. 55:22) പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യാനുള്ള ജ്ഞാനത്തിനായും നിങ്ങൾക്കു പ്രാർഥിക്കാം. (സുഭാ. 2:10, 11) ഈ അപേക്ഷകളോടൊപ്പം നന്ദിവാക്കുകൾ പറയാൻ മറക്കരുത്. (ഫിലി. 4:6) സഹിച്ചുനിൽക്കാൻ യഹോവ നിങ്ങളെ സഹായിക്കുന്ന വിധങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുക. എന്നിട്ട് അതിനു നന്ദി പറയുക. പ്രശ്നങ്ങൾ കാരണം, യഹോവ നൽകിയിരിക്കുന്ന അനുഗ്രഹങ്ങൾ നിങ്ങൾ ഒരിക്കലും കാണാതെ പോകരുത്.—സങ്കീ. 16:5, 6.
പ്രാർഥിക്കുമ്പോൾ നിങ്ങൾ യഹോവയോടു സംസാരിക്കുകയാണ്. ബൈബിൾ വായിക്കുമ്പോൾ യഹോവ നിങ്ങളോടു സംസാരിക്കുകയാണ് (6-ാം ഖണ്ഡിക കാണുക)b
ദൈവവചനം
7. ബൈബിൾ പഠിക്കുന്നതു സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
7 സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്നതിനുവേണ്ടിയാണ് യഹോവ ബൈബിൾ തന്നിരിക്കുന്നത്. ദൈവത്തിന്റെ സഹായം ഉറപ്പ് തരുന്ന ധാരാളം വാക്യങ്ങൾ ബൈബിളിലുണ്ട്. അതിനൊരു ഉദാഹരണമാണ് മത്തായി 6:8. അവിടെ ഇങ്ങനെ പറയുന്നു: “നിങ്ങൾക്കു വേണ്ടത് എന്താണെന്നു നിങ്ങൾ ചോദിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ പിതാവിന് അറിയാമല്ലോ.” ഈ വാക്കുകൾ പറഞ്ഞത് യേശുവാണ്. മറ്റാരെക്കാളും നന്നായി യേശുവിന് യഹോവയെ അറിയാം. അതുകൊണ്ടുതന്നെ ഒരു പ്രശ്നം നേരിടുമ്പോൾ, നമുക്ക് എന്താണു വേണ്ടതെന്ന് യഹോവയ്ക്കു അറിയാമെന്നും യഹോവ നമ്മളെ സഹായിക്കുമെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാനാകുന്നു. സഹിച്ചുനിൽക്കാൻ ശക്തി തരുന്ന ഇതുപോലുള്ള ധാരാളം ആശയങ്ങൾ ബൈബിളിലുണ്ട്.—സങ്കീ. 94:19.
8. (എ) സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്ന ഒരു ബൈബിൾതത്ത്വത്തിന് ഉദാഹരണം പറയുക. (ബി) ആവശ്യമുള്ളപ്പോൾ ബൈബിൾതത്ത്വങ്ങൾ മനസ്സിലേക്കു വരാൻ നമ്മൾ എന്തു ചെയ്യണം?
8 സഹിച്ചുനിൽക്കാൻ ബൈബിൾതത്ത്വങ്ങൾ നമ്മളെ സഹായിക്കും. ശരിയായ തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന പ്രായോഗികജ്ഞാനം അതിലുണ്ട്. (സുഭാ. 2:6, 7) ഉദാഹരണത്തിന്, നാളെ എന്തു സംഭവിക്കും എന്ന് ഓർത്ത് അമിതമായി ഉത്കണ്ഠപ്പെടുന്നതിനു പകരം അന്നന്നത്തെ കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (മത്താ. 6:34) ബൈബിൾ വായിക്കുകയും അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും ചെയ്യുന്ന ഒരു ശീലം നമുക്കുണ്ടെങ്കിൽ ഇത്തരം തത്ത്വങ്ങൾ ആവശ്യം വരുമ്പോൾ നമ്മുടെ ഓർമയിലേക്കു വന്നേക്കാം.
9. ബൈബിൾവിവരണങ്ങൾ യഹോവ നമ്മളെ സഹായിക്കും എന്ന ബോധ്യം ശക്തമാക്കുന്നത് എങ്ങനെ?
9 യഹോവയിൽ ആശ്രയിക്കുകയും യഹോവയുടെ സഹായം ലഭിക്കുകയും ചെയ്ത സാധാരണക്കാരായ ആളുകളുടെ യഥാർഥ ജീവിതാനുഭവങ്ങളും ബൈബിളിലുണ്ട്. (എബ്രാ. 11:32-34; യാക്കോ. 5:17) ആ വിവരണങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് യഹോവ നമ്മുടെ ‘അഭയസ്ഥാനവും ശക്തിയും, ഏതു കഷ്ടത്തിലും സഹായം തേടി ഓടിച്ചെല്ലാവുന്നവനും’ ആണെന്ന നമ്മുടെ ബോധ്യം ശക്തമാക്കും. (സങ്കീ. 46:1) അതുപോലെ വിശ്വസ്തരായ ആ ദൈവദാസരുടെ മാതൃകകളെക്കുറിച്ച് ചിന്തിക്കുമ്പോൾ അവരുടെ വിശ്വാസവും സഹനശക്തിയും അനുകരിക്കാനും നമുക്കു തോന്നും.—യാക്കോ. 5:10, 11.
10. ദൈവവചനം എന്ന സഹായം നമുക്ക് എങ്ങനെ നന്നായി പ്രയോജനപ്പെടുത്താം?
10 നിങ്ങൾക്കു ചെയ്യാനാകുന്നത്. ദിവസവും ബൈബിൾ വായിക്കുക. പ്രയോജനം ചെയ്യുന്ന തിരുവെഴുത്തുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക. പലർക്കും വളരെ നല്ലതായി തോന്നിയ മറ്റൊരു കാര്യമാണ്, എന്നും രാവിലെ ദിനവാക്യം വായിക്കുന്നത്. അങ്ങനെയാകുമ്പോൾ ദിവസം മുഴുവൻ പ്രോത്സാഹനം തരുന്ന ഒരു തിരുവെഴുത്താശയം നമ്മുടെ മനസ്സിലുണ്ടായിരിക്കും. അതു സത്യമാണെന്നു മാരിa സഹോദരിയുടെ അനുഭവം തെളിയിക്കുന്നു. സഹോദരിയുടെ പപ്പയ്ക്കും മമ്മിക്കും ക്യാൻസർ ആണെന്നു കണ്ടെത്തി. സഹോദരിയായിരുന്നു അവരെ ശുശ്രൂഷിച്ചിരുന്നത്. അവരുടെ മരണത്തോട് അടുത്ത സമയങ്ങളിൽ പിടിച്ചുനിൽക്കാൻ മാരിയെ എന്താണു സഹായിച്ചത്? സഹോദരി പറയുന്നു: “എല്ലാ ദിവസവും രാവിലെതന്നെ ദിനവാക്യം വായിക്കുകയും അതെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. അത് എപ്പോഴും മനസ്സിൽ ഒരു തിരുവെഴുത്താശയം ഉണ്ടായിരിക്കാൻ എന്നെ സഹായിച്ചു. എന്റെ പ്രശ്നങ്ങളെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരിക്കാതെ യഹോവയെക്കുറിച്ചും യഹോവ പഠിപ്പിക്കുന്ന മഹത്തായ കാര്യങ്ങളെക്കുറിച്ചും ചിന്തിക്കാൻ അതിലൂടെ എനിക്കായി.”—സങ്കീ. 61:2.
നമ്മുടെ സഹോദരങ്ങൾ
11. പ്രശ്നങ്ങൾ സഹിച്ചുനിൽക്കുന്ന കാര്യത്തിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന് അറിയുന്നതു പ്രോത്സാഹനം പകരുന്നത് എന്തുകൊണ്ട്?
11 സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്നതിന് യഹോവ ക്രിസ്തീയ സഹോദരകുടുംബത്തെ തന്നിരിക്കുന്നു. “ലോകം മുഴുവനുള്ള (നമ്മുടെ) സഹോദരസമൂഹവും ഇതുപോലുള്ള കഷ്ടതകൾ അനുഭവിക്കുന്നുണ്ടെന്ന്” അറിയുന്നതു നമ്മൾ ഒറ്റയ്ക്കല്ലെന്ന ഉറപ്പു തരുന്നു. (1 പത്രോ. 5:9) ശരിക്കും പറഞ്ഞാൽ നമ്മൾ അനുഭവിക്കുന്ന പ്രശ്നം എന്തുതന്നെയായാലും അതിനോടു സമാനമായ പ്രശ്നങ്ങൾ മറ്റുള്ളവരും അനുഭവിച്ചിട്ടുണ്ട്. അവർക്ക് അതു വിശ്വസ്തമായി സഹിച്ചുനിൽക്കാനായി; അതുകൊണ്ടുതന്നെ നമുക്കും അതിനു പറ്റും!—പ്രവൃ. 14:22.
12. സഹോദരങ്ങൾ എങ്ങനെ നമ്മളെ സഹായിക്കും, നമുക്ക് അവർക്കുവേണ്ടി എന്തു ചെയ്യാനാകും? (2 കൊരിന്ത്യർ 1:3, 4)
12 സഹോദരങ്ങൾ തങ്ങളുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും തരുന്ന പ്രോത്സാഹനം സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കും. അത് അനുഭവിച്ചറിഞ്ഞ ഒരാളാണു പൗലോസ് അപ്പോസ്തലൻ. വീട്ടുതടങ്കലിലായിരുന്ന സമയത്ത് സഹോദരങ്ങൾ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു. പലപ്പോഴും കത്തുകളിൽ അവരുടെ പേര് എടുത്തുപറഞ്ഞുകൊണ്ട് പൗലോസ് നന്ദി പറയുന്നതു കാണാം. (ഫിലി. 2:25, 29, 30; കൊലോ. 4:10, 11) ഇന്നു നമുക്കു പ്രശ്നങ്ങൾ നേരിടുമ്പോഴും നമ്മളെ ആശ്വസിപ്പിക്കുന്നതിനും സഹായിക്കുന്നതിനും സഹോദരങ്ങളുണ്ടാകും. അതുപോലെ അവർക്കു പിന്തുണ വേണ്ടിവരുമ്പോൾ നമുക്കും അവരെ സഹായിക്കാനാകും.—2 കൊരിന്ത്യർ 1:3, 4 വായിക്കുക.
13. സഹിച്ചുനിൽക്കാൻ മിയ സഹോദരിയെ എന്താണു സഹായിച്ചത്?
13 റഷ്യയിൽനിന്നുള്ള മിയ സഹോദരിക്കു സഹോദരങ്ങൾ വലിയൊരു പ്രോത്സാഹനമായിരുന്നു. 2020-ൽ പോലീസ് സഹോദരിയുടെ വീട് പരിശോധന നടത്തി. പിന്നീട് തന്റെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു പറഞ്ഞതിനു കോടതിയിൽ സഹോദരിയെ വിചാരണ ചെയ്തു. മിയ പറയുന്നു: “ഞാൻ ആ സമയത്ത് മാനസികമായി വല്ലാതെ തളർന്നുപോയി. എങ്കിലും സഹോദരങ്ങൾ എന്നെ വിളിക്കുകയും എനിക്കു കത്തുകളും മെസേജുകളും അയയ്ക്കുകയും ചെയ്തു. അതിലൂടെ അവർ എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് എന്നോടു പറഞ്ഞു. നമ്മൾ സ്നേഹമുള്ള, വലിയൊരു സഹോദരകുടുംബത്തിന്റെ ഭാഗമാണെന്ന് എനിക്ക് അറിയാമായിരുന്നു. എങ്കിലും 2020-ലെ ആ സംഭവത്തോടെ അത് എനിക്കു കൂടുതൽ ഉറപ്പായി.”
14. സഹോദരങ്ങളുടെ സഹായത്തിൽനിന്ന് പ്രയോജനം നേടാൻ നമുക്ക് എന്തു ചെയ്യാനാകും? (ചിത്രവും കാണുക.)
14 നിങ്ങൾക്കു ചെയ്യാനാകുന്നത്. നിങ്ങൾ പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ സഹോദരങ്ങളോടു സംസാരിക്കുകയും അവരുടെ കൂടെ സമയം ചെലവഴിക്കുകയും ചെയ്യേണ്ടതു പ്രധാനമാണ്. മൂപ്പന്മാരോടു സഹായം ചോദിക്കാനും മടിക്കരുത്. കാരണം അവർക്ക്, “കാറ്റത്ത് ഒരു സുരക്ഷിതസ്ഥാനവും, പെരുമഴയത്ത് ഒരു അഭയസ്ഥാനവും” ആയിത്തീരാൻ കഴിയും. (യശ. 32:2, അടിക്കുറിപ്പ്.) നിങ്ങളുടെ സഹവിശ്വാസികളും പല പ്രശ്നങ്ങളിലൂടെ കടന്നുപോകുകയാണെന്ന കാര്യം ഓർക്കണം. അവരെ സഹായിക്കാൻ നിങ്ങളും ശ്രമിക്കുക. അതു സന്തോഷം തരും; നിങ്ങളുടെതന്നെ പ്രശ്നങ്ങൾ സഹിച്ചുനിൽക്കുന്നതു നിങ്ങൾക്കു കൂടുതൽ എളുപ്പമാകുകയും ചെയ്യും.—പ്രവൃ. 20:35.
നിങ്ങളുടെ ക്രിസ്തീയ സഹോദരങ്ങളോടൊപ്പം സമയം ചെലവഴിക്കുക (14-ാം ഖണ്ഡിക കാണുക)c
നമ്മുടെ പ്രത്യാശ
15. (എ) പ്രത്യാശ യേശുവിനെ എങ്ങനെയാണു സഹായിച്ചത്? (എബ്രായർ 12:2) (ബി) പ്രത്യാശ നമ്മളെ എങ്ങനെ സഹായിക്കും?
15 യഹോവ നമുക്കു മഹത്തായ ഒരു പ്രത്യാശ തന്നിരിക്കുന്നു. അതു പിടിച്ചുനിൽക്കാൻ നമ്മളെ സഹായിക്കും. (റോമ. 15:13) ഭൂമിയിലെ തന്റെ അവസാന ദിവസമുണ്ടായ വലിയ പ്രശ്നങ്ങൾ സഹിച്ചുനിൽക്കാൻ യേശുവിനെ സഹായിച്ചതു പ്രത്യാശയായിരുന്നു. (എബ്രായർ 12:2 വായിക്കുക.) യേശു എന്തിനെക്കുറിച്ചെല്ലാം ചിന്തിച്ചുകാണും? തന്റെ വിശ്വസ്തത ദൈവനാമത്തിന്റെ വിശുദ്ധീകരണത്തിനു സഹായിക്കുമെന്ന് യേശുവിന് അറിയാമായിരുന്നു. കൂടാതെ പിതാവിനോടൊപ്പം വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ചും തന്റെ അഭിഷിക്ത സഹോദരന്മാരോടൊപ്പം ദൈവരാജ്യത്തിൽ രാജാവായി ഭരിക്കുന്നതിനെക്കുറിച്ചും യേശു ചിന്തിച്ചു. ഇതുപോലെ ദൈവരാജ്യത്തിൽ എന്നേക്കും ജീവിക്കാമെന്ന നമ്മുടെ പ്രത്യാശ, സാത്താന്റെ ലോകത്തിൽ ഉണ്ടായേക്കാവുന്ന ഏതൊരു പ്രശ്നവും സഹിച്ചുനിൽക്കാൻ നമ്മളെയും സഹായിക്കും.
16. (എ) സഹിച്ചുനിൽക്കാൻ പ്രത്യാശ ഒരു സഹോദരിയെ സഹായിച്ചത് എങ്ങനെയാണ്? (ബി) സഹോദരിയുടെ വാക്കുകളിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
16 ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശ റഷ്യയിലുള്ള അലാ സഹോദരിയെ എങ്ങനെയാണു സഹായിച്ചതെന്നു നോക്കാം. സഹോദരിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്ത് വിചാരണയ്ക്കു മുമ്പുള്ള തടവിലാക്കി. സഹോദരി പറയുന്നു: “നമ്മുടെ പ്രത്യാശയെക്കുറിച്ച് പ്രാർഥിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതു നിരാശപ്പെട്ടുപോകാതിരിക്കാൻ എന്നെ സഹായിക്കുന്നു. ഇതെല്ലാം എന്നും സഹിക്കേണ്ടിവരില്ലെന്ന് എനിക്കറിയാം. യഹോവ ഉറപ്പായും വിജയിക്കും. അതോടൊപ്പം നമ്മളും.”
17. യഹോവ മഹത്തായ ഒരു പ്രത്യാശ തന്നിരിക്കുന്നതിൽ നന്ദിയുണ്ടെന്നു നമുക്ക് എങ്ങനെ കാണിക്കാം? (ചിത്രവും കാണുക.)
17 നിങ്ങൾക്കു ചെയ്യാനാകുന്നത്. യഹോവ കരുതിവെച്ചിരിക്കുന്ന മനോഹരമായ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ സമയമെടുക്കുക. നിങ്ങൾ പറുദീസയിൽ ആയിരിക്കുന്നതായി ഭാവനയിൽ കാണുക. അവിടെ ആസ്വദിക്കാനിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുക. അങ്ങനെ ചെയ്യുമ്പോൾ ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന ഏതൊരു പ്രശ്നവും “ക്ഷണികവും നിസ്സാരവും” ആണെന്നു നിങ്ങൾക്കു മനസ്സിലാകും. (2 കൊരി. 4:17) അതുപോലെ നമുക്കുള്ള മനോഹരമായ ഭാവിയെക്കുറിച്ച് മറ്റുള്ളവരോടു പറയാനും നന്നായി ശ്രമിക്കുക. ഈ ഭാവിപ്രത്യാശയെപ്പറ്റി ഒന്നും അറിയാതെ ഇന്നത്തെ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്ന ആളുകളുടെ അവസ്ഥ എന്തായിരിക്കുമെന്നു ചിന്തിക്കുക. ദൈവരാജ്യത്തെക്കുറിച്ച് നിങ്ങൾ ചെറുതായൊന്നു പറഞ്ഞ് തുടങ്ങുന്നതുപോലും കൂടുതൽ അറിയാനുള്ള അവരുടെ താത്പര്യം ഉണർത്തിയേക്കാം.
യഹോവ കരുതിവെച്ചിരിക്കുന്ന മനോഹരമായ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ സമയമെടുക്കുക (17-ാം ഖണ്ഡിക കാണുക)d
18. യഹോവയുടെ വാഗ്ദാനങ്ങൾ നമുക്കു വിശ്വസിക്കാനാകുന്നത് എന്തുകൊണ്ട്?
18 ഒരുപാടു പരിശോധനകൾ വിജയകരമായി സഹിച്ചുനിന്നശേഷം ഇയ്യോബ് യഹോവയെക്കുറിച്ച് പറഞ്ഞു: “അങ്ങയ്ക്ക് എല്ലാം ചെയ്യാൻ കഴിയുമെന്നും അങ്ങ് ഉദ്ദേശിക്കുന്നതൊന്നും നടക്കാതെപോകില്ലെന്നും എനിക്ക് ഇപ്പോൾ മനസ്സിലായി.” (ഇയ്യോ. 42:2) ഇയ്യോബ് മനസ്സിലാക്കിയതുപോലെ യഹോവയുടെ ഉദ്ദേശ്യത്തെ തടയാൻ ഒന്നിനും കഴിയില്ല. ഈ സത്യം തിരിച്ചറിയുന്നതു പ്രശ്നങ്ങൾ സഹിച്ചുനിൽക്കാനുള്ള ഊർജം നമുക്കു തരും. ഇതു മനസ്സിലാക്കാൻ ഒരു ദൃഷ്ടാന്തം നോക്കാം. പല ഡോക്ടർമാരെ കണ്ടിട്ടും രോഗം ഭേദമാകാതെ നിരാശയിൽ കഴിയുന്ന ഒരു സ്ത്രീയെക്കുറിച്ച് ചിന്തിക്കുക. അവർ ഇപ്പോൾ നല്ല അനുഭവപരിചയമുള്ള ഒരു ഡോക്ടറെ കാണുന്നു. അദ്ദേഹം രോഗം എന്താണെന്നു കണ്ടുപിടിക്കുകയും അത് എങ്ങനെ ചികിത്സിച്ച് മാറ്റുമെന്നു വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നു. ഇതു കേൾക്കുമ്പോൾ രോഗം മാറിയിട്ടില്ലെങ്കിൽപ്പോലും ആ സ്ത്രീക്കു വലിയ ആശ്വാസം തോന്നും. കാരണം സമയമെടുത്താണെങ്കിലും തന്റെ രോഗം മാറും എന്നുള്ള ഉറപ്പ് അവർക്ക് ഇപ്പോഴുണ്ട്. ഈ പ്രത്യാശ മുന്നോട്ടുപോകാൻ അവരെ സഹായിക്കും. അതുപോലെ പറുദീസ ഉറപ്പായും വരുമെന്ന ബോധ്യം സഹിച്ചുനിൽക്കാൻ നമ്മളെയും സഹായിക്കും.
19. സഹിച്ചുനിൽക്കാൻ കഴിയണമെങ്കിൽ നമ്മൾ എന്തു ചെയ്യണം?
19 സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്നതിന് യഹോവ തന്നിരിക്കുന്ന നാലു കാര്യങ്ങളെക്കുറിച്ച് നമ്മൾ കണ്ടു: പ്രാർഥന, ദൈവവചനം, സഹോദരങ്ങൾ, നമ്മുടെ പ്രത്യാശ. ഇതിൽനിന്നെല്ലാം പൂർണപ്രയോജനം നേടുക. അങ്ങനെയെങ്കിൽ സാത്താന്റെ ലോകം അവസാനിക്കുന്നതുവരെ, ഓരോ പ്രശ്നങ്ങളുടെ സമയത്തും യഹോവ നമ്മളെ താങ്ങിനിറുത്തും.—ഫിലി. 4:13.
ഗീതം 33 നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക
a ഈ ലേഖനത്തിലെ ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b ചിത്രത്തിന്റെ വിവരണം: ഋതുക്കൾ മാറിമാറി കടന്നുപോകുമ്പോഴും പ്രായമായ ഒരു സഹോദരൻ വിശ്വസ്തനായിത്തന്നെ തുടരുന്നു.
c ചിത്രത്തിന്റെ വിവരണം: ഋതുക്കൾ മാറിമാറി കടന്നുപോകുമ്പോഴും പ്രായമായ ഒരു സഹോദരൻ വിശ്വസ്തനായിത്തന്നെ തുടരുന്നു.
d ചിത്രത്തിന്റെ വിവരണം: ഋതുക്കൾ മാറിമാറി കടന്നുപോകുമ്പോഴും പ്രായമായ ഒരു സഹോദരൻ വിശ്വസ്തനായിത്തന്നെ തുടരുന്നു.