പഠനലേഖനം 33
ഗീതം 4 “യഹോവ എന്റെ ഇടയൻ”
യഹോവയ്ക്കു നിങ്ങളോടുള്ള സ്നേഹം അംഗീകരിക്കുക
‘അചഞ്ചലസ്നേഹത്തോടെ ഞാൻ നിന്നെ എന്നിലേക്ക് അടുപ്പിച്ചു.’—യിരെ. 31:3.
ഉദ്ദേശ്യം
യഹോവ നമ്മളെ സ്നേഹിക്കുന്നുണ്ടെന്നു വിശ്വസിക്കേണ്ടത് എന്തുകൊണ്ടാണെന്നും ആ വിശ്വാസം എങ്ങനെ ശക്തമാക്കാമെന്നും കാണും.
1. നിങ്ങൾ യഹോവയ്ക്കു നിങ്ങളെത്തന്നെ സമർപ്പിച്ചത് എന്തുകൊണ്ട്? (ചിത്രവും കാണുക.)
യഹോവയ്ക്കു നിങ്ങളെത്തന്നെ സമർപ്പിച്ച ആ ദിവസം നിങ്ങൾ ഓർക്കുന്നുണ്ടോ? യഹോവയെക്കുറിച്ച് അറിഞ്ഞപ്പോൾ നിങ്ങൾക്ക് യഹോവയോടു സ്നേഹം തോന്നി. അതുകൊണ്ടാണ് നിങ്ങൾ അങ്ങനെയൊരു തീരുമാനമെടുത്തത്. ഇനിമുതൽ യഹോവയുടെ ഇഷ്ടത്തിനു ജീവിതത്തിൽ പ്രാധാന്യം കൊടുക്കുമെന്നും മുഴുഹൃദയത്തോടും ദേഹിയോടും മനസ്സോടും ശക്തിയോടും കൂടെ ദൈവത്തെ സ്നേഹിക്കുമെന്നും നിങ്ങൾ അന്നു വാക്കുകൊടുത്തു. (മർക്കോ. 12:30) അന്നുതൊട്ട് യഹോവയോടുള്ള നിങ്ങളുടെ സ്നേഹം വളർന്ന് ശക്തമായിരിക്കുന്നു. അതുകൊണ്ട് “നിങ്ങൾ യഹോവയെ ശരിക്കും സ്നേഹിക്കുന്നുണ്ടോ” എന്ന് ആരെങ്കിലും ചോദിച്ചാൽ രണ്ടാമതൊന്നു ചിന്തിക്കാതെ നിങ്ങൾ പറയും, “ആരെക്കാളും, മറ്റെന്തിനെക്കാളും എനിക്ക് യഹോവയെ ഇഷ്ടമാണ്!”
സമർപ്പിച്ച് സ്നാനമേറ്റ സമയത്ത് നിങ്ങൾക്ക് യഹോവയോട് ഉണ്ടായിരുന്ന സ്നേഹം നിങ്ങൾ ഓർക്കുന്നുണ്ടോ? (1-ാം ഖണ്ഡിക കാണുക)
2-3. (എ) നമുക്ക് ഏതു കാര്യത്തെക്കുറിച്ച് ഉറപ്പുണ്ടായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു? (യിരെമ്യ 31:3) (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
2 എന്നാൽ “യഹോവ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്നു നിങ്ങൾക്കു ശരിക്കും ഉറപ്പുണ്ടോ” എന്ന് ആരെങ്കിലും ചോദിച്ചാലോ? ഉത്തരം പറയാൻ നിങ്ങൾ സംശയിക്കുമോ? യഹോവയുടെ സ്നേഹം കിട്ടാൻ മാത്രം നല്ല ഒരാളല്ല ഞാൻ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? കയ്പേറിയ ബാല്യകാലത്തിലൂടെ കടന്നുപോയ ഒരു സഹോദരി ഇങ്ങനെയാണു പറയുന്നത്: “യഹോവയെ ഞാൻ സ്നേഹിക്കുന്നുണ്ട്. അക്കാര്യത്തിൽ എനിക്കൊരു സംശയവുമില്ല. പക്ഷേ, യഹോവ എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന കാര്യത്തിൽ എനിക്ക് എപ്പോഴും സംശയമാണ്.” എന്നാൽ ശരിക്കും യഹോവയ്ക്കു നിങ്ങളെക്കുറിച്ച് എന്താണു തോന്നുന്നത്?
3 യഹോവ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (യിരെമ്യ 31:3 വായിക്കുക.) യഹോവയാണു നിങ്ങളെ തന്നിലേക്ക് ആകർഷിച്ചത്. നിങ്ങൾ സമർപ്പിച്ച് സ്നാനമേറ്റപ്പോൾ യഹോവ വളരെ വിലപ്പെട്ട ഒരു സമ്മാനം, തന്റെ അചഞ്ചലസ്നേഹം നിങ്ങൾക്കു തന്നു. ആ സ്നേഹം ആഴമുള്ളതും എന്നും നിലനിൽക്കുന്നതും ആണ്. അങ്ങനെയൊരു സ്നേഹം ഉള്ളതുകൊണ്ട് തന്റെ വിശ്വസ്താരാധകരെ “അമൂല്യമായ അവകാശമായി” യഹോവ കാണുന്നു. അതിൽ നിങ്ങളും ഉൾപ്പെടും. (മലാ. 3:17, അടിക്കുറിപ്പ്.) തന്റെ ആ സ്നേഹം പൗലോസ് അപ്പോസ്തലനെപ്പോലെ നിങ്ങളും മനസ്സിലാക്കാൻ യഹോവ ആഗ്രഹിക്കുന്നു. പൗലോസ് ഉറച്ചബോധ്യത്തോടെ ഇങ്ങനെ എഴുതി: “മരണത്തിനോ ജീവനോ ദൂതന്മാർക്കോ ഗവൺമെന്റുകൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ അധികാരങ്ങൾക്കോ ഉയരത്തിനോ ആഴത്തിനോ മറ്റ് ഏതെങ്കിലും സൃഷ്ടിക്കോ . . . ദൈവസ്നേഹത്തിൽനിന്ന് നമ്മളെ വേർപെടുത്താൻ കഴിയില്ല. ഇക്കാര്യത്തിൽ എനിക്കു പൂർണബോധ്യമുണ്ട്.” (റോമ. 8:38, 39) ഈ ലേഖനത്തിൽ, യഹോവ നമ്മളെ സ്നേഹിക്കുന്നുണ്ട് എന്ന വിശ്വാസം ശക്തമാക്കേണ്ടത് എന്തുകൊണ്ടാണെന്നും അതു നമുക്ക് എങ്ങനെ ചെയ്യാമെന്നും നമ്മൾ കാണും.
യഹോവയുടെ സ്നേഹം അംഗീകരിക്കേണ്ടത് എന്തുകൊണ്ട്?
4. നമ്മൾ ഏതു നുണ വിശ്വസിക്കാൻ സാത്താൻ ആഗ്രഹിക്കുന്നു, നമുക്ക് അതിനോട് എങ്ങനെ എതിർത്തുനിൽക്കാം?
4 യഹോവയുടെ സ്നേഹം അംഗീകരിക്കുന്നെങ്കിൽ സാത്താന്റെ “കുടിലതന്ത്രങ്ങളോട്” എതിർത്തുനിൽക്കാൻ നമുക്കാകും. (എഫെ. 6:11) നമ്മൾ യഹോവയെ സേവിക്കുന്നതു നിറുത്തണമെന്നാണു സാത്താന്റെ ആഗ്രഹം. അതിനുവേണ്ടി അവൻ എന്തും ചെയ്യും. സാത്താന്റെ കുടിലതന്ത്രങ്ങളിൽ ഒന്നാണ് യഹോവ നമ്മളെ സ്നേഹിക്കുന്നില്ലെന്നു നമ്മളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. അവസരം മുതലെടുക്കുന്ന ഒരാളാണ് സാത്താനെന്നു നമുക്ക് ഓർക്കാം. ഒരുപക്ഷേ മുൻകാല അനുഭവങ്ങളോ ഇപ്പോഴത്തെ പ്രശ്നങ്ങളോ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകളോ ഒക്കെ കാരണം നമ്മൾ തളർന്നിരിക്കുന്ന ഒരു സമയത്തായിരിക്കാം സാത്താൻ ആക്രമിക്കുന്നത്. (സുഭാ. 24:10) നിസ്സഹായരായ ഇരകളെ പിടിക്കാൻ ശ്രമിക്കുന്ന ഒരു സിംഹത്തെപ്പോലെ സാത്താൻ, നമ്മൾ മാനസികമായി തകർന്നുപോകുന്ന ഒരു അവസരത്തിനായി നോക്കിയിരിക്കുകയാണ്. ആ സമയത്ത്, യഹോവ നമ്മളെ സ്നേഹിക്കുന്നില്ല എന്ന നുണ കൂടെ വിശ്വസിപ്പിച്ച് നമ്മളെ കൂടുതൽ തളർത്താൻ അവൻ ശ്രമിക്കും. എന്നാൽ യഹോവ ശരിക്കും നമ്മളെ സ്നേഹിക്കുന്നുണ്ട് എന്ന ബോധ്യം ശക്തമാക്കുന്നെങ്കിൽ കൗശലക്കാരനായ സാത്താനോടും അവന്റെ തന്ത്രങ്ങളോടും ‘എതിർത്തുനിൽക്കാൻ’ നമുക്കു കഴിയും.—1 പത്രോ. 5:8, 9; യാക്കോ. 4:7.
5. യഹോവ നമ്മളെ സ്നേഹിക്കുന്നെന്നും വിലപ്പെട്ടവരായി കാണുന്നെന്നും നമ്മൾ അംഗീകരിക്കേണ്ടത് എന്തുകൊണ്ട്?
5 യഹോവയുടെ സ്നേഹം അംഗീകരിക്കുമ്പോൾ നമുക്ക് യഹോവയോടു കൂടുതൽ അടുക്കാൻ കഴിയും. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? യഹോവ നമ്മളെ സൃഷ്ടിച്ചതു സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള ആഗ്രഹത്തോടെയാണ്. സ്നേഹം കിട്ടുമ്പോഴുള്ള നമ്മുടെ സ്വാഭാവിക ചായ്വ് തിരിച്ച് സ്നേഹിക്കാനാണ്. അതുകൊണ്ടുതന്നെ യഹോവ നമ്മളെ സ്നേഹിക്കുന്നെന്നും വിലപ്പെട്ടവരായി കാണുന്നെന്നും എത്രയധികം നമുക്കു മനസ്സിലാകുന്നുവോ അത്രയധികം യഹോവയെ തിരിച്ച് സ്നേഹിക്കാൻ നമുക്കു തോന്നും. (1 യോഹ. 4:19) ദൈവത്തോടുള്ള നമ്മുടെ സ്നേഹം വളരുമ്പോൾ ദൈവവും നമ്മളെ കൂടുതൽ സ്നേഹിക്കും. അതെക്കുറിച്ച് ബൈബിൾ വ്യക്തമായി ഇങ്ങനെ പറയുന്നു: “ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും.” (യാക്കോ. 4:8) എങ്കിൽ, യഹോവ നമ്മളെ സ്നേഹിക്കുന്നുണ്ടെന്ന ബോധ്യം നമുക്ക് എങ്ങനെ ശക്തമാക്കാനാകും?
യഹോവയുടെ സ്നേഹം അംഗീകരിക്കാൻ നമ്മളെ എന്തു സഹായിക്കും?
6. യഹോവയുടെ സ്നേഹം അംഗീകരിക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
6 ഈയൊരു വിഷയം എടുത്തുപറഞ്ഞ് മടുത്തുപോകാതെ പ്രാർഥിക്കുക. (ലൂക്കോ. 18:1; റോമ. 12:12) യഹോവ കാണുന്നതുപോലെ നിങ്ങളെ കാണാനുള്ള സഹായത്തിനായി പ്രാർഥിക്കുക. ആവശ്യമെങ്കിൽ ദിവസത്തിൽ പല തവണ അങ്ങനെ ചെയ്യാനാകും. സ്വയം കുറ്റപ്പെടുത്തുന്ന ഒരു ഹൃദയമാണു നിങ്ങൾക്കുള്ളതെങ്കിൽ, യഹോവയുടെ സ്നേഹം അംഗീകരിക്കാൻ ബുദ്ധിമുട്ട് ആയിരുന്നേക്കാം. പക്ഷേ യഹോവ നിങ്ങളുടെ ഹൃദയത്തെക്കാൾ വലിയവനാണെന്ന് ഓർക്കാം. (1 യോഹ. 3:19, 20) ആരെക്കാളും നന്നായിട്ട് യഹോവയ്ക്കു നിങ്ങളെ അറിയാം. നിങ്ങൾപോലും കാണാത്ത നല്ല ഗുണങ്ങൾ യഹോവ നിങ്ങളിൽ കാണുന്നുണ്ട്! (1 ശമു. 16:7; 2 ദിന. 6:30) അതുകൊണ്ട് ഉള്ളിലുള്ളതെല്ലാം യഹോവയുടെ മുമ്പാകെ ‘പകരുകയും’ യഹോവയുടെ സ്നേഹം മനസ്സിലാക്കാൻ സഹായിക്കണേ എന്നു പ്രാർഥിക്കുകയും ചെയ്യാനാകും. (സങ്കീ. 62:8) എന്നിട്ടു നമ്മൾ ഇനി തുടർന്ന് പഠിക്കാൻപോകുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് ആ പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും വേണം.
7-8. സങ്കീർത്തനങ്ങൾ യഹോവയുടെ സ്നേഹത്തെക്കുറിച്ച് നമുക്ക് ഉറപ്പു തരുന്നത് എങ്ങനെ?
7 യഹോവ പറയുന്നതു വിശ്വസിക്കുക. ബൈബിളെഴുത്തുകാർ യഹോവയെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമാണ്. കാരണം യഹോവയാണ് അത് എഴുതാൻ അവരെ പ്രേരിപ്പിച്ചത്. ഉദാഹരണത്തിന്, സങ്കീർത്തനക്കാരനായ ദാവീദ് യഹോവയെ വർണിച്ചിരിക്കുന്ന ചില ഭാഗങ്ങൾ നമുക്കു നോക്കാം. ഒരു സങ്കീർത്തനത്തിൽ ദാവീദ് ഇങ്ങനെ എഴുതി: “യഹോവ ഹൃദയം തകർന്നവരുടെ അരികിലുണ്ട്; നിരുത്സാഹിതരെ ദൈവം രക്ഷിക്കുന്നു.” (സങ്കീ. 34:18, അടിക്കുറിപ്പ്.) മനസ്സ് തകർന്നിരിക്കുമ്പോൾ ഒറ്റയ്ക്കായിപ്പോയെന്നു നമുക്കെല്ലാം തോന്നിയേക്കാം. പക്ഷേ, ആ സമയത്ത് നമുക്ക് യഹോവയെ എത്ര ആവശ്യമാണെന്ന് യഹോവ മനസ്സിലാക്കുന്നുണ്ടെന്നും നമ്മുടെ കൂടെയുണ്ടാകുമെന്നും യഹോവ ഉറപ്പു തന്നിരിക്കുന്നു. മറ്റൊരു സങ്കീർത്തനത്തിൽ ദാവീദ് ഇങ്ങനെ എഴുതി: “എന്റെ കണ്ണീർ അങ്ങയുടെ തോൽക്കുടത്തിൽ ശേഖരിക്കേണമേ.” (സങ്കീ. 56:8) നമ്മൾ കഷ്ടപ്പെടുന്നത് യഹോവ കാണുന്നുണ്ട്. നമ്മുടെ വേദന യഹോവയ്ക്കു നന്നായി അറിയാം. മരുഭൂമിയിലൂടെ യാത്ര ചെയ്യുന്ന ഒരാൾക്കു തന്റെ തോൽക്കുടത്തിലെ ഓരോ തുള്ളി വെള്ളവും വളരെ വിലപ്പെട്ടതാണ്. അതുപോലെ യഹോവയ്ക്കും നമ്മൾ പൊഴിക്കുന്ന ഓരോ തുള്ളി കണ്ണീരും വിലപ്പെട്ടതാണ്. നമ്മൾ കരയുമ്പോഴെല്ലാം യഹോവ അതു കാണുകയും അതിനു പിന്നിലെ വേദന മനസ്സിലാക്കുകയും ചെയ്യുന്നു. ഇനി സങ്കീർത്തനം 139:3-ൽ നമ്മൾ ഇങ്ങനെ വായിക്കുന്നു: “എന്റെ എല്ലാ വഴികളും അങ്ങയ്ക്കു (യഹോവയ്ക്ക്) സുപരിചിതമാണ്.” നമ്മൾ ചെയ്യുന്ന എല്ലാം യഹോവ കാണുന്നുണ്ട്. എങ്കിലും യഹോവ ശ്രദ്ധവെക്കുന്നതു നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങളാണ്. (എബ്രാ. 6:10) കാരണം, തന്നെ സന്തോഷിപ്പിക്കാനായി നമ്മൾ ചെയ്യുന്ന ഓരോ ശ്രമവും യഹോവയ്ക്കു വിലപ്പെട്ടതാണ്.a
8 ബൈബിളിലെ ഇത്തരം ആശ്വാസം തരുന്ന വാക്യങ്ങളിലൂടെ യഹോവ ഒരു അർഥത്തിൽ നമ്മളോട് ഇങ്ങനെ പറയുകയാണ്: “ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും നിന്നെക്കുറിച്ച് എത്രത്തോളം ചിന്തിക്കുന്നുണ്ടെന്നും നീ മനസ്സിലാക്കണം. അതാണ് എന്റെ ആഗ്രഹം.” പക്ഷേ സാത്താന്റെ ആഗ്രഹം അതല്ലെന്നു നമ്മൾ കണ്ടു. യഹോവ നമ്മളെ സ്നേഹിക്കുന്നില്ല എന്ന നുണ നമ്മളെ വിശ്വസിപ്പിക്കാൻ സാത്താൻ ശ്രമിക്കുന്നു. അതുകൊണ്ട് യഹോവയുടെ സ്നേഹത്തെക്കുറിച്ച് എപ്പോഴെങ്കിലും സംശയം തോന്നുന്നെങ്കിൽ ഒരു നിമിഷം ചിന്തിക്കുക, “ഞാൻ ആരെയാണ് വിശ്വസിക്കേണ്ടത്—‘നുണയുടെ അപ്പനെ’ ആണോ അതോ ‘സത്യത്തിന്റെ ദൈവത്തെ’ ആണോ?”—യോഹ. 8:44; സങ്കീ. 31:5.
9. തന്നെ സ്നേഹിക്കുന്നവർക്ക് യഹോവ എന്ത് ഉറപ്പാണു തരുന്നത്? (പുറപ്പാട് 20:5, 6)
9 തന്നെ സ്നേഹിക്കുന്നവരെ യഹോവ എങ്ങനെയാണു കാണുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കുക. മോശയോടും ഇസ്രായേല്യരോടും യഹോവ പറഞ്ഞ വാക്കുകൾ നോക്കാം. (പുറപ്പാട് 20:5, 6 വായിക്കുക.) തന്നെ സ്നേഹിക്കുന്നവരോട് എന്നെന്നും അചഞ്ചലസ്നേഹം കാണിക്കുമെന്ന് യഹോവ വാക്കുതന്നിരിക്കുന്നു. യഹോവ വിശ്വസ്തനായ ദൈവമാണെന്നും തന്നെ സ്നേഹിക്കുന്നവരെ യഹോവ ഒരിക്കലും തിരിച്ച് സ്നേഹിക്കാതിരിക്കില്ലെന്നും ആണ് ആ വാക്കുകൾ കാണിക്കുന്നത്. (നെഹ. 1:5) അതുകൊണ്ട് യഹോവ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്നു നിങ്ങൾക്ക് ഉറപ്പു വേണമെന്നു തോന്നിയാൽ ഇങ്ങനെ ചിന്തിച്ചാൽ മതി, ‘ഞാൻ യഹോവയെ സ്നേഹിക്കുന്നുണ്ടോ?’ നിങ്ങൾ യഹോവയെ സ്നേഹിക്കുകയും യഹോവയെ സന്തോഷിപ്പിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ യഹോവ നിങ്ങളെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടാ. (ദാനി. 9:4; 1 കൊരി. 8:3) മറ്റു വാക്കുകളിൽ പറഞ്ഞാൽ, യഹോവയോടുള്ള നിങ്ങളുടെ സ്നേഹത്തെക്കുറിച്ച് നിങ്ങൾക്കു സംശയമില്ലെങ്കിൽ, പിന്നെ എന്തിനാണു നിങ്ങൾ യഹോവയുടെ സ്നേഹത്തെ സംശയിക്കുന്നത്? യഹോവയുടെ സ്നേഹവും വിശ്വസ്തതയും പോലെ ഉറപ്പുള്ള മറ്റൊന്നുമില്ലെന്ന് ഓർക്കാം.
10-11. നിങ്ങൾ മോചനവിലയെ എങ്ങനെ കാണാനാണ് യഹോവ ആഗ്രഹിക്കുന്നത്? (ഗലാത്യർ 2:20)
10 മോചനവിലയെക്കുറിച്ച് ധ്യാനിക്കുക. യേശുക്രിസ്തുവിന്റെ ബലിമരണം മുഴു മനുഷ്യർക്കും വേണ്ടിയുള്ള യഹോവയുടെ സമ്മാനമാണ്. (യോഹ. 3:16) എന്നാൽ അതു നിങ്ങൾക്കുള്ള വ്യക്തിപരമായ ഒരു സമ്മാനമാണോ? അതെ. പൗലോസ് അപ്പോസ്തലനെക്കുറിച്ച് ചിന്തിക്കുക. മുമ്പ് അദ്ദേഹം ഗുരുതരമായ തെറ്റുകൾ ചെയ്തിരുന്നു. ക്രിസ്ത്യാനിയായതിനു ശേഷവും തന്റെ അപൂർണതകളുമായി പൗലോസിനു പോരാടേണ്ടതുണ്ടായിരുന്നു. (റോമ. 7:24, 25; 1 തിമൊ. 1:12-14) എന്നിട്ടും, പൗലോസ് മോചനവിലയെ കണ്ടത്, യഹോവ തനിക്കുവേണ്ടി തന്ന ഒരു സമ്മാനമായിട്ടാണ്. (ഗലാത്യർ 2:20 വായിക്കുക.) ആ വാക്കുകൾ എഴുതാൻ പൗലോസിനെ പ്രേരിപ്പിച്ചത് യഹോവയാണ്. എന്തിനുവേണ്ടി? നമ്മൾ അതിൽനിന്ന് പഠിക്കാൻ. (റോമ. 15:4) നിങ്ങൾ മോചനവിലയെ എങ്ങനെ കാണാനാണ് യഹോവ പ്രതീക്ഷിക്കുന്നതെന്ന് പൗലോസിന്റെ വാക്കുകളിൽനിന്ന് മനസ്സിലാക്കാം. ഓരോ വ്യക്തിയും അതിനെ തനിക്കുവേണ്ടിയുള്ള ഒരു സമ്മാനമായി കാണാൻ യഹോവ ആഗ്രഹിക്കുന്നു. മോചനവിലയെ ആ രീതിയിൽ നമ്മൾ കാണുമ്പോൾ, യഹോവ നിങ്ങളെ സ്നേഹിക്കുന്നു എന്ന നിങ്ങളുടെ ബോധ്യം ശക്തമാകും.
11 നമുക്കുവേണ്ടി മരിക്കാൻ യഹോവ യേശുവിനെ ഭൂമിയിലേക്ക് അയച്ചു. എന്നാൽ യേശു വന്നതിനു മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു. ദൈവത്തെക്കുറിച്ചുള്ള സത്യം മറ്റുള്ളവരെ പഠിപ്പിക്കുക എന്നതായിരുന്നു അത്. (യോഹ. 18:37) യേശു പഠിപ്പിച്ച കാര്യങ്ങളിൽ, യഹോവ തന്റെ മക്കളെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നതും ഉൾപ്പെട്ടിരുന്നു.
യഹോവയുടെ സ്നേഹം അംഗീകരിക്കാൻ യേശു സഹായിക്കുന്നത് എങ്ങനെ
12. യഹോവയെക്കുറിച്ച് യേശു പറഞ്ഞിട്ടുള്ള കാര്യങ്ങൾ നമുക്ക് വിശ്വസിക്കാനാകുന്നത് എന്തുകൊണ്ട്?
12 ഭൂമിയിലായിരുന്നപ്പോൾ, യഹോവ എങ്ങനെയുള്ളൊരു വ്യക്തിയാണെന്നു മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കാൻ യേശുവിനു സന്തോഷമായിരുന്നു. (ലൂക്കോ. 10:22) യഹോവയെക്കുറിച്ച് യേശു പറഞ്ഞ കാര്യങ്ങൾ നമുക്ക് ഉറപ്പായും വിശ്വസിക്കാൻ കഴിയും. കാരണം, ഭൂമിയിലേക്കു വരുന്നതിനു മുമ്പ് യുഗങ്ങളോളം സ്വർഗത്തിൽ യഹോവയോടൊപ്പം ജീവിച്ചിട്ടുള്ള ആളായിരുന്നു യേശു. (കൊലോ. 1:15) യഹോവ വിശ്വസ്തരായ തന്റെ മക്കളെ എത്രയധികം സ്നേഹിക്കുന്നുണ്ടെന്നു യേശു നേരിട്ട് കാണുകയും അനുഭവിച്ചറിയുകയും ചെയ്തിരുന്നു. യഹോവയുടെ ഈ സ്നേഹം തിരിച്ചറിയാൻ നമ്മളെ യേശു സഹായിച്ചിരിക്കുന്നത് എങ്ങനെയാണ്?
13. യഹോവയെ നമ്മൾ എങ്ങനെ കാണാനാണ് യേശു ആഗ്രഹിക്കുന്നത്?
13 യേശു യഹോവയെ കണ്ടതുപോലെ നമ്മളും കാണാൻ യേശു ആഗ്രഹിക്കുന്നു. സുവിശേഷങ്ങളിൽ 160-ലധികം തവണ യേശു യഹോവയെ “പിതാവ്” എന്നു വിളിച്ചിരിക്കുന്നതു കാണാം. അതുപോലെ തന്റെ അനുഗാമികളോടു സംസാരിച്ചപ്പോൾ ‘നിങ്ങളുടെ പിതാവ്’ “നിങ്ങളുടെ സ്വർഗീയപിതാവ്” എന്നീ പദപ്രയോഗങ്ങൾ യേശു ഉപയോഗിച്ചു. (മത്താ. 5:16; 6:26) മത്തായി 5:16-ന്റെ പഠനക്കുറിപ്പ് ഇങ്ങനെ പറയുന്നു: “മുൻകാലദൈവദാസന്മാർ യഹോവയെ ‘സർവശക്തൻ,’ ‘അത്യുന്നതൻ,’ ‘മഹാസ്രഷ്ടാവ്’ എന്നിങ്ങനെ ഉന്നതമായ അനേകം പദവിനാമങ്ങൾ ഉപയോഗിച്ച് സംബോധന ചെയ്തിട്ടുണ്ട്. എന്നാൽ യേശു മിക്കപ്പോഴും ഉപയോഗിച്ച വളരെ ലളിതവും സാധാരണവും ആയ ‘പിതാവ്’ എന്ന പദം, തന്റെ ആരാധകരുമായി ദൈവത്തിനുള്ള അടുപ്പമാണ് എടുത്തുകാണിക്കുന്നത്.” അതുകൊണ്ട് തന്റെ മക്കളെ വളരെയേറെ സ്നേഹിക്കുന്ന ഒരു പിതാവായി യഹോവയെ നമ്മൾ കാണാൻ യേശു ആഗ്രഹിക്കുന്നു എന്ന കാര്യം വ്യക്തമാണ്. നമുക്ക് ഇപ്പോൾ യേശു യഹോവയെ “പിതാവ്” എന്നു വിളിച്ച രണ്ട് സന്ദർഭങ്ങൾ നോക്കാം.
14. സ്വർഗീയപിതാവായ യഹോവ ഓരോ വ്യക്തിയെയും വിലപ്പെട്ടതായി കാണുന്നെന്ന് യേശു കാണിച്ചത് എങ്ങനെ? (മത്തായി 10:29-31) (ചിത്രവും കാണുക.)
14 ആദ്യം, മത്തായി 10:29-31 വരെ (വായിക്കുക.) രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ ആ വാക്കുകൾ നോക്കാം. യഹോവയെ സ്നേഹിക്കുകയോ ആരാധിക്കുകയോ ചെയ്യാത്ത ചെറിയ പക്ഷികളാണ് കുരുവികൾ. എന്നിട്ടും യഹോവ അവയെ ഓരോന്നിനെയും വിലപ്പെട്ടതായി കാണുന്നു. ഓരോ കുരുവിയും നിലത്തു വീഴുന്നത് എപ്പോഴാണെന്നുപോലും യഹോവയ്ക്ക് അറിയാം. അങ്ങനെയെങ്കിൽ സ്നേഹത്താൽ പ്രേരിതമായി തന്നെ സേവിക്കുന്ന തന്റെ ഓരോ വിശ്വസ്താരാധകർക്കും യഹോവ എത്രയധികം മൂല്യം കൊടുക്കും! അവർക്കുവേണ്ടി യഹോവ എന്തെല്ലാം ചെയ്യും! ഇനി 30-ാം വാക്യത്തിൽ, “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു” എന്ന് പറഞ്ഞിരിക്കുന്നു. അതിന്റെ പഠനക്കുറിപ്പു പറയുന്നത് ഇങ്ങനെയാണ്: “അത്ര സൂക്ഷ്മമായ വിശദാംശങ്ങൾപോലും യഹോവയ്ക്കു നന്നായി അറിയാം എന്നത് ഒരു കാര്യത്തിന് ഉറപ്പേകുന്നു: ക്രിസ്തുവിന്റെ ഓരോ അനുഗാമിയുടെയും കാര്യത്തിൽ യഹോവയ്ക്ക് ആഴമായ താത്പര്യമുണ്ട്.” സ്വർഗീയപിതാവിന്റെ കണ്ണിൽ നമ്മൾ ഓരോരുത്തരും വിലപ്പെട്ടവരാണെന്ന് നമ്മൾ അംഗീകരിക്കാൻ യേശു ആഗ്രഹിക്കുന്നെന്നാണ് ഈ വിവരണം കാണിക്കുന്നത്.
യഹോവ ഒരോ കുരുവിയെയും വിലപ്പെട്ടതായി കാണുന്നു; അവ നിലത്ത് വീഴുന്നതുപോലും അറിയുന്നു. എങ്കിൽ തന്നെ സ്നേഹിക്കുന്ന, വിശ്വസ്തമായി ആരാധിക്കുന്ന നിങ്ങൾ ഓരോരുത്തരും യഹോവയ്ക്ക് എത്ര വിലപ്പെട്ടവരായിരിക്കും! (14-ാം ഖണ്ഡിക കാണുക)
15. യോഹന്നാൻ 6:44-ലെ യേശുവിന്റെ വാക്കുകൾ നിങ്ങളുടെ സ്വർഗീയപിതാവിനെക്കുറിച്ച് നിങ്ങളെ എന്താണു പഠിപ്പിക്കുന്നത്?
15 യേശു “പിതാവ്” എന്ന വാക്ക് ഉപയോഗിച്ച മറ്റൊരു സന്ദർഭം നോക്കാം. (യോഹന്നാൻ 6:44 വായിക്കുക.) ഈ വാക്യത്തിൽ കാണുന്നതുപോലെ നിങ്ങളുടെ സ്വർഗീയപിതാവ് വ്യക്തിപരമായി നിങ്ങളെ സത്യത്തിലേക്ക് ആകർഷിച്ചു. എന്തുകൊണ്ട്? കാരണം, നിങ്ങളുടെ നല്ല ഹൃദയവും ശരിയായ മനോഭാവവും യഹോവ കണ്ടു. (പ്രവൃ. 13:48) യോഹന്നാൻ 6:44-ന്റെ പഠനക്കുറിപ്പ് ഇങ്ങനെ പറയുന്നു: ‘ഈ വാക്കുകൾ പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് യിരെമ്യ 31:3-ലെ വാക്കുകളായിരിക്കാം.’ ഈ ലേഖനത്തിന്റെ ആധാരവാക്യമാണ് അതെന്നു നിങ്ങൾ ശ്രദ്ധിച്ചുകാണും. അവിടെ പറയുന്നു: “അതുകൊണ്ടാണ്, അചഞ്ചലസ്നേഹത്തോടെ ഞാൻ നിന്നെ എന്നിലേക്ക് അടുപ്പിച്ചത് (അഥവാ, ഞാൻ തുടർന്നും നിന്നോട് അചഞ്ചലസ്നേഹം കാണിച്ചത്).” (യിരെ. 31:3, അടിക്കുറിപ്പ്; ഹോശേ. 11:4 താരതമ്യം ചെയ്യുക.) നിങ്ങൾപോലും തിരിച്ചറിയാത്ത നല്ല ഗുണങ്ങൾ സ്വർഗീയപിതാവ് നിങ്ങളിൽ എപ്പോഴും കാണുന്നു എന്നല്ലേ ആ വാക്കുകളുടെ അർഥം.
16. (എ) യേശു ഒരു അർഥത്തിൽ എന്തു പറയുകയാണ്, നമ്മൾ യേശുവിനെ വിശ്വസിക്കേണ്ടത് എന്തുകൊണ്ട്? (ബി) നമ്മൾ ആഗ്രഹിക്കുന്നതുപോലെ ഒരു പിതാവാണ് യഹോവ എന്ന വിശ്വാസം നമുക്ക് എങ്ങനെ ശക്തമാക്കാം? (“അത്തരമൊരു പിതാവിനെയാണ് നമുക്ക് ആവശ്യം” എന്ന ചതുരം കാണുക.)
16 യഹോവയെ നമ്മുടെ പിതാവ് എന്നു വിളിച്ചതിലൂടെ യേശു ഒരു അർഥത്തിൽ നമ്മളോട് ഇങ്ങനെ പറയുകയാണ്: “യഹോവ എന്റെ മാത്രം പിതാവ് അല്ല, നിങ്ങളുടെയും പിതാവാണ്. ദൈവം നിങ്ങളെ ഓരോരുത്തരെയും സ്നേഹിക്കുന്നുണ്ടെന്നും ഓരോരുത്തരെക്കുറിച്ചും ചിന്തിക്കുന്നുണ്ടെന്നും ഞാൻ ഉറപ്പുതരുന്നു.” അതുകൊണ്ട് നിങ്ങളോടുള്ള യഹോവയുടെ സ്നേഹത്തെക്കുറിച്ച് സംശയം തോന്നുമ്പോൾ ഇങ്ങനെയൊന്നു ചിന്തിക്കുക, ‘എപ്പോഴും സത്യം മാത്രം സംസാരിക്കുന്ന, പിതാവിനെ ഏറ്റവും നന്നായി അറിയാവുന്ന മകന്റെ വാക്കുകൾ ഞാൻ വിശ്വസിക്കേണ്ടതല്ലേ?’—1 പത്രോ. 2:22.
നിങ്ങളുടെ ബോധ്യം ശക്തമാക്കിക്കൊണ്ടിരിക്കുക
17. യഹോവ നമ്മളെ സ്നേഹിക്കുന്നു എന്ന ബോധ്യം നമ്മൾ ശക്തമാക്കിക്കൊണ്ടിരിക്കേണ്ടത് എന്തുകൊണ്ട്?
17 യഹോവ നമ്മളെ സ്നേഹിക്കുന്നെന്ന ബോധ്യം നമ്മൾ ശക്തമാക്കിക്കൊണ്ടിരിക്കണം. കാരണം, മുമ്പു പഠിച്ചതുപോലെ യഹോവ നമ്മളെ സ്നേഹിക്കുന്നില്ല എന്ന നുണ നമ്മളെ വിശ്വസിപ്പിക്കാൻ തന്ത്രശാലിയായ സാത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കും. നമ്മൾ യഹോവയെ സേവിക്കുന്നതു നിറുത്തിക്കാണാൻ അവൻ ആഗ്രഹിക്കുന്നു. അവൻ അതിനുവേണ്ടി എന്തും ചെയ്യും. പക്ഷേ, സാത്താനെ വിജയിക്കാൻ നമ്മൾ ഒരിക്കലും അനുവദിക്കരുത്.—ഇയ്യോ. 27:5.
18. യഹോവ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന ബോധ്യം ശക്തമാക്കാൻ എന്തു ചെയ്യാം?
18 യഹോവ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന ബോധ്യം ശക്തമാക്കാൻ എങ്ങനെ കഴിയും? യഹോവ നിങ്ങളെ കാണുന്നതുപോലെ കാണാൻ സഹായിക്കണേ എന്ന് പ്രാർഥിച്ചുകൊണ്ടിരിക്കുക. യഹോവയുടെ ആർദ്രസ്നേഹത്തെക്കുറിച്ച് ദൈവപ്രചോദിതമായി ബൈബിളെഴുത്തുകാർ വർണിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. തന്നെ സ്നേഹിക്കുന്നവരെ യഹോവ എപ്പോഴും തിരിച്ച് സ്നേഹിക്കും എന്ന കാര്യം ഓർക്കുക. മോചനവിലയെ യഹോവ നിങ്ങൾക്കു വ്യക്തിപരമായി തന്ന ഒരു സമ്മാനമായി കാണുക. അതുപോലെ യഹോവ നിങ്ങളുടെ സ്വർഗീയപിതാവ് ആണെന്ന് യേശു തന്ന ഉറപ്പു വിശ്വസിക്കുക. എങ്കിൽ, “യഹോവ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പുണ്ടോ” എന്ന് ആരെങ്കിലും ചോദിച്ചാൽ ഉറച്ച ബോധ്യത്തോടെ നിങ്ങൾ പറയും: “ഉണ്ട്. യഹോവ എന്നെ സ്നേഹിക്കുന്നുണ്ട്. യഹോവയോടുള്ള എന്റെ സ്നേഹം തെളിയിക്കാൻ ഞാൻ എല്ലാ ദിവസവും പരമാവധി ശ്രമിക്കുകയും ചെയ്യും!”
ഗീതം 154 നിലയ്ക്കാത്ത സ്നേഹം
a യഹോവ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പു തരുന്ന കൂടുതൽ തിരുവെഴുത്തുകൾ കണ്ടെത്താൻ ക്രിസ്തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ എന്ന പ്രസിദ്ധീകരണത്തിലെ “വിലകുറഞ്ഞവരാണെന്ന തോന്നൽ” എന്ന വിഷയം നോക്കുക.