പഠനലേഖനം 41
ഗീതം 108 ദൈവത്തിന്റെ അചഞ്ചലസ്നേഹം
ദൈവത്തിന്റെ സ്നേഹം എന്നും നിലനിൽക്കും
“യഹോവയോടു നന്ദി പറയുവിൻ; ദൈവം നല്ലവനല്ലോ; ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്.”—സങ്കീ. 136:1.
ഉദ്ദേശ്യം
യഹോവയുടെ സ്നേഹം ഒരു അടിസ്ഥാന ബൈബിൾപഠിപ്പിക്കലാണെന്ന് ഓർക്കുന്നത് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ നിരുത്സാഹപ്പെട്ട് പോകാതിരിക്കാൻ സഹായിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
1-2. ഇന്ന് പല ക്രിസ്ത്യാനികളും നേരിടുന്ന ഒരു പ്രശ്നം എന്താണ്?
കടലിലെ കൊടുങ്കാറ്റിൽപ്പെട്ടിരിക്കുന്ന ഒരു ബോട്ടിനെക്കുറിച്ച് ചിന്തിക്കുക. ഭീമൻ തിരമാലകളിൽ അത് ആടിയുലയുകയാണ്. ഏതു ദിശയിൽ തിരമാല അടിക്കുന്നുവോ അങ്ങോട്ട് അതു പോകും. എന്നാൽ ഒരു നങ്കൂരം തിരമാലകളിൽപ്പെട്ടുപോകാതെ ആ ബോട്ടിനെ പിടിച്ചുനിറുത്തും.
2 കൊടുങ്കാറ്റുപോലുള്ള പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ നിങ്ങൾ ഈ ബോട്ടുപോലെയാണെന്നു നിങ്ങൾക്ക് തോന്നിയേക്കാം. നിങ്ങളുടെ വികാരങ്ങൾ ആടിയുലയും. യഹോവ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് ഒരു ദിവസം നിങ്ങൾക്ക് ഉറപ്പായിരിക്കും. എന്നാൽ അടുത്ത ദിവസം, നിങ്ങൾ കടന്നുപോകുന്ന സാഹചര്യം യഹോവ കാണുന്നുണ്ടോ എന്നുപോലും നിങ്ങൾ സംശയിച്ചേക്കാം. (സങ്കീ. 10:1; 13:1) ആ സമയത്തായിരിക്കും ഒരു സുഹൃത്ത് പ്രോത്സാഹിപ്പിക്കുന്ന വാക്കുകൾ പറയുന്നത്. അപ്പോൾ നിങ്ങൾക്ക് കുറച്ച് സമയത്തേക്ക് ആശ്വാസമൊക്കെ തോന്നും. (സുഭാ. 17:17; 25:11) എന്നാൽ സംശയങ്ങൾ വീണ്ടും തിരിച്ചുവന്നേക്കാം. യഹോവ നിങ്ങളെ കൈവിട്ടോ എന്നുപോലും നിങ്ങൾ ചിന്തിക്കാൻ തുടങ്ങിയേക്കാം. ഇങ്ങനെ ഒരു സാഹചര്യത്തിൽ നങ്കൂരമിടാൻ എങ്ങനെ കഴിയും? മറ്റു വാക്കുകളിൽ പറഞ്ഞാൽ യഹോവയുടെ സ്നേഹവും പിന്തുണയും സംബന്ധിച്ച് എപ്പോഴും ഉറപ്പുണ്ടായിരിക്കാൻ നിങ്ങളെ എന്തു സഹായിക്കും?
3. (എ) സങ്കീർത്തനം 31:7-ലും 136:1-ലും പറഞ്ഞിരിക്കുന്ന ‘അചഞ്ചലസ്നേഹം’ എന്ന വാക്കിന്റെ അർഥം എന്താണ്? (ബി) യഹോവയാണ് അതിന്റെ ഏറ്റവും ഉന്നതമായ മാതൃകയെന്ന് നമുക്ക് പറയാനാകുന്നത് എന്തുകൊണ്ട്? (ചിത്രവും കാണുക.)
3 പ്രശ്നങ്ങളുടെ സമയത്ത് നങ്കൂരമിടാൻ സഹായിക്കുന്ന ഒരു കാര്യം യഹോവയുടെ അചഞ്ചലസ്നേഹത്തെക്കുറിച്ച് ഓർക്കുന്നതാണ്. (സങ്കീർത്തനം 31:7; 136:1 വായിക്കുക.) “അചഞ്ചലസ്നേഹം” എന്ന വാക്ക് ഒരാൾക്ക് മറ്റൊരാളോടുള്ള ആഴമായ, നിലനിൽക്കുന്ന സ്നേഹബന്ധത്തെയാണ് അർഥമാക്കുന്നത്. അതിന്റെ ഏറ്റവും ഉന്നതമായ മാതൃകയാണ് യഹോവ. ശരിക്കും ബൈബിൾ യഹോവയെ ‘അചഞ്ചലസ്നേഹം നിറഞ്ഞവൻ’ എന്നാണ് വിളിച്ചിരിക്കുന്നത്. (പുറ. 34:6, 7) അതുപോലെ “സമൃദ്ധമായി അചഞ്ചലസ്നേഹം കാണിക്കുന്നവൻ” എന്നും യഹോവയെക്കുറിച്ച് ബൈബിൾ പറയുന്നു. (സങ്കീ. 86:5) ഇതിന്റെ അർഥം എന്താണെന്ന് ചിന്തിക്കുക. തന്റെ വിശ്വസ്തദാസരെ യഹോവ ഒരിക്കലും ഉപേക്ഷിക്കില്ല. യഹോവ വിശ്വസ്തനാണ് എന്ന് ഓർക്കുന്നത് പ്രശ്നങ്ങളുടെ സമയത്ത് ഒരു നങ്കൂരം ഇട്ടതുപോലെ ഉറച്ചുനിൽക്കാൻ നിങ്ങളെ സഹായിക്കും.—സങ്കീ. 23:4.
നങ്കൂരം ഒരു ബോട്ടിനെ കൊടുങ്കാറ്റിൽ ആടിയുലയാതിരിക്കാൻ സഹായിക്കുന്നതുപോലെ യഹോവ നമ്മളെ സ്നേഹിക്കുന്നുണ്ടെന്നുള്ള ബോധ്യം പ്രശ്നങ്ങളുടെ സമയത്ത് ഉറച്ചുനിൽക്കാൻ സഹായിക്കും (3-ാം ഖണ്ഡിക കാണുക)
യഹോവയുടെ സ്നേഹം ഒരു അടിസ്ഥാന ബൈബിൾപഠിപ്പിക്കലാണെന്ന് ഓർക്കുക
4. ചില അടിസ്ഥാന ബൈബിൾപഠിപ്പിക്കലുകൾ ഏതൊക്കെയാണ്, എന്തുകൊണ്ടാണ് നമ്മൾ അവ ഉറച്ച് വിശ്വസിക്കുന്നത്?
4 പ്രശ്നങ്ങളുടെ സമയത്ത് നങ്കൂരമിടാൻ സഹായിക്കുന്ന മറ്റൊരു കാര്യം യഹോവയുടെ സ്നേഹം ഒരു അടിസ്ഥാന ബൈബിൾപഠിപ്പിക്കലാണെന്ന് ഓർക്കുന്നതാണ്. “അടിസ്ഥാന ബൈബിൾപഠിപ്പിക്കലുകൾ” എന്നു പറയുമ്പോൾ എന്താണ് നിങ്ങളുടെ മനസ്സിലേക്കുവരുന്നത്? ഒരുപക്ഷേ ദൈവവചനം പഠിച്ചപ്പോൾ മനസ്സിലാക്കിയ അടിസ്ഥാന സത്യങ്ങളെക്കുറിച്ചായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. ഉദാഹരണത്തിന് ദൈവത്തിന്റെ പേര് യഹോവ എന്നാണ്, യേശു ദൈവത്തിന്റെ ഏകജാതനായ മകനാണ്, മരിച്ചവർ ഒന്നും അറിയുന്നില്ല, ഭൂമി ഒരു പറുദീസയായിത്തീരും, മനുഷ്യർ അവിടെ എന്നേക്കും ജീവിക്കും എന്നതുപോലുള്ള സത്യങ്ങൾ. (സങ്കീ. 83:18; സഭാ. 9:5; യോഹ. 3:16; വെളി. 21:3, 4) ഈ കാര്യങ്ങൾ ബോധ്യം വന്നപ്പോൾ ഒട്ടും സംശയിക്കാതെ നിങ്ങൾ അവ ഉറച്ച് വിശ്വസിച്ചു. എന്തുകൊണ്ട്? കാരണം ഇതെല്ലാം വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളവയാണ് എന്നു നിങ്ങൾ മനസ്സിലാക്കി. അങ്ങനെയെങ്കിൽ യഹോവയുടെ സ്നേഹം ഒരു അടിസ്ഥാന ബൈബിൾപഠിപ്പിക്കലാണെന്ന് ഓർക്കുന്നത് നിങ്ങൾ കടന്നുപോകുന്ന ബുദ്ധിമുട്ടുകൾ യഹോവ കാണുന്നില്ലെന്നോ അതെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നോ ഉള്ള സംശയങ്ങളെ മറികടക്കാൻ എങ്ങനെ സഹായിക്കുമെന്ന് നോക്കാം.
5. ഒരാൾക്ക് തെറ്റായ പഠിപ്പിക്കലുകളെ തള്ളിക്കളയാൻ കഴിയുന്നത് എങ്ങനെയെന്ന് വിശദീകരിക്കുക.
5 ബൈബിൾ പഠിച്ചുതുടങ്ങിയപ്പോൾ തെറ്റായ പഠിപ്പിക്കലുകൾ തള്ളിക്കളയാൻ നിങ്ങളെ എന്താണ് സഹായിച്ചത്? നിങ്ങളുടെ മതം പഠിപ്പിച്ച കാര്യങ്ങളും തിരുവെഴുത്തുകളിലെ സത്യങ്ങളും തമ്മിൽ താരതമ്യം ചെയ്തത് ആയിരിക്കും നിങ്ങളെ സഹായിച്ചത്. ഒരു ഉദാഹരണം നോക്കാം. യേശുവാണ് സർവശക്തനായ ദൈവം എന്നു നിങ്ങൾ ഒരിക്കൽ വിശ്വസിച്ചിരുന്നിരിക്കാം. എന്നാൽ ബൈബിൾ പഠിച്ചുതുടങ്ങിയപ്പോൾ ‘ആ പഠിപ്പിക്കൽ ശരിക്കും സത്യമാണോ’ എന്നു നിങ്ങൾ സ്വയം ചോദിച്ചു. തിരുവെഴുത്തുകൾ പരിശോധിച്ചപ്പോൾ അത് സത്യമല്ല എന്നു നിങ്ങൾ മനസ്സിലാക്കി. അപ്പോൾ ആ തെറ്റായ പഠിപ്പിക്കൽ തള്ളിക്കളഞ്ഞിട്ട്, യേശു “എല്ലാ സൃഷ്ടികളിലുംവെച്ച് ആദ്യം ജനിച്ചവനും” ‘ദൈവത്തിന്റെ ഏകജാതനും’ ആണെന്ന തിരുവെഴുത്തുസത്യം നിങ്ങൾ വിശ്വസിച്ചു. (കൊലോ. 1:15; യോഹ. 3:18) തെറ്റായ പഠിപ്പിക്കലുകൾ ‘കോട്ടകൾപോലെ’ ശക്തമാണ്; അത് തകർത്തുകളയാൻ ഒട്ടും എളുപ്പവുമല്ല. (2 കൊരി. 10:4, 5) എന്നാൽ ഒരിക്കൽ നിങ്ങൾ അത് തകർത്തുകളഞ്ഞു. പിന്നീട് നിങ്ങൾ അതിലേക്ക് തിരിച്ചുപോയിട്ടില്ല.—ഫിലി. 3:13.
6. യഹോവയുടെ “അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്” ആണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ട്?
6 യഹോവയുടെ സ്നേഹത്തെക്കുറിച്ച് ബൈബിൾ പറയുന്നതിന്റെ കാര്യത്തിലും നിങ്ങൾക്ക് ഇതുതന്നെ ചെയ്യാനാകും. ഒരു പ്രശ്നം നേരിടുമ്പോൾ യഹോവ നിങ്ങളെ സ്നേഹിക്കുന്നുണ്ടോ എന്ന് സംശയം തോന്നുന്നെങ്കിൽ നിങ്ങളോടുതന്നെ ചോദിക്കുക: ‘എന്റെ ഈ ചിന്ത ശരിയാണോ?’ എന്നിട്ട് യഹോവയുടെ സ്നേഹത്തെക്കുറിച്ച് നിങ്ങൾക്കുള്ള സംശയങ്ങളെ ഈ ലേഖനത്തിന്റെ ആധാരവാക്യമായ സങ്കീർത്തനം 136:1-മായി താരതമ്യം ചെയ്യുക. അവിടെ എന്തുകൊണ്ടാണ് യഹോവ തന്റെ സ്നേഹത്തെ “അചഞ്ചലസ്നേഹം” എന്ന് വിളിക്കാൻ സങ്കീർത്തനക്കാരനെ പ്രചോദിപ്പിച്ചത്? എന്തുകൊണ്ടാണ് ആ സങ്കീർത്തനത്തിൽ “ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്” എന്ന ആശയം 26 തവണ ആവർത്തിച്ചിരിക്കുന്നത്? മുമ്പു കണ്ടതുപോലെ, തന്റെ ജനത്തോടുള്ള യഹോവയുടെ അചഞ്ചലസ്നേഹം ബൈബിളിന്റെ ഒരു അടിസ്ഥാന പഠിപ്പിക്കലാണ്. നിങ്ങൾക്ക് അംഗീകരിക്കാൻ എളുപ്പമായിരുന്ന മറ്റു ബൈബിൾസത്യങ്ങൾ പോലെതന്നെയാണ് ഇതും. ദൈവം നിങ്ങൾക്ക് യാതൊരു വിലയും നൽകുന്നില്ല, നിങ്ങളെ സ്നേഹിക്കുന്നില്ല തുടങ്ങിയ ചിന്തകൾ വെറും നുണകളാണ്. മറ്റേതൊരു തെറ്റായ പഠിപ്പിക്കലുകളെയും തള്ളിക്കളയുന്നതുപോലെ ഇതിനെയും പൂർണമായി തള്ളിക്കളയുക.
7. യഹോവയുടെ സ്നേഹത്തെക്കുറിച്ച് ഉറപ്പു നൽകുന്ന ചില വാക്യങ്ങൾ ഏതൊക്കെയാണ്?
7 യഹോവ നമ്മളെ സ്നേഹിക്കുന്നു എന്നതിന്റെ തെളിവുകൾ ബൈബിളിൽ ഇനിയും കാണാം. ഉദാഹരണത്തിന്, യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “അനേകം കുരുവികളെക്കാൾ എത്രയോ വിലയുള്ളവരാണു നിങ്ങൾ!” (മത്താ. 10:31) അതുപോലെ യഹോവ തന്നെക്കുറിച്ച് തന്റെ ജനത്തോടു പറഞ്ഞു: “ഞാൻ നിന്നെ ശക്തീകരിക്കും, നിന്നെ സഹായിക്കും, എന്റെ നീതിയുള്ള വലങ്കൈകൊണ്ട് ഞാൻ നിന്നെ മുറുകെ പിടിക്കും.” (യശ. 41:10) എത്ര ഉറപ്പോടെയുള്ള വാക്കുകളാണ് അവ. ‘നിങ്ങൾ വിലയുള്ളവരായിരിക്കാം’ എന്നല്ല യേശു പറഞ്ഞത്. അതുപോലെ യഹോവ പറഞ്ഞത് ‘ഞാൻ നിന്നെ സഹായിച്ചേക്കാം’ എന്നുമല്ല. പകരം അവർ പറഞ്ഞത് “വിലയുള്ളവരാണു നിങ്ങൾ” എന്നും “ഞാൻ നിന്നെ സഹായിക്കും” എന്നും ആണ്. പ്രശ്നങ്ങൾ നേരിടുമ്പോൾ ഇത്തരം വാക്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് നിങ്ങൾക്കു പ്രയോജനം ചെയ്യും. യഹോവ നിങ്ങളെ സ്നേഹിക്കുന്നുണ്ട് എന്ന വെറുമൊരു തോന്നലിന് അപ്പുറം അതെക്കുറിച്ച് ഉറച്ച ബോധ്യം ഉണ്ടായിരിക്കാൻ അവ സഹായിക്കും. കാരണം ഈ തിരുവെഴുത്തുകൾ വസ്തുതകളാണ് അവതരിപ്പിക്കുന്നത്. ഈ വാക്യങ്ങളെക്കുറിച്ച് പ്രാർഥനാപൂർവം ചിന്തിക്കുന്നത് 1 യോഹന്നാൻ 4:16-ലെ വാക്കുകൾ പറയാൻ നിങ്ങളെ പ്രചോദിപ്പിക്കും: “ദൈവത്തിനു ഞങ്ങളോടുള്ള സ്നേഹം ഞങ്ങൾ തിരിച്ചറിയുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.”a
8. യഹോവയുടെ സ്നേഹത്തെക്കുറിച്ച് ഇടയ്ക്കൊക്കെ സംശയം തോന്നുന്നെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാം?
8 എന്നിട്ടും ചില സമയങ്ങളിൽ യഹോവ നിങ്ങളെ സ്നേഹിക്കുന്നുണ്ടോ എന്ന് നിങ്ങൾ സംശയിക്കുന്നെങ്കിലോ? നിങ്ങളുടെ തോന്നലുകളെ നിങ്ങൾക്ക് ബോധ്യം വന്നിട്ടുള്ള കാര്യങ്ങളുമായി താരതമ്യം ചെയ്യുക. നമ്മുടെ ഉള്ളിലെ തോന്നലുകൾ ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. എന്നാൽ വസ്തുതകൾ അങ്ങനെയല്ല. യഹോവയുടെ സ്നേഹം തിരുവെഴുത്തുകൾ പഠിപ്പിക്കുന്ന ഒരു വസ്തുതയാണ്. അതിൽ നമ്മൾ വിശ്വസിക്കുന്നില്ലെങ്കിൽ യഹോവയുടെ വ്യക്തിത്വത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗുണമായ സ്നേഹത്തെ നമ്മൾ കാണാതെ പോകുകയായിരിക്കും.—1 യോഹ. 4:8.
‘പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന്’ ഓർക്കുക
9-10. യോഹന്നാൻ 16:26, 27-ൽ രേഖപ്പെടുത്തിയിരിക്കുന്ന “പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നുണ്ടല്ലോ” എന്ന യേശുവിന്റെ വാക്കുകളുടെ സന്ദർഭം എന്താണ്? (ചിത്രവും കാണുക.)
9 യേശു ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നുണ്ടല്ലോ.” (യോഹന്നാൻ 16:26, 27 വായിക്കുക.) യഹോവയുടെ സ്നേഹത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ വാക്കുകൾ നമ്മളെ സഹായിക്കും. യേശു ഇവിടെ തന്റെ ശിഷ്യന്മാർക്ക് സന്തോഷം കൊടുക്കുന്ന ഒരു കാര്യം വെറുതെ പറയുകയായിരുന്നില്ല. സന്ദർഭം നോക്കുകയാണെങ്കിൽ, യേശു സംസാരിച്ചുകൊണ്ടിരുന്നത് പ്രധാനമായും തന്റെ ശിഷ്യന്മാരുടെ വികാരങ്ങളെക്കുറിച്ചല്ല പകരം പ്രാർഥന എന്ന വ്യത്യസ്തമായ ഒരു വിഷയത്തെക്കുറിച്ച് ആണെന്ന് നമുക്ക് മനസ്സിലാക്കാനാകും.
10 യേശു ഈ സന്ദർഭത്തിൽ, തന്നോടല്ല തന്റെ നാമത്തിൽ ദൈവത്തോട് പ്രാർഥിക്കാൻ ശിഷ്യന്മാരോട് പറയുകയായിരുന്നു. (യോഹ. 16:23, 24) ശിഷ്യന്മാർ അത് അറിഞ്ഞിരിക്കേണ്ടത് പ്രധാനമായിരുന്നു. യേശുവിന്റെ പുനരുത്ഥാനശേഷം യേശുവിനോട് അവർക്കു പ്രാർഥിക്കാൻ തോന്നാൻ സാധ്യത ഉണ്ടായിരുന്നു. കാരണം യേശു അവരുടെ അടുത്ത സുഹൃത്തായിരുന്നു. മാത്രമല്ല യേശുവിന് തങ്ങളോട് സ്നേഹമുണ്ടെന്നും അവർക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ യേശുവിനോട് പ്രാർഥിച്ചാൽ യേശു ആ അപേക്ഷകൾ പിതാവിനോട് പറഞ്ഞ് സാധിപ്പിച്ചുതരും എന്ന് അവർ ചിന്തിക്കാൻ ഇടയുണ്ടായിരുന്നു. എന്നാൽ അങ്ങനെ ചിന്തിക്കരുത് എന്ന് യേശു അവരോടു പറഞ്ഞു. അതിന്റെ കാരണവും ഇങ്ങനെ വ്യക്തമാക്കിക്കൊടുത്തു: “പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നുണ്ടല്ലോ.” ഈ വസ്തുത പ്രാർഥനയെക്കുറിച്ചുള്ള അടിസ്ഥാന ബൈബിൾപഠിപ്പിക്കലിന്റെ ഒരു ഭാഗമാണ്. ഇതിൽനിന്ന് നമ്മൾ എന്താണ് മനസ്സിലാക്കുന്നത്? ബൈബിൾപഠനത്തിലൂടെ നിങ്ങൾ യേശുവിനെക്കുറിച്ച് അറിഞ്ഞു; യേശുവിനോട് നിങ്ങൾക്കു സ്നേഹം തോന്നി. (യോഹ. 14:21) എന്നാൽ ഒന്നാം നൂറ്റാണ്ടിലെ ശിഷ്യന്മാരുടെ കാര്യത്തിലെന്നപോലെ നിങ്ങൾക്കും ‘പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നുണ്ട്’ എന്ന ബോധ്യത്തോടെ ദൈവത്തോട് പ്രാർഥിക്കാനാകും. ഓരോ തവണ നിങ്ങൾ യഹോവയോട് പ്രാർഥിക്കുമ്പോഴും യേശുവിന്റെ ആ വാക്കുകളിൽ വിശ്വാസമുണ്ടെന്ന് തെളിയിക്കുകയാണ്.—1 യോഹ. 5:14.
‘യഹോവതന്നെ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന’ ബോധ്യത്തോടെ നിങ്ങൾക്കു പ്രാർഥിക്കാനാകും (9-10 ഖണ്ഡികകൾ കാണുക)b
സംശയങ്ങളുടെ ഉറവിടം തിരിച്ചറിയുക
11. നമ്മൾ യഹോവയുടെ സ്നേഹത്തെ സംശയിച്ചാൽ സാത്താനു സന്തോഷമാകുന്നത് എന്തുകൊണ്ട്?
11 യഹോവയുടെ സ്നേഹത്തെക്കുറിച്ചുള്ള സംശയങ്ങൾ എവിടെനിന്നാണ് വരുന്നത്? അതിന്റെ കാരണക്കാരൻ സാത്താനാണ് എന്നു നിങ്ങൾ പറഞ്ഞേക്കാം. അത് ഒരു പരിധിവരെ ശരിയുമാണ്. പിശാച് നമ്മളെ ‘വിഴുങ്ങാൻ നോക്കി’ നടക്കുകയാണ്. നമ്മൾ യഹോവയുടെ സ്നേഹത്തെ സംശയിച്ചാൽ സാത്താന് സന്തോഷമാകുകയേ ഉള്ളൂ. (1 പത്രോ. 5:8) ശരിക്കും പറഞ്ഞാൽ, നമ്മളോടുള്ള സ്നേഹംകൊണ്ടാണല്ലോ യഹോവ മോചനവില തന്നത്. പക്ഷേ നമ്മൾ അതിന് അർഹരല്ലെന്ന് ചിന്തിക്കാനാണ് സാത്താൻ ആഗ്രഹിക്കുന്നത്. (എബ്രാ. 2:9) എന്നാൽ ഒന്നു ചിന്തിക്കൂ: നമ്മൾ യഹോവയുടെ സ്നേഹത്തെ സംശയിച്ചാൽ ആർക്കാണ് പ്രയോജനം? സാത്താന്. പ്രശ്നങ്ങളുടെ സമയത്ത് നമ്മൾ മടുത്ത് പിന്മാറിയാൽ ആരാണ് വിജയിക്കുക? സാത്താൻതന്നെ. പക്ഷേ യഹോവയുടെ സ്നേഹത്തെ നമ്മൾ സംശയിക്കാൻ ഇടയാക്കുന്ന സാത്താനെക്കുറിച്ച് ഒന്നു ചിന്തിക്കുക. ശരിക്കും യഹോവയുടെ സ്നേഹം നഷ്ടമായിരിക്കുന്നത് അവനല്ലേ? എന്നിട്ടും നമ്മളെയാണ് യഹോവ സ്നേഹിക്കാത്തതെന്നും വെറുക്കുന്നതെന്നും നമ്മളെ വിശ്വസിപ്പിക്കാൻ അവൻ ശ്രമിക്കുന്നു. അത് അവന്റെ ‘കുടിലതന്ത്രങ്ങളിൽ’ ഒന്നാണ്. (എഫെ. 6:11) നമ്മുടെ ശത്രു എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് തിരിച്ചറിയുന്നെങ്കിൽ ‘പിശാചിനോട് എതിർത്തുനിൽക്കാനുള്ള’ തീരുമാനം നമ്മൾ കൂടുതൽ ശക്തമാക്കും.—യാക്കോ. 4:7.
12-13. നമ്മുടെ ഉള്ളിലെ പാപാവസ്ഥ യഹോവയുടെ സ്നേഹത്തെ സംശയിക്കാൻ ഇടയാക്കിയേക്കാവുന്നത് എങ്ങനെ?
12 യഹോവ നമ്മളെ സ്നേഹിക്കുന്നുണ്ടോ എന്ന് സംശയിക്കാൻ പ്രേരിപ്പിക്കുന്ന മറ്റൊരു കാര്യമുണ്ട്. എന്താണ് അത്? നമുക്ക് കൈമാറിക്കിട്ടിയ പാപാവസ്ഥ. (സങ്കീ. 51:5; റോമ. 5:12) പാപം മനുഷ്യനെ അവന്റെ സ്രഷ്ടാവിൽനിന്നും അകറ്റിക്കളഞ്ഞിരിക്കുന്നു. ഈ പാപം അവന്റെ മനസ്സിനെയും ഹൃദയത്തെയും ശരീരത്തെയും കളങ്കപ്പെടുത്തിയിരിക്കുന്നു.
13 പാപം നമ്മളിൽ വൈകാരികമായ പല പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. കുറ്റബോധവും ഉത്കണ്ഠയും നാണക്കേടും ഒക്കെ നമുക്കു തോന്നാൻ അത് കാരണമായിരിക്കുന്നു. ഒരു തെറ്റു ചെയ്യുമ്പോൾ നമുക്ക് ഇത്തരം തോന്നലുകളുണ്ടായേക്കാം. എന്നാൽ പാപികളാണെന്ന ബോധം എപ്പോഴും നമ്മളെ അലട്ടുന്നതുകൊണ്ടും ഈ തോന്നലുകളുണ്ടാകാം. ദൈവം നമ്മളെ സൃഷ്ടിച്ചത് പാപാവസ്ഥയിൽ ജീവിക്കാനല്ലല്ലോ! (റോമ. 8:20, 21) ഒരു ഉദാഹരണം നോക്കാം. പഞ്ചറായ ടയറുള്ള ഒരു കാറിന് ഒരിക്കലും അതിന്റെ പരമാവധി വേഗതയിൽ സഞ്ചരിക്കാനാകില്ല. അതുപോലെതന്നെയാണ് പാപികളായ മനുഷ്യരുടെ കാര്യവും. നമ്മളെ സൃഷ്ടിച്ചപ്പോൾ ദൈവം എന്താണോ ഉദ്ദേശിച്ചത്, ആ രീതിയിൽ പ്രവർത്തിക്കാൻ അവർക്ക് ഒരിക്കലും കഴിയില്ല. അതുകൊണ്ടുതന്നെ യഹോവ നമ്മളെ സ്നേഹിക്കുന്നുണ്ടോ എന്ന് ഇടയ്ക്കൊക്കെ സംശയം തോന്നുന്നത് സ്വാഭാവികമാണ്. അങ്ങനെ സംഭവിക്കുന്നെങ്കിൽ ‘തന്നെ സ്നേഹിച്ച് തന്റെ കല്പനകൾ അനുസരിക്കുന്നവരോട് അചഞ്ചലസ്നേഹം കാണിക്കുന്ന, ഭയാദരവ് ഉണർത്തുന്ന, മഹാനായ ദൈവമാണ്’ യഹോവ എന്ന് നമുക്ക് ഓർക്കാം.—നെഹ. 1:5.
14. മോചനവിലയെക്കുറിച്ച് ചിന്തിക്കുന്നത് യഹോവയ്ക്ക് നമ്മളെ സ്നേഹിക്കാനാകില്ല എന്ന സംശയത്തെ മറികടക്കാൻ സഹായിക്കുന്നത് എങ്ങനെ? (റോമർ 5:8) (“‘പാപത്തിന്റെ വഞ്ചനയിൽ’ കുടുങ്ങാതിരിക്കാൻ ശ്രദ്ധിക്കുക” എന്ന ചതുരവും കാണുക.)
14 യഹോവയുടെ സ്നേഹത്തിന് നമ്മൾ അർഹരല്ല എന്ന ചിന്ത ഇടയ്ക്കൊക്കെ നമുക്ക് ഉണ്ടായേക്കാം എന്നതു സത്യമാണ്. ശരിക്കും പറഞ്ഞാൽ നമ്മൾ അതിന് അർഹരല്ല. അതാണ് ആ സ്നേഹത്തെ പ്രത്യേകതയുള്ളതാക്കുന്നത്. നമ്മൾ എന്തെങ്കിലും ചെയ്ത് നേടിയെടുക്കുന്ന ഒന്നല്ല യഹോവയുടെ സ്നേഹം. പക്ഷേ അർഹരല്ലാതിരുന്നിട്ടും യഹോവ നമ്മളെ സ്നേഹിക്കുന്നു; നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നതിനുവേണ്ടി മോചനവില നൽകിയിരിക്കുന്നു. (1 യോഹ. 4:10) ഇനി, യേശു ഭൂമിയിൽ വന്നതും പൂർണരായവരെയല്ല, പാപികളെ രക്ഷിക്കാൻ വേണ്ടിയാണ്. (റോമർ 5:8 വായിക്കുക.) നമുക്കാർക്കും എല്ലാം തികഞ്ഞ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. യഹോവ അത് നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നുമില്ല. അതുകൊണ്ട് നമ്മുടെ പാപാവസ്ഥ യഹോവയുടെ സ്നേഹത്തെ സംശയിക്കാൻ ഇടയാക്കുമെന്ന് മനസ്സിലാക്കുന്നെങ്കിൽ അതിന് എതിരെ നമ്മൾ കൂടുതൽ ശക്തമായി പോരാടും.—റോമ. 7:24, 25.
തുടർന്നും വിശ്വസ്തരായിരിക്കുക
15-16. നമ്മൾ യഹോവയോട് വിശ്വസ്തരായിരുന്നാൽ ഏതു കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും, എന്തുകൊണ്ട്? (2 ശമുവേൽ 22:26)
15 നമ്മൾ യഹോവയോട് ‘പറ്റിച്ചേരാൻ’ തീരുമാനിച്ചുകൊണ്ട് ശരിയായ തിരഞ്ഞെടുപ്പ് നടത്താൻ യഹോവ ആഗ്രഹിക്കുന്നു. (ആവ. 30:19, 20) അങ്ങനെ ചെയ്യുന്നെങ്കിൽ യഹോവ നമ്മളോടും എപ്പോഴും വിശ്വസ്തനായിരിക്കും. (2 ശമുവേൽ 22:26 വായിക്കുക.) നമ്മൾ വിശ്വസ്തർ ആയിരിക്കുന്നിടത്തോളം കാലം ജീവിതത്തിൽ ഏത് പ്രശ്നവും സഹിച്ചുനിൽക്കാൻ യഹോവ നമ്മളെ സഹായിക്കുമെന്ന് ഉറപ്പാണ്.
16 പ്രശ്നങ്ങളുടെ സമയത്ത് നങ്കൂരമിട്ടതുപോലെ ഉറച്ചുനിൽക്കാൻ നമുക്ക് ഒരുപാട് കാരണങ്ങളുണ്ടെന്ന് നമ്മൾ പഠിച്ചു. യഹോവ നമ്മളെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് നമുക്ക് അറിയാം. അതുതന്നെയാണ് ബൈബിൾ പഠിപ്പിക്കുന്നതും. യഹോവയുടെ സ്നേഹത്തെക്കുറിച്ച് നമുക്ക് എപ്പോഴെങ്കിലും സംശയം തോന്നിയാൽ ആ തോന്നലുകളിലല്ല നമുക്ക് ബോധ്യം വന്നിട്ടുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാം. യഹോവയുടെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നു എന്നത് ഒരു അടിസ്ഥാന ബൈബിൾസത്യമാണ്. അതിൽ നമുക്ക് എപ്പോഴും ഉറപ്പുണ്ടായിരിക്കാം.
ഗീതം 159 യഹോവയ്ക്കു മഹത്ത്വം കൊടുക്കുക
a നമ്മളെ സഹായിക്കുന്ന മറ്റു ചില തിരുവെഴുത്തുകളാണ് ആവർത്തനം 31:8; സങ്കീർത്തനം 94:14; യശയ്യ 49:15.
b ചിത്രത്തിന്റെ വിവരണം: രോഗിയായ തന്റെ ഭാര്യയെ പരിപാലിക്കാനും സാമ്പത്തികകാര്യങ്ങൾ ബുദ്ധിയോടെ കൈകാര്യം ചെയ്യാനും യഹോവയെ സ്നേഹിക്കുന്നതിനായി തന്റെ മകളെ പരിശീലിപ്പിക്കാനും ഉള്ള സഹായത്തിനായി ഒരു സഹോദരൻ പ്രാർഥിക്കുന്നു.