പഠനലേഖനം 35
ഗീതം 121 നമുക്ക് ആത്മനിയന്ത്രണം വേണം
നമുക്കു തെറ്റായ ആഗ്രഹങ്ങൾക്കെതിരെ പോരാടി ജയിക്കാനാകും
“നിങ്ങൾ നിങ്ങളുടെ ശരീരത്തിന്റെ മോഹങ്ങളെ അനുസരിച്ച് നടക്കാതിരിക്കാൻ, നിങ്ങളുടെ നശ്വരമായ ശരീരത്തിൽ പാപത്തെ രാജാവായി വാഴാൻ അനുവദിക്കരുത്.”—റോമ. 6:12.
ഉദ്ദേശ്യം
തെറ്റായ ആഗ്രഹങ്ങൾ ഉണ്ടാകുമ്പോൾ (1) എങ്ങനെ നിരുത്സാഹപ്പെട്ട് പോകാതിരിക്കാമെന്നും (2) ആ ആഗ്രഹങ്ങളെ എങ്ങനെ ചെറുത്തുനിൽക്കാമെന്നും നമ്മൾ പഠിക്കും.
1. അപൂർണരായ എല്ലാ മനുഷ്യർക്കും എന്ത് പോരാട്ടമുണ്ട്?
യഹോവയ്ക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യം ചെയ്യാൻ നിങ്ങൾക്കു ശക്തമായ ആഗ്രഹം തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ മടുത്തുപോകരുത്. കാരണം ബൈബിൾ പറയുന്നു: “പൊതുവേ ആളുകൾക്ക് ഉണ്ടാകുന്ന പ്രലോഭനങ്ങൾ മാത്രമേ നിങ്ങൾക്ക് ഉണ്ടായിട്ടുള്ളൂ.” (1 കൊരി. 10:13)a അതിന്റെ അർഥം, നിങ്ങൾ പോരാടിക്കൊണ്ടിരിക്കുന്ന തെറ്റായ ആഗ്രഹത്തോടു മറ്റ് ആളുകളും പോരാടുന്നുണ്ട് എന്നാണ്. അതുകൊണ്ട് നിങ്ങൾ ഒറ്റയ്ക്കല്ല, യഹോവയുടെ സഹായത്താൽ നിങ്ങൾക്കു ജയിക്കാനാകും.
2. ചില ക്രിസ്ത്യാനികളും ബൈബിൾവിദ്യാർഥികളും ഏതെല്ലാം പ്രലോഭനങ്ങളോടു പോരാടുന്നുണ്ടാകാം? (ചിത്രങ്ങളും കാണുക.)
2 ബൈബിൾ ഇങ്ങനെയും പറയുന്നു: “സ്വന്തം മോഹങ്ങളാണ് ഓരോരുത്തരെയും ആകർഷിച്ച് മയക്കി പരീക്ഷണങ്ങളിൽ അകപ്പെടുത്തുന്നത്.” (യാക്കോ. 1:14) ഒരാൾക്കു പ്രലോഭനമായി തോന്നുന്ന കാര്യമായിരിക്കില്ല മറ്റൊരാൾക്കു പ്രലോഭനമായി തോന്നുന്നത്. ഉദാഹരണത്തിന്, ചില ക്രിസ്ത്യാനികൾക്ക് എതിർലിംഗത്തിൽപ്പെട്ട ഒരാളുമായി ലൈംഗിക അധാർമികതയിൽ ഏർപ്പെടാനുള്ള പ്രലോഭനം തോന്നിയേക്കാം. മറ്റു ചിലർക്ക് ഒരേ ലിംഗത്തിൽപ്പെട്ട ആളോടായിരിക്കും ഈ ആഗ്രഹം തോന്നുന്നത്. ഇനി അശ്ലീലം കാണുന്നതു നിറുത്തിയ ഒരാൾക്ക്, വീണ്ടും അതു കാണാനുള്ള ശക്തമായ പ്രലോഭനമുണ്ടായേക്കാം. മയക്കുമരുന്നിന്റെ ഉപയോഗവും അമിതമായ മദ്യപാനവും ഒക്കെ നിറുത്തിയവരുടെ കാര്യത്തിലും ഇതു സത്യമാണ്. ചില ക്രിസ്ത്യാനികൾക്കും ബൈബിൾവിദ്യാർഥികൾക്കും പോരാടേണ്ടിവരുന്ന തെറ്റായ ആഗ്രഹങ്ങളിൽ ചിലതു മാത്രമാണ് ഇത്. അതുകൊണ്ട് ജീവിതത്തിൽ എപ്പോഴെങ്കിലും ഒക്കെ അപ്പോസ്തലനായ പൗലോസിനെപ്പോലെ നമുക്ക് എല്ലാവർക്കും ഇങ്ങനെ തോന്നിയിട്ടുണ്ടാകും: “ഞാൻ നന്മ ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിലും തിന്മ എന്നോടൊപ്പമുണ്ട്.”—റോമ. 7:21.
എവിടെയും ഏത് സമയത്തും അപ്രതീക്ഷിതമായി പ്രലോഭനങ്ങൾ ഉണ്ടായേക്കാം (2-ാം ഖണ്ഡിക കാണുക)d
3. എപ്പോഴും ഒരു തെറ്റായ ആഗ്രഹവുമായി പോരാടേണ്ടിവരുമ്പോൾ ഒരാൾക്ക് എന്തു തോന്നാം?
3 തെറ്റായ ഒരു ആഗ്രഹവുമായി എപ്പോഴും പോരാടേണ്ടിവരുമ്പോൾ നിങ്ങൾ ദുർബലൻ ആണെന്ന ഒരു തോന്നൽ വന്നേക്കാം. അതായത്, ഈ പ്രലോഭനത്തെ ചെറുത്തുനിൽക്കാൻ കഴിയില്ല എന്നു തോന്നിയേക്കാം. അതുപോലെ ഇങ്ങനെയൊരു തെറ്റായ ആഗ്രഹം ഉള്ളതുകൊണ്ട് യഹോവയ്ക്കു നിങ്ങളെ ഇഷ്ടമാകില്ലെന്നും അതുകൊണ്ടുതന്നെ നിങ്ങൾ പ്രതീക്ഷയറ്റവൻ ആണെന്നും നിങ്ങൾക്കു തോന്നാം. ഈ രണ്ടു ചിന്തകളും ശരിയല്ല. അത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നമുക്കു നോക്കാം: (1) ദുർബലനാണെന്നും പ്രതീക്ഷയ്ക്കു വകയില്ലെന്നും ഉള്ള തോന്നലുകൾ എവിടെനിന്നാണ് വന്നിരിക്കുന്നത്? (2) തെറ്റായ ആഗ്രഹങ്ങൾ ഉണ്ടാകുമ്പോൾ അതിനെതിരെ പോരാടി ജയിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
‘ദുഷ്ടനായവൻ’ നമ്മളെ ചിന്തിപ്പിക്കുന്നത്
4. (എ) പ്രലോഭനമുണ്ടാകുമ്പോൾ നമ്മൾ എന്തു വിശ്വസിക്കാൻ സാത്താൻ ആഗ്രഹിക്കുന്നു? (ബി) പ്രലോഭനങ്ങളെ ചെറുക്കാൻ കഴിയാത്ത വിധം ദുർബലരല്ല നമ്മൾ എന്നു പറയുന്നത് എന്തുകൊണ്ട്?
4 തെറ്റായ ആഗ്രഹത്തെ ചെറുത്തുനിൽക്കാൻ കഴിയാത്ത ദുർബലരാണ് നമ്മളെന്നു നമ്മൾ ചിന്തിക്കാനും അങ്ങനെ പ്രലോഭനത്തിൽ വീണുപോകാനും ആണ് സാത്താൻ ആഗ്രഹിക്കുന്നത്. “പ്രലോഭനത്തിൽ അകപ്പെടുത്താതെ ദുഷ്ടനിൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ” എന്നു തന്റെ അനുഗാമികളെ പ്രാർഥിക്കാൻ പഠിപ്പിച്ചപ്പോൾ യേശു അക്കാര്യം വ്യക്തമാക്കുകയായിരുന്നു. (മത്താ. 6:13) പ്രലോഭനം ഉണ്ടാകുമ്പോൾ ഒരു മനുഷ്യനും യഹോവയെ അനുസരിക്കില്ലെന്നാണ് സാത്താന്റെ വാദം. (ഇയ്യോ. 2:4, 5) പക്ഷേ ആ വാദം നടത്തുന്ന സാത്താനെക്കുറിച്ചുതന്നെ ഒന്നു ചിന്തിച്ചുനോക്കൂ. സ്വന്തം മോഹങ്ങളാൽ വശീകരിക്കപ്പെട്ടവൻ അവനാണ്. യഹോവയോടു വിശ്വസ്തനായി തുടരാൻ അവനു കഴിഞ്ഞില്ല. നമ്മളും സാത്താനെപ്പോലെയാണെന്ന് അവൻ വിചാരിക്കുന്നു. പ്രലോഭനമുണ്ടാകുമ്പോൾത്തന്നെ നമ്മൾ യഹോവയെ ഉപേക്ഷിക്കും എന്നാണ് സാത്താൻ ചിന്തിക്കുന്നത്. പൂർണനായ ദൈവപുത്രനെപ്പോലും പ്രലോഭനത്തിൽ അകപ്പെടുത്താൻ കഴിയുമെന്ന് അവൻ പ്രതീക്ഷിച്ചു. (മത്താ. 4:8, 9) എന്നാൽ ശരിക്കും, തെറ്റായ ആഗ്രഹങ്ങൾക്കെതിരെ പോരാടാൻ കഴിയാത്ത വെറും ദുർബലരാണോ നമ്മൾ? ഒരിക്കലും അല്ല! അപ്പോസ്തലനായ പൗലോസിനെപ്പോലെ നമുക്കും പറയാനാകും: “എല്ലാം ചെയ്യാനുള്ള ശക്തി, എന്നെ ശക്തനാക്കുന്ന ദൈവത്തിൽനിന്ന് എനിക്കു കിട്ടുന്നു.”—ഫിലി. 4:13.
5. തെറ്റായ ആഗ്രഹങ്ങൾക്കെതിരെ പോരാടി വിജയിക്കാൻ നമുക്കു കഴിയുമെന്ന് യഹോവയ്ക്ക് ഉറപ്പുണ്ടെന്നു പറയുന്നത് എന്തുകൊണ്ട്?
5 നമ്മളെക്കുറിച്ച് സാത്താൻ ചിന്തിക്കുന്നതിൽനിന്ന് നേർവിപരീതമായാണ് യഹോവ ചിന്തിക്കുന്നത്. നമുക്കു തെറ്റായ ആഗ്രഹങ്ങളെ ചെറുത്തുനിൽക്കാൻ കഴിയുമെന്ന് യഹോവയ്ക്ക് ഉറപ്പുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം വിശ്വസ്തരായിനിന്ന് മഹാകഷ്ടതയെ അതിജീവിക്കുന്ന ഒരു മഹാപുരുഷാരം ഉണ്ടായിരിക്കുമെന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു. അതിന്റെ അർഥത്തെക്കുറിച്ച് ഒന്നു ചിന്തിക്കുക. കുറച്ച് പേരല്ല, വലിയൊരു കൂട്ടം പുതിയ ഭൂമിയിലേക്കു കടക്കുമെന്ന് യഹോവ പറഞ്ഞിരിക്കുന്നു. അതുപോലെ ‘കുഞ്ഞാടിന്റെ രക്തത്തിൽ അവർ അവരുടെ വസ്ത്രം കഴുകിവെളുപ്പിച്ചിരിക്കുന്നു’ എന്ന് പറഞ്ഞിരിക്കുന്നതുകൊണ്ട് അവർക്കു ദൈവമുമ്പാകെ ശുദ്ധമായൊരു നിലയുണ്ടായിരിക്കും എന്ന കാര്യം ഉറപ്പാണ്. (വെളി. 7:9, 13, 14) നുണ പറയാൻ കഴിയാത്ത ദൈവമാണ് ഇതെല്ലാം പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തെറ്റായ ആഗ്രഹങ്ങൾക്കെതിരെ പോരാടാൻ കഴിയാത്ത ദുർബലരായല്ല യഹോവ നമ്മളെ കാണുന്നതെന്നു വ്യക്തമാണ്.
6-7. പ്രലോഭനങ്ങളോടു പോരാടുമ്പോൾ നമ്മൾ പ്രതീക്ഷയറ്റവരാണെന്നു ചിന്തിക്കാൻ സാത്താൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
6 നമ്മൾ ദുർബലർ മാത്രമല്ല പ്രതീക്ഷയറ്റവരും ആണെന്നു ചിന്തിക്കാൻ സാത്താൻ ആഗ്രഹിക്കുന്നു. ഉള്ളിൽ തെറ്റായ ആഗ്രഹങ്ങൾ ഉള്ളതുകൊണ്ട് നമ്മളെ യഹോവ അംഗീകരിക്കില്ലെന്നു വിശ്വസിപ്പിക്കാനാണ് അവൻ ശ്രമിക്കുന്നത്. പക്ഷേ ശരിക്കും പ്രതീക്ഷയറ്റവൻ സാത്താൻ അല്ലേ? നിത്യജീവനു യോഗ്യതയില്ലെന്ന് യഹോവ വിധിച്ചിരിക്കുന്ന ആളാണ് അവൻ. (ഉൽപ. 3:15; വെളി. 20:10) അതുകൊണ്ടുതന്നെ നമുക്കു നിത്യജീവന്റെ പ്രത്യാശയുള്ളതു സാത്താന് ഒട്ടും സഹിക്കുന്നില്ല. നമ്മളും അവനെപ്പോലെ ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്തവരാണെന്നു ചിന്തിക്കാൻ അവൻ ആഗ്രഹിക്കുന്നു. പക്ഷേ നമ്മൾ പ്രതീക്ഷയില്ലാത്തവർ അല്ല. വാസ്തവത്തിൽ ബൈബിൾ പറയുന്നത്, നമ്മളെ കുറ്റം വിധിക്കാനല്ല സഹായിക്കാൻ യഹോവ ശ്രമിക്കുന്നു എന്നാണ്. ദൈവം ‘ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാൻ ആഗ്രഹിക്കുന്നു.’—2 പത്രോ. 3:9.
7 തെറ്റായ ആഗ്രഹങ്ങളോടു പോരാടുമ്പോൾ നമ്മൾ ദുർബലരോ പ്രതീക്ഷയറ്റവരോ ആണെന്നു ചിന്തിക്കുന്നെങ്കിൽ അതു സാത്താൻ ആഗ്രഹിക്കുന്ന വഴിയേ നമ്മൾ പോകുന്നതുപോലെയായിരിക്കും. ഇത് ഓർക്കുന്നതു സാത്താന് എതിരെ ഉറച്ച നിലപാടെടുക്കാനുള്ള നമ്മുടെ തീരുമാനം ശക്തമാക്കും.—1 പത്രോ. 5:8, 9.
പാപാവസ്ഥ നമ്മളെ ചിന്തിപ്പിക്കുന്നത്
8. തെറ്റായ പ്രവൃത്തികൾക്കു പുറമേ പാപത്തിൽ മറ്റ് എന്തുകൂടി ഉൾപ്പെട്ടിട്ടുണ്ട്? (സങ്കീർത്തനം 51:5) (“പദപ്രയോഗത്തിന്റെ വിശദീകരണം” എന്നതും കാണുക.)
8 തെറ്റായ ആഗ്രഹങ്ങളോടു പോരാടുമ്പോൾ നമ്മൾ ദുർബലരാണെന്നും പ്രതീക്ഷയറ്റവരാണെന്നും ചിന്തിക്കാൻ ഇടയാക്കുന്നതു സാത്താൻ മാത്രമല്ല. വില്ലനായി മറ്റൊരാൾ കൂടിയുണ്ട്. ആദ്യ മാതാപിതാക്കളിൽനിന്ന് കൈമാറിക്കിട്ടിയ പാപാവസ്ഥയാണ് അത്.b—ഇയ്യോ. 14:4; സങ്കീർത്തനം 51:5 വായിക്കുക.
9-10. (എ) പാപാവസ്ഥ ആദാമിനെയും ഹവ്വയെയും എങ്ങനെയാണു ബാധിച്ചത്? (ചിത്രവും കാണുക.) (ബി) പാപാവസ്ഥ നമ്മളെ എങ്ങനെയാണു ബാധിക്കുന്നത്?
9 യഹോവയോട് അനുസരണക്കേടു കാണിച്ച് പാപികളായിത്തീർന്നപ്പോൾ ആദാമിനും ഹവ്വയ്ക്കും എന്താണു തോന്നിയത് എന്നതിനെക്കുറിച്ച് ചിന്തിക്കുക. അവർ ഒളിക്കാനും നഗ്നത മറയ്ക്കാനും ശ്രമിച്ചു. അതെക്കുറിച്ച് തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു: “അങ്ങനെ പാപം കാരണം അവർക്കു കുറ്റബോധവും ഉത്കണ്ഠയും നാണക്കേടും തോന്നി.” ഈ മൂന്നു വികാരങ്ങളെ മൂന്നു മുറികളായി സങ്കൽപ്പിക്കുക. പാപം ചെയ്തപ്പോൾ ആദാമും ഹവ്വയും ആ മൂന്നു മുറികൾ മാത്രമുള്ള ഒരു വീട്ടിൽ അകപ്പെട്ടതുപോലെയായി. അവർക്ക് ഒരു മുറിയിൽനിന്ന് അടുത്തതിലേക്കു പോകാം എന്നല്ലാതെ ആ വീട്ടിൽനിന്ന് പുറത്തുകടക്കാൻ പറ്റില്ലായിരുന്നു. അതെ, അവരുടെ പാപാവസ്ഥയിൽനിന്ന് രക്ഷപ്പെടാൻ അവർക്കു കഴിയുമായിരുന്നില്ല.
10 പക്ഷേ, നമ്മൾ ഒരിക്കലും അവരുടെ അതേ സാഹചര്യത്തിൽ അല്ല. കാരണം, അവർക്കു ലഭിക്കാത്ത മോചനവില എന്ന സമ്മാനം നമുക്കുണ്ട്! അതു നമ്മുടെ പാപങ്ങളെ കഴുകി വെടിപ്പാക്കുകയും നമുക്കു ശുദ്ധമനസ്സാക്ഷി തരുകയും ചെയ്യുന്നു. (1 കൊരി. 6:11) എങ്കിലും കൈമാറിക്കിട്ടിയ പാപാവസ്ഥ നമ്മളിൽ ഉള്ളതുകൊണ്ട് കുറ്റബോധവും ഉത്കണ്ഠയും നാണക്കേടും ഒക്കെ നമുക്കും തോന്നും. പാപം മനുഷ്യവർഗത്തിൻമേൽ ശക്തമായൊരു പിടി മുറുക്കിയിരിക്കുന്നെന്നു ബൈബിൾ പറയുന്നു. “ആദാം ചെയ്തതുപോലുള്ള പാപം ചെയ്യാത്തവരുടെ” കാര്യത്തിലും അതു സത്യമാണ്. (റോമ. 5:14) എന്നാൽ പാപികളായി ജനിച്ചതുകൊണ്ട് മാത്രം നമ്മൾ ദുർബലരും പ്രതീക്ഷയറ്റവരും ആണെന്നു ചിന്തിക്കേണ്ട ആവശ്യമില്ല. ആ ചിന്തകളെ നമുക്കു തള്ളിക്കളയാനാകും. എങ്ങനെ?
പാപം കാരണം ആദാമിനും ഹവ്വയ്ക്കും കുറ്റബോധവും ഉത്കണ്ഠയും നാണക്കേടും തോന്നി (9-ാം ഖണ്ഡിക കാണുക)
11. ദുർബലരാണ് എന്ന തോന്നലിനോടു നമ്മൾ എങ്ങനെ പ്രതികരിക്കണം, എന്തുകൊണ്ട്? (റോമർ 6:12)
11 തെറ്റായ ആഗ്രഹങ്ങൾക്കെതിരെ പോരാടാൻ കഴിയാത്ത ദുർബലരാണ് നമ്മൾ എന്ന് ഉള്ളിൽനിന്ന് ആരോ പറയുന്നതുപോലെ നമുക്കു ചിലപ്പോൾ തോന്നിയേക്കാം. നമ്മുടെ ഉള്ളിലെ പാപാവസ്ഥയാണ് അതിന് ഇടയാക്കുന്നത്. എന്നാൽ ആ ശബ്ദത്തിനു നമ്മൾ ചെവി കൊടുക്കരുത്. കാരണം, പാപം നമ്മുടെമേൽ ‘രാജാവായി വാഴുന്നത്’ തടയാൻ നമുക്കു പറ്റുമെന്നു ബൈബിൾ പറയുന്നു. (റോമർ 6:12 വായിക്കുക.) അതിന്റെ അർഥം തെറ്റായ ആഗ്രഹങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ നമുക്കു കഴിയും എന്നാണ്. (ഗലാ. 5:16) പ്രലോഭനത്തെ ചെറുത്തുനിൽക്കാൻ നമുക്കാകും എന്ന് യഹോവയ്ക്ക് ഉറപ്പുണ്ട്. അല്ലെങ്കിൽ യഹോവ അതു നമ്മളോട് ആവശ്യപ്പെടില്ലല്ലോ. (ആവ. 30:11-14; റോമ. 6:6; 1 തെസ്സ. 4:3) ഇതു കാണിക്കുന്നതു മോശമായ ആഗ്രഹങ്ങൾക്കെതിരെ പോരാടാൻ കഴിയാത്ത ദുർബലരല്ല നമ്മൾ എന്നാണ്.
12. പ്രതീക്ഷയറ്റവരാണ് എന്ന തോന്നലിനോടു നമ്മൾ എങ്ങനെ പ്രതികരിക്കണം, എന്തുകൊണ്ട്?
12 അതുപോലെ തെറ്റായ ആഗ്രഹങ്ങൾ ഉള്ളതുകൊണ്ട് യഹോവയ്ക്കു നമ്മളെ ഇഷ്ടമാകില്ലെന്നും നമ്മൾ പ്രതീക്ഷയറ്റവരാണെന്നും നമ്മുടെ ഉള്ളിലെ ആ ശബ്ദം പറഞ്ഞേക്കാം. എന്നാൽ അതിനും നമ്മൾ ശ്രദ്ധ കൊടുക്കരുത്. കാരണം നമ്മുടെ പാപാവസ്ഥയെക്കുറിച്ച് യഹോവ നന്നായി മനസ്സിലാക്കുന്നെന്നു ബൈബിളിൽ പറയുന്നു. (സങ്കീ. 103:13, 14) യഹോവ നമ്മളെക്കുറിച്ച് ‘എല്ലാം അറിയുന്നവനാണ്.’ കൈമാറിക്കിട്ടിയ പാപം നമ്മൾ ഓരോരുത്തരെയും എങ്ങനെയാണു ബാധിച്ചിരിക്കുന്നത് എന്നുപോലും യഹോവയ്ക്ക് അറിയാം. (1 യോഹ. 3:19, 20) തെറ്റായ ആഗ്രഹങ്ങൾക്കു ചേർച്ചയിൽ നമ്മൾ പ്രവർത്തിക്കാതിരിക്കുന്നിടത്തോളം കാലം യഹോവയുടെ മുമ്പാകെ ഒരു ശുദ്ധമായ നിലയുണ്ടായിരിക്കാൻ നമുക്കു കഴിയും. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
13-14. മനസ്സിൽ തെറ്റായ ആഗ്രഹങ്ങൾ ഉണ്ടാകുന്നു എന്നതുകൊണ്ട് മാത്രം യഹോവ നമ്മളെ അംഗീകരിക്കില്ല എന്നാണോ? വിശദീകരിക്കുക.
13 ഒരു തെറ്റായ ആഗ്രഹം ഉണ്ടായിരിക്കുന്നതും ആ ആഗ്രഹത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നു ബൈബിൾ കാണിച്ചുതരുന്നു. തെറ്റായൊരു ആഗ്രഹം മനസ്സിലേക്കു വരുന്നതു തടയാൻ നമുക്ക് എപ്പോഴും കഴിയണമെന്നില്ല. എന്നാൽ ആ ആഗ്രഹത്തിനു ചേർച്ചയിൽ പ്രവർത്തിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ നമുക്കു കഴിയും. ഉദാഹരണത്തിന്, ഒന്നാം നൂറ്റാണ്ടിൽ കൊരിന്തിലുണ്ടായിരുന്ന ക്രിസ്ത്യാനികളിൽ ചിലർ മുമ്പ് സ്വവർഗരതിക്കാർ ആയിരുന്നു. അവരെക്കുറിച്ച് പൗലോസ് പറഞ്ഞത് ഇങ്ങനെയാണ്: “നിങ്ങളിൽ ചിലർ അത്തരക്കാരായിരുന്നു.” എന്നാൽ അതിന്റെ അർഥം ഈ ക്രിസ്ത്യാനികൾക്കു പിന്നെ ഒരിക്കലും സ്വവർഗരതിയിൽ ഏർപ്പെടാൻ ആഗ്രഹം ഉണ്ടായിട്ടേയില്ല എന്നാണോ? അങ്ങനെയാകാൻ സാധ്യതയില്ല. കാരണം പൊതുവേ മനസ്സിൽ ആഴത്തിൽ വേര് പിടിക്കുന്ന ആഗ്രഹങ്ങളാണ് ഇതൊക്കെ. എന്നാൽ ആത്മനിയന്ത്രണം വളർത്തിയെടുക്കുകയും സ്വന്തം ആഗ്രഹങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാതിരിക്കുകയും ചെയ്ത ക്രിസ്ത്യാനികളെ യഹോവ അംഗീകരിച്ചു. ‘കഴുകി വെടിപ്പാക്കിയിരിക്കുന്നവരായിട്ടാണ്’ ദൈവം അവരെ കണ്ടത്. (1 കൊരി. 6:9-11) യഹോവയ്ക്കു നിങ്ങളെയും അങ്ങനെ കാണാനാകും.
14 നിങ്ങൾക്കുണ്ടാകുന്ന തെറ്റായ ആഗ്രഹങ്ങൾ എന്തുതന്നെയാണെങ്കിലും അതിനെ ചെറുത്തുനിൽക്കാൻ നിങ്ങൾക്കു പറ്റും. അത്തരം ആഗ്രഹങ്ങൾ മനസ്സിലേക്കു വരുന്നതു തടയാൻ എപ്പോഴും കഴിയില്ലായിരിക്കും. പക്ഷേ ആത്മനിയന്ത്രണം വളർത്തിയെടുക്കാനും ‘ശരീരത്തിന്റെയും മനസ്സിന്റെയും ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്തുന്നത്’ ഒഴിവാക്കാനും നിങ്ങൾക്കു കഴിയും. (എഫെ. 2:3) അങ്ങനെയെങ്കിൽ തെറ്റായ ആഗ്രഹങ്ങൾക്ക് എതിരെയുള്ള ഈ പോരാട്ടത്തിൽ ജയിക്കാൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാനാകും?
എങ്ങനെ ജയിക്കാം?
15. തെറ്റായ ആഗ്രഹങ്ങൾക്ക് എതിരെയുള്ള പോരാട്ടത്തിൽ ജയിക്കണമെങ്കിൽ നിങ്ങൾ നിങ്ങളോടുതന്നെ സത്യസന്ധരായിരിക്കേണ്ടത് എന്തുകൊണ്ട്?
15 തെറ്റായ ആഗ്രഹങ്ങൾക്ക് എതിരെയുള്ള പോരാട്ടത്തിൽ ജയിക്കണമെങ്കിൽ നിങ്ങൾ നിങ്ങളോടുതന്നെ സത്യസന്ധരായിരിക്കണം. നിങ്ങളുടെ ബലഹീനതകൾ നിങ്ങൾ തിരിച്ചറിയണം. “തെറ്റായ വാദങ്ങളാൽ” സ്വയം വഞ്ചിക്കാതിരിക്കാൻ ശ്രദ്ധിക്കുക. (യാക്കോ. 1:22) ഉദാഹരണത്തിന്, ‘എന്നെക്കാൾ കുടിക്കുന്ന എത്രയോ പേരുണ്ട്’ എന്നു പറഞ്ഞ് സ്വന്തം പ്രശ്നത്തെ ചെറുതായി കാണാനോ ‘എന്റെ ഭാര്യ എന്നോടു കൂടുതൽ സ്നേഹം കാണിച്ചിരുന്നെങ്കിൽ അശ്ലീലം കാണാനുള്ള ആഗ്രഹം എനിക്ക് ഉണ്ടാകില്ലായിരുന്നു’ എന്നു പറഞ്ഞ് മറ്റുള്ളവരെ കുറ്റപ്പെടുത്താനോ ചിലർ ശ്രമിച്ചേക്കാം. എന്നാൽ സ്വന്തം ബലഹീനതകളെ ഇങ്ങനെ ന്യായീകരിക്കുന്നത്, നിങ്ങൾ ആ പ്രലോഭനത്തിൽ വീണുപോകാനുള്ള സാധ്യത കൂട്ടുകയേയുള്ളൂ. അതുകൊണ്ട് ഒരിക്കലും ചിന്തകളിൽപ്പോലും അങ്ങനെ ചെയ്യരുത്. ഓർക്കുക, നിങ്ങൾ ചെയ്യുന്ന ഒരു കാര്യത്തിന്റെ ഉത്തരവാദിത്വം നിങ്ങൾക്കു തന്നെയാണ്.—ഗലാ. 6:7.
16. ശരിയായതു ചെയ്യാനുള്ള നിങ്ങളുടെ തീരുമാനം എങ്ങനെ ശക്തമാക്കാം?
16 നമ്മുടെ ബലഹീനതകളെക്കുറിച്ച് സ്വയം സത്യസന്ധരായിരിക്കുന്നതിനോടൊപ്പം അതിൽ വീഴില്ല എന്ന തീരുമാനം ശക്തമാക്കുകയും വേണം. (1 കൊരി. 9:26, 27; 1 തെസ്സ. 4:4; 1 പത്രോ. 1:15, 16) അത് എങ്ങനെ ചെയ്യാം? നിങ്ങളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് ഏതുതരം പ്രലോഭനമാണെന്നും ദിവസത്തിന്റെ ഏതു സമയത്താണ് അതിൽ വീഴാൻ കൂടുതൽ സാധ്യതയെന്നും മനസ്സിലാക്കുക. ഉദാഹരണത്തിന്, വളരെ ക്ഷീണിച്ചിരിക്കുമ്പോഴോ രാത്രി വളരെ വൈകിയ ഒരു സമയത്തോ നിങ്ങൾ പ്രലോഭനത്തിൽ വീഴാനുള്ള സാധ്യത കൂടുതലാണോ? ഉണ്ടായേക്കാവുന്ന പ്രലോഭനങ്ങൾ മുൻകൂട്ടി കണ്ട്, ആ സമയത്ത് നിങ്ങൾ എന്തു ചെയ്യും എന്നു നേരത്തേതന്നെ ചിന്തിച്ചുവെക്കുക. ഒരു പ്രലോഭനം ഉണ്ടായിക്കഴിഞ്ഞല്ല അതിനു മുമ്പാണ് ഇക്കാര്യങ്ങളെല്ലാം ചെയ്യേണ്ടത്.—സുഭാ. 22:3.
17. യോസേഫിന്റെ മാതൃകയിൽ നമുക്ക് എന്തു പഠിക്കാം? (ഉൽപത്തി 39:7-9) (ചിത്രങ്ങളും കാണുക.)
17 പോത്തിഫറിന്റെ ഭാര്യ യോസേഫിനെ വശീകരിക്കാൻ ശ്രമിച്ച സംഭവം നോക്കാം. യോസേഫ് പെട്ടെന്ന്, വളരെ വ്യക്തമായ രീതിയിൽ പ്രതികരിച്ചു. അദ്ദേഹം അവൾക്ക് ഒട്ടും വഴങ്ങിക്കൊടുത്തില്ല. (ഉൽപത്തി 39:7-9 വായിക്കുക.) ഇതിൽനിന്ന് നമുക്ക് എന്തു പഠിക്കാം? പോത്തിഫറിന്റെ ഭാര്യ തന്നെ വശീകരിക്കാൻ ശ്രമിക്കുന്നതിനു മുമ്പുതന്നെ ശരിയായതു ചെയ്യാൻ യോസേഫ് ഉറച്ച തീരുമാനമെടുത്തിരുന്നു. അതുപോലെ നമ്മളും ഒരു പ്രലോഭനം ഉണ്ടാകുന്നതിനു മുമ്പുതന്നെ ശരിയായതു ചെയ്യാനുള്ള നമ്മുടെ തീരുമാനം ശക്തമാക്കണം. അങ്ങനെ ചെയ്യുന്നെങ്കിൽ, പ്രലോഭനം ഉണ്ടാകുമ്പോൾ നമ്മൾ നേരത്തേതന്നെ എടുത്ത ആ തീരുമാനത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ എളുപ്പമായിരിക്കും.
യോസേഫിനെപ്പോലെ പെട്ടെന്നുതന്നെ പ്രലോഭനങ്ങളെ തള്ളിക്കളയുക! (17-ാം ഖണ്ഡിക കാണുക)
‘പരിശോധിച്ചുകൊണ്ടിരിക്കുക’
18. തെറ്റായ ആഗ്രഹങ്ങൾക്ക് എതിരെയുള്ള പോരാട്ടത്തിൽ നമുക്ക് എങ്ങനെ ജയിക്കാം? (2 കൊരിന്ത്യർ 13:5)
18 തെറ്റായ ആഗ്രഹങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ജയിക്കാൻ നമ്മൾ പതിവായി നമ്മളെത്തന്നെ “പരിശോധിച്ചുകൊണ്ടിരിക്കണം.” (2 കൊരിന്ത്യർ 13:5 വായിക്കുക.) അതിന് ഇടയ്ക്കിടെ നമ്മുടെ ചിന്തകളും പ്രവൃത്തികളും വിലയിരുത്തുകയും വേണ്ട മാറ്റങ്ങൾ വരുത്തുകയും വേണം. ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു പ്രലോഭനത്തെ ചെറുത്തുനിൽക്കാൻ കഴിഞ്ഞെങ്കിലും സ്വയം ഇങ്ങനെ ചോദിക്കുക: ‘അതു വേണ്ടെന്നുവെക്കാൻ എനിക്ക് എത്ര സമയമെടുത്തു?’ കുറച്ചധികം സമയമെടുത്തതായി തോന്നുന്നെങ്കിൽ നിരാശപ്പെടരുത്. പകരം കുറച്ചുകൂടെ മെച്ചപ്പെടാൻ എന്തു ചെയ്യാനാകുമെന്നു ചിന്തിക്കുക. അതിനായി ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കാം: ‘എന്റെ മനസ്സിലേക്കു വരുന്ന തെറ്റായ ചിന്തകൾ കുറച്ചുകൂടെ പെട്ടെന്നു തള്ളിക്കളയാൻ എനിക്കു പറ്റുമോ? ഞാൻ തിരഞ്ഞെടുക്കുന്ന വിനോദങ്ങൾ പ്രലോഭനത്തെ ചെറുത്തുനിൽക്കാൻ എനിക്കു കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടോ? മോശമായ ചിത്രങ്ങൾ എന്റെ മുമ്പിൽ വരുമ്പോൾ ഞാൻ പെട്ടെന്നുതന്നെ എന്റെ നോട്ടം മാറ്റുന്നുണ്ടോ? ആത്മനിയന്ത്രണം കാണിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും യഹോവയെ അനുസരിക്കുന്നതാണ് എനിക്ക് ഏറ്റവും നല്ലത് എന്ന ബോധ്യം എനിക്കുണ്ടോ?’—സങ്കീ. 101:3.
19. ചെറുതെന്നു തോന്നുന്ന ബുദ്ധിശൂന്യമായ തീരുമാനങ്ങൾ എങ്ങനെയാണു തെറ്റായ ആഗ്രഹങ്ങളോടുള്ള പോരാട്ടം ബുദ്ധിമുട്ടാക്കിത്തീർക്കുന്നത്?
19 സ്വയം വിലയിരുത്തുന്ന സമയത്ത് തെറ്റായ കാര്യങ്ങളെ ന്യായീകരിക്കുന്ന രീതി ഒഴിവാക്കുക. ബൈബിൾ പറയുന്നു: “ഹൃദയം മറ്റ് എന്തിനെക്കാളും വഞ്ചകവും സാഹസത്തിനു തുനിയുന്നതും ആണ്.” (യിരെ. 17:9) ഹൃദയത്തിൽ “ദുഷ്ടചിന്തകൾ” ഉണ്ടാകുമെന്നു യേശു പറഞ്ഞു. (മത്താ. 15:19) ഉദാഹരണത്തിന്, അശ്ലീലം കാണുന്നതു നിറുത്തിയിട്ട് കുറെ നാളായ ഒരാളുടെ കാര്യമെടുക്കുക. ലൈംഗിക വികാരങ്ങൾ ഉണർത്തിയേക്കാവുന്ന ചിത്രങ്ങളാണെങ്കിലും അതിൽ നഗ്നരായ ആളുകളെ നേരിട്ട് കാണിക്കാത്തതുകൊണ്ട് ആ ചിത്രങ്ങൾ നോക്കുന്നതിൽ കുഴപ്പമില്ലെന്ന് അദ്ദേഹം ചിന്തിക്കാനിടയുണ്ട്. അതല്ലെങ്കിൽ, തെറ്റായ ആഗ്രഹങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാത്തിടത്തോളം കാലം അത്തരം ചിന്തകൾ മനസ്സിലിട്ട് താലോലിക്കുന്നതിൽ തെറ്റില്ല എന്ന് അദ്ദേഹം ന്യായവാദം ചെയ്തേക്കാം. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ, ഒരു വിധത്തിൽ അദ്ദേഹത്തിന്റെ വഞ്ചകമായ ഹൃദയം ‘ജഡമോഹങ്ങൾ തൃപ്തിപ്പെടുത്താനുള്ള പദ്ധതികൾ ആലോചിക്കുകയാണ്.’ (റോമ. 13:14) ഇത് എങ്ങനെ നിങ്ങൾക്ക് ഒഴിവാക്കാം? തെറ്റായ വലിയ തീരുമാനങ്ങളിലേക്കു നയിക്കുന്നതു ബുദ്ധിശൂന്യമായ ചെറിയ തീരുമാനങ്ങളാണെന്നു മനസ്സിലാക്കി അതു ഒഴിവാക്കുക.c തെറ്റായ കാര്യങ്ങളെ ന്യായീകരിക്കുന്ന എല്ലാ ‘ദുഷ്ടചിന്തകളും’ തള്ളിക്കളയുക.
20. നമ്മൾ എന്തിനാണു കാത്തിരിക്കുന്നത്, ഇപ്പോൾ നമുക്ക് എന്തു സഹായമുണ്ട്?
20 നമ്മൾ പഠിച്ചതുപോലെ യഹോവയുടെ സഹായത്താൽ പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാനുള്ള ശക്തി നമുക്കു ലഭിക്കുന്നു. അതുപോലെ ദൈവം കരുണയോടെ, പുതിയ ലോകത്തിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയും തന്നിരിക്കുന്നു. അന്നു തെറ്റായ ആഗ്രഹങ്ങളോടു നമുക്കു പോരാടേണ്ടിവരില്ല. ശുദ്ധമായ മനസ്സോടെയും ഹൃദയത്തോടെയും നമുക്ക് അന്ന് യഹോവയെ സേവിക്കാൻ കഴിയും. എന്നാൽ അതുവരെ, നമ്മുടെ പോരാട്ടത്തിൽ നമ്മൾ ദുർബലരോ പ്രതീക്ഷയറ്റവരോ അല്ല എന്ന കാര്യം എപ്പോഴും ഓർക്കാം. യഹോവ നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിക്കും; നമ്മൾ ജയിക്കും!
ഗീതം 122 അചഞ്ചലരായ് ഉറച്ചുനിൽക്കാം
a സത്യവേദപുസ്തകം, ആധുനിക വിവർത്തനം ഈ വാക്യത്തെ ഇങ്ങനെയാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്: “സാധാരണ ജനങ്ങൾക്ക് ഉണ്ടാകാത്ത ഒരു പരീക്ഷണവും നിങ്ങൾക്ക് നേരിട്ടിട്ടില്ല.”
b പദപ്രയോഗത്തിന്റെ വിശദീകരണം: ബൈബിളിൽ “പാപം” എന്നത് മിക്കപ്പോഴും മോഷണം, വ്യഭിചാരം, കൊലപാതകം എന്നതുപോലുള്ള ഒരു തെറ്റായ പ്രവൃത്തിയെ കുറിക്കുന്നു. (പുറ. 20:13-15; 1 കൊരി. 6:18) എന്നാൽ ചില തിരുവെഴുത്തുകളിൽ “പാപം” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ജനിച്ചപ്പോൾ നമുക്കു കൈമാറിക്കിട്ടിയ അപൂർണ അവസ്ഥയെയാണ്. ഇതുവരെ പാപപ്രവൃത്തി ഒന്നും ചെയ്യാത്തവരുടെ കാര്യത്തിലും ഈ അർഥം ബാധകമാണ്.
c സുഭാഷിതങ്ങൾ 7:7-23-ൽ വിവരിച്ചിരിക്കുന്ന യുവാവിന്റെ കാര്യത്തിൽ, അവൻ എടുത്ത ചെറിയ, ബുദ്ധിശൂന്യമായ തീരുമാനങ്ങളാണ് പിന്നീട് ലൈംഗിക അധാർമികതയിൽ ഏർപ്പെടുക എന്ന വലിയ തെറ്റായ തീരുമാനത്തിലേക്കു കൊണ്ടെത്തിച്ചത്.
d ചിത്രത്തിന്റെ വിവരണം: ഇടത്: കോഫി ഷോപ്പിൽ ഇരിക്കുന്ന ഒരു യുവസഹോദരൻ, രണ്ടു പുരുഷന്മാർ തമ്മിലുള്ള സ്നേഹപ്രകടനങ്ങൾ ശ്രദ്ധിക്കുന്നു. വലത്: രണ്ടു പേർ പുകവലിക്കുന്നത് ഒരു സഹോദരി കാണുന്നു.