ജീവിതകഥ
നാണം കുണുങ്ങിയായിരുന്ന ഞാൻ ഒരു മിഷനറിയായി
കുട്ടിയായിരുന്നപ്പോൾ ഞാൻ ഒരു നാണം കുണുങ്ങിയായിരുന്നു. എനിക്ക് ആളുകളെ പേടിയായിരുന്നു. എന്നാൽ യഹോവ പിന്നീട് എന്നെ, ആളുകളെ സ്നേഹിക്കാനും ഒരു മിഷനറിയാകാനും സഹായിച്ചു. എങ്ങനെ? എന്റെ പപ്പയുടെ മാതൃകയും യഹോവയെക്കുറിച്ച് അദ്ദേഹം പഠിപ്പിച്ച കാര്യങ്ങളും ആണ് എന്നെ ആദ്യം സഹായിച്ചത്. അതുകഴിഞ്ഞ് കൗമാരക്കാരിയായ ഒരു സഹോദരിയുടെ തീക്ഷ്ണത എന്നെ മുന്നോട്ടു നയിച്ചു. ഒടുവിൽ, എന്റെ ഭർത്താവ് കാണിച്ച ക്ഷമയും അദ്ദേഹത്തിന്റെ ദയയോടെയുള്ള വാക്കുകളും! ഞാൻ നിങ്ങളെ എന്റെ ജീവിതത്തിലൂടെ ഒന്ന് കൊണ്ടുപോകാം.
1951-ൽ ഓസ്ട്രിയയിലെ വിയന്നയിൽ ഒരു കത്തോലിക്ക കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ആളുകളോട് സംസാരിക്കാൻ എനിക്ക് വലിയ ചമ്മലായിരുന്നു. പക്ഷേ ദൈവത്തിൽ ഞാൻ വിശ്വസിച്ചു. ഞാൻ കൂടെക്കൂടെ പ്രാർഥിക്കുമായിരുന്നു. എനിക്ക് ഒൻപത് വയസ്സുള്ളപ്പോൾ എന്റെ പപ്പ യഹോവയുടെ സാക്ഷികളുമൊത്ത് പഠിക്കാൻതുടങ്ങി. കുറച്ച് കഴിഞ്ഞ് മമ്മിയും പഠിക്കാൻതുടങ്ങി.
എന്റെ അനിയത്തി എലിസബത്തിനൊപ്പം (ഇടത്)
ഞങ്ങൾ പെട്ടെന്നുതന്നെ വിയന്നയിലെ ഡൂബ്ലിങ്ങ് സഭയുടെ ഭാഗമായി. കുടുംബം ഒരുമിച്ച് ഞങ്ങൾ ബൈബിൾ വായിക്കുകയും പഠിക്കുകയും മീറ്റിങ്ങുകൾക്കു പോകുകയും സമ്മേളനങ്ങളിൽ സന്നദ്ധസേവകരായി പ്രവർത്തിക്കുകയും ഒക്കെ ചെയ്തിരുന്നു. കുട്ടിയായിരുന്നപ്പോൾത്തന്നെ പപ്പ എന്റെ ഉള്ളിൽ യഹോവയോടുള്ള സ്നേഹം വളർത്തി. ശരിക്കും പറഞ്ഞാൽ, ഞാനും അനിയത്തിയും മുൻനിരസേവകരാകണം എന്നായിരുന്നു പപ്പയുടെ പ്രാർഥന. എന്നാൽ ആ സമയത്തൊന്നും എന്റെ ഉള്ളിൽ അങ്ങനെ ഒരു ലക്ഷ്യം ഉണ്ടായിരുന്നില്ല.
മുഴുസമയസേവനത്തിന്റെ തുടക്കം
1965-ൽ 14 വയസ്സുള്ളപ്പോൾ ഞാൻ സ്നാനമേറ്റു. എങ്കിലും ശുശ്രൂഷയിൽ പരിചയമില്ലാത്ത ആളുകളോട് സംസാരിക്കാൻ എനിക്കു ബുദ്ധിമുട്ടായിരുന്നു. അതുപോലെ ഞാൻ മറ്റുള്ളവരുടെയത്ര മിടുക്കിയൊന്നുമല്ല എന്ന അപകർഷതാബോധം കാരണം മറ്റു ചെറുപ്പക്കാരുടെ അംഗീകാരം നേടാൻ ഞാൻ എപ്പോഴും ശ്രമിച്ചു. അങ്ങനെ സ്നാനപ്പെട്ടശേഷം അധികം വൈകാതെ ഞാൻ യഹോവയെ സേവിക്കാത്തവരുമായി കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങി. അവരുടെ കൂട്ട് എനിക്ക് ഇഷ്ടമായിരുന്നെങ്കിലും സാക്ഷികൾ അല്ലാത്തവരോടൊപ്പം അത്രയും സമയം ചെലവഴിക്കുന്നത് ശരിയല്ലെന്ന് എന്റെ മനസ്സാക്ഷി പറയുന്നുണ്ടായിരുന്നു. എന്നാൽ മാറ്റം വരുത്താനുള്ള ധൈര്യം എനിക്കു കിട്ടിയില്ല. എന്താണ് എന്നെ സഹായിച്ചത്?
ഡൊറോത്തി (ഇടത്) നല്ലൊരു മാതൃകയായിരുന്നു
ഏതാണ്ട് ആ സമയത്താണ് 16 വയസ്സുള്ള ഡൊറോത്തി ഞങ്ങളുടെ സഭയിലേക്കു വന്നത്. വീടുതോറുമുള്ള പ്രവർത്തനത്തിലെ അവളുടെ തീക്ഷ്ണത എന്നെ അതിശയിപ്പിച്ചു. അവളെക്കാളും കുറച്ചുകൂടി മൂത്തതായിട്ടും ഞാൻ അത്രയൊന്നും ചെയ്തിരുന്നില്ല. ഞാൻ ചിന്തിച്ചു: ‘എന്റെ മാതാപിതാക്കൾ സാക്ഷികളാണ്. പക്ഷേ അവൾ സത്യത്തിൽ ഒറ്റയ്ക്കാണല്ലോ; താമസിക്കുന്നതാണെങ്കിൽ രോഗിയായ അമ്മയുടെ കൂടെയും. എന്നിട്ടും അവൾ എപ്പോഴും ശുശ്രൂഷയ്ക്കു വരുന്നുണ്ട്.’ യഹോവയ്ക്കുവേണ്ടി കൂടുതൽ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത് അവളുടെ ആ മാതൃകയാണ്. പെട്ടെന്നുതന്നെ ഞങ്ങൾ ഒരുമിച്ച് സഹായ മുൻനിരസേവനം ചെയ്യാൻതുടങ്ങി; പിന്നീട് സാധാരണ മുൻനിരസേവകരുമായി. അവളുടെ തീക്ഷ്ണത എനിക്കും പകർന്നു കിട്ടി. ആദ്യമായി ഒരു ബൈബിൾപഠനം തുടങ്ങാൻ എന്നെ സഹായിച്ചത് അവളാണ്. പതിയെ എന്റെ പേടിയൊക്കെ അൽപ്പം കുറഞ്ഞു. വീടുകളിലും തെരുവുകളിലും മറ്റിടങ്ങളിലും ഒക്കെ ആളുകളോട് സംസാരിക്കുന്നത് എനിക്കു കുറച്ചുകൂടി എളുപ്പമായി.
ഞാൻ മുൻനിരസേവനം തുടങ്ങിയ ആദ്യവർഷം ഞങ്ങളുടെ സഭയിലേക്ക് ഓസ്ട്രിയക്കാരനായ ഹൈന്റ്സ് എന്ന സഹോദരൻ വന്നു. കാനഡയിലുള്ള സാക്ഷിയായ തന്റെ ചേട്ടനെ കാണാൻ പോയപ്പോൾ അവിടെവെച്ചാണ് അദ്ദേഹം സത്യം പഠിച്ചത്. അദ്ദേഹത്തെ വിയന്നയിലെ ഞങ്ങളുടെ സഭയിലേക്ക് ഒരു പ്രത്യേക മുൻനിരസേവകനായി നിയമിച്ചതായിരുന്നു. ആദ്യംതൊട്ടുതന്നെ അദ്ദേഹത്തെ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ മിഷനറിയാകാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം എനിക്ക് അറിയാമായിരുന്നതുകൊണ്ട് ഞാൻ എന്റെ ഇഷ്ടം മറച്ചുവെച്ചു. കാരണം അങ്ങനെയൊരു ലക്ഷ്യം എനിക്കില്ലായിരുന്നു. എന്നാൽ പിന്നീട് ഞാനും ഹൈന്റ്സും ഡേറ്റിങ്ങ് തുടങ്ങി, വിവാഹം കഴിച്ചു. അങ്ങനെ ഞങ്ങൾ ഓസ്ട്രിയയിൽ ഒരുമിച്ച് മുൻനിരസേവനവും തുടങ്ങി.
മിഷനറിയാകുക എന്ന ലക്ഷ്യം
ഒരു മിഷനറിയാകാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് ഹൈന്റ്സ് എപ്പോഴും എന്നോടു പറയുമായിരുന്നു. എന്നെ അതിനു നിർബന്ധിച്ചൊന്നുമില്ല. പക്ഷേ അദ്ദേഹം ക്ഷമയോടെ എന്നിൽ ആ ആഗ്രഹം വളർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് എന്നോടു ചോദിക്കും: “നമുക്ക് ഏതായാലും കുട്ടികളൊന്നും ഇല്ലല്ലോ. അതുകൊണ്ട് ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ നമുക്കു കഴിയില്ലേ?” എന്നാൽ എന്റെ നാണപ്രകൃതം കാരണം മിഷനറിയാകാൻ എനിക്കു പേടിയായിരുന്നു. ഞാൻ മുൻനിരസേവനമൊക്കെ ചെയ്യുന്നുണ്ടായിരുന്നു എന്നതു ശരിയാണ്. പക്ഷേ മിഷനറിയാകുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ അത് എനിക്ക് ഒട്ടും പറ്റാത്ത ഒരു കാര്യമായി തോന്നി. എങ്കിലും ഹൈന്റ്സ് മടുത്തുപോകാതെ ആ ലക്ഷ്യത്തെക്കുറിച്ച് എന്നോടു പറഞ്ഞുകൊണ്ടിരുന്നു. എന്നെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം ആളുകളെ എങ്ങനെ സഹായിക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. എനിക്കു വളരെ പ്രയോജനം ചെയ്ത ഒരു ഉപദേശമായിരുന്നു അത്.
ഓസ്ട്രിയയിലെ സാൾസ്ബർഗിലുള്ള ചെറിയൊരു സെർബോ-ക്രൊയേഷ്യൻ ഭാഷാ സഭയിൽ ഹൈന്റ്സ് വീക്ഷാഗോപുരപഠനം നടത്തുന്നു, 1974
പതിയെ മിഷനറി സേവനം ചെയ്യാനുള്ള ആഗ്രഹം എന്റെ ഉള്ളിൽ വളർന്നു. അങ്ങനെ ഞങ്ങൾ ഗിലെയാദ് സ്കൂളിന് അപേക്ഷിച്ചു. എന്നാൽ ആദ്യം, എന്റെ ഇംഗ്ലീഷ് മെച്ചപ്പെടുത്തിയാൽ നല്ലതായിരിക്കുമെന്ന് ബ്രാഞ്ച് ദാസൻ ഞങ്ങളോടു പറഞ്ഞു. അങ്ങനെ ഞാൻ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി. എന്നാൽ മൂന്നു വർഷത്തിനു ശേഷം ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഓസ്ട്രിയയിലെ സാൾസ്ബർഗിലുള്ള യുഗോസ്ലാവിയൻ സഭയിലേക്ക് ഞങ്ങളെ നിയമിച്ചു. അവിടത്തെ ഭാഷ സെർബോ-ക്രൊയേഷ്യൻ ആയിരുന്നു. അത് വളരെ ബുദ്ധിമുട്ടുള്ള ഒരു ഭാഷയായിരുന്നെങ്കിലും അവിടെ ഞങ്ങൾക്ക് ഒരുപാടു ബൈബിൾപഠനങ്ങൾ കണ്ടെത്താനായി. ഒരു വർഷത്തെ സർക്കിട്ട് വേല ഉൾപ്പെടെ മൊത്തം ഏഴു വർഷം ഞങ്ങൾ അവിടെ സേവിച്ചു.
1979-ൽ ബ്രാഞ്ചിൽ നേതൃത്വമെടുക്കുന്ന സഹോദരന്മാർ ഞങ്ങളോട് ബൾഗേറിയയിലേക്ക് ചെറിയ ഒരു യാത്ര പോകാൻ പറഞ്ഞു. അവിടെ നമ്മുടെ പ്രവർത്തനം നിരോധിച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് പ്രസംഗപ്രവർത്തനം നടത്താൻവേണ്ടിയല്ല, ഒരു ടൂർപോലെ പോകാനാണ് ഞങ്ങളോടു പറഞ്ഞത്. എന്നാൽ ഞങ്ങൾ പോകുമ്പോൾ ചെറിയ വലുപ്പത്തിലുള്ള കുറച്ച് പ്രസിദ്ധീകരണങ്ങൾകൂടി രഹസ്യമായി കൊണ്ടുപോകണമായിരുന്നു. ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിൽ താമസിച്ചിരുന്ന അഞ്ചു സഹോദരിമാർക്ക് കൊടുക്കാനായിരുന്നു അത്. എനിക്കു പേടി തോന്നി. പക്ഷേ ആവേശകരമായ ആ നിയമനം ചെയ്യാൻ യഹോവ സഹായിച്ചു. എപ്പോൾ വേണമെങ്കിലും ജയിലിൽ പോകേണ്ടിവരുമായിരുന്ന ഒരു സാഹചര്യമായിരുന്നു ആ അഞ്ചു സഹോദരിമാരുടേത്. പക്ഷേ അവരുടെ ധൈര്യവും സന്തോഷവും കണ്ടപ്പോൾ യഹോവയുടെ സംഘടന തരുന്ന ഏതൊരു നിയമനവും ഏറ്റവും നന്നായി ചെയ്യാനുള്ള ആത്മവിശ്വാസം എനിക്കു കിട്ടി.
കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾ ഗിലെയാദിന് വീണ്ടും അപേക്ഷിച്ചു. ഇത്തവണ ഞങ്ങളെ ക്ഷണിച്ചു. ഐക്യനാടുകളിൽവെച്ച് നടക്കുന്ന ഇംഗ്ലീഷിലുള്ള സ്കൂൾ കൂടുമെന്നാണ് ഞങ്ങൾ വിചാരിച്ചിരുന്നത്. പക്ഷേ 1981 നവംബറിൽ, ജർമനിയിലെ വീസ്ബാഡനിലുള്ള ബ്രാഞ്ചിൽ ഗിലെയാദ് എക്സ്റ്റൻഷൻ സ്കൂൾ തുടങ്ങി. അങ്ങനെ ജർമൻ ഭാഷയിൽ ഞങ്ങൾക്ക് ഗിലെയാദ് സ്കൂൾ കൂടാൻ പറ്റി. എനിക്കു കാര്യങ്ങൾ മനസ്സിലാക്കാൻ അതുകൊണ്ട് കുറച്ചുകൂടി എളുപ്പമായിരുന്നു. അതുകഴിഞ്ഞ് ഞങ്ങളെ എങ്ങോട്ടാണ് നിയമിച്ചത്?
യുദ്ധത്തിന്റെ ഭീകരത നിറഞ്ഞ ഒരു രാജ്യത്ത് സേവിക്കുന്നു
കെനിയയിലേക്കാണ് ഞങ്ങളെ നിയമിച്ചത്. പക്ഷേ അയൽരാജ്യമായ യുഗാണ്ടയിൽ പോയി സേവിക്കാൻ പറ്റുമോ എന്ന് കെനിയ ബ്രാഞ്ച് ഞങ്ങളോട് ചോദിച്ചു. പത്തു വർഷം മുമ്പ്, സൈനിക മേധാവിയായ ഈദി അമീന്റെ നേതൃത്വത്തിലുള്ള ഒരു സംഘം യുഗാണ്ടയിലെ ഗവൺമെന്റിനെ അട്ടിമറിച്ചിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ അദ്ദേഹത്തിന്റെ ഏകാധിപത്യ ഭരണമായിരുന്നു അവിടെ. അത് ആയിരക്കണക്കിന് ആളുകളുടെ കൂട്ടക്കുരുതിക്കും ലക്ഷക്കണക്കിന് ആളുകളുടെ കഷ്ടപ്പാടുകൾക്കും ആണ് കാരണമായത്. പിന്നീട് 1979-ൽ ചില എതിരാളികൾ ഈദി അമീന്റെ ഗവൺമെന്റിനെയും താഴെയിറക്കി. ഇങ്ങനെ യുദ്ധത്തിന്റെ ഭീകരത നിറഞ്ഞ ആ രാജ്യത്തേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ എനിക്ക് എത്രമാത്രം പേടി തോന്നിക്കാണും എന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ! പക്ഷേ യഹോവയിൽ ആശ്രയിക്കാൻ ഗിലെയാദ് ഞങ്ങളെ പഠിപ്പിച്ചിരുന്നു. അതുകൊണ്ട് ഞങ്ങൾ പോകാം എന്നു പറഞ്ഞു.
ആകപ്പാടെ കുഴഞ്ഞുമറിഞ്ഞ ഒരു അവസ്ഥയായിരുന്നു യുഗാണ്ടയിലേത്. അതെപ്പറ്റി 2010 വാർഷികപുസ്തകത്തിൽ ഹൈന്റ്സ് പറഞ്ഞത് ഇങ്ങനെയാണ്: “ജലവിതരണവും വാർത്താവിനിമയോപാധികളും എല്ലാം താറുമാറായ അവസ്ഥ. . . . വെടിവെപ്പും കൊള്ളയും സർവസാധാരണമായിരുന്നു, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ. രാത്രിയായാൽ വഴിയിലെങ്ങും ഒരു കുഞ്ഞിനെപ്പോലും കാണില്ലായിരുന്നു. അതിക്രമികളുടെ ശല്യം ഉണ്ടാകരുതേ എന്ന് ആശിച്ചുകൊണ്ട്—മിക്കപ്പോഴും പ്രാർഥിച്ചുകൊണ്ട്—ആണ് ഓരോ രാത്രിയും എല്ലാവരും തള്ളിനീക്കിയിരുന്നത്.” ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അവിടെയുള്ള സഹോദരങ്ങൾ യഹോവയെ സന്തോഷത്തോടെ സേവിച്ചു.
സാം വൈസ്വാ സഹോദരന്റെ വീട്ടിൽ ഒരു നേരത്തെ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ
1982-ൽ ഹൈന്റ്സും ഞാനും യുഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ എത്തി. ആദ്യത്തെ അഞ്ചു മാസം, സാം വൈസ്വാ സഹോദരന്റെയും ക്രിസ്റ്റീന സഹോദരിയുടെയും വീട്ടിലാണ് ഞങ്ങൾ താമസിച്ചത്. അവരെ കൂടാതെ ആ വീട്ടിൽ അഞ്ചു മക്കളും വേറെ നാലു കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. ആ കുടുംബത്തിനു മിക്ക ദിവസങ്ങളിലും ഒരു നേരമേ ഭക്ഷണം കഴിക്കാൻ പറ്റിയിരുന്നുള്ളൂ. എന്നിട്ടും ഉള്ളത് ഞങ്ങൾക്കു തരാൻ അവർ മനസ്സു കാണിച്ചു. അവരുടെ ആ ആതിഥ്യം ഞങ്ങളുടെ ഹൃദയത്തെ തൊട്ടു. അവരോടൊപ്പം താമസിച്ച ആ സമയത്ത് മിഷനറി ജീവിതത്തിൽ പ്രയോജനം ചെയ്യുന്ന കുറെ പ്രായോഗികപാഠങ്ങൾ ഞങ്ങൾക്കു പഠിക്കാനായി. ഉദാഹരണത്തിന്, കുറച്ച് ലിറ്റർ വെള്ളംകൊണ്ട് എങ്ങനെ കുളിക്കാം, ആ വെള്ളംതന്നെ ടോയ്ലെറ്റിൽ ഫ്ലഷ് ചെയ്യാനായി എങ്ങനെ ഉപയോഗിക്കാം, അങ്ങനെ പലതും. പിന്നീട് 1983-ൽ കമ്പാലയിൽ അത്യാവശ്യം സുരക്ഷിതമായ ഒരു സ്ഥലത്ത് ഞങ്ങൾക്കു താമസിക്കാൻ ഒരു വീട് ലഭിച്ചു.
അവിടത്തെ പ്രസംഗപ്രവർത്തനം ഞങ്ങൾ ശരിക്കും ആസ്വദിച്ചു. ഒരിക്കൽ ഞങ്ങൾ രണ്ടുപേരുംകൂടെ ഒരു മാസം 4,000-ത്തിലധികം മാസികകൾ കൊടുത്തത് ഞാൻ ഓർക്കുന്നു. എന്നാൽ അതിലും സന്തോഷം തന്ന കാര്യം, ആളുകൾ സത്യത്തോട് പ്രതികരിച്ച വിധമായിരുന്നു. അവർ ദൈവത്തെ ബഹുമാനിക്കുകയും ബൈബിളിനെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ഞങ്ങൾക്ക് ഓരോരുത്തർക്കും 10 മുതൽ 15 ബൈബിൾപഠനങ്ങൾ വരെ ഉണ്ടായിരുന്നു. ബൈബിൾവിദ്യാർഥികളിൽനിന്നും ഞങ്ങൾ ഒരുപാടു കാര്യങ്ങൾ പഠിച്ചു. ഉദാഹരണത്തിന്, ഓരോ ആഴ്ചയും മീറ്റിങ്ങുകൾക്കായി അവർക്ക് അങ്ങോട്ടും ഇങ്ങോട്ടും നടക്കണമായിരുന്നു. എന്നിട്ടും ഒരു പരാതിയും കൂടാതെ അവർ പുഞ്ചിരിയോടെ മീറ്റിങ്ങുകൾക്കു വന്നു.
1985-ലും 1986-ലും ആയി രണ്ടു സൈനിക പോരാട്ടങ്ങൾ കൂടെ യുഗാണ്ടയിൽ നടന്നു. അന്ന് അവർ കുട്ടികളെപ്പോലും സൈനികരായി ഉപയോഗിച്ചു. വലിയ തോക്കുകൾ പിടിച്ച്, റോഡുകളിൽ ആളുകളെ നിയന്ത്രിക്കാൻ നിന്നിരുന്ന ഈ കുഞ്ഞുപട്ടാളക്കാരെ പലയിടത്തും കാണാമായിരുന്നു. ആ സമയത്തെല്ലാം ശുശ്രൂഷയ്ക്കു പോകുമ്പോൾ വിവേകത്തിനായും ശാന്തമായ ഒരു ഹൃദയത്തിനായും ഞങ്ങൾ പ്രാർഥിച്ചു. യഹോവ ഞങ്ങളുടെ പ്രാർഥനകൾ കേൾക്കുകയും ചെയ്തു. നമ്മുടെ സന്ദേശത്തോട് താത്പര്യമുള്ള ആരെയെങ്കിലും കണ്ടുമുട്ടിയാൽ അപ്പോൾത്തന്നെ പേടിയൊക്കെ ഞങ്ങൾ മറക്കും.
ഹൈന്റ്സും ഞാനും റ്റാറ്റ്യാനായോടൊപ്പം (നടുവിൽ)
അവിടേക്ക് വരുന്ന വിദേശികളോട് സംസാരിക്കാനും ഞങ്ങൾക്ക് വളരെ ഇഷ്ടമായിരുന്നു. ഉദാഹരണത്തിന്, മധ്യ റഷ്യയിലെ റ്ററ്റാർസനിൽനിന്ന് വന്ന ഒരു ദമ്പതികളായിരുന്നു മൂരത്ത് ഇബാറ്റിലിനും ദിൽബാറും. മൂരത്ത് ഒരു ഡോക്ടറായിരുന്നു. അവർ ബൈബിൾ പഠിച്ച് സത്യത്തിലേക്കു വന്നു. അന്നുമുതൽ വളരെ തീക്ഷ്ണതയോടെ നമ്മളോടൊപ്പം പ്രവർത്തിക്കുന്നു. മറ്റൊരിക്കൽ യുക്രെയിനിൽനിന്ന് വന്ന റ്റാറ്റ്യാനാ വിലെയ്സ്കായെ ഞാൻ പരിചയപ്പെട്ടു. ആ സമയത്ത് അവൾ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരിക്കുകയായിരുന്നു. റ്റാറ്റ്യാനായും പഠിച്ചു സ്നാനമേറ്റു. യുക്രെയിനിലേക്ക് തിരിച്ചുപോയ അവൾ പിന്നീട് നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ ഒരു പരിഭാഷകയായി സേവിച്ചു.a
പുതിയ പ്രശ്നങ്ങൾ
1991-ൽ ഞാനും ഹൈന്റ്സും അവധിക്കാലം ആസ്വദിക്കാനായി ഓസ്ട്രിയയിലേക്ക് പോയതായിരുന്നു. അപ്പോൾ അവിടത്തെ ബ്രാഞ്ചോഫീസ് ഞങ്ങളെ വിളിച്ച് ഒരു പുതിയ നിയമനത്തെക്കുറിച്ച് അറിയിച്ചു. ബൾഗേറിയയിലേക്കായിരുന്നു അത്. കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസത്തിന്റെ തകർച്ചയോടെ ബൾഗേറിയയിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്മേലുള്ള നിരോധനം നീങ്ങിയിരുന്നു. നിരോധനം ഉണ്ടായിരുന്ന സമയത്ത് ഞാനും ഹൈന്റ്സും രഹസ്യമായി അവിടേക്ക് ചില പ്രസിദ്ധീകരണങ്ങൾ കൊണ്ടുപോയതിനെക്കുറിച്ച് മുമ്പ് പറഞ്ഞിരുന്നല്ലോ. പക്ഷേ ഇപ്പോൾ ഞങ്ങളെ അയക്കുന്നത് അവിടെ പ്രസംഗപ്രവർത്തനം ചെയ്യാനായിരുന്നു.
യുഗാണ്ടയിലേക്ക് തിരിച്ചുപോകേണ്ടാ എന്ന് ഞങ്ങളോടു പറഞ്ഞു. അതുകൊണ്ട് അവിടെ തിരിച്ചുചെന്ന് സാധനങ്ങൾ എടുക്കുകയോ കൂട്ടുകാരോട് യാത്ര പറയുകയോ ഒന്നും ചെയ്യാതെ ഞങ്ങൾ നേരെ ജർമനി ബഥേലിലേക്കു ചെന്നു. അവിടെനിന്ന് ഒരു കാർ കിട്ടി. അതുമായി ഞങ്ങൾ ബൾഗേറിയയിലേക്ക് യാത്ര തിരിച്ചു. സോഫിയയിൽ ഏതാണ്ട് 20 പ്രചാരകരുള്ള ഒരു ഗ്രൂപ്പിലേക്കാണ് ഞങ്ങളെ നിയമിച്ചത്.
ബൾഗേറിയയിൽ ഞങ്ങൾ പുതിയ പല പ്രശ്നങ്ങളും നേരിട്ടു. ആദ്യത്തെ കാര്യം, അവിടത്തെ ഭാഷ അറിയാത്തതായിരുന്നു. പിന്നെ ബൾഗേറിയൻ ഭാഷയിൽ അന്ന് ആകെ ഉണ്ടായിരുന്നത് നിത്യജീവനിലേക്കു നയിക്കുന്ന സത്യം, എന്റെ ബൈബിൾ കഥാപുസ്തകം എന്നീ രണ്ട് പ്രസിദ്ധീകരണങ്ങൾ മാത്രമാണ്. അതുകൂടാതെ അവിടെ ബൈബിൾപഠനങ്ങൾ തുടങ്ങാനും ബുദ്ധിമുട്ടായിരുന്നു. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഞങ്ങളുടെ ചെറിയ കൂട്ടം തീക്ഷ്ണതയോടെ പ്രസംഗപ്രവർത്തനം ചെയ്തു. അവിടത്തെ ഓർത്തഡോക്സ് പള്ളി അതു ശ്രദ്ധിച്ചു. ശരിക്കുമുള്ള പ്രശ്നങ്ങളുടെ തുടക്കം അതായിരുന്നു.
1994-ൽ ബൾഗേറിയയിൽ യഹോവയുടെ സാക്ഷികൾക്ക് നിയമാംഗീകാരം നഷ്ടപ്പെട്ടു. അപകടംപിടിച്ച ഒരു മത വിഭാഗമായിട്ടാണ് ആളുകൾ നമ്മളെ കണ്ടിരുന്നത്. ചില സഹോദരങ്ങൾ അറസ്റ്റിലായി. മാധ്യമങ്ങൾ നമ്മളെക്കുറിച്ച് കല്ലുവെച്ച നുണകൾ പറഞ്ഞുപരത്തി. രക്തം സ്വീകരിക്കാൻ സമ്മതിക്കാതെ തങ്ങളുടെ മക്കളെ കൊല്ലുന്നവരാണ് യഹോവയുടെ സാക്ഷികളെന്നും, മറ്റു സാക്ഷികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നവരാണ് നമ്മളെന്നും അവർ പ്രചരിപ്പിച്ചു. പ്രസംഗപ്രവർത്തനം ചെയ്യാൻ ഹൈന്റ്സിനും എനിക്കും വളരെ ബുദ്ധിമുട്ടു തോന്നി. ശുശ്രൂഷയ്ക്കു പോകുമ്പോൾ മിക്കപ്പോഴും ആളുകൾ ഞങ്ങളോട് ആക്രോശിക്കും; പോലീസിനെ വിളിക്കും. ഞങ്ങൾക്ക് നേരെ സാധനങ്ങൾ എറിയുകപോലും ചെയ്യുമായിരുന്നു. ആ രാജ്യത്തേക്കു പ്രസിദ്ധീകരണങ്ങൾ കൊണ്ടുവരാൻ പറ്റിയിരുന്നില്ല. മീറ്റിങ്ങുകൾക്കായി വാടകയ്ക്ക് ഹാൾ കിട്ടാനും ബുദ്ധിമുട്ടായിരുന്നു. ഒരിക്കൽ കൺവെൻഷൻ നടക്കുന്നിടത്തേക്ക് പൊലീസ് ഇരച്ചുകയറിവന്ന് അതു നിറുത്തിച്ചു. ആളുകളുടെ ഈ വെറുപ്പ് ഹൈന്റ്സിനും എനിക്കും പരിചയമുള്ള ഒന്നായിരുന്നില്ല. കാരണം ഞങ്ങൾ മുമ്പു പ്രവർത്തിച്ച യുഗാണ്ടയിൽ ആളുകൾ വളരെ സൗഹൃദമനോഭാവമുള്ളവരും സത്യത്തോട് വിലമതിപ്പുള്ളവരും ആയിരുന്നല്ലോ. ഈ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ ഞങ്ങളെ എന്താണ് സഹായിച്ചത്?
അവിടത്തെ സഹോദരങ്ങളുമായി സമയം ചെലവഴിച്ചപ്പോൾ ഞങ്ങൾക്ക് സന്തോഷം കണ്ടെത്താനായി. അവർ, ലഭിച്ച സത്യത്തെ വിലമതിക്കുന്നവരും ഞങ്ങൾ അവരോടൊപ്പം ആയിരിക്കുന്നതിൽ സന്തോഷിക്കുന്നവരും ആയിരുന്നു. ഞങ്ങളെല്ലാം ഒരുമിച്ചുനിന്നു, പരസ്പരം പിന്തുണച്ചു. നമ്മൾ ആളുകളെ സ്നേഹിക്കുന്നെങ്കിൽ ഏതൊരു നിയമനത്തിലും സന്തോഷം കിട്ടുമെന്ന് അവിടത്തെ അനുഭവങ്ങൾ ഞങ്ങളെ പഠിപ്പിച്ചു.
ബൾഗേറിയ ബ്രാഞ്ചിൽ, 2007
പതിയെ കാര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങി. 1998-ൽ നമുക്കു വീണ്ടും നിയമാംഗീകാരം ലഭിച്ചു. ബൾഗേറിയൻ ഭാഷയിൽ പല പുതിയ പ്രസിദ്ധീകരണങ്ങളും കിട്ടാൻ തുടങ്ങി. പിന്നീട് 2004-ൽ പുതിയ ബ്രാഞ്ച് കെട്ടിടത്തിന്റെ സമർപ്പണം നടന്നു. ബൾഗേറിയയിൽ ഇന്ന് 57 സഭകളിലായി 2,953 പ്രചാരകരുണ്ട്. കഴിഞ്ഞ സേവനവർഷത്തിൽ 6,475 പേരാണ് സ്മാരകത്തിന് ഹാജരായത്. ഒരിക്കൽ അഞ്ചു സഹോദരിമാർ മാത്രമുണ്ടായിരുന്ന സോഫിയയിൽ ഇന്ന് ഒൻപത് സഭകളുണ്ട്. ‘കുറഞ്ഞവൻ ആയിരം ആയിത്തീരുന്നത്’ ശരിക്കും ഞങ്ങൾക്കു കാണാനായി.—യശ. 60:22.
സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങൾ
എനിക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴായി കുറെ മുഴകൾ എന്റെ ശരീരത്തിൽ കണ്ടെത്തി. ഒന്ന് തലയിൽ ആയിരുന്നു. എനിക്ക് റേഡിയേഷൻ ചെയ്തു. കൂടാതെ 12 മണിക്കൂർ നീണ്ടുനിന്ന ഒരു ഓപ്പറേഷനിലൂടെ തലയിലെ ആ മുഴ ഭൂരിഭാഗം നീക്കം ചെയ്യുകയും ചെയ്തു. ഇന്ത്യയിൽ വെച്ചായിരുന്നു ആ ഓപ്പറേഷൻ നടന്നത്. സുഖപ്പെടുന്നതുവരെ ഇന്ത്യ ബ്രാഞ്ചിൽ കഴിഞ്ഞു. പിന്നീട് ഞങ്ങൾ ബൾഗേറിയയിലെ നിയമനത്തിലേക്കുതന്നെ തിരിച്ചുപോയി.
ഇതേസമയം ഹൈന്റ്സിന് ഹണ്ടിങ്ടൺ എന്ന ഒരു അപൂർവ പാരമ്പര്യരോഗം ബാധിച്ചു. അതുകാരണം അദ്ദേഹത്തിനു നടക്കാനും സംസാരിക്കാനും പേശികളുടെ ചലനം നിയന്ത്രിക്കാനും ഒക്കെ ബുദ്ധിമുട്ടായിരുന്നു. അസുഖം കൂടിക്കൂടി വന്നപ്പോൾ ഹൈന്റ്സിന് എന്നെ കൂടുതൽ ആശ്രയിക്കേണ്ടിവന്നു. മുന്നോട്ട് പോകുമ്പോൾ അദ്ദേഹത്തെ നന്നായി നോക്കാൻ പറ്റുമോ എന്നോർത്ത് എനിക്ക് ചിലപ്പോഴൊക്കെ ടെൻഷനും വിഷമവും തോന്നി. പക്ഷേ ബോബി എന്ന ചെറുപ്പക്കാരൻ ഞങ്ങൾക്ക് വലിയ സഹായമായിരുന്നു. ബോബി ഹൈന്റ്സിനെ പതിവായി ശുശ്രൂഷയ്ക്കു കൊണ്ടുപോയി. അദ്ദേഹത്തിന് ശരിക്കും സംസാരിക്കാൻ പറ്റാത്തതും അസ്വാഭാവികമായി കൈകാലുകൾ ചലിപ്പിക്കുന്നതും ഒക്കെ കാണുമ്പോൾ വീട്ടുകാർക്ക് എന്തു തോന്നും എന്നതൊന്നും ബോബിക്ക് ഒരു പ്രശ്നമായിരുന്നില്ല. ഹൈന്റ്സിനെ എനിക്ക് സഹായിക്കാൻ പറ്റാത്ത സമയങ്ങളിലൊക്കെ ബോബി ഓടിയെത്തുമായിരുന്നു. ഈ വ്യവസ്ഥിതിയിൽ മക്കൾ വേണ്ടെന്നു വെച്ച എനിക്കും ഹൈന്റ്സിനും യഹോവ തന്ന മകനായിരുന്നു ബോബി.—മർക്കോ. 10:29, 30.
ഹൈന്റ്സിന് കാൻസറും ഉണ്ടായിരുന്നു. 2015-ൽ എന്റെ പ്രിയപ്പെട്ട ഭർത്താവ് എന്നെ വിട്ടുപോയി. എപ്പോഴും എന്നെ താങ്ങിനിറുത്തിയിരുന്നത് ഹൈന്റ്സ് ആയിരുന്നു. ഇപ്പോൾ അദ്ദേഹം കൂടെയില്ല എന്ന സത്യം ഉൾക്കൊള്ളാൻ എനിക്ക് വളരെ ബുദ്ധിമുട്ട് തോന്നി. എങ്കിലും എന്റെ ഓർമയിൽ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു. (ലൂക്കോ. 20:38) ഹൈന്റ്സ് എന്നോട് പറഞ്ഞ ദയയോടെയുള്ള വാക്കുകളും നല്ല ഉപദേശങ്ങളും ഞാൻ ദിവസവും ഓർക്കും. വർഷങ്ങളോളം ഒരുമിച്ച്, വിശ്വസ്തമായി യഹോവയെ സേവിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
യഹോവേ, എല്ലാ സഹായത്തിനും നന്ദി!
പ്രശ്നങ്ങളുടെയെല്ലാം സമയത്ത് യഹോവ എന്നെ താങ്ങിനിറുത്തി. എന്റെ നാണപ്രകൃതം മാറ്റാനും ആളുകളെ സ്നേഹിക്കുന്ന ഒരു മിഷനറിയാകാനും യഹോവ സഹായിച്ചു. (2 തിമൊ. 1:7) സന്തോഷമുള്ള മറ്റൊരു കാര്യം, എന്റെ അനിയത്തിയും ഭർത്താവും ഇപ്പോൾ യൂറോപ്പിലെ സെർബിയൻ ഭാഷാ സർക്കിട്ടിൽ സേവിക്കുന്നു എന്നതാണ്. അങ്ങനെ ഞങ്ങൾ രണ്ടുപേരും ഇപ്പോൾ മുഴുസമയ സേവനത്തിലാണ്. ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ പപ്പ പ്രാർഥിച്ചത് അതിനായിരുന്നു. ആ പ്രാർഥനകൾക്ക് ഉത്തരം കൊടുത്തതിന് യഹോവയ്ക്ക് നന്ദി.
ബൈബിൾ പഠിക്കുന്നത് എനിക്കു സമാധാനവും ശാന്തതയും തരുന്നു. ബുദ്ധിമുട്ടുള്ള സമയങ്ങളിൽ യേശു ചെയ്തതുപോലെ, ‘കൂടുതൽ തീവ്രതയോടെ പ്രാർഥിക്കാൻ’ ഞാൻ പഠിച്ചു. (ലൂക്കോ. 22:44) സഭയിലെ സുഹൃത്തുക്കൾ എന്നോട് ഇപ്പോൾ കാണിക്കുന്ന സ്നേഹവും ദയയും എന്റെ പ്രാർഥനകൾക്കുള്ള ഒരു ഉത്തരമാണ്. സോഫിയയിലെ നഡ്യേഷ്ടയിലുള്ള എന്റെ സഭയിലെ സഹോദരങ്ങൾ, അവരോടൊപ്പം സമയം ചെലവഴിക്കാനായി എന്നെ മിക്കപ്പോഴും വിളിക്കും. എന്നോടുള്ള സ്നേഹം അവർ തുറന്ന് പ്രകടിപ്പിക്കുന്നു. ഇതെല്ലാം എനിക്ക് ഒത്തിരി സന്തോഷം തരുന്ന കാര്യങ്ങളാണ്.
പുനരുത്ഥാനം ഞാൻ എപ്പോഴും ഭാവനയിൽ കാണാറുണ്ട്. ഞങ്ങളുടെ വീടിനു മുന്നിൽ എന്റെ പപ്പയും മമ്മിയും നിൽക്കുന്നു. വിവാഹം കഴിച്ചപ്പോഴത്തെപ്പോലെ അവർ വളരെ ചെറുപ്പമാണ്. എന്റെ അനിയത്തി ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഹൈന്റ്സ് തന്റെ കുതിരയുടെ അടുത്ത് നിൽക്കുകയാണ്. ഈ ചിത്രങ്ങളൊക്കെ മനസ്സിൽ കാണുന്നത് പിടിച്ചുനിൽക്കാനും സന്തോഷം നിലനിറുത്താനും എന്നെ സഹായിക്കുന്നു. അപ്പോൾ എന്റെ ഹൃദയം യഹോവയോടുള്ള നന്ദിയാൽ നിറയാറുണ്ട്.
യഹോവ ഇതുവരെ തന്ന അനുഗ്രഹങ്ങളെക്കുറിച്ചും ഭാവിയിൽ ഇനി തരാനിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും ചിന്തിക്കുമ്പോൾ സങ്കീർത്തനം 27:13, 14-ലെ ദാവീദിന്റെ വാക്കുകളാണ് എന്റെ മനസ്സിലേക്കു വരുന്നത്: “ജീവനുള്ളവരുടെ ദേശത്തുവെച്ച് യഹോവയുടെ നന്മ കാണാനാകുമെന്ന വിശ്വാസമില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ എവിടെയായിരുന്നേനേ? യഹോവയിൽ പ്രത്യാശ വെക്കൂ! ധീരരായിരിക്കൂ! മനക്കരുത്തുള്ളവരായിരിക്കൂ! അതെ, യഹോവയിൽ പ്രത്യാശ വെക്കൂ!”