പഠനലേഖനം 36
ഗീതം 103 ഇടയന്മാർ—ദൈവത്തിൽനിന്നുള്ള സമ്മാനം
‘മൂപ്പന്മാരെ വിളിക്കുക’
“അയാൾ സഭയിലെ മൂപ്പന്മാരെ വിളിച്ചുവരുത്തട്ടെ.”—യാക്കോ. 5:14.
ഉദ്ദേശ്യം
ആത്മീയസഹായം ആവശ്യമുള്ളപ്പോൾ സഭയിലെ മൂപ്പന്മാരെ സമീപിക്കേണ്ടത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കും.
1. തന്റെ ആടുകൾ തനിക്ക് വിലപ്പെട്ടവരാണെന്ന് യഹോവ കാണിച്ചിരിക്കുന്നത് എങ്ങനെ?
യഹോവയ്ക്ക് തന്റെ ആടുകൾ വളരെ വിലപ്പെട്ടവരാണ്. അതുകൊണ്ടാണ് യേശുവിന്റെ രക്തത്താൽ അവരെ വിലയ്ക്കു വാങ്ങിയിരിക്കുന്നതും അവരെ പരിപാലിക്കാനായി മൂപ്പന്മാരെ നിയമിച്ചിരിക്കുന്നതും. (പ്രവൃ. 20:28) മൂപ്പന്മാർ ദയയോടെ അവരോട് ഇടപെടാൻ യഹോവ ആഗ്രഹിക്കുന്നു. ക്രിസ്തുവിന്റെ നേതൃത്വത്തിൻകീഴിൽ മൂപ്പന്മാർ, യഹോവയോട് അടുത്തുനിൽക്കാനും വിശ്വസ്തരായിരിക്കാനും ആടുകളെ സഹായിക്കുന്നു.—യശ. 32:1, 2.
2. ആരുടെ കാര്യത്തിലാണ് യഹോവ പ്രത്യേകം താത്പര്യം കാണിക്കുന്നത്? (യഹസ്കേൽ 34:15, 16)
2 യഹോവയ്ക്ക് തന്റെ എല്ലാ ആടുകളെക്കുറിച്ചും ആഴമായ ചിന്തയുണ്ട്. എന്നാൽ ആത്മീയമായി കഷ്ടപ്പെടുന്നവരെ പ്രത്യേകം സഹായിക്കാൻ യഹോവ ആഗ്രഹിക്കുന്നു. യഹോവ ഇന്ന് അതു ചെയ്യുന്നത് മൂപ്പന്മാരിലൂടെയാണ്. (യഹസ്കേൽ 34:15, 16 വായിക്കുക.) എങ്കിലും ഒരു സഹായം ആവശ്യമുള്ളപ്പോൾ നമ്മൾ അതു ചോദിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. ആത്മാർഥമായ പ്രാർഥനകൾക്ക് പുറമേ, ‘ഇടയന്മാരും അധ്യാപകരും’ ആയി സേവിക്കുന്ന മൂപ്പന്മാരുടെ സഹായവും നമ്മൾ ചോദിക്കണം.—എഫെ. 4:11, 12.
3. സഹായം നൽകുന്നതിലെ മൂപ്പന്മാരുടെ പങ്കിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് എല്ലാവർക്കും പ്രയോജനം ചെയ്യുന്നത് എങ്ങനെ?
3 ഈ ലേഖനത്തിൽ, മൂപ്പന്മാരിലൂടെ ആത്മീയസഹായം തരാനുള്ള ദൈവത്തിന്റെ ക്രമീകരണത്തെക്കുറിച്ച് നമ്മൾ പഠിക്കും. നമുക്ക് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താം: മൂപ്പന്മാരോട് സഹായം ചോദിക്കേണ്ടത് എപ്പോഴാണ്? അങ്ങനെ ചോദിക്കേണ്ടത് എന്തുകൊണ്ടാണ്? മൂപ്പന്മാർ നമ്മളെ എങ്ങനെയാണ് സഹായിക്കുന്നത്? ഇപ്പോൾ സഹായം വേണ്ടിവരുന്ന ഒരു സാഹചര്യം നമുക്ക് ഇല്ലെങ്കിലും ഈ വിഷയത്തെക്കുറിച്ച് പഠിക്കുന്നത് നമുക്കു പ്രയോജനം ചെയ്യും. അതു ദൈവത്തിന്റെ ഈ ക്രമീകരണത്തോടുള്ള നമ്മുടെ വിലമതിപ്പ് കൂട്ടും. ഭാവിയിൽ ഒരുപക്ഷേ സഹായം ആവശ്യമായി വരുമ്പോൾ എന്തു ചെയ്യണമെന്ന് അറിഞ്ഞിരിക്കാനും നമുക്കു കഴിയും.
‘മൂപ്പന്മാരെ വിളിക്കേണ്ടത്’ എപ്പോൾ?
4. യാക്കോബ് 5:14-16, 19, 20 ആത്മീയ രോഗാവസ്ഥയെക്കുറിച്ചാണ് പറയുന്നത് എന്ന് നമുക്ക് എങ്ങനെ അറിയാം? (ചിത്രങ്ങളും കാണുക.)
4 ആത്മീയസഹായം നൽകാനുള്ള ദൈവത്തിന്റെ ക്രമീകരണത്തെക്കുറിച്ച് ശിഷ്യനായ യാക്കോബ് വിശദീകരിക്കുന്നുണ്ട്. അദ്ദേഹം ഇങ്ങനെ ഒരു ചോദ്യത്തോടെ തുടങ്ങുന്നു: “നിങ്ങളിൽ രോഗിയായി ആരെങ്കിലുമുണ്ടോ? അയാൾ സഭയിലെ മൂപ്പന്മാരെ വിളിച്ചുവരുത്തട്ടെ.” (യാക്കോബ് 5:14-16, 19, 20 വായിക്കുക.) ഇവിടെ യാക്കോബ് ആത്മീയരോഗത്തെക്കുറിച്ചാണ് പറയുന്നതെന്ന് സന്ദർഭം സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, രോഗിയായ ആളോട് ഡോക്ടറെ വിളിക്കാനല്ല മൂപ്പന്മാരെ വിളിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ പാപങ്ങൾ ക്ഷമിച്ചുകിട്ടുമ്പോഴാണ് ഈ രോഗി സുഖപ്പെടുന്നതെന്നും പറഞ്ഞിരിക്കുന്നു. ഒരർഥത്തിൽ പറഞ്ഞാൽ, നമുക്കൊരു രോഗം വരുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾതന്നെയാണ് ആത്മീയമായി രോഗിയാകുമ്പോഴും ചെയ്യേണ്ടത്. ഒരു അസുഖം വരുമ്പോൾ നമ്മൾ ഡോക്ടറെ ചെന്നുകാണും; രോഗലക്ഷണങ്ങൾ വിശദീകരിക്കും; അദ്ദേഹത്തിന്റെ നിർദേശങ്ങൾ അനുസരിക്കും. അതുപോലെ ആത്മീയമായി രോഗിയാകുമ്പോൾ നമ്മൾ മൂപ്പന്മാരെ ചെന്നുകാണണം; നമ്മുടെ സാഹചര്യത്തെക്കുറിച്ച് അവരോട് വിശദീകരിക്കണം; തിരുവെഴുത്തുകളിൽനിന്ന് അവർ നൽകുന്ന ഉപദേശം അനുസരിക്കുകയും വേണം.
അസുഖം വന്നാൽ നമ്മൾ ഡോക്ടറെ കാണും; ആത്മീയരോഗം വന്നാൽ നമ്മൾ മൂപ്പന്മാരെ സമീപിക്കും (4-ാം ഖണ്ഡിക കാണുക)
5. നമ്മുടെ ആത്മീയാരോഗ്യം കുറയുന്നു എന്നതിന്റെ സൂചനകൾ എന്തൊക്കെയാണ്?
5 നമ്മുടെ ആത്മീയാരോഗ്യം കുറയുന്നതായി കണ്ടാൽ മൂപ്പന്മാരുടെ സഹായം തേടാനാണ് യാക്കോബ് 5-ാം അധ്യായം പ്രോത്സാഹിപ്പിക്കുന്നത്. ദൈവവുമായുള്ള സൗഹൃദത്തിന് വലിയ തകരാർ സംഭവിക്കുന്നതിന് മുമ്പുതന്നെ ആ സഹായം സ്വീകരിക്കുന്നത് എത്ര നല്ലതായിരിക്കും! ഈ കാര്യത്തിൽ സത്യസന്ധമായ ഒരു പരിശോധന നടത്തുന്നത് നല്ലതാണ്. കാരണം ബൈബിൾ പറയുന്നത്, നമുക്ക് നല്ല ആത്മീയാരോഗ്യമുണ്ട് എന്നു ചിന്തിച്ച് നമ്മൾ സ്വയം വഞ്ചിക്കാൻ സാധ്യതയുണ്ടെന്നാണ്. (യാക്കോ. 1:22) ഒന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന സർദിസിലെ ചില ക്രിസ്ത്യാനികൾക്ക് അങ്ങനെ ഒരു തെറ്റു പറ്റി. അപ്പോൾ യേശു അവരുടെ ആത്മീയാവസ്ഥയെക്കുറിച്ച് ഒരു മുന്നറിയിപ്പു കൊടുത്തു. (വെളി. 3:1, 2) അങ്ങനെയെങ്കിൽ നമുക്ക് എങ്ങനെ നമ്മുടെ ആത്മീയാരോഗ്യം പരിശോധിക്കാൻ കഴിയും? അതിനുള്ള ഒരു നല്ല മാർഗം ആരാധനയിൽ നമുക്ക് മുമ്പുണ്ടായിരുന്ന ഉത്സാഹം ഇപ്പോഴുണ്ടോ എന്നു ചിന്തിക്കുന്നതാണ്. (വെളി. 2:4, 5) അതിന് ചില ചോദ്യങ്ങൾ സ്വയം ചോദിക്കാം: ‘ബൈബിൾ വായിക്കാനും അതെക്കുറിച്ച് ചിന്തിക്കാനും ഉള്ള എന്റെ താത്പര്യം കുറഞ്ഞിട്ടുണ്ടോ? ഞാൻ മീറ്റിങ്ങുകൾ മുടക്കാറുണ്ടോ? ഇനി പോകുമ്പോഴാണെങ്കിൽ തയ്യാറാകാതെയാണോ ഞാൻ പോകുന്നത്? ശുശ്രൂഷയിലുള്ള എന്റെ തീക്ഷ്ണത കുറഞ്ഞുപോയിട്ടുണ്ടോ? ഞാൻ കൂടുതൽ സമയവും ചെലവഴിക്കുന്നത് ജീവിതസുഖങ്ങൾക്കു വേണ്ടിയാണോ? മുമ്പത്തെക്കാളും ഞാൻ പണത്തെക്കുറിച്ച് ഒരുപാടു ചിന്തിക്കുന്നുണ്ടോ?’ ഇതിൽ ഏതിനെങ്കിലും ഉള്ള നിങ്ങളുടെ ഉത്തരം ‘അതെ’ എന്നാണെങ്കിൽ അത് ആത്മീയരോഗത്തിന്റെ ഒരു സൂചനയായിരിക്കാം. അതു പരിഹരിച്ചില്ലെങ്കിൽ പ്രശ്നം വഷളാകാനുള്ള സാധ്യതയുണ്ട്. ഈ പ്രശ്നങ്ങൾ നിങ്ങൾക്ക് സ്വയം പരിഹരിക്കാനാകുന്നില്ലെങ്കിലോ ദൈവത്തിന് ഇഷ്ടമില്ലാത്ത ഒരു കാര്യം നിങ്ങൾ ചെയ്യാൻ തുടങ്ങിയിട്ടുണ്ടെങ്കിലോ മൂപ്പന്മാരുടെ സഹായം തേടേണ്ടത് ആവശ്യമാണ്.
6. ഗുരുതരമായ തെറ്റു ചെയ്തുപോയ ഒരു വ്യക്തി എന്തു ചെയ്യണം?
6 ഒരു വ്യക്തി ഗുരുതരമായ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അതായത്, സഭയിൽനിന്ന് നീക്കം ചെയ്യാൻ ഇടയാക്കിയേക്കാവുന്ന ഒരു തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹം മൂപ്പന്മാരെ സമീപിക്കണം. (1 കൊരി. 5:11-13) കാരണം ഗുരുതരമായ തെറ്റു ചെയ്തയാൾക്ക് യഹോവയുമായുള്ള ബന്ധം വീണ്ടെടുക്കാൻ സഹായം ആവശ്യമാണ്. മോചനവിലയുടെ അടിസ്ഥാനത്തിലുള്ള യഹോവയുടെ ക്ഷമ കിട്ടണമെങ്കിൽ അയാൾ ‘മാനസാന്തരത്തിനു ചേർച്ചയിൽ പ്രവർത്തിക്കേണ്ടതുണ്ട്.’ (പ്രവൃ. 26:20) അതിൽ ഉൾപ്പെടുന്ന ഒരു കാര്യമാണ് ആ വ്യക്തി മൂപ്പന്മാരുടെ സഹായം സ്വീകരിക്കുന്നത്.
7. മൂപ്പന്മാരുടെ സഹായം ആവശ്യമായിരിക്കുന്ന വേറെ ആരാണുള്ളത്?
7 മൂപ്പന്മാർ ഗുരുതരമായ തെറ്റു ചെയ്തവരെ മാത്രമല്ല, ആത്മീയബലം കുറഞ്ഞവരെയും സഹായിക്കുന്നു. (പ്രവൃ. 20:35) ഉദാഹരണത്തിന്, തെറ്റായ ആഗ്രഹങ്ങൾക്കെതിരെ പോരാടാൻ നിങ്ങൾ കഷ്ടപ്പെടുകയായിരിക്കാം. പ്രത്യേകിച്ചും സത്യം പഠിക്കുന്നതിനു മുമ്പ് നിങ്ങൾ തുടർച്ചയായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നവരോ അശ്ലീലം കണ്ടിരുന്നവരോ അധാർമികജീവിതം നയിച്ചിരുന്നവരോ ഒക്കെ ആണെങ്കിൽ അതു വേണ്ടെന്നുവെക്കാൻ നിങ്ങൾക്കു കൂടുതൽ ബുദ്ധിമുട്ടായിരുന്നേക്കാം. എന്നാൽ നിങ്ങൾ ഒറ്റയ്ക്കു പോരാടേണ്ടതില്ല. നിങ്ങൾക്ക് തുറന്ന് സംസാരിക്കാൻ തോന്നുന്ന ഒരു മൂപ്പനോട് കാര്യങ്ങളെല്ലാം പറയുക. അദ്ദേഹം നിങ്ങളെ നന്നായി ശ്രദ്ധിക്കുകയും പ്രായോഗികമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പറഞ്ഞുതരുകയും ചെയ്യും. തെറ്റായ ആഗ്രഹങ്ങളെ ചെറുക്കാനും അങ്ങനെ യഹോവയെ സന്തോഷിപ്പിക്കാനും ആകുമെന്ന നിങ്ങളുടെ വിശ്വാസം അദ്ദേഹം ബലപ്പെടുത്തും. (സഭാ. 4:12) തെറ്റായ ആഗ്രഹങ്ങൾക്കെതിരെ പോരാടി നിങ്ങൾ തളർന്നുപോയിട്ടുണ്ടെങ്കിൽ മൂപ്പന്മാരോടു സംസാരിക്കുന്നത് ശക്തി പകരും. കാരണം യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടും താഴ്മയുള്ളതുകൊണ്ടും ആണ് നിങ്ങൾ സഹായം ചോദിച്ചതെന്ന് മൂപ്പന്മാർ നിങ്ങളെ ഓർമിപ്പിക്കും.—1 കൊരി. 10:12.
8. എങ്ങനെയുള്ള തെറ്റുകൾക്കു നമ്മൾ മൂപ്പന്മാരെ സമീപിക്കേണ്ടതില്ല?
8 നമ്മൾ ചെയ്യുന്ന ഓരോ ചെറിയ തെറ്റിനും മൂപ്പന്മാരെ സമീപിക്കേണ്ടതില്ല. ഉദാഹരണത്തിന്, ഒരു സഹോദരനെയോ സഹോദരിയെയോ വേദനിപ്പിക്കുന്ന എന്തെങ്കിലും നിങ്ങൾ പറഞ്ഞുപോയിട്ടുണ്ടാകാം. ചിലപ്പോൾ ദേഷ്യപ്പെട്ടായിരിക്കും സംസാരിച്ചത്. ഉടനെ ഒരു മൂപ്പനോട് അതെക്കുറിച്ച് സംസാരിക്കുന്നതിനു പകരം യേശു തന്ന ഉപദേശം അനുസരിച്ചുകൊണ്ട് ആ വ്യക്തിയുമായി നേരിട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുക. (മത്താ. 5:23, 24) അതോടൊപ്പം സൗമ്യത, ക്ഷമ, ആത്മനിയന്ത്രണം എന്നീ ഗുണങ്ങൾ കാണിക്കുന്നതിൽ മെച്ചപ്പെടാൻ, അവയെക്കുറിച്ച് നിങ്ങൾക്കു കൂടുതൽ പഠിക്കാനാകും. ഇത്രയൊക്കെ ചെയ്തിട്ടും പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു മൂപ്പന്റെ സഹായം തേടാം. ഫിലിപ്പി സഭയിലെ യുവൊദ്യക്കും സുന്തുകയ്ക്കും തങ്ങൾക്കിടയിലെ പ്രശ്നം സ്വന്തമായി പരിഹരിക്കാൻ പറ്റാതെ വന്നപ്പോൾ, പൗലോസ് അപ്പോസ്തലൻ ആ സഭയിലെ ഒരു സഹോദരനോട് അവരെ സഹായിക്കാൻ ആവശ്യപ്പെട്ടു. അതുപോലെ, നിങ്ങളുടെ സഭയിലെ ഒരു മൂപ്പനും നിങ്ങളെ സഹായിക്കാനായേക്കും.—ഫിലി. 4:2, 3.
മൂപ്പന്മാരെ വിളിക്കേണ്ടത് എന്തുകൊണ്ട്?
9. നാണക്കേടു കാരണം മൂപ്പന്മാരോട് സഹായം ചോദിക്കാൻ മടിക്കരുതാത്തത് എന്തുകൊണ്ട്? (സുഭാഷിതങ്ങൾ 28:13)
9 നമ്മൾ ഗുരുതരമായ ഒരു തെറ്റു ചെയ്തുപോയിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ തെറ്റായ ആഗ്രഹങ്ങൾക്കെതിരെ പോരാടാൻ പറ്റുന്നില്ലെന്നു തോന്നുന്നെങ്കിലോ മൂപ്പന്മാരോട് സഹായം ചോദിക്കാൻ വിശ്വാസവും ധൈര്യവും ആവശ്യമാണ്. നാണക്കേടു കാരണം ഒരിക്കലും മൂപ്പന്മാരുടെ അടുത്ത് പോകാതിരിക്കരുത്. എന്തുകൊണ്ട്? കാരണം നമ്മളെ ആത്മീയമായി ശക്തരാക്കി നിറുത്താനുള്ള യഹോവയുടെ ക്രമീകരണമാണ് അത്. അതുകൊണ്ട് മൂപ്പന്മാരോട് സംസാരിക്കുമ്പോൾ നമ്മൾ യഹോവയിൽ ആശ്രയിക്കുന്നെന്നും യഹോവയെ അനുസരിക്കുന്നെന്നും കാണിക്കുകയാണ്. വീഴാൻ പോകുമ്പോൾ നമുക്ക് യഹോവയുടെ സഹായമില്ലാതെ പറ്റില്ലെന്ന് നമ്മൾ അംഗീകരിക്കുന്നു. (സങ്കീ. 94:18) അതുപോലെ നമ്മൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ദൈവത്തിന്റെ കരുണ കിട്ടാൻ ആ തെറ്റ് ഏറ്റുപറയുകയും അത് ഉപേക്ഷിക്കുകയും ചെയ്യേണ്ടതുണ്ടെന്നു നമ്മൾ തിരിച്ചറിയുന്നു.—സുഭാഷിതങ്ങൾ 28:13 വായിക്കുക.
10. തെറ്റുകൾ മറച്ചുവെച്ചാൽ എന്തു സംഭവിച്ചേക്കാം?
10 സഹായം ആവശ്യമുള്ളപ്പോൾ മൂപ്പന്മാരോട് സംസാരിക്കുന്നതിന്റെ പ്രയോജനങ്ങൾ നമ്മൾ കണ്ടു. പക്ഷേ നമ്മൾ തെറ്റുകൾ മറച്ചുവെച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാകുകയേ ഉള്ളൂ. ദാവീദ് രാജാവ് അങ്ങനെ ചെയ്തപ്പോൾ അദ്ദേഹത്തിന് ആത്മീയമായും വൈകാരികമായും ശാരീരികമായിപ്പോലും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവന്നു. (സങ്കീ. 32:3-5) നമുക്ക് ഒരു അസുഖം വരുകയോ പരിക്ക് പറ്റുകയോ ചെയ്യുമ്പോൾ അതു ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ പ്രശ്നം ഗുരുതരമാകും. ആത്മീയരോഗത്തിന്റെ കാര്യത്തിലും മിക്കപ്പോഴും അതു സത്യമാണ്. ആ കാര്യം യഹോവയ്ക്ക് അറിയാവുന്നതുകൊണ്ടാണ് മൂപ്പന്മാരോട് കാര്യങ്ങൾ തുറന്നുപറയാനും അതുവഴി താനുമായി ‘കാര്യങ്ങൾ പറഞ്ഞ് നേരെയാക്കാനും’ യഹോവ നമ്മളെ ക്ഷണിക്കുന്നത്.—യശ. 1:5, 6, 18.
11. നമ്മൾ ഗുരുതരമായ ഒരു തെറ്റ് മറച്ചുപിടിച്ചാൽ മറ്റുള്ളവർക്ക് എന്തു പ്രശ്നം ഉണ്ടായേക്കാം?
11 നമ്മൾ ഗുരുതരമായ ഒരു തെറ്റ് മറച്ചുപിടിക്കുന്നെങ്കിൽ മറ്റുള്ളവർക്കും അതിന്റെ പ്രശ്നങ്ങൾ അനുഭവിക്കേണ്ടിവരും. മുഴുസഭയുടെയും മേലുള്ള ദൈവാത്മാവിന്റെ ഒഴുക്ക് തടസ്സപ്പെടും. അതുപോലെ അതു സഹോദരങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. (എഫെ. 4:30) സഭയിലെ മറ്റാരെങ്കിലും ഗുരുതരമായ ഒരു തെറ്റു ചെയ്തെന്ന് നമ്മൾ അറിയുമ്പോഴും മൂപ്പന്മാരോടു തുറന്ന് സംസാരിക്കാൻ ആ വ്യക്തിയെ പ്രോത്സാഹിപ്പിക്കേണ്ടതാണ്.a അത്തരം തെറ്റുകൾ നമ്മൾ മറച്ചുപിടിക്കുന്നെങ്കിൽ നമ്മളും ആ തെറ്റിൽ കുറ്റക്കാരായിരിക്കും. (ലേവ്യ 5:1) മുന്നോട്ടുവന്ന് സത്യം തുറന്നുപറയാൻ യഹോവയോടുള്ള സ്നേഹം നമ്മളെ പ്രേരിപ്പിക്കണം. അങ്ങനെ ചെയ്യുമ്പോൾ സഭയെ ശുദ്ധമാക്കി നിറുത്താനും യഹോവയുമായി വീണ്ടും ഒരു ബന്ധത്തിലേക്കു വരാൻ തെറ്റു ചെയ്ത ആ വ്യക്തിയെ സഹായിക്കാനും നമുക്കു കഴിയും.
മൂപ്പന്മാർ എങ്ങനെയാണ് നമ്മളെ സഹായിക്കുന്നത്?
12. ആത്മീയമായി ദുർബലരായവരെ മൂപ്പന്മാർ എങ്ങനെയാണ് സഹായിക്കുന്നത്?
12 ആത്മീയമായി ദുർബലരായവർക്ക് പിന്തുണ കൊടുക്കാൻ ബൈബിൾ മൂപ്പന്മാരോട് ആവശ്യപ്പെടുന്നുണ്ട്. (1 തെസ്സ. 5:14) നിങ്ങൾ ഒരു തെറ്റു ചെയ്താൽ നിങ്ങളുടെ ഉള്ളിലെ ചിന്തകളും വികാരങ്ങളും നന്നായി മനസ്സിലാക്കാൻ മൂപ്പന്മാർ ചില ചോദ്യങ്ങൾ ചോദിച്ചേക്കാം. (സുഭാ. 20:5) ആ സമയത്ത് ഉള്ളിലുള്ളതെല്ലാം തുറന്ന് പറയുന്നെങ്കിൽ അവർക്കു നിങ്ങളെ സഹായിക്കാൻ എളുപ്പമായിരിക്കും. നിങ്ങളുടെ സംസ്കാരമോ വ്യക്തിത്വമോ സംഭവിച്ച കാര്യത്തെക്കുറിച്ചുള്ള നാണക്കേടോ ഒന്നും അതിനൊരു തടസ്സമാകാൻ അനുവദിക്കരുത്. നിങ്ങൾ ‘ചിന്തിക്കാതെ എന്തെങ്കിലുമൊക്കെ പറയുന്നതായി’ അവർക്കു തോന്നുമോ എന്നും പേടിക്കേണ്ടാ. (ഇയ്യോ. 6:3) കാരണം മൂപ്പന്മാർ പെട്ടെന്നൊരു തീരുമാനത്തിലേക്ക് എത്തില്ല. അവർ നിങ്ങൾ പറയുന്നത് ശ്രദ്ധിച്ച് കേൾക്കുകയും കാര്യത്തിന്റെ മുഴുവൻ ചിത്രം മനസ്സിലാക്കുകയും ചെയ്തശേഷം മാത്രമേ ഒരു ഉപദേശം തരുകയുള്ളൂ. (സുഭാ. 18:13) ഒരു പ്രാവശ്യം കൂടിക്കണ്ടതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാകില്ലെന്നും ഒരാൾക്ക് വേണ്ട സഹായം നൽകാൻ സമയം എടുത്തേക്കാമെന്നും മൂപ്പന്മാർക്ക് അറിയാം.
13. മൂപ്പന്മാർ അവരുടെ പ്രാർഥനകളിലൂടെയും തിരുവെഴുത്ത് ഉപദേശങ്ങളിലൂടെയും നമ്മളെ എങ്ങനെ സഹായിക്കും? (ചിത്രങ്ങളും കാണുക.)
13 നിങ്ങൾ മൂപ്പന്മാരോട് സംസാരിക്കുമ്പോൾ നിങ്ങളുടെ കുറ്റബോധത്തിന്റെ ഭാരം കൂട്ടാതിരിക്കാൻ അവർ പരമാവധി ശ്രമിക്കും. അതിനുവേണ്ടി അവർ എന്താണു ചെയ്യുന്നത്? അവർ നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും. അവരുടെ പ്രാർഥനയുടെ “വലിയ ശക്തി” തിരിച്ചറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെട്ടുപോയേക്കാം. അതുപോലെ അവർ ‘യഹോവയുടെ നാമത്തിൽ നിങ്ങളുടെ മേൽ എണ്ണ തേക്കുകയും’ ചെയ്യും. (യാക്കോ. 5:14-16) ഇവിടെ “എണ്ണ” എന്നു പറഞ്ഞിരിക്കുന്നത് ദൈവവചനത്തിലെ സത്യങ്ങളെക്കുറിച്ചാണ്. അവർ ദൈവവചനം നന്നായി ഉപയോഗിച്ചുകൊണ്ട് നിങ്ങളെ ആശ്വസിപ്പിക്കും; യഹോവയുമായുള്ള ബന്ധം വീണ്ടെടുക്കാൻ സഹായിക്കും. (യശ. 57:18) അവർ തരുന്ന തിരുവെഴുത്ത് ഉപദേശങ്ങൾക്ക് ശരി ചെയ്യാനുള്ള നിങ്ങളുടെ തീരുമാനം ശക്തമാക്കാനാകും. അവരിലൂടെ യഹോവയുടെ ഈ ശബ്ദമാണ് നിങ്ങൾ കേൾക്കുന്നത്: “ഇതാണു വഴി, ഇതിലേ നടക്കുക.”—യശ. 30:21.
മൂപ്പന്മാർ ബൈബിൾ ഉപയോഗിച്ച് നമ്മളെ ആശ്വസിപ്പിക്കും (13-14 ഖണ്ഡികകൾ കാണുക)
14. ഗലാത്യർ 6:1 അനുസരിച്ച് ‘തെറ്റായ ചുവട്’ വെച്ച ഒരു വ്യക്തിയെ മൂപ്പന്മാർ എങ്ങനെയാണ് സഹായിക്കുന്നത്? (ചിത്രങ്ങളും കാണുക.)
14 ഗലാത്യർ 6:1 വായിക്കുക. ഒരു ക്രിസ്ത്യാനി ദൈവത്തിന്റെ നിലവാരങ്ങളിൽ നടക്കാതെ വരുമ്പോൾ “തെറ്റായ ഒരു ചുവടു” വെക്കുകയാണെന്നു പറയാം. അതിൽ തെറ്റായ ഒരു തീരുമാനം എടുക്കുന്നതോ ഗുരുതരമായ ഒരു പാപം ചെയ്യുന്നതോ ഉൾപ്പെട്ടേക്കാം. അങ്ങനെ സംഭവിക്കുമ്പോൾ സ്നേഹമുള്ള മൂപ്പന്മാർ ‘സൗമ്യതയുടെ ആത്മാവിൽ അയാളെ നേരെയാക്കാൻ നോക്കും.’ “നേരെയാക്കാൻ” എന്നു പരിഭാഷപ്പെടുത്തിയ ഗ്രീക്കുപദത്തിന്, സ്ഥാനം തെറ്റിയ ഒരു എല്ല് പിടിച്ചിടുന്നതുമായി ബന്ധമുണ്ട്. അങ്ങനെ ചെയ്തില്ലെങ്കിൽ ആ വ്യക്തിക്ക് സ്ഥിരമായ വൈകല്യം സംഭവിച്ചേക്കാം. വിദഗ്ധനായ ഒരു ഡോക്ടർ അധികം വേദന എടുപ്പിക്കാതെ എല്ല് പിടിച്ചിടാൻ നോക്കും. അതുപോലെ മൂപ്പന്മാരും തെറ്റു പറ്റിയ വ്യക്തിയുടെ ഇപ്പോഴുള്ള വേദന കൂട്ടാതെ അദ്ദേഹത്തെ സുഖപ്പെടുത്താൻ ശ്രമിക്കും. ഇനി “സ്വന്തം കാര്യത്തിലും ശ്രദ്ധ വേണം” എന്ന് മൂപ്പന്മാരോട് ആ വാക്യത്തിൽ പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുമ്പോൾത്തന്നെ മൂപ്പന്മാർ ഒരു കാര്യം ഓർക്കും: തങ്ങളും അപൂർണരും തെറ്റായ ചുവടു വെക്കാൻ സാധ്യതയുള്ളവരും ആണെന്ന കാര്യം. അതുകൊണ്ടുതന്നെ തെറ്റു പറ്റിയ വ്യക്തിയെക്കാൾ തങ്ങൾ വലിയവരോ നീതിമാന്മാരോ ആണെന്ന് മൂപ്പന്മാർ ഒരിക്കലും ചിന്തിക്കില്ല. പകരം താഴ്മയും അനുകമ്പയും കാണിച്ചുകൊണ്ട് സഹാനുഭൂതിയോടെ അവർ ഇടപെടും.—1 പത്രോ. 3:8.
15. ഒരു പ്രശ്നം നേരിടുമ്പോൾ നമ്മൾ എന്തു ചെയ്യാൻ മടിക്കരുത്?
15 നമ്മുടെ സഭയിലെ മൂപ്പന്മാരെ നമുക്കു വിശ്വസിക്കാനാകും. നമ്മൾ പറയുന്ന കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കാനും ഒരു ഉപദേശം തരുമ്പോൾ സ്വന്തം അഭിപ്രായം പറയാതെ ബൈബിളിനെ അടിസ്ഥാനമാക്കി അതു തരാനും നമ്മളെ തുടർന്നും സഹായിക്കാനും പരിശീലനം കിട്ടിയവരാണ് അവർ. (സുഭാ. 11:13; ഗലാ. 6:2) ഓരോ മൂപ്പന്റെയും വ്യക്തിത്വവും അനുഭവപരിചയവും വ്യത്യസ്തമായിരുന്നേക്കാം. എങ്കിലും ഒരു പ്രശ്നം നേരിടുമ്പോൾ അവരിൽ ആരെ സമീപിക്കാനും നമ്മൾ മടിക്കേണ്ടതില്ല. എന്നാൽ നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു അഭിപ്രായം കിട്ടാൻ വേണ്ടി പല മൂപ്പന്മാരുടെ അടുത്ത് നമ്മൾ മാറിമാറി പോകില്ല. അങ്ങനെ ചെയ്യുന്നത് “കാതുകൾക്കു രസിക്കുന്ന കാര്യങ്ങൾ” തേടിപ്പോകുന്നതുപോലെ ആയിരിക്കും. പക്ഷേ ദൈവവചനത്തിൽനിന്നുള്ള ‘പ്രയോജനകരമായ പഠിപ്പിക്കലിന്’ ശ്രദ്ധ കൊടുക്കാനാണ് ബൈബിൾ പറയുന്നത്. (2 തിമൊ. 4:3) ഇനി നമ്മൾ ഒരു പ്രശ്നത്തെക്കുറിച്ച് ഒരു മൂപ്പനോട് പറയുമ്പോൾ, നമ്മൾ മറ്റു മൂപ്പന്മാരോട് അതെക്കുറിച്ച് സംസാരിച്ചോ എന്നും അവർ എന്ത് ഉപദേശമാണ് തന്നതെന്നും അദ്ദേഹം ചോദിച്ചേക്കാം. അതുപോലെ എളിമയുള്ള ഒരു മൂപ്പൻ ഒരു ഉപദേശം തരുന്നതിനു മുമ്പ് മറ്റൊരു മൂപ്പനോട് അഭിപ്രായം ചോദിക്കുകയും ചെയ്തേക്കാം.—സുഭാ. 13:10.
നമ്മുടെ ഉത്തരവാദിത്വം
16. ഓരോ വ്യക്തിക്കും എന്ത് ഉത്തരവാദിത്വമുണ്ട്?
16 പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മൂപ്പന്മാർ നമ്മളെ സഹായിക്കുമെങ്കിലും നമുക്കുവേണ്ടി അവർ തീരുമാനങ്ങളെടുക്കില്ല. ദൈവഭക്തിക്കു ചേർന്ന ഒരു ജീവിതം നയിക്കാനുള്ള ഉത്തരവാദിത്വം ഓരോ വ്യക്തിക്കും ആണ്. നമ്മുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും നമ്മളാണ് ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടത്. (റോമ. 14:12) ദൈവത്തിന്റെ സഹായത്താൽ നമുക്ക് ഓരോ പ്രശ്നങ്ങളെയും അതിജീവിക്കാനും വിശ്വസ്തരായി തുടരാനും കഴിയും. അതുകൊണ്ട് ഓരോ സാഹചര്യത്തിലും എന്തു ചെയ്യണം എന്നു പറഞ്ഞുതരുന്നതിന് പകരം ബൈബിൾ ഉപയോഗിച്ചുകൊണ്ട് ദൈവത്തിന്റെ ചിന്ത എന്താണെന്ന് മൂപ്പന്മാർ നമുക്കു കാണിച്ചുതരും. അവർ തരുന്ന ദൈവവചനത്തിലെ ഉപദേശങ്ങൾ അനുസരിക്കുന്നെങ്കിൽ നമുക്ക് നമ്മുടെ “വിവേചനാപ്രാപ്തിയെ” പരിശീലിപ്പിക്കാനും നല്ല തീരുമാനങ്ങളെടുക്കാനും പറ്റും.—എബ്രാ. 5:14.
17. എന്തായിരിക്കണം നമ്മുടെ തീരുമാനം?
17 സ്നേഹമുള്ള ഒരു ഇടയൻ എന്ന നിലയിൽ യഹോവ ആർദ്രതയോടെ നമ്മളെ വഴി നയിക്കുന്നതിൽ നമുക്ക് ഒരുപാടു നന്ദിയുണ്ട്. നമുക്കു നിത്യജീവൻ സാധ്യമാക്കാനായി മോചനവില നൽകാൻ യഹോവ ‘നല്ല ഇടയനായ’ യേശുവിനെ അയച്ചു. (യോഹ. 10:11) ഇനി ക്രിസ്തീയസഭയിൽ മൂപ്പന്മാരെ തന്നുകൊണ്ട് യഹോവ ഈ വാക്കും പാലിച്ചിരിക്കുന്നു: “എന്റെ മനസ്സിന് ഇണങ്ങിയ ഇടയന്മാരെ ഞാൻ നിങ്ങൾക്കു തരും; അറിവും ഉൾക്കാഴ്ചയും തന്ന് അവർ നിങ്ങളെ പോഷിപ്പിക്കും.” (യിരെ. 3:15) അതുകൊണ്ട് നമ്മൾ ആത്മീയമായി ദുർബലരോ രോഗികളോ ആണെങ്കിൽ മൂപ്പന്മാരെ വിളിക്കാൻ മടിക്കരുത്. അത് യഹോവയുടെ ക്രമീകരണമാണ്. അതിൽനിന്ന് പരമാവധി പ്രയോജനം നേടാൻ നമുക്ക് ഉറച്ച തീരുമാനമെടുക്കാം.
ഗീതം 31 യാഹിനോടൊപ്പം നടക്കാം!
a തെറ്റു ചെയ്ത വ്യക്തി ന്യായമായ ഒരു സമയം കഴിഞ്ഞിട്ടും അങ്ങനെ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ മൂപ്പന്മാരോട് പറയണം. യഹോവയോടുള്ള വിശ്വസ്തതയാണ് അതിനു നിങ്ങളെ പ്രേരിപ്പിക്കേണ്ടത്.