ജീവിതകഥ
‘എവിടെയെല്ലാം നട്ടുവോ അവിടെയെല്ലാം പൂത്തുലയാൻ’ യഹോവ ഞങ്ങളെ സഹായിച്ചു
“നിങ്ങളെ എവിടെയെല്ലാം നടുന്നോ അവിടെയെല്ലാം പൂത്തുലയുക” എന്ന ഉപദേശം സ്വീഡനിൽനിന്നുള്ള മാറ്റ്സിന്റെയും ആൻ-കാറ്റ്രിനയുടെയും ജീവിതത്തിൽ സത്യമായിരുന്നു. കാരണം ആ ദമ്പതികളെ പലയിടങ്ങളിൽ മാറ്റിമാറ്റി “നട്ടു.” അത് എങ്ങനെയാണെന്നും ആ ഉപദേശം അവർക്ക് എങ്ങനെയാണ് പ്രയോജനം ചെയ്തതെന്നും നോക്കാം.
മാറ്റ്സ് സഹോദരനും ആൻ-കാറ്റ്രിന സഹോദരിയും 1979-ൽ ഗിലെയാദ് സ്കൂളിൽ പങ്കെടുത്തു. ഈ വർഷങ്ങളിലുടനീളം അവരെ പല സ്ഥലങ്ങളിൽ “നട്ടു” അഥവാ നിയമിച്ചു. ഇറാൻ, ടാൻസനിയ, മൗറീഷ്യസ്, മ്യാൻമർ, യുഗാണ്ട, സയർ എന്നിവിടങ്ങളിൽ അവർ സേവിച്ചു. ഇങ്ങനെ പല സ്ഥലങ്ങളിൽ “നടുകയും” “പിഴുതുമാറ്റി വീണ്ടും നടുകയും” ഒക്കെ ചെയ്തപ്പോഴെല്ലാം ഗിലെയാദ് സ്കൂളിലെ അധ്യാപകനായിരുന്ന ജാക്ക് റെഡ്ഫോർഡ് സഹോദരൻ കൊടുത്ത ഉപദേശം അവരെ സഹായിച്ചു. അവർതന്നെ അതു വിശദീകരിക്കും.
മാറ്റ്സ് സഹോദരാ, താങ്കൾ സത്യം കണ്ടെത്തിയത് എങ്ങനെയെന്ന് ആദ്യം പറയാമോ?
മാറ്റ്സ്: രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് പോളണ്ടിൽ താമസിക്കുമ്പോൾ കത്തോലിക്കാ സഭയുടെ പല കള്ളത്തരങ്ങളും എന്റെ പപ്പ നേരിൽ കണ്ടു. എങ്കിലും പപ്പ പറയുമായിരുന്നു, “ഒരു സത്യമതം എവിടെയോ ഉണ്ട്!” അതു ശരിയാണെന്നു പിന്നീട് എനിക്കു മനസ്സിലാക്കാനായി. ഉപയോഗിച്ച പുസ്തകങ്ങൾ വാങ്ങിച്ച് വായിക്കുന്ന ഒരു രീതി എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന നീല നിറത്തിലുള്ള പുസ്തകം എനിക്കു കിട്ടിയത്. അതിന്റെ തലക്കെട്ടുതന്നെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കിട്ടിയ അന്നുതന്നെ, ഒറ്റ രാത്രികൊണ്ട് ഞാൻ ആ പുസ്തകം മുഴുവൻ വായിച്ച് തീർത്തു. രാവിലെയായപ്പോൾ, ഞാൻ സത്യം കണ്ടെത്തിയെന്ന് എനിക്കു മനസ്സിലായി!
1972 ഏപ്രിൽ മുതൽ ഞാൻ യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ കൂടുതലായി വായിക്കാൻതുടങ്ങി. അങ്ങനെ എന്റെ ചോദ്യങ്ങൾക്കു ബൈബിളിൽനിന്ന് ഉത്തരം കിട്ടി. യേശു പറഞ്ഞ ദൃഷ്ടാന്തത്തിലെ വിലയേറിയ മുത്ത് കണ്ടെത്തിയ വ്യാപാരിയെപ്പോലെയാണ് ഞാനെന്ന് എനിക്ക് അപ്പോൾ തോന്നി. ആ മുത്ത് സ്വന്തമാക്കാൻവേണ്ടി ആ വ്യാപാരി തനിക്കുള്ളതെല്ലാം വിറ്റു. അതുപോലെ ഞാനും സത്യമാകുന്ന “മുത്ത്” സ്വന്തമാക്കാൻവേണ്ടി യൂണിവേഴ്സിറ്റിയിൽ പോയി പഠിച്ച് ഒരു ഡോക്ടർ ആകുക എന്ന എന്റെ ലക്ഷ്യം ഒരർഥത്തിൽ ‘വിറ്റു.’ (മത്താ. 13:45, 46) അങ്ങനെ 1972 ഡിസംബർ 10-ന് ഞാൻ സ്നാനമേറ്റു.
ഒരു വർഷത്തിനുള്ളിൽ എന്റെ മാതാപിതാക്കളും അനിയനും സത്യം സ്വീകരിച്ച് സ്നാനമേറ്റു. 1973 ജൂലൈയിൽ ഞാൻ മുഴുസമയസേവനം തുടങ്ങി. ഞങ്ങളുടെ സഭയിൽ വളരെ തീക്ഷ്ണതയുള്ള മുൻനിരസേവകരിൽ, യഹോവയെ ഒരുപാട് ഇഷ്ടമുള്ള സുന്ദരിയായ ഒരു സഹോദരിയുണ്ടായിരുന്നു— ആൻ-കാറ്റ്രിൻ! ഞങ്ങൾ ഇഷ്ടത്തിലായി. 1975-ൽ ഞങ്ങൾ വിവാഹവും കഴിച്ചു. പിന്നീടുള്ള നാലു വർഷം സ്വീഡനിലെ സ്ട്രാംസണ്ട് എന്ന സ്ഥലത്തായിരുന്നു. മനോഹരമായ ഈ സ്ഥലം, നമ്മുടെ പ്രസംഗപ്രവർത്തനത്തിനു പറ്റിയൊരു ഇടമായിരുന്നു.
ആൻ-കാറ്റ്രിൻ: സ്റ്റോക്ക്ഹോമിലെ യൂണിവേഴ്സിറ്റി പഠനത്തിന്റെ അവസാനത്തോട് അടുത്താണ് പപ്പ സത്യം പഠിക്കുന്നത്. ആ സമയം എനിക്ക് വെറും മൂന്നു മാസം പ്രായമേയുള്ളൂ. എങ്കിലും പപ്പ എന്നെ മീറ്റിങ്ങുകൾക്കും വയൽസേവനത്തിനും കൊണ്ടുപോകുമായിരുന്നു. എന്നാൽ മമ്മിക്ക് ഇതൊന്നും ഇഷ്ടമില്ലായിരുന്നു. യഹോവയുടെ സാക്ഷികൾ തെറ്റാണെന്നു സ്ഥാപിക്കാനാണ് മമ്മി ആദ്യം ശ്രമിച്ചത്. പക്ഷേ അതു നടന്നില്ല. പിന്നീട് മമ്മിയും സത്യം പഠിച്ച് സ്നാനമേറ്റു. ഞാൻ സ്നാനമേറ്റത് 13 വയസ്സുള്ളപ്പോഴാണ്. 16 വയസ്സുള്ളപ്പോൾ മുൻനിരസേവനവും തുടങ്ങി. രാജ്യപ്രചാരകരുടെ ആവശ്യം അധികമുള്ള ഉമെയോയിൽ സേവിക്കുമ്പോൾ ഞാൻ ഒരു പ്രത്യേക മുൻനിരസേവികയായി.
പിന്നീടാണ് ഞാനും മാറ്റ്സും വിവാഹം കഴിക്കുന്നത്. ഒരുപാടു പേരെ സത്യം പഠിപ്പിക്കാൻ ഞങ്ങൾക്ക് അവസരം കിട്ടി. അതിൽ ഒരാളായിരുന്നു മീവർ. ഒരു കൗമാരക്കാരിയായിരുന്ന അവളുടെ ജീവിതലക്ഷ്യംതന്നെ സ്പോർട്സ് ആയിരുന്നു. പക്ഷേ സത്യം പഠിച്ചപ്പോൾ അവൾ അതെല്ലാം വേണ്ടെന്നുവെച്ചു. പിന്നീട് മീവർ എന്റെ അനിയത്തിയുടെ കൂടെ മുൻനിരസേവനം ചെയ്യാൻതുടങ്ങി. 1984-ൽ അവർ രണ്ടു പേരും ഗിലെയാദിൽ പങ്കെടുത്തു. ഇപ്പോൾ ഇക്വഡോറിൽ മിഷനറിമാരായി സേവിക്കുന്നു.
നിങ്ങൾക്കു പല മിഷനറി നിയമനങ്ങളും കിട്ടിയിട്ടുണ്ടല്ലോ. “എവിടെയെല്ലാം നടുന്നുവോ അവിടെയെല്ലാം പൂത്തുലയുക” എന്ന ഉപദേശം അപ്പോഴൊക്കെ നിങ്ങൾ എങ്ങനെയാണ് അനുസരിച്ചത്?
മാറ്റ്സ്: ഞങ്ങളെ പല തവണ പുതിയ നിയമനങ്ങളിലേക്ക് “പറിച്ച് നട്ടു.” പക്ഷേ യേശുവിനെ അനുകരിച്ചുകൊണ്ട് ക്രിസ്തുവിൽ “വേരൂന്നി” നിൽക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു; പ്രത്യേകിച്ചും യേശുവിന്റെ താഴ്മ അനുകരിച്ചുകൊണ്ട്. (കൊലോ. 2:6, 7) ഉദാഹരണത്തിന്, ഞങ്ങൾ മറ്റൊരു നാട്ടിൽ ആയിരിക്കുമ്പോൾ അവിടെയുള്ളവർ ഞങ്ങളെപ്പോലെ കാര്യങ്ങൾ ചെയ്യണം എന്നു ചിന്തിക്കുന്നതിനു പകരം അവർ ആ രീതിയിൽ ചിന്തിക്കുന്നത് എന്തുകൊണ്ടാണെന്നും അവരുടെ സംസ്കാരം എന്താണെന്നും ഒക്കെ മനസ്സിലാക്കാൻ ഞങ്ങൾ ശ്രമിച്ചു. ഞങ്ങൾ യേശുവിനെ എത്രയധികം അനുകരിച്ചോ അത്രയധികം ഞങ്ങളെ ‘നീർച്ചാലുകൾക്കരികെ നട്ടിരിക്കുന്നതായി’ ഞങ്ങൾക്കു തോന്നി. എവിടെയെല്ലാം നിയമിച്ചോ അവിടെയെല്ലാം പൂത്തുലയാൻ സഹായിച്ചത് അതാണ്.—സങ്കീ. 1:2, 3.
സഭകൾ സന്ദർശിക്കാനുള്ള യാത്രകൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു
ആൻ-കാറ്റ്രിൻ: പറിച്ച് നടുന്ന ഒരു മരത്തിനു നന്നായി വളരാൻ സൂര്യപ്രകാശവും വേണം. യഹോവ ഞങ്ങൾക്ക് എല്ലായ്പോഴും ഒരു ‘സൂര്യനെപ്പോലെ’ ആയിരുന്നു. (സങ്കീ. 84:11) സ്നേഹമുള്ള സഹോദരീസഹോദരന്മാരെ തന്നുകൊണ്ട് യഹോവ ഞങ്ങളെ അനുഗ്രഹിച്ചു. ഉദാഹരണത്തിന്, ഇറാനിലെ ടെറാനിലുള്ള ചെറിയൊരു സഭയിലായിരുന്നപ്പോൾ അവിടത്തെ സഹോദരങ്ങൾ കാണിച്ച ആതിഥ്യം ഞങ്ങളെ അതിശയിപ്പിച്ചു. ബൈബിളിൽ നമ്മൾ വായിക്കുന്ന പലരുടെയും ആതിഥ്യത്തെക്കുറിച്ച് അതു ഞങ്ങളെ ഓർമിപ്പിച്ചു. ഇറാനിൽത്തന്നെ തുടരാൻ ഞങ്ങൾക്ക് ഇഷ്ടമായിരുന്നു. എങ്കിലും, 1980 ജൂലൈയിൽ യഹോവയുടെ സാക്ഷികളെ അവിടെ നിരോധിച്ചു. താമസിയാതെ ഗവൺമെന്റ് 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. അവിടെനിന്ന് ഞങ്ങളെ നിയമിച്ചത് ആഫ്രിക്കയിലെ സയറിലോട്ടാണ് (ഇപ്പോഴത്തെ കോംഗോ).
സയറിൽ ആയിരുന്നപ്പോഴത്തെ മധുരസ്മരണകൾ, 1982
ആഫ്രിക്കയിലേക്കാണ് നിയമനം എന്ന് അറിഞ്ഞപ്പോൾ ആദ്യം ഞാൻ കരഞ്ഞുപോയി. അവിടെ പാമ്പുകളും അസുഖങ്ങളും ഒക്കെയുണ്ടെന്ന് ഞാൻ കേട്ടിരുന്നു. അത് എന്നെ ശരിക്കും പേടിപ്പിച്ചു. എന്നാൽ ആഫ്രിക്കയിൽ കുറെ നാൾ സേവിച്ച, ഞങ്ങളുടെ രണ്ട് സുഹൃത്തുക്കൾ ഞങ്ങളോടു പറഞ്ഞു: “നിങ്ങൾ ഇതുവരെ അവിടെ എത്തിയിട്ടില്ലല്ലോ; ഒന്നു ശ്രമിച്ച് നോക്ക്. ആഫ്രിക്കയെ നിങ്ങൾ സ്നേഹിച്ചുപോകും.” അങ്ങനെതന്നെയാണ് സംഭവിച്ചത്! ഒത്തിരി സ്നേഹമുള്ളവരായിരുന്നു അവിടെയുള്ള സഹോദരങ്ങൾ. ശരിക്കും പറഞ്ഞാൽ ആറു വർഷങ്ങൾക്കു ശേഷം നിരോധനം കാരണം സയറിൽനിന്ന് പോരേണ്ടിവന്നപ്പോൾ ഞാൻ യഹോവയോടു പ്രാർഥിച്ചത്, “ദൈവമേ, ആഫ്രിക്കയിൽത്തന്നെ നിൽക്കാൻ ഞങ്ങളെ അനുവദിക്കണേ” എന്നായിരുന്നു. ഞാൻ എത്ര മാറിപ്പോയി എന്നു ചിന്തിച്ചപ്പോൾ എനിക്കുതന്നെ ചിരി വന്നു.
ഈ വർഷങ്ങളിലുടനീളം ദൈവസേവനത്തിൽ നിങ്ങൾക്കു ലഭിച്ച അനുഗ്രഹങ്ങൾ എന്തൊക്കെയാണ്?
ടാൻസനിയയിലെ ഞങ്ങളുടെ “ബെഡ്റൂം,” 1988
മാറ്റ്സ്: പല നിയമനങ്ങളിൽ ആയിരുന്നപ്പോൾ വ്യത്യസ്ത രാജ്യത്തുനിന്നും പശ്ചാത്തലത്തിൽനിന്നും ഉള്ള മിഷനറിമാരെ നല്ല സുഹൃത്തുക്കളാക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. അതുപോലെ പല സ്ഥലങ്ങളിലും ഒരുപാടു ബൈബിൾപഠനങ്ങൾ നടത്തിയതിന്റെ സന്തോഷം ഞങ്ങൾക്ക് ആസ്വദിക്കാനായി. ചിലപ്പോഴൊക്കെ ഞങ്ങൾക്ക് ഓരോരുത്തർക്കും 20 ബൈബിൾപഠനങ്ങൾവരെ ഉണ്ടായിട്ടുണ്ട്. ഇനി ആഫ്രിക്കയിലെ സഹോദരങ്ങളുടെ ആതിഥ്യവും സ്നേഹവും ഒരിക്കലും മറക്കാനാകില്ല. ടാൻസനിയയിലെ സഭകൾ സന്ദർശിച്ചുകൊണ്ടിരുന്ന സമയത്ത് ഒരു വാൻ ആയിരുന്നു ഞങ്ങളുടെ “ബെഡ്റൂം.” അതു ഞങ്ങൾ സഹോദരങ്ങളുടെ വീടിന് അടുത്ത് പാർക്ക് ചെയ്യും. ആ സഹോദരങ്ങൾ വളരെ പാവപ്പെട്ടവർ ആയിരുന്നെങ്കിലും ഞങ്ങൾക്കു വേണ്ടതെല്ലാം ഉണ്ടെന്ന് അവർ ഉറപ്പുവരുത്തി. അവർ അവരുടെ ‘കഴിവിന് അപ്പുറം’ ചെയ്തു. (2 കൊരി. 8:3) പിന്നെ ഞങ്ങൾക്കു വളരെ ഇഷ്ടമുള്ള ഒന്നായിരുന്നു ‘കഥ പറയുന്ന സമയം.’ ഓരോ ദിവസത്തിന്റെയും അവസാനം ഞാനും ആൻ-കാറ്റ്രിനും ഒരുമിച്ചിരുന്ന് അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കും. എന്നിട്ട് യഹോവ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നതിനു നന്ദി പറയും.
ആൻ-കാറ്റ്രിൻ: ലോകമെങ്ങുമുള്ള സഹോദരകുടുംബത്തിന്റെ ഭാഗമായിരിക്കുന്നത് വലിയൊരു അനുഗ്രഹമായിട്ടാണ് എനിക്കു തോന്നുന്നത്. ഞങ്ങൾക്കു വ്യത്യസ്തങ്ങളായ പല സംസ്കാരങ്ങൾ അടുത്ത് അറിയാനും ഫാർസി, ഫ്രഞ്ച്, ലുഗാണ്ട, സ്വാഹിലി പോലുള്ള പല പുതിയ ഭാഷകൾ പഠിക്കാനും കഴിഞ്ഞു. പുതിയ ശിഷ്യരെ കൂടുതലായി പരിശീലിപ്പിക്കാനും നല്ല സുഹൃത്തുക്കളെ നേടാനും അവരോടൊപ്പം “തോളോടുതോൾ ചേർന്ന്” യഹോവയെ സേവിക്കാനും ഞങ്ങൾക്കായി.—സെഫ. 3:9.
ഞങ്ങൾ പലയിടത്ത് പോയപ്പോൾ യഹോവയുടെ സൃഷ്ടിയിലെ മനോഹരമായ വൈവിധ്യങ്ങൾ ഞങ്ങൾക്ക് ആസ്വദിക്കാനായി. ഓരോ പുതിയ നിയമനത്തിലും ഒരു വഴികാട്ടിയായി യഹോവ കൂടെയുണ്ടായിരുന്നു. ഒരിക്കലും സ്വന്തമായി നേടാൻ കഴിയാത്ത വലിയ ജീവിതാനുഭവങ്ങളാണ് യഹോവ ഞങ്ങൾക്കു തന്നത്.
ടാൻസനിയയിലെ വ്യത്യസ്ത പ്രദേശങ്ങളിൽ പ്രസംഗിക്കുന്നു
എന്തെല്ലാം പ്രശ്നങ്ങളാണു നിങ്ങൾക്ക് ഉണ്ടായത്, നിങ്ങൾ അവയൊക്കെ എങ്ങനെ നേരിട്ടു?
മാറ്റ്സ്: വർഷങ്ങളിലുടനീളം മലേറിയ പോലുള്ള പല തരത്തിലുള്ള അസുഖങ്ങൾ ഞങ്ങൾക്കു വന്നു. ആൻ-കാറ്റ്രിന് അപ്രതീക്ഷിതമായി ചില ഓപ്പറേഷനുകൾ വേണ്ട സാഹചര്യങ്ങളും ഉണ്ടായി. അതുപോലെ പ്രായമായ മാതാപിതാക്കളെക്കുറിച്ചുള്ള ചിന്തയും ഞങ്ങളെ അലട്ടിയിരുന്നു. അവരുടെ കാര്യങ്ങളൊക്കെ ഞങ്ങളുടെ കൂടപ്പിറപ്പുകൾ വളരെ നന്നായി നോക്കിയതിൽ ഞങ്ങൾക്ക് ഒരുപാടു നന്ദിയുണ്ട്. അവർ അതു വളരെ ക്ഷമയോടെയും സന്തോഷത്തോടെയും സ്നേഹത്തോടെയും ആണ് ചെയ്തത്. (1 തിമൊ. 5:4) എങ്കിലും ഞങ്ങൾ കുറെ ദൂരെ ആയിരുന്നതുകൊണ്ട് മാതാപിതാക്കൾക്കുവേണ്ടി അധികമൊന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന ചിന്ത ഞങ്ങളെ ചിലപ്പോഴൊക്കെ വിഷമിപ്പിച്ചിട്ടുണ്ട്.
ആൻ-കാറ്റ്രിൻ: 1983-ൽ സയറിൽ സേവിക്കുമ്പോൾ എനിക്കു കോളറ പിടിപെട്ടു; അൽപ്പം ഗുരുതരമായിപ്പോയി. ഡോക്ടർ മാറ്റ്സിനോട്, “ഇന്നുതന്നെ ഇവരെ ഈ രാജ്യത്തിനു പുറത്ത് എത്തിക്കണം!” എന്നു പറഞ്ഞു. തൊട്ടടുത്ത ദിവസം സ്വീഡനിലേക്ക് ചരക്കുമായി പോകുന്ന ഒരു വിമാനത്തിൽ ഞങ്ങൾ കയറി. അതിനു മാത്രമേ ടിക്കറ്റ് കിട്ടിയുള്ളൂ.
മാറ്റ്സ്: മിഷനറിസേവനം അതോടെ അവസാനിച്ചെന്നാണ് ഞങ്ങൾ വിചാരിച്ചത്. സങ്കടംകൊണ്ട് ഞങ്ങൾ കരഞ്ഞു. ആൻ-കാറ്റ്രിൻ സുഖപ്പെടുമെന്നു ഡോക്ടർമാർക്കുപോലും പ്രതീക്ഷയില്ലായിരുന്നു. എങ്കിലും അവൾ പതിയെ സുഖപ്പെട്ടു. ഞങ്ങൾക്ക് അധികം താമസിയാതെ സയറിലേക്കു തിരിച്ചുപോകാനായി. ഇത്തവണ ലുബുംബാഷിയിലെ സ്വാഹിലി ഭാഷ സംസാരിക്കുന്ന ഒരു ചെറിയ സഭയിലേക്കായിരുന്നു നിയമനം.
ആൻ-കാറ്റ്രിൻ: ലുബുംബാഷിയിൽ ആയിരുന്ന സമയത്ത് ഞാൻ ഗർഭിണിയായി. എന്നാൽ ഗർഭാവസ്ഥയിൽത്തന്നെ ഞങ്ങൾക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു. ഒരു കുഞ്ഞ് വേണമെന്നൊന്നും ഞങ്ങൾക്കു പ്ലാൻ ഇല്ലായിരുന്നെങ്കിലും ആ നഷ്ടം എനിക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്നാൽ വിഷമിച്ചിരുന്ന ആ സമയത്ത് ഒരു അപ്രതീക്ഷിതമായ സമ്മാനം യഹോവ ഞങ്ങൾക്കു തന്നു. മുമ്പൊരിക്കലും കിട്ടാത്തത്ര ബൈബിൾപഠനങ്ങൾ ഞങ്ങൾക്കു തുടങ്ങാനായി. ഒരു വർഷത്തിനുള്ളിൽ സഭയിലെ പ്രചാരകരുടെ എണ്ണം 35-ൽനിന്ന് 70 ആയി വർധിച്ചു. മീറ്റിങ്ങ് ഹാജർ 40-ൽനിന്ന് 220 ആയി. ശുശ്രൂഷയിൽ ഞങ്ങൾ തിരക്കോടെ ഏർപ്പെട്ടപ്പോൾ യഹോവ നൽകിയ അനുഗ്രഹങ്ങൾ എന്നെ ശരിക്കും ആശ്വസിപ്പിച്ചു. എന്നാൽ ഇപ്പോഴും ഞങ്ങളുടെ ആ പൊന്നോമനയെക്കുറിച്ച് ഞങ്ങൾ ഓർക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. പറുദീസയിൽ യഹോവ ആ വേദന പൂർണമായി എങ്ങനെയാണ് മാറ്റുന്നത് എന്നറിയാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.
മാറ്റ്സ്: ഒരു സമയത്ത് ആൻ-കാറ്റ്രിന് വളരെ ക്ഷീണവും തളർച്ചയും അനുഭവപ്പെടാൻതുടങ്ങി. ആ സമയത്തുതന്നെ എനിക്കു വൻകുടലിൽ ക്യാൻസർ ആണെന്നും കണ്ടെത്തി. നാലാമത്തെ സ്റ്റേജായിരുന്നു. വലിയൊരു ഓപ്പറേഷൻ വേണ്ടിവന്നു. ഇപ്പോൾ വലിയ കുഴപ്പമില്ലാതെ പോകുന്നു. അവളും ദൈവസേവനത്തിൽ തന്നെക്കൊണ്ട് കഴിയുന്നത്രയും ചെയ്യാൻ ശ്രമിക്കുന്നുണ്ട്.
പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതു ഞങ്ങൾ മാത്രമല്ലെന്നു ഞങ്ങൾ മനസ്സിലാക്കി. 1994-ൽ റുവാണ്ടയിൽ നടന്ന വംശഹത്യയ്ക്കു ശേഷം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരെ കാണാൻ ഞങ്ങൾ പോയിരുന്നു. അവരുടെ വിശ്വാസവും സഹനശക്തിയും പ്രയാസസമയത്തുപോലും അവർ കാണിക്കുന്ന ആതിഥ്യവും നേരിട്ട് കണ്ടപ്പോൾ ഒരു കാര്യം ബോധ്യമായി: ഏതൊരു സാഹചര്യത്തിലും തന്റെ ജനത്തെ പുലർത്താൻ യഹോവയ്ക്കു ശക്തിയുണ്ട്.—സങ്കീ. 55:22.
ആൻ-കാറ്റ്രിൻ: 2007-ൽ യുഗാണ്ടയിലെ ബ്രാഞ്ച് സമർപ്പണം കഴിഞ്ഞ് തിരിച്ച് വരുന്ന വഴി ഞങ്ങളുടെ ജീവിതത്തിൽ മറ്റൊരു ദുരന്തം ഉണ്ടായി. മിഷനറിമാരും ബഥേൽ അംഗങ്ങളും ഒക്കെയായി ഞങ്ങൾ ഏകദേശം 25 പേരുണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് കെനിയയിലെ നയ്റോബിയിലേക്കു പോകുകയായിരുന്നു ഞങ്ങൾ. കെനിയയുടെ അതിർത്തിയിൽ എത്തുന്നതിനു മുമ്പായി എതിരെ വന്ന ഒരു ലോറി ഞങ്ങളുടെ വണ്ടിയിൽ വന്നിടിച്ചു. ഡ്രൈവറും ഞങ്ങളുടെ അഞ്ച് സുഹൃത്തുക്കളും അവിടെവെച്ചുതന്നെ മരിച്ചുപോയി. പിന്നീട് ആശുപത്രിയിൽവെച്ച് ഒരു സഹോദരികൂടി മരിച്ചു. ഇവരെയെല്ലാം വീണ്ടും കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.—ഇയ്യോ. 14:13-15.
എനിക്കു പല പരിക്കുകൾ പറ്റിയെങ്കിലും പതിയെ ഞാൻ സുഖം പ്രാപിച്ചു. പക്ഷേ വണ്ടിയിൽ ഉണ്ടായിരുന്ന പലരെയുംപോലെ ഞങ്ങൾക്കും ഒരു ദുരന്തത്തെ തുടർന്നുണ്ടാകുന്ന മാനസികാഘാതത്തിന്റെ പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. എന്റെ കാര്യത്തിൽ, രാത്രി ഞാൻ പേടിച്ച് ഞെട്ടി ഉണരുമായിരുന്നു. ഒരു ഹൃദയാഘാതത്തിന്റെ അതേ ലക്ഷണങ്ങളാണ് എനിക്ക് അപ്പോൾ തോന്നുക. അതു ശരിക്കും ഭയപ്പെടുത്തുന്ന ഒരു കാര്യമായിരുന്നു. എന്നാൽ ഇടവിടാതെയുള്ള പ്രാർഥനയും ഞങ്ങൾക്ക് ഇഷ്ടപ്പെട്ട ചില വാക്യങ്ങളിൽനിന്ന് കിട്ടിയ ആശ്വാസവും പിടിച്ചുനിൽക്കാൻ സഹായിച്ചു. ഈ പ്രശ്നത്തെ മറികടക്കാൻ ഡോക്ടർമാരെ കണ്ടതും ഗുണം ചെയ്തു. ഇപ്പോൾ ഈ ബുദ്ധിമുട്ടുകൾ പണ്ടത്തെ അത്ര വരാറില്ല. ഞങ്ങളുടെ അതേ പ്രശ്നങ്ങൾ നേരിടുന്നവരെ ആശ്വസിപ്പിക്കാൻ സഹായിക്കണേ എന്നും ഞങ്ങൾ യഹോവയോട് പ്രാർഥിക്കാറുണ്ട്.
പ്രശ്നങ്ങൾ നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോൾ “കൈയിൽ മുട്ടകൾകൊണ്ട് നടക്കുന്നതുപോലെയാണ്” യഹോവ നിങ്ങളെ കൊണ്ടുനടന്നതെന്നു പറഞ്ഞല്ലോ. എന്താണു നിങ്ങൾ അർഥമാക്കിയത്?
മാറ്റ്സ്: സ്വാഹിലിയിൽ “ടുമെബേബ്വാ കമാ മായയ് മാബിച്ചി” എന്നൊരു പ്രയോഗമുണ്ട്. അതിന്റെ അർഥം ഞങ്ങളെ “മുട്ടകൾകൊണ്ട് നടക്കുന്നതുപോലെ നടന്നു” എന്നാണ്. ഒരു വ്യക്തിയുടെ കൈയിൽ മുട്ടകൾ ഉണ്ടെങ്കിൽ അവ പൊട്ടാതിരിക്കാൻ അദ്ദേഹം വളരെയധികം ശ്രദ്ധിക്കും. ഇതുപോലെ ഞങ്ങളുടെ ഓരോ നിയമനത്തിലും യഹോവ വളരെ ശ്രദ്ധയോടെയും ആർദ്രതയോടെയും ഞങ്ങളോട് ഇടപെട്ടു. ഞങ്ങൾക്ക് എപ്പോഴും വേണ്ടതും അതിൽ അധികവും ഉണ്ടായിരുന്നു. ഞങ്ങൾ യഹോവയുടെ സ്നേഹവും പിന്തുണയും തിരിച്ചറിഞ്ഞ ഒരുവിധം ഭരണസംഘത്തിലൂടെയാണ്. അവർ ഞങ്ങളോടു വളരെ സഹാനുഭൂതിയോടെ ഇടപെട്ടു.
ആൻ-കാറ്റ്രിൻ: യഹോവ ഞങ്ങളെ ആർദ്രമായി പിന്തുണച്ച ഒരു അനുഭവം പറയാം. ഒരു ദിവസം എനിക്കൊരു ഫോൺകോൾ വന്നു. സ്വീഡനിലുള്ള എന്റെ അപ്പനു തീരെ സുഖമില്ലെന്നും ഐസിയുവിൽ ആണെന്നും പറഞ്ഞു. മാറ്റ്സ് ആണെങ്കിൽ മലേറിയ വന്ന് അങ്ങ് സുഖപ്പെട്ടതേ ഉണ്ടായിരുന്നുള്ളൂ. വീട്ടിലേക്കു പോകാനുള്ള ഫ്ലൈറ്റ് ടിക്കറ്റ് വാങ്ങാൻ ഞങ്ങളുടെ കൈയിൽ പണവും ഇല്ലായിരുന്നു. അതുകൊണ്ട് കാർ വിൽക്കാൻ തീരുമാനിച്ചു. അപ്പോഴാണ് രണ്ട് ഫോൺകോൾ കൂടി വന്നത്. ഒന്ന് ഞങ്ങളുടെ സാഹചര്യം അറിഞ്ഞ ഒരു ദമ്പതികളിൽനിന്നുള്ളതായിരുന്നു. ഒരാളുടെ ടിക്കറ്റിനുള്ള പണം തരാൻ അവർ ആഗ്രഹിച്ചു. മറ്റേ ഫോൺകോൾ വന്നത് പ്രായമുള്ള ഒരു സഹോദരിയിൽനിന്നാണ്. “സഹായം ആവശ്യമുള്ളവർക്ക്” എന്ന് എഴുതിയ ഒരു ബോക്സിൽ സഹോദരി കുറച്ച് പണം സൂക്ഷിക്കുന്നുണ്ടായിരുന്നു. അങ്ങനെ മിനിട്ടുകൾക്കുള്ളിൽ യഹോവ ഞങ്ങളുടെ രക്ഷയ്ക്ക് എത്തി!—എബ്രാ. 13:6.
കഴിഞ്ഞ 50 വർഷത്തെ മുഴുസമയ സേവനത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
മ്യാൻമറിലെ ഞങ്ങളുടെ പുതിയ നിയമനത്തിൽ
ആൻ-കാറ്റ്രിൻ: ‘ശാന്തരായിരുന്ന് യഹോവയിൽ ആശ്രയിക്കുന്നതാണ്’ നമുക്കു ശരിക്കും ബലം നൽകുന്നതെന്നു ഞാൻ പഠിച്ചു. നമ്മൾ യഹോവയിൽ ആശ്രയിക്കുമ്പോൾ നമ്മുടെ യുദ്ധം യഹോവ തന്റേതാക്കി മാറ്റും. (യശ. 30:15; 2 ദിന. 20:15, 17) ഓരോ നിയമനത്തിലും കഴിവിന്റെ പരമാവധി യഹോവയെ സേവിക്കാൻ ഞങ്ങൾ ശ്രമിച്ചു. മറ്റെന്തു ചെയ്താലും കിട്ടാത്തത്ര അനുഗ്രഹങ്ങൾ അപ്പോൾ ഞങ്ങൾക്കു കിട്ടി.
മാറ്റ്സ്: നമ്മൾ എല്ലാ സാഹചര്യത്തിലും യഹോവയിൽ ആശ്രയിക്കണം. അപ്പോൾ യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കുന്നതു കാണാനാകും എന്നതാണു ഞാൻ പഠിച്ച പ്രധാനപാഠം. (സങ്കീ. 37:5) തന്റെ ആ വാക്കു പാലിക്കുന്നതിൽ യഹോവ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ഇപ്പോൾ മ്യാൻമറിലെ ബഥേലിൽ സേവിക്കുമ്പോഴും അത് എത്ര സത്യമാണെന്നു ഞങ്ങൾക്കു കാണാനാകുന്നുണ്ട്.
ദൈവസേവനത്തിൽ കൂടുതൽ ചെയ്യാനായി മുന്നോട്ടുവരുന്ന യുവജനങ്ങളെ കാണുമ്പോൾ ഞങ്ങൾക്ക് ഒരുപാടു സന്തോഷം തോന്നാറുണ്ട്. എവിടെയെല്ലാം നടന്നുവോ അവിടെയെല്ലാം യഹോവയുടെ സഹായത്താൽ പൂത്തുലയാൻ അവർ ശ്രമിക്കുന്നെങ്കിൽ ഞങ്ങൾ ജീവിതത്തിൽ രുചിച്ച് അറിഞ്ഞ യഹോവയുടെ അചഞ്ചലസ്നേഹം അവർക്കും രുചിച്ചറിയാനാകും എന്നു ഞങ്ങൾക്ക് ഉറപ്പാണ്.