പഠനലേഖനം 45
ഗീതം 111 സന്തോഷിക്കാനുള്ള കാരണങ്ങൾ
പ്രിയപ്പെട്ടവരെ പരിചരിക്കുമ്പോൾ സന്തോഷം നിലനിറുത്തുക
“കണ്ണീരോടെ വിത്തു വിതയ്ക്കുന്നവർ ആർപ്പുവിളികളോടെ കൊയ്യും.”—സങ്കീ. 126:5.
ഉദ്ദേശ്യം
പ്രായമായവരെയോ രോഗികളെയോ ശുശ്രൂഷിക്കുന്നവർ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നും അവർക്ക് എങ്ങനെ സന്തോഷം നിലനിറുത്താമെന്നും നോക്കും.
1-2. പ്രിയപ്പെട്ടവരെ പരിചരിക്കുന്നവരെ യഹോവ എങ്ങനെയാണു കാണുന്നത്? (സുഭാഷിതങ്ങൾ 19:17) (ചിത്രങ്ങളും കാണുക.)
കൊറിയയിൽനിന്നുള്ള ജിൻ-യാൽ സഹോദരൻ പറയുന്നു: “ഞാനും ഭാര്യയും കല്യാണം കഴിച്ചിട്ട് 32 വർഷം കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വർഷമായി അവളുടെ എല്ലാ കാര്യങ്ങളും നോക്കുന്നതു ഞാനാണ്. അവൾക്കു പാർക്കിൻസൺസ് അസുഖം ഉള്ളതുകൊണ്ട് അധികം അനങ്ങാൻ കഴിയില്ല. എന്റെ ഭാര്യ എനിക്കു വളരെ പ്രിയപ്പെട്ടവളാണ്. അവളെ നോക്കുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. രാത്രി അവൾ ഒരു പ്രത്യേക ബെഡ്ഡിലാണ് ഉറങ്ങുന്നത്. ഞാനും അടുത്തുതന്നെയായി കിടക്കും. ഞങ്ങൾ കൈകൾ ചേർത്തുപിടിച്ച് ഉറങ്ങും.”
2 നിങ്ങൾ വളരെ സ്നേഹിക്കുന്ന ആരെയെങ്കിലും നിങ്ങൾക്കു ശുശ്രൂഷിക്കേണ്ടതായുണ്ടോ? ഉദാഹരണത്തിന്, മാതാപിതാക്കളെയോ ഇണയെയോ കുട്ടിയെയോ ഒരു സുഹൃത്തിനെയോ ഒക്കെ. ഉണ്ടെങ്കിൽ, അവരെ സഹായിക്കാൻ കിട്ടിയ ഈ അവസരത്തെ നിങ്ങൾ വളരെ വിലമതിക്കുന്നുണ്ടാകും. അതോടൊപ്പം അവരെ ശുശ്രൂഷിക്കുമ്പോൾ നിങ്ങൾ യഹോവയോടുള്ള ഭക്തി കാണിക്കുകയും ആണ്. (1 തിമൊ. 5:4, 8; യാക്കോ. 1:27) എങ്കിലും ആരും കാണാത്ത പല പ്രശ്നങ്ങളും നിങ്ങൾ നേരിടുന്നുണ്ടാകാം. ചിലപ്പോൾ മറ്റുള്ളവർ നിങ്ങളുടെ പ്രശ്നങ്ങൾ കാര്യമാക്കുന്നില്ലെന്നു നിങ്ങൾക്കു തോന്നിയേക്കാം. പുറമേ ചിരിക്കുന്നുണ്ടെങ്കിലും ഒറ്റയ്ക്കായിരിക്കുമ്പോൾ നിങ്ങൾ കരയുകയായിരിക്കും. (സങ്കീ. 6:6) ഇതൊന്നും ആരും കാണുന്നില്ലെങ്കിലും യഹോവ കാണുന്നുണ്ട്. (പുറപ്പാട് 3:7 താരതമ്യം ചെയ്യുക.) നിങ്ങളുടെ കണ്ണീരും ത്യാഗങ്ങളും യഹോവയ്ക്കു വളരെ വിലപ്പെട്ടതാണ്. (സങ്കീ. 56:8; 126:5) പ്രിയപ്പെട്ടവരെ സഹായിക്കാൻ നിങ്ങൾ ചെയ്യുന്നതെല്ലാം യഹോവ ശ്രദ്ധിക്കുന്നു. അതെല്ലാം കാണുമ്പോൾ യഹോവ നിങ്ങളോടു കടപ്പെട്ടിരിക്കുന്നതായിട്ടാണ് യഹോവയ്ക്കു തോന്നുന്നത്. നിങ്ങൾക്കു പ്രതിഫലം തരുമെന്നു ദൈവം ഉറപ്പുതരുന്നു.—സുഭാഷിതങ്ങൾ 19:17 വായിക്കുക.
പ്രിയപ്പെട്ട ഒരാളെ പരിചരിക്കുന്ന വ്യക്തിയാണോ നിങ്ങൾ? (2-ാം ഖണ്ഡിക കാണുക)
3. തേരഹിനെ പരിചരിക്കുന്ന കാര്യത്തിൽ അബ്രാഹാമിനും സാറയ്ക്കും എന്തൊക്കെ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടാകും?
3 പ്രിയപ്പെട്ടവരെ പരിചരിച്ച പലരെയും കുറിച്ച് ബൈബിൾ പറയുന്നുണ്ട്. ഉദാഹരണത്തിന്, അബ്രാഹാമിന്റെയും സാറയുടെയും കാര്യമെടുക്കുക. അവർ ഊർ ദേശം വിട്ടപ്പോൾ അവരുടെ പിതാവായ തേരഹിന് ഏതാണ്ട് 200 വയസ്സുണ്ടായിരുന്നു. എങ്കിലും അദ്ദേഹവും അവരോടൊപ്പം പുറപ്പെട്ടു. അവർ ഒരുമിച്ച് ഹാരാൻവരെ ഏതാണ്ട് 960 കിലോമീറ്റർ യാത്ര ചെയ്തു. (ഉൽപ. 11:31, 32) അബ്രാഹാമും സാറയും തേരഹിനെ വളരെയധികം സ്നേഹിച്ചിരുന്നെങ്കിലും ഇത്രയും പ്രായമുള്ള ഒരാളുടെ കാര്യങ്ങൾ നോക്കി അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്നത് എത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നിരിക്കും. അവർ ഒട്ടകത്തിന്റെയോ കഴുതയുടെയോ പുറത്തായിരിക്കും യാത്ര ചെയ്തിരുന്നത്. അതു പ്രായമായ തേരഹിന് ഒട്ടും എളുപ്പമായിരുന്നിരിക്കില്ല. ആ സമയത്ത് ചിലപ്പോഴെങ്കിലും അബ്രാഹാമിനും സാറയ്ക്കും വളരെയധികം ക്ഷീണവും മടുപ്പും തോന്നിയിട്ടുണ്ടാകും. എന്തുതന്നെയായാലും അവർക്ക് ആവശ്യമായ ശക്തി യഹോവ കൊടുത്തു എന്നതിൽ സംശയമില്ല. അബ്രാഹാമിന്റെയും സാറയുടെയും കാര്യത്തിൽ എന്നപോലെ യഹോവ നിങ്ങളെയും താങ്ങുകയും ബലപ്പെടുത്തുകയും ചെയ്യും.—സങ്കീ. 55:22.
4. ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
4 നിങ്ങൾക്കു സന്തോഷമുണ്ടെങ്കിൽ പ്രിയപ്പെട്ടവരെ പരിചരിക്കുന്നതു കൂടുതൽ എളുപ്പമായിരിക്കും. (സുഭാ. 15:13) സാഹചര്യം എന്തുതന്നെയായിരുന്നാലും നിങ്ങൾക്കു സന്തോഷമുള്ളവരായിരിക്കാൻ കഴിയും എന്ന് ഓർക്കുക. (യാക്കോ. 1:2, 3) അത്തരം സന്തോഷം എങ്ങനെ വളർത്തിയെടുക്കാനാകും? ഒരു വിധം പ്രാർഥനയാണ്. സന്തോഷിക്കാനുള്ള കാരണങ്ങൾ കണ്ടെത്താൻ സഹായിക്കണേ എന്ന് യഹോവയോടു പ്രാർഥിക്കുക. ഈ ലേഖനത്തിൽ, പ്രിയപ്പെട്ടവരെ പരിചരിക്കുന്നവർക്കു സന്തോഷം നിലനിറുത്താനായി ചെയ്യാൻ കഴിയുന്ന വേറെ ചില കാര്യങ്ങളും നമ്മൾ നോക്കും. ഇനി മറ്റുള്ളവർക്ക് അവരെ എങ്ങനെ സഹായിക്കാമെന്നും നമ്മൾ ചിന്തിക്കും. എന്നാൽ അതിനു മുമ്പ്, പ്രിയപ്പെട്ടവരെ പരിചരിക്കുന്നവർ സന്തോഷം നിലനിറുത്തേണ്ടത് എന്തുകൊണ്ടാണെന്നും അവരുടെ സന്തോഷം കവർന്നെടുക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.
പരിചരിക്കുമ്പോൾ സന്തോഷം നഷ്ടപ്പെട്ടേക്കാം
5. പരിചരിക്കുന്നവർ സന്തോഷം നിലനിറുത്തേണ്ടത് എന്തുകൊണ്ട്?
5 പ്രിയപ്പെട്ടവരെ പരിചരിക്കുന്നവർക്കു സന്തോഷം നഷ്ടമായാൽ അവർ പെട്ടെന്നു ക്ഷീണിച്ചുപോകാൻ സാധ്യതയുണ്ട്. (സുഭാ. 24:10) അങ്ങനെ ക്ഷീണിച്ചുപോയാൽ അവർ ദയയില്ലാതെ ഇടപെട്ടേക്കാം; വിചാരിച്ചത്ര സഹായിക്കാനും പറ്റാതെവരും. അങ്ങനെയെങ്കിൽ അവരുടെ സന്തോഷം നഷ്ടപ്പെടുത്തുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്?
6. പരിചരണം കൊടുക്കുന്ന ചിലർ വല്ലാതെ തളർന്നുപോകുന്നത് എന്തുകൊണ്ട്?
6 പരിചരിക്കുന്നവർ വല്ലാതെ തളർന്നുപോയേക്കാം. ലിയ എന്ന സഹോദരി പറയുന്നു: “പ്രത്യേകിച്ച് കുഴപ്പങ്ങൾ ഒന്നുമില്ലാത്ത ദിവസങ്ങളിൽപ്പോലും, പരിചരിക്കുന്നതു നമ്മളെ മാനസികമായി ക്ഷീണിപ്പിച്ചേക്കാം. മിക്ക ദിവസത്തിന്റെയും അവസാനം പിന്നെ ഒന്നും ചെയ്യാനുള്ള ശക്തി എനിക്കുണ്ടാകില്ല. ഒരു മെസ്സേജിനു മറുപടി അയയ്ക്കാൻപോലും തോന്നാറില്ല.” ഇനി മറ്റു ചിലർക്ക് ആവശ്യത്തിനു വിശ്രമിക്കാനോ ചിലപ്പോഴെങ്കിലും ഉത്തരവാദിത്വങ്ങൾ ഒന്നുമില്ലാതെ ഒന്നു സ്വസ്ഥമായി ഇരിക്കാനോ പറ്റാതെവരുന്നു. ഈനസ് സഹോദരി പറയുന്നു: “എന്റെ ഭർത്താവിന്റെ അമ്മയെ ശുശ്രൂഷിക്കേണ്ടതുകൊണ്ട് രാത്രികളിൽ മിക്കപ്പോഴും ഓരോ രണ്ടു മണിക്കൂർ കൂടുമ്പോഴും ഞാൻ എഴുന്നേൽക്കും. അതുകൊണ്ട് എനിക്ക് ആവശ്യത്തിന് ഉറക്കം കിട്ടുന്നില്ല. ഭർത്താവും ഞാനും ഒരുമിച്ച് ഒരു യാത്ര പോയിട്ട് വർഷങ്ങളായി.” വേറെ ചിലർക്കു തങ്ങൾ പരിചരിക്കുന്നവരുടെ അടുത്തുനിന്ന് ഒട്ടും മാറി നിൽക്കാൻ പറ്റാത്തതുകൊണ്ട് കൂട്ടുകാരോടൊപ്പം പുറത്ത് പോകാനോ ചില ദിവ്യാധിപത്യനിയമനങ്ങൾ സ്വീകരിക്കാനോ കഴിയാതെവരുന്നു. അങ്ങനെ ഇഷ്ടമുള്ള പലതും ചെയ്യാൻ പറ്റാതെവരുമ്പോൾ അവർക്ക് ഒറ്റപ്പെടലും സങ്കടവും തോന്നിയേക്കാം.
7. പരിചരിക്കുന്ന ചിലർക്കു കുറ്റബോധമോ സങ്കടമോ തോന്നുന്നത് എന്തുകൊണ്ട്?
7 പരിചരിക്കുന്നവരെ കുറ്റബോധമോ സങ്കടമോ വേട്ടയാടിയേക്കാം. ജെസ്സിക്ക എന്നൊരു സഹോദരി പറയുന്നു: “ഡാഡിയെ കുറച്ചുകൂടി നന്നായി നോക്കണമെന്ന് എനിക്കു ചിലപ്പോൾ തോന്നാറുണ്ട്. ഞാൻ എനിക്കുവേണ്ടി കുറച്ച് സമയം മാറ്റിവെക്കുമ്പോൾ ഞാൻ സ്വാർഥയാകുകയാണ് എന്ന് എനിക്കു തോന്നും.” ജെസ്സിക്കയെപ്പോലെ, പ്രിയപ്പെട്ടവരെ സഹായിക്കാനായി തങ്ങൾ ചെയ്യുന്നതു പോരാ എന്ന കുറ്റബോധമാണു ചിലർക്ക്. അതുപോലെ ആ വ്യക്തിയെ പരിചരിക്കാൻ ഇനി തന്നെക്കൊണ്ട് ആകില്ല എന്നു ചിലപ്പോഴൊക്കെ ചിന്തിച്ചുപോയതു കാരണം ചിലരുടെ മനസ്സാക്ഷി അവരെ കുറ്റപ്പെടുത്തുന്നു. ഇനി, ദേഷ്യത്തിന്റെ പുറത്ത് വേദനിപ്പിക്കുന്ന എന്തെങ്കിലും പറഞ്ഞുപോയതുകൊണ്ടും കുറ്റബോധം ഉണ്ടാകാം. (യാക്കോ. 3:2) മറ്റു ചിലർക്ക്, ഒരിക്കൽ തങ്ങൾക്ക് അറിയാമായിരുന്ന ചുറുചുറുക്കും ആരോഗ്യവും ഉള്ള ഒരു വ്യക്തിയെ നഷ്ടപ്പെടുന്നതിന്റെ സങ്കടമായിരിക്കാം തോന്നുന്നത്. ബാർബറ എന്ന സഹോദരി പറയുന്നു: “എന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ ആരോഗ്യം ഓരോ ദിവസവും ക്ഷയിക്കുന്നതു കാണുമ്പോൾ എനിക്കു വല്ലാത്ത വേദന തോന്നുന്നു.”
8. ഏതാനും നന്ദിവാക്കുകൾ, പരിചരിക്കുന്നവരെ എങ്ങനെയാണു സ്വാധീനിക്കുന്നതെന്നു വ്യക്തമാക്കുന്ന ഒരു അനുഭവം പറയുക.
8 പരിചരിക്കുന്നവർക്കു മറ്റുള്ളവർ നന്ദി കാണിക്കുന്നില്ലെന്നു തോന്നിയേക്കാം. എന്തുകൊണ്ട്? കാരണം, അവരുടെ കഠിനാധ്വാനത്തിനും ത്യാഗങ്ങൾക്കും അധികമാരും നന്ദി പറയുകയോ വിലമതിപ്പു കാണിക്കുകയോ ചെയ്യുന്നുണ്ടാകില്ല. കുറച്ച് നന്ദി വാക്കുകൾക്കുതന്നെ അവർക്കു വലിയ ഊർജം പകരാനാകും. (1 തെസ്സ. 5:18) മെലീസ സഹോദരി പറയുന്നു: “ചില സമയങ്ങളിൽ ക്ഷീണവും നിരുത്സാഹവും കാരണം ഞാൻ കരഞ്ഞുപോയിട്ടുണ്ട്. എന്നാൽ ഞാൻ പരിചരിക്കുന്നവർ എന്നോട്, ‘നീ ചെയ്യുന്നതിന് ഒക്കെ ഒരുപാടു നന്ദിയുണ്ട്’ എന്നു പറയുമ്പോൾ അതു എന്നെ വളരെയധികം സന്തോഷിപ്പിക്കും. അടുത്ത ദിവസം എഴുന്നേറ്റ് അവർക്കുവേണ്ടി എല്ലാ കാര്യങ്ങളും ചെയ്യാനുള്ള ശക്തി ആ വാക്കുകളിൽനിന്ന് എനിക്കു കിട്ടും.” അമദു സഹോദരൻ, നന്ദി വാക്കുകൾ തന്നെ എത്രമാത്രം സ്വാധീനിക്കുന്നെന്നു വിശദീകരിക്കുന്നു. അദ്ദേഹത്തോടും ഭാര്യയോടും ഒപ്പമാണ് ഭാര്യയുടെ അനിയത്തിയുടെ മകൾ താമസിക്കുന്നത്. അവൾക്ക് അപസ്മാരത്തിന്റെ പ്രശ്നങ്ങളുണ്ട്. സഹോദരൻ പറയുന്നു: “ഞങ്ങൾ എത്രത്തോളം ത്യാഗങ്ങൾ ചെയ്യുന്നുണ്ടെന്ന് അവൾക്കു മുഴുവനായി മനസ്സിലാകുന്നുണ്ടാകില്ല. എങ്കിലും അവൾ നന്ദി പറയുമ്പോഴോ ‘ഐ ലവ് യു’ എന്നു കുത്തിക്കുറിക്കുമ്പോഴോ എന്റെ ഹൃദയം സന്തോഷംകൊണ്ട് നിറയും.”
സന്തോഷം നിലനിറുത്താൻ
9. പരിചരിക്കുന്നവർക്ക് എങ്ങനെ എളിമയുള്ളവരായിരിക്കാം?
9 എളിമയുള്ളവരായിരിക്കുക. (സുഭാ. 11:2) ആഗ്രഹിക്കുന്നതെല്ലാം ചെയ്യാനുള്ള സമയവും ഊർജവും നമുക്ക് ആർക്കും ഇല്ല. അതുകൊണ്ട് നമുക്ക് എന്തൊക്കെ ചെയ്യാനാകും, ചെയ്യാനാകില്ല എന്ന കാര്യത്തിൽ കൃത്യമായ ഒരു ധാരണ ഉണ്ടായിരിക്കണം. ചില കാര്യങ്ങളോട് “നോ” പറയേണ്ടിവന്നേക്കാം; അതു കുഴപ്പമില്ല. അതിലൂടെ നിങ്ങൾ എളിമയുണ്ടെന്നു കാണിക്കുകയാണ്. ഇനി മറ്റുള്ളവർ സഹായിക്കാൻ തയ്യാറാകുമ്പോൾ സന്തോഷത്തോടെ അതു സ്വീകരിക്കുക. ജെയ് എന്ന സഹോദരൻ പറയുന്നു: “ഒരു ദിവസത്തിൽ നമുക്കു ചെയ്യാൻ പറ്റുന്ന കാര്യങ്ങൾക്കു പരിധിയുണ്ട്. നിങ്ങളുടെ പരിമിതികൾ മനസ്സിലാക്കുന്നതും അതിനപ്പുറം പോകാതിരിക്കുന്നതും സന്തോഷം നിലനിറുത്താൻ സഹായിക്കും.”
10. നമ്മൾ പരിചരിക്കുന്ന വ്യക്തി ഒരു പ്രത്യേകരീതിയിൽ പെരുമാറുന്നതിന്റെ കാരണം മനസ്സിലാക്കേണ്ടത് എന്തുകൊണ്ട്? (സുഭാഷിതങ്ങൾ 19:11)
10 കാരണം മനസ്സിലാക്കുക. (സുഭാഷിതങ്ങൾ 19:11 വായിക്കുക.) ഒരു വ്യക്തി ദയയില്ലാതെ ഇടപെടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നെങ്കിൽ ആ സമയത്ത് ശാന്തരായിരിക്കാൻ നമുക്കു കൂടുതൽ എളുപ്പമായിരിക്കും. ഗുരുതരമായ ചില രോഗങ്ങൾ കാരണം ചിലർ ഇതുവരെ പെരുമാറിയിട്ടില്ലാത്ത വിധത്തിൽ പെരുമാറിയേക്കാം. (സഭാ. 7:7) ഉദാഹരണത്തിന്, പൊതുവേ ചിന്തിച്ച്, ദയയോടെ ഇടപെട്ടിരുന്ന ഒരാൾ നമ്മളോടു ദേഷ്യപ്പെട്ട് കയർത്ത് സംസാരിച്ചേക്കാം. അല്ലെങ്കിൽ അവർ വാശിപിടിക്കാനോ എല്ലാത്തിനും കുറ്റം പറയാനോ തുടങ്ങിയേക്കാം. ഇത്തരത്തിൽ ഗുരുതരമായ രോഗമുള്ള ഒരാളെ നിങ്ങൾ ശുശ്രൂഷിക്കുന്നുണ്ടെങ്കിൽ അവരുടെ രോഗത്തെക്കുറിച്ച് കൂടുതൽ പഠിക്കുന്നതു നല്ലതായിരിക്കും. അവർ ഇത്തരത്തിൽ പെരുമാറുന്നത് അവരുടെ രോഗം കാരണമാണ്, അല്ലാതെ ആ വ്യക്തി അങ്ങനെ ആയതുകൊണ്ടല്ല എന്നു മനസ്സിലാക്കാൻ അതു നിങ്ങളെ സഹായിക്കും.—സുഭാ. 14:29.
11. പരിചരിക്കുന്നവർ ഏതു പ്രധാനപ്പെട്ട കാര്യങ്ങൾക്കു ദിവസവും സമയം മാറ്റിവെക്കണം? (സങ്കീർത്തനം 132:4, 5)
11 യഹോവയുമായുള്ള സൗഹൃദം ശക്തമാക്കാൻ സമയം കണ്ടെത്തുക. ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾക്കായി’ ചില സാഹചര്യങ്ങളിൽ ചില കാര്യങ്ങൾ നമ്മൾ മാറ്റിവെക്കേണ്ടിവന്നേക്കാം. (ഫിലി. 1:10) യഹോവയുമായുള്ള ബന്ധം ശക്തമാക്കുന്നത് അത്തരത്തിൽ വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. ദാവീദ് രാജാവ് യഹോവയെ ആരാധിക്കുന്നതിനാണ് ഒന്നാം സ്ഥാനം കൊടുത്തത്. (സങ്കീർത്തനം 132:4, 5 വായിക്കുക.) അതുപോലെ നിങ്ങളും ഓരോ ദിവസവും ബൈബിൾ വായിക്കാനും പ്രാർഥിക്കാനും സമയം മാറ്റിവെക്കേണ്ടതു പ്രധാനമാണ്. അലീഷ എന്ന സഹോദരി പറയുന്നു: “പ്രാർഥിക്കുന്നതും ആശ്വാസം നൽകുന്ന സങ്കീർത്തനങ്ങളെക്കുറിച്ച് ധ്യാനിക്കുന്നതും സന്തോഷം നിലനിറുത്താൻ എന്നെ സഹായിക്കുന്നു. പ്രാർഥനയാണ് എന്നെ പിടിച്ചുനിറുത്തുന്നത്. ശാന്തമായ ഒരു മനസ്സിനായി ഞാൻ യഹോവയോട് ഓരോ ദിവസവും പല തവണ പ്രാർഥിക്കാറുണ്ട്.”
12. മറ്റുള്ളവരെ ശുശ്രൂഷിക്കുന്നവർ സ്വന്തം ആരോഗ്യവും ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
12 നിങ്ങളുടെ ആരോഗ്യത്തിനു വേണ്ടതു ചെയ്യുക. മറ്റുള്ളവരെ ശുശ്രൂഷിക്കുന്നവർക്ക് എപ്പോഴും തിരക്കായതുകൊണ്ട് നല്ല ഭക്ഷണസാധനങ്ങൾ നോക്കി വാങ്ങാനും പോഷകപ്രദമായ ഭക്ഷണം ഉണ്ടാക്കാനും സമയം കുറവായിരിക്കും. എന്നാൽ നല്ല ഭക്ഷണക്രമവും പതിവായുള്ള വ്യായാമവും ശാരീരികവും മാനസികവും ആയ ആരോഗ്യത്തിനു വളരെ പ്രധാനമാണ്. അതുകൊണ്ട് ഉള്ള സമയം നന്നായി ഉപയോഗിച്ചുകൊണ്ട് നല്ല ആഹാരം കഴിക്കാനും വ്യായാമം ചെയ്യാനും ശ്രമിക്കുക. (എഫെ. 5:15, 16) അതുപോലെ ആവശ്യത്തിന് ഉറങ്ങാനും നോക്കണം. (സഭാ. 4:6) തലച്ചോറിലെ വിഷാംശങ്ങൾ പുറത്തുകളയാൻ ഉറക്കം സഹായിക്കുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ഐക്യനാടുകളിലെ ബാനർ ഹെൽത്ത് എന്ന സ്ഥാപനം പുറത്തിറക്കിയ ഒരു ലേഖനം പറയുന്നത്, ആവശ്യത്തിന് ഉറങ്ങുന്നത് ഉത്കണ്ഠ കുറയ്ക്കാനും സമ്മർദം നിറഞ്ഞ സാഹചര്യങ്ങൾ നേരിടാനും സഹായിച്ചേക്കും എന്നാണ്. വിനോദത്തിനായും നിങ്ങൾ സമയം കണ്ടെത്തണം. (സഭാ. 8:15) സന്തോഷത്തോടെയിരിക്കാൻ തന്നെ സഹായിക്കുന്നത് എന്താണെന്ന് ഒരു സഹോദരി പറയുന്നു: “കാലാവസ്ഥ നല്ലതായിരിക്കുമ്പോൾ ഞാനൊന്ന് പുറത്തേക്ക് ഇറങ്ങി സൂര്യന്റെ ഇളം ചൂട് ആസ്വദിക്കും. മാസത്തിൽ ഒരിക്കലെങ്കിലും ഒരു സുഹൃത്തിനോടൊപ്പം പുറത്ത് കറങ്ങാൻപോകാനും സമയം മാറ്റിവെക്കാറുണ്ട്.”
13. ചിരിക്കുന്നതു നല്ലതായിരിക്കുന്നത് എന്തുകൊണ്ട്? (സുഭാഷിതങ്ങൾ 17:22)
13 ചിരിക്കാനും തമാശ പറയാനും മറക്കരുത്. (സുഭാഷിതങ്ങൾ 17:22 വായിക്കുക; സഭാ. 3:1, 4) ചിരിക്കുന്നതു നമ്മുടെ ശരീരത്തിനും മനസ്സിനും നല്ലതാണ്. നമ്മൾ ഒരാളെ പരിചരിക്കുമ്പോൾ വിചാരിച്ചതുപോലെ എപ്പോഴും കാര്യങ്ങൾ പോകണമെന്നില്ല. എന്നാൽ അത്തരം സാഹചര്യങ്ങളിലും തമാശ കണ്ടെത്താൻ ശ്രമിക്കുന്നെങ്കിൽ അവ നേരിടാൻ നിങ്ങൾക്കു കൂടുതൽ എളുപ്പമായിരിക്കും. ഇനി നിങ്ങൾ ശുശ്രൂഷിക്കുന്ന വ്യക്തിയോട് ഒപ്പം ചിരിക്കുന്നത്, നിങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കും.
14. നല്ലൊരു സുഹൃത്തിനോട് ഉള്ളുതുറക്കുന്നതു നിങ്ങളെ എങ്ങനെ സഹായിച്ചേക്കാം?
14 നല്ലൊരു സുഹൃത്തിനോട് ഉള്ളുതുറക്കുക. എന്തൊക്കെ ചെയ്താലും ചിലപ്പോൾ നിങ്ങൾക്ക് ഒരു മടുപ്പുതോന്നിയേക്കാം. അങ്ങനെ തോന്നുമ്പോൾ, അമിതമായി പ്രതികരിക്കുകയോ നിങ്ങളെ കുറ്റപ്പെടുത്തുകയോ ചെയ്യില്ലെന്ന് ഉറപ്പുള്ള ഒരു സുഹൃത്തിനോടു നിങ്ങളുടെ വികാരങ്ങൾ തുറന്നുപറയുക. (സുഭാ. 17:17) ആ വ്യക്തി നിങ്ങളെ ശ്രദ്ധിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ചിലപ്പോൾ അതു മതിയായിരിക്കും നിങ്ങൾക്കു സന്തോഷം വീണ്ടെടുക്കാൻ.—സുഭാ. 12:25.
15. പറുദീസയെക്കുറിച്ച് സംസാരിക്കുന്നതു സന്തോഷമുള്ളവരായിരിക്കാൻ സഹായിക്കുന്നത് എങ്ങനെ?
15 പറുദീസയിൽ ഒരുമിച്ചുള്ള ജീവിതം ഭാവനയിൽ കാണുക. പ്രായമായവരെയോ രോഗികളെയോ ശുശ്രൂഷിക്കുക എന്ന ഉത്തരവാദിത്വം താത്കാലികമാണ്. അത് യഹോവയുടെ ആദിമ ഉദ്ദേശ്യത്തിന്റെ ഭാഗമായിരുന്നില്ല. (2 കൊരി. 4:16-18) ‘യഥാർഥജീവിതം’ വരാനിരിക്കുന്നതേയുള്ളൂ. (1 തിമൊ. 6:19) പറുദീസയിൽ ഒരുമിച്ച് ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവരോട് സംസാരിക്കുന്നത് സന്തോഷം നിലനിറുത്താൻ സഹായിച്ചേക്കും. (യശ. 33:24; 65:21) ഹെതർ എന്ന സഹോദരി പറയുന്നു: “ഞാൻ പരിചരിക്കുന്നവരോട്, ഭാവിയിൽ ഒരുമിച്ച് ചെയ്യാൻ പോകുന്ന പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ട്. അന്നു ഞങ്ങൾ ഒന്നിച്ച് തയ്ക്കും, ഓടും, സൈക്കിൾ ചവിട്ടും, പുനരുത്ഥാനപ്പെട്ടുവരുന്ന പ്രിയപ്പെട്ടവർക്കുവേണ്ടി ഭക്ഷണം ഉണ്ടാക്കും. ഇതെക്കുറിച്ചെല്ലാം ചിന്തിച്ചുകൊണ്ട് ഈ പ്രത്യാശ തന്ന യഹോവയോടു ഞങ്ങൾ ഒരുമിച്ചിരുന്ന് നന്ദി പറയാറുണ്ട്.”
മറ്റുള്ളവർക്ക് എങ്ങനെ സഹായിക്കാം
16. പ്രിയപ്പെട്ടവരെ പരിചരിക്കുന്നവർ നമ്മുടെ സഭയിലുണ്ടെങ്കിൽ നമുക്ക് എങ്ങനെ അവരെ സഹായിക്കാനാകും? (ചിത്രവും കാണുക.)
16 സ്വന്തം ആവശ്യങ്ങൾക്കു സമയം കണ്ടെത്താൻ പരിചരിക്കുന്നവരെ സഹായിക്കുക. അതിനായി, അവർ ശുശ്രൂഷിക്കുന്നവരെ കുറച്ച് സമയം നോക്കാൻ സഭയിലെ സഹോദരങ്ങൾക്കു മുന്നോട്ടു വരാനാകും. നമ്മൾ അങ്ങനെ ചെയ്യുമ്പോൾ പരിചരിക്കുന്നവർക്ക് അൽപ്പം വിശ്രമിക്കാനും സ്വന്തം ആവശ്യങ്ങൾക്കായും സമയം കിട്ടും. (ഗലാ. 6:2) ഓരോ ആഴ്ചയും അവരെ ആരു സഹായിക്കും എന്നതിനുള്ള പട്ടിക ചില പ്രചാരകർ ഉണ്ടാക്കാറുണ്ട്. തളർന്നുകിടക്കുന്ന തന്റെ ഭർത്താവിനെ നോക്കുന്ന നഥാലിയ സഹോദരി പറയുന്നു: “സഭയിലെ ഒരു സഹോദരൻ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ എന്റെ ഭർത്താവിനോടൊപ്പം സമയം ചെലവഴിക്കാനായി വരും. അവർ ഒരുമിച്ച് ശുശ്രൂഷ ചെയ്യും, വർത്തമാനം പറയും, സിനിമകൾ കാണും. ഈ സമയം എന്റെ ഭർത്താവിനു വളരെയധികം ഇഷ്ടമാണ്. എനിക്കും അതു വലിയൊരു സഹായമാണ്. എന്റെ സ്വന്തം കാര്യങ്ങൾ ചെയ്യാനും പുറത്ത് ഒന്നു നടക്കാൻ പോകാനും ഒക്കെ അപ്പോൾ എനിക്കു പറ്റും.“ ഇനി ചില സാഹചര്യങ്ങളിൽ വയ്യാതിരിക്കുന്നവരെ ഒരു രാത്രി നോക്കിക്കോള്ളാം എന്നു നിങ്ങൾക്കു പറയാനായേക്കും. അങ്ങനെയാകുമ്പോൾ പരിചരിക്കുന്നവർക്ക് ആ രാത്രിയിൽ നന്നായി ഉറങ്ങാനാകുമല്ലോ.
പ്രിയപ്പെട്ടവരെ പരിചരിക്കുന്ന സഹോദരങ്ങളെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാം? (16-ാം ഖണ്ഡിക കാണുക)a
17. മീറ്റിങ്ങിന്റെ സമയത്ത് നമുക്ക് എങ്ങനെ പരിചരിക്കുന്നവരെ സഹായിക്കാം?
17 പരിചരിക്കുന്നവരെ സഭായോഗങ്ങളുടെ സമയത്ത് സഹായിക്കുക. പരിചരണം നൽകുന്നവർ എപ്പോഴും അതിന്റെ തിരക്കിലായതുകൊണ്ട് മീറ്റിങ്ങുകൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ തുടങ്ങിയവയിൽനിന്ന് അവർക്കു പൂർണപ്രയോജനം നേടാനാകുന്നുണ്ടാകില്ല. അവരെ സഭയിലുള്ളവർക്ക് എങ്ങനെ സഹായിക്കാം? അവർ മീറ്റിങ്ങിനു വരുമ്പോൾ കുറച്ച് സമയത്തേക്കോ അല്ലെങ്കിൽ മീറ്റിങ്ങിന്റെ സമയം മുഴുവനായോ പരിചരണം വേണ്ടവരുടെ കൂടെയിരിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. ഇനി പരിചരണം വേണ്ടയാൾ മീറ്റിങ്ങിനു നേരിട്ടുവരാൻ പറ്റാത്ത അവസ്ഥയിലാണെങ്കിലോ? അപ്പോൾ നിങ്ങൾക്കു ചിലപ്പോഴെങ്കിലും അവരുടെ വീട്ടിൽ ചെന്ന് ഓൺലൈനായി അവരോടൊപ്പം മീറ്റിങ്ങ് കൂടാനാകും. അതുവഴി അവരെ ശുശ്രൂഷിക്കുന്നവർക്കു രാജ്യഹാളിൽ നേരിട്ടുചെന്ന് മീറ്റിങ്ങ് കൂടാൻ അവസരം കിട്ടും.
18. പരിചരിക്കുന്നവർക്കുവേണ്ടി നമുക്കു വേറെ എന്തൊക്കെ ചെയ്യാനാകും?
18 പരിചരിക്കുന്നവരെ അഭിനന്ദിക്കുക, അവർക്കുവേണ്ടി പ്രാർഥിക്കുക. ശുശ്രൂഷിക്കുന്നവർക്കു പതിവായി ഇടയസന്ദർശനം നടത്താൻ മൂപ്പന്മാർ നല്ല ശ്രമം ചെയ്യുന്നു. (സുഭാ. 27:23) എന്നാൽ സഭയിലെ എല്ലാവർക്കും തങ്ങളുടെ സാഹചര്യം എന്തുതന്നെയായിരുന്നാലും പരിചരിക്കുന്നവർക്കുവേണ്ടി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. നമ്മൾ അവരെ സ്നേഹിക്കുന്നുണ്ടെന്നും അവർ ചെയ്യുന്ന കാര്യങ്ങൾ വളരെയധികം വിലമതിക്കുന്നുണ്ടെന്നും പതിവായി അവരോടു പറയാനാകും. ഇനി അവർക്കുവേണ്ട ശക്തി കൊടുക്കണേ എന്നും സന്തോഷം നിലനിറുത്താൻ സഹായിക്കണേ എന്നും യഹോവയോടു പ്രാർഥിക്കാനും കഴിയും.—2 കൊരി. 1:11.
19. നമ്മൾ നോക്കിയിരിക്കുന്ന മഹത്തായ കാര്യങ്ങൾ എന്തൊക്കെയാണ്?
19 പെട്ടെന്നുതന്നെ യഹോവ എല്ലാ മുഖങ്ങളിൽനിന്നും കണ്ണീർ തുടച്ചുകളയും; രോഗവും മരണവും പിന്നെ ഉണ്ടായിരിക്കില്ല. (വെളി. 21:3, 4) “മുടന്തൻ മാനിനെപ്പോലെ ചാടും.” (യശ. 35:5, 6) പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകളും രോഗികളായ പ്രിയപ്പെട്ടവരെ ശുശ്രൂഷിക്കുന്നതിന്റെ വേദനയും “ആരുടെയും മനസ്സിലേക്കു” വരാത്ത പഴയ കാര്യങ്ങളായിത്തീരും. (യശ. 65:17) മഹത്തായ ഈ ഭാവിക്കുവേണ്ടി കാത്തിരിക്കുന്ന ഈ സമയത്തും യഹോവ നമ്മളോടൊപ്പം ഉണ്ടായിരിക്കും. നമ്മൾ തുടർന്നും ശക്തിക്കായി യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ “എല്ലാം സന്തോഷത്തോടെയും ക്ഷമയോടെയും സഹിക്കാൻ” യഹോവ നമ്മളെ സഹായിക്കും.—കൊലോ. 1:11.
ഗീതം 155 നമ്മുടെ നിത്യസന്തോഷം
a ചിത്രത്തിന്റെ വിവരണം: ചെറുപ്പക്കാരികളായ രണ്ടു സഹോദരിമാർ പ്രായമായൊരു സഹോദരിയുടെ കൂടെയിരിക്കാൻ ചെന്നതുകൊണ്ട്, പരിചരിക്കുന്നയാൾക്ക് ഒന്നു നടക്കാനായി പുറത്തേക്കു പോകാൻ അവസരം കിട്ടുന്നു.