പഠനലേഖനം 47
ഗീതം 38 ദൈവം നിന്നെ ബലപ്പെടുത്തും
“നീ വളരെ പ്രിയപ്പെട്ടവനാണ്!”
“നീ വളരെ പ്രിയപ്പെട്ടവനാണ്.”—ദാനി. 9:23.
ഉദ്ദേശ്യം
വിലകെട്ടവരാണ് എന്ന തോന്നൽ ഉള്ളവർക്ക്, അവർ യഹോവയുടെ കണ്ണിൽ ശരിക്കും വിലയുള്ളവരാണെന്ന് ഉറപ്പുകിട്ടാൻ സഹായിക്കും.
1-2. യഹോവയുടെ കണ്ണിൽ നമ്മൾ വിലയുള്ളവരാണെന്ന് ഉറപ്പുണ്ടായിരിക്കാൻ നമ്മളെ എന്തു സഹായിക്കും?
യഹോവയുടെ പ്രിയപ്പെട്ട ദാസരിൽ പലർക്കും തങ്ങൾ വിലയില്ലാത്തവരാണെന്ന തോന്നൽ ഉണ്ട്. ചിലപ്പോൾ ആളുകൾ ആ രീതിയിൽ അവരോട് ഇടപെട്ടതുകൊണ്ടായിരിക്കാം അവർ അങ്ങനെ ചിന്തിക്കുന്നത്. നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ യഹോവയ്ക്ക് നിങ്ങൾ വളരെ പ്രിയപ്പെട്ടവരാണെന്ന് ഉറപ്പുണ്ടായിരിക്കാൻ നിങ്ങളെ എന്തു സഹായിക്കും?
2 യഹോവ ആളുകളെ എങ്ങനെയാണ് കാണുന്നതെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ബൈബിൾവിവരണങ്ങൾ നിങ്ങൾക്ക് പ്രയോജനം ചെയ്തേക്കാം. ദൈവപുത്രനായ യേശു ആളുകളോടു വളരെ ദയയോടെയും ബഹുമാനത്തോടെയും ആണ് ഇടപെട്ടത്. അങ്ങനെ ചെയ്തതിലൂടെ, തങ്ങൾക്ക് യാതൊരു വിലയുമില്ല എന്ന് ചിന്തിക്കുന്ന ആളുകളെ യഹോവയും യേശുവും ശരിക്കും വിലയുള്ളവരായിട്ടാണ് കാണുന്നതെന്ന് യേശു തെളിയിച്ചു. (യോഹ. 5:19; എബ്രാ. 1:3) ഈ ലേഖനത്തിൽ (1) തങ്ങൾ വിലയുള്ളവരാണെന്നു മനസ്സിലാക്കാൻ യേശു എങ്ങനെയാണ് ആളുകളെ സഹായിച്ചതെന്നും (2) ദൈവത്തിന് നമ്മൾ ശരിക്കും പ്രിയപ്പെട്ടവരാണെന്നു നമ്മളെത്തന്നെ എങ്ങനെ ബോധ്യപ്പെടുത്താമെന്നും കാണും.—ഹഗ്ഗാ. 2:7.
തങ്ങൾ വിലപ്പെട്ടവരാണെന്ന് മനസ്സിലാക്കാൻ യേശു ആളുകളെ സഹായിച്ചു
3. സഹായത്തിനായി തന്റെ അടുത്തുവന്ന ഗലീലക്കാരോട് യേശു എങ്ങനെയാണ് ഇടപെട്ടത്?
3 യേശു ഗലീലയിൽ മൂന്നാമത്തെ പ്രസംഗപര്യടനം നടത്തുകയായിരുന്നു. യേശുവിൽനിന്ന് കേട്ടുപഠിക്കാനും രോഗങ്ങൾ സുഖപ്പെടാനും ആയി ഒരുപാട് ആളുകൾ യേശുവിന്റെ അടുത്തേക്ക് വന്നുകൊണ്ടേയിരുന്നു. അവരെ കണ്ടപ്പോൾ “അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ അവഗണിക്കപ്പെട്ടവരും മുറിവേറ്റവരും” ആണെന്ന് യേശു ശ്രദ്ധിച്ചു. (മത്താ. 9:36, പഠനക്കുറിപ്പുകൾ കാണുക.) അക്കാലത്തെ മതനേതാക്കന്മാർ അവരെ ഒട്ടും വിലയില്ലാത്തവരായിട്ടാണ് കണ്ടിരുന്നത്. അവരെ ‘ശപിക്കപ്പെട്ടവർ’ എന്നുപോലും വിളിച്ചു. (യോഹ. 7:47-49; പഠനക്കുറിപ്പ്) എന്നാൽ യേശു അവരെ പഠിപ്പിക്കാനും രോഗങ്ങൾ സുഖപ്പെടുത്താനും സമയം മാറ്റിവെച്ചുകൊണ്ട് അവരെ ബഹുമാനിച്ചു. (മത്താ. 9:35) അതുമാത്രമല്ല, തന്റെ അപ്പോസ്തലന്മാരെ ഉപയോഗിച്ചുകൊണ്ട് കൂടുതൽ ആളുകളെ സഹായിക്കാനും യേശു ശ്രമിച്ചു. അതിനായി അവരെ പ്രസംഗപ്രവർത്തനത്തിന് പരിശീലിപ്പിക്കുകയും അവർക്ക് രോഗങ്ങളും വൈകല്യങ്ങളും സുഖപ്പെടുത്താനുള്ള അധികാരം കൊടുക്കുകയും ചെയ്തു.—മത്താ. 10:5-8.
4. എളിയവരായ ആളുകളോട് യേശു ഇടപെട്ട വിധത്തിൽനിന്ന് നമ്മൾ എന്താണ് പഠിക്കുന്നത്?
4 തന്റെ കേൾവിക്കാരോട് ദയയോടെയും ബഹുമാനത്തോടെയും ഇടപെട്ടതിലൂടെ യേശു എന്താണ് തെളിയിച്ചത്? സമൂഹം താഴ്ന്നവരായി കണ്ടവരെ താനും പിതാവും എത്ര മൂല്യമുള്ളവരായിട്ടാണ് കാണുന്നതെന്നു യേശു അതിലൂടെ വ്യക്തമാക്കി. യഹോവയെ സേവിക്കുന്നുണ്ടെങ്കിലും നിങ്ങൾക്ക് യഹോവയുടെ കണ്ണിൽ വിലയുണ്ടോ എന്നൊരു സംശയം തോന്നുന്നെങ്കിൽ, തന്റെ അടുത്തേക്ക് വന്ന എളിയവരെ യേശു എത്രയധികം ശ്രദ്ധിച്ചു എന്നതിനെക്കുറിച്ച് ചിന്തിക്കുക. അങ്ങനെ ചെയ്യുമ്പോൾ യഹോവയ്ക്കു നിങ്ങൾ എത്രമാത്രം വിലപ്പെട്ടവരാണെന്നു നിങ്ങൾക്കു കാണാനാകും.
5. ഗലീലയിൽവെച്ച് യേശു കണ്ട ഒരു സ്ത്രീയുടെ സാഹചര്യം വിശദീകരിക്കുക.
5 യേശു ജനക്കൂട്ടത്തെ മാത്രമല്ല വ്യക്തികളെയും, പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്തു. ഉദാഹരണത്തിന്, ഗലീലയിലെ തന്റെ ശുശ്രൂഷയുടെ സമയത്ത് 12 വർഷമായി രക്തസ്രാവത്താൽ കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീയെ യേശു കണ്ടു. (മർക്കോ. 5:25) മോശയുടെ നിയമമനുസരിച്ച് അവൾ അശുദ്ധയായിരുന്നു. ആ സ്ത്രീയെ തൊടുന്നവരും അശുദ്ധരാകുമായിരുന്നു. ഇതു കാരണം ആ സ്ത്രീക്ക് അധികമാരുമായും അടുത്ത് ഇടപഴകാൻ സാധിക്കുമായിരുന്നില്ല. അതുമാത്രമല്ല യഹോവയെ ആരാധിക്കാനായി മറ്റുള്ളവരോടൊപ്പം സിനഗോഗുകളിൽ വരാനോ ഉത്സവങ്ങൾക്കു പോകാനോ അവർക്കു പറ്റില്ലായിരുന്നു. (ലേവ്യ 15:19, 25) ഉറപ്പായും ഈ സ്ത്രീ ശാരീരികമായി മാത്രമല്ല മാനസികമായും വളരെ വിഷമിച്ചിരുന്നു.—മർക്കോ. 5:26.
6. രക്തസ്രാവമുള്ള സ്ത്രീ എങ്ങനെയാണ് സുഖപ്പെട്ടത്?
6 യേശു തന്നെയൊന്ന് സുഖപ്പെടുത്താൻ ആ സ്ത്രീ ആഗ്രഹിച്ചു. എന്നാൽ അക്കാര്യം അവർ യേശുവിനോട് നേരിട്ട് ചോദിച്ചില്ല. എന്തുകൊണ്ട്? ഒരുപക്ഷേ തന്റെ രോഗത്തെക്കുറിച്ച് ആ സ്ത്രീക്ക് നാണക്കേടു തോന്നിയിട്ടുണ്ടാകാം. അതല്ലെങ്കിൽ അശുദ്ധയായ താൻ ജനക്കൂട്ടത്തിന്റെ ഇടയിലൂടെ ചെന്നാൽ യേശു തന്നെ വഴക്കു പറയുമോ എന്നു അവർ പേടിച്ചിട്ടുണ്ടാകാം. അതുകൊണ്ട് യേശുവിന്റെ പുറങ്കുപ്പായത്തിലൊന്നു തൊട്ടാൽ താൻ സുഖപ്പെടും എന്ന വിശ്വാസത്തോടെ അവർ അങ്ങനെ ചെയ്തു. (മർക്കോ. 5:27, 28) ആ സ്ത്രീയുടെ വിശ്വാസത്തിന് പ്രതിഫലം കിട്ടി; അവർ സുഖപ്പെട്ടു. അപ്പോഴാണ് തന്നെ ആരാണ് തൊട്ടതെന്ന് യേശു ചോദിക്കുന്നത്. ഉടനെ സ്ത്രീ താൻ ചെയ്തതെല്ലാം ഏറ്റുപറഞ്ഞു. യേശു അപ്പോൾ എങ്ങനെയാണ് പ്രതികരിച്ചത്?
7. വല്ലാതെ കഷ്ടപ്പെട്ടിരുന്ന ആ സ്ത്രീയോട് യേശു എങ്ങനെയാണ് ഇടപെട്ടത്? (മർക്കോസ് 5:34)
7 യേശു ആ സ്ത്രീയോട് ആദരവോടെയും ദയയോടെയും ഇടപെട്ടു. അവർ ‘പേടിച്ചുവിറയ്ക്കുന്നത്’ യേശു കണ്ടു. (മർക്കോ. 5:33) ആ സ്ത്രീയുടെ അവസ്ഥ മനസ്സിലാക്കിയ യേശു ആശ്വസിപ്പിക്കുന്ന രീതിയിലാണ് സംസാരിച്ചത്; “മകളേ” എന്നുപോലും വിളിച്ചു. ആ വിളിയിൽ യേശുവിന്റെ ആർദ്രസ്നേഹവും അനുകമ്പയും ആണ് പ്രകടമായത്. (മർക്കോസ് 5:34 വായിക്കുക.) ആ വാക്കിന്റെ പഠനക്കുറിപ്പ് ഇങ്ങനെ പറയുന്നു: “യേശു ഒരു സ്ത്രീയെ ‘മകളേ’ എന്ന് നേരിട്ട് വിളിച്ചതായി രേഖപ്പെടുത്തിയിരിക്കുന്ന ഒരേയൊരു സന്ദർഭം. ആ സ്ത്രീയുടെ പ്രത്യേകസാഹചര്യവും മാനസികാവസ്ഥയും പരിഗണിച്ചും അതുപോലെ അവർ ‘വിറക്കുന്നത്’ കണ്ടിട്ടും ആയിരിക്കാം യേശു അങ്ങനെ വിളിച്ചത്.” യേശു ആ രീതിയിൽ സംസാരിച്ചില്ലായിരുന്നെങ്കിൽ അവരുടെ അവസ്ഥ എന്താകുമായിരുന്നു? ശാരീരികമായി സുഖപ്പെടുമായിരുന്നെങ്കിലും താൻ ചെയ്തതിനെക്കുറിച്ചുള്ള കുറ്റബോധം പേറിയായിരിക്കാം അവൾ വീട്ടിലേക്കു പോകുന്നത്. എന്നാൽ യേശുവിന്റെ വാക്കുകൾ കേട്ടപ്പോൾ ഈ സ്ത്രീക്ക് എത്രയധികം ആശ്വാസം തോന്നിക്കാണും. യേശു ആ സ്ത്രീയെ സുഖപ്പെടുത്തുക മാത്രമല്ല സ്നേഹനിധിയായ സ്വർഗീയപിതാവിന്റെ പ്രിയപ്പെട്ട മകളാണ് താനെന്ന് മനസ്സിലാക്കാൻകൂടെ സഹായിച്ചു.
8. ബ്രസീലിൽനിന്നുള്ള ഒരു സഹോദരിക്ക് എന്തെല്ലാം പ്രശ്നങ്ങൾ നേരിടേണ്ടിവന്നു?
8 ഇന്നും പല ദൈവദാസരും ഇതുപോലുള്ള ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്. അത് അവരെ മാനസികമായും തളർത്തുന്നു. ബ്രസീലിലെ ഒരു മുൻനിരസേവികയായ മരിയയുടെa സാഹചര്യം അതാണ്. ജനിച്ചപ്പോൾത്തന്നെ സഹോദരിക്കു രണ്ടു കാലുകളും ഇടത്തെ കൈയും ഉണ്ടായിരുന്നില്ല. സഹോദരി പറയുന്നു: “എന്റെ വൈകല്യം നിമിത്തം സ്കൂളിൽ കുട്ടികൾ എന്നെ എപ്പോഴും കളിയാക്കുമായിരുന്നു. അവർ എനിക്ക് മോശം ഇരട്ടപ്പേരുകൾ ഇട്ടു. സ്വന്തം കുടുംബത്തിലുള്ളവർപോലും ഞാൻ വിലകെട്ടവളാണെന്നു തോന്നിപ്പിക്കുന്ന രീതിയിൽ എന്നോട് ഇടപെട്ടിട്ടുണ്ട്.”
9. താൻ യഹോവയ്ക്ക് പ്രിയപ്പെട്ടവളാണ് എന്നു മനസ്സിലാക്കാൻ മരിയയെ എന്താണു സഹായിച്ചത്?
9 മരിയയെ എന്താണ് സഹായിച്ചത്? പിന്നീട് ഒരു യഹോവയുടെ സാക്ഷിയായിത്തീർന്ന മരിയയെ ക്രിസ്തീയസഹോദരങ്ങൾ ആശ്വസിപ്പിക്കുകയും യഹോവ കാണുന്നതുപോലെ സ്വയം കാണാൻ സഹായിക്കുകയും ചെയ്തു. സഹോദരി പറയുന്നു: “എന്നെ സഹായിച്ച എല്ലാവരെയും കുറിച്ച് പറയാനാണെങ്കിൽ ഇന്നൊന്നും തീരില്ല. ഇത്ര നല്ല ആത്മീയകുടുംബത്തെ തന്നതിന് എനിക്ക് യഹോവയോട് ഒരുപാട് ഒരുപാട് നന്ദിയുണ്ട്.” യഹോവയുടെ കണ്ണിൽ മരിയ എത്ര വിലപ്പെട്ടവളാണെന്നു മനസ്സിലാക്കാൻ സഹോദരീസഹോദരന്മാർ അവളെ സഹായിച്ചു.
10. മഗ്ദലക്കാരി മറിയ നേരിട്ട പ്രശ്നങ്ങൾ എന്തൊക്കെയാണ്? (ചിത്രങ്ങളും കാണുക.)
10 യേശു സഹായിച്ച മറ്റൊരാളെക്കുറിച്ച് നോക്കാം—മഗ്ദലക്കാരി മറിയ. ഏഴു ഭൂതങ്ങൾ ബാധിച്ച ഒരു സ്ത്രീയായിരുന്നു അവർ! (ലൂക്കോ. 8:2) ഭൂതങ്ങളുടെ സ്വാധീനം കാരണം വളരെ വിചിത്രമായിട്ടായിരിക്കാം മറിയ പെരുമാറിയിരുന്നത്. അതുകൊണ്ടുതന്നെ ആളുകൾ മറിയയെ അവഗണിച്ചിരുന്നിരിക്കാം. തന്റെ ജീവിതത്തിലെ ആ ഇരുണ്ട നാളുകളിൽ നിസ്സഹായതയും പേടിയും ഒറ്റപ്പെടലും ഒക്കെ ആ സ്ത്രീയെ വരിഞ്ഞുമുറുക്കിക്കാണും. സാധ്യതയനുസരിച്ച് യേശുവായിരിക്കണം മറിയയിൽനിന്ന് ആ ഭൂതങ്ങളെ പുറത്താക്കിയത്. അങ്ങനെ മറിയ യേശുവിന്റെ ഒരു വിശ്വസ്ത അനുഗാമിയായിത്തീർന്നു. യഹോവയുടെ കണ്ണിൽ താൻ എത്ര മൂല്യമുള്ളവളാണെന്നു മനസ്സിലാക്കാൻ യേശു മറ്റ് ഏതെല്ലാം വിധങ്ങളിലാണ് മഗ്ദലക്കാരി മറിയയെ സഹായിച്ചത്?
യഹോവയുടെ കണ്ണിൽ വിലയുള്ളവളാണെന്നു മനസ്സിലാക്കാൻ യേശു മഗ്ദലക്കാരി മറിയയെ സഹായിച്ചത് എങ്ങനെ? (10-11 ഖണ്ഡികകൾ കാണുക)
11. മഗ്ദലക്കാരി മറിയ ദൈവത്തിന് പ്രിയപ്പെട്ടവളാണെന്ന് യേശു കാണിച്ചുകൊടുത്തത് എങ്ങനെ? (ചിത്രങ്ങളും കാണുക.)
11 പ്രസംഗപര്യടനത്തിന് തന്റെ കൂടെ വരാനുള്ള വലിയ അവസരം യേശു മഗ്ദലക്കാരി മറിയയ്ക്ക് കൊടുത്തു.b അങ്ങനെ തുടർന്നും യേശുവിൽനിന്ന് കേട്ടുപഠിക്കാൻ അവർക്ക് കഴിഞ്ഞു. ഇനി പുനരുത്ഥാനപ്പെട്ട അന്നുതന്നെ യേശു മറിയയ്ക്കു പ്രത്യക്ഷനായി. അന്നത്തെ ദിവസം യേശു ആദ്യം സംസാരിച്ച ശിഷ്യരിൽ ഒരാളായിരുന്നു മറിയ. താൻ പുനരുത്ഥാനപ്പെട്ടു എന്ന വിവരം അപ്പോസ്തലന്മാരെ അറിയിക്കാനുള്ള നിയമനംപോലും യേശു മറിയയെ ഏൽപ്പിച്ചു. യഹോവയ്ക്കു താൻ പ്രിയപ്പെട്ടവളാണ് എന്നതിന് എത്ര വലിയ തെളിവുകളാണ് ആ സ്ത്രീക്കു ലഭിച്ചത്!—യോഹ. 20:11-18.
12. താൻ വിലകെട്ടവളാണെന്ന് ലിഡിയ സഹോദരിക്കു തോന്നിയത് എന്തുകൊണ്ടാണ്?
12 മഗ്ദലക്കാരി മറിയയെപ്പോലെ മറ്റുള്ളവരുടെ അവഗണന കാരണം വിഷമിക്കുന്നവരാണ് ഇന്ന് പലരും. സ്പെയിനിൽനിന്നുള്ള ലിഡിയ സഹോദരിയുടെ അനുഭവം അതാണു കാണിക്കുന്നത്. സഹോദരിയെ ഗർഭിണിയായിരിക്കുന്ന സമയത്ത് അമ്മ ഗർഭച്ഛിദ്രം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. അതുകൊണ്ടുതന്നെ കുഞ്ഞായിരുന്നപ്പോൾ മുതലേ അമ്മ അവളെ അവഗണിക്കുകയും അവളോട് ക്രൂരമായ രീതിയിൽ സംസാരിക്കുകയും ചെയ്യുമായിരുന്നു. സഹോദരി പറയുന്നു: “മറ്റുള്ളവരുടെ സ്നേഹവും അംഗീകാരവും നേടുക എന്നതായിരുന്നു എന്റെ ജീവിതലക്ഷ്യം. എന്നാൽ അമ്മയുടെ മോശം പെരുമാറ്റം കാരണം, ഒരു കൊള്ളില്ലാത്ത വ്യക്തിയാണ് ഞാൻ എന്ന് എനിക്കു തോന്നി. അതുകൊണ്ടുതന്നെ മറ്റാർക്കും എന്നെ സ്നേഹിക്കാൻ കഴിയില്ലെന്നും ഞാൻ പേടിച്ചു.”
13. യഹോവയുടെ കണ്ണിൽ താൻ വിലപ്പെട്ടവളാണ് എന്നു മനസ്സിലാക്കാൻ ലിഡിയയെ എന്താണ് സഹായിച്ചത്?
13 എന്നാൽ ലിഡിയ സത്യം പഠിച്ചശേഷം കാര്യങ്ങൾ മാറി. വ്യക്തിപരമായ പ്രാർഥനയും പഠനവും സഹോദരങ്ങളുടെ ദയയോടെയുള്ള വാക്കുകളും പ്രവൃത്തികളും യഹോവയുടെ കണ്ണിൽ താൻ എത്ര വിലപ്പെട്ടവളാണെന്നു മനസ്സിലാക്കാൻ ലിഡിയയെ സഹായിച്ചു. സഹോദരി പറയുന്നു: “എന്റെ ഭർത്താവ് എന്നെ എത്രമാത്രം സ്നേഹിക്കുന്നെന്ന് എപ്പോഴും എന്നോടു പറയാറുണ്ട്. എന്റെ നല്ല ഗുണങ്ങളെക്കുറിച്ച് അദ്ദേഹം കൂടെക്കൂടെ ഓർമിപ്പിക്കും. എന്റെ മറ്റു കൂട്ടുകാരും അതുതന്നെ ചെയ്യാറുണ്ട്.” യഹോവ തന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു മനസ്സിലാക്കാൻ സഹായം വേണ്ട ആരെങ്കിലും നിങ്ങളുടെ സഭയിലുണ്ടോ?
നമ്മളെ യഹോവ കാണുന്നതുപോലെ കാണാൻ എന്തു ചെയ്യാം
14. യഹോവ ആളുകളെ എങ്ങനെയാണ് കാണുന്നതെന്ന് മനസ്സിലാക്കാൻ 1 ശമുവേൽ 16:7 സഹായിക്കുന്നത് എങ്ങനെ? (“യഹോവ തന്റെ ജനത്തെ വിലപ്പെട്ടവരായി കാണുന്നത് എന്തുകൊണ്ട്?” എന്ന ചതുരവും കാണുക.)
14 ലോകം കാണുന്നതുപോലെയല്ല യഹോവ നിങ്ങളെ കാണുന്നതെന്ന് ഓർക്കുക. (1 ശമുവേൽ 16:7 വായിക്കുക.) നിങ്ങളുടെ രൂപമോ സമൂഹത്തിലെ നിലയോ വിദ്യാഭ്യാസമോ ഒന്നും നോക്കിയല്ല യഹോവ നിങ്ങളുടെ മൂല്യം അളക്കുന്നത്. (യശ. 55:8, 9) അതുകൊണ്ട് നിങ്ങളും ലോകത്തിന്റെ നിലവാരങ്ങൾ വെച്ചല്ല, യഹോവയുടെ നിലവാരങ്ങൾ വെച്ചുവേണം സ്വന്തം വില നിശ്ചയിക്കാൻ. അതിനു നിങ്ങളെ എന്തു സഹായിക്കും? ബൈബിളിൽ പറഞ്ഞിരിക്കുന്ന ഏലിയ, നൊവൊമി, ഹന്ന തുടങ്ങിയവർക്കെല്ലാം തങ്ങൾ വിലയില്ലാത്തവരാണ് എന്ന തോന്നൽ ഉണ്ടായിട്ടുണ്ട്. എന്നാൽ യഹോവ അവരെ എത്ര പ്രിയപ്പെട്ടവരായിട്ടാണ് കണ്ടതെന്ന് ആ ബൈബിൾവിവരണങ്ങൾ വായിക്കുമ്പോൾ ചിന്തിക്കുക. ഇനി, യഹോവ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും മൂല്യമുള്ളവരായി കാണുന്നുണ്ടെന്നും മനസ്സിലാക്കാൻ നിങ്ങളെ സഹായിച്ച സ്വന്തം ജീവിതാനുഭവങ്ങൾ എഴുതിവെക്കുക. കൂടാതെ നിങ്ങൾ വിലയുള്ളവരാണ് എന്ന വിഷയത്തെക്കുറിച്ച് നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വന്നിരിക്കുന്ന വിവരങ്ങൾ വായിക്കുക.c
15. യഹോവ ദാനിയേലിനെ ‘വളരെ പ്രിയപ്പെട്ടവനായി’ കണ്ടത് എന്തുകൊണ്ട്? (ദാനിയേൽ 9:23)
15 നിങ്ങളുടെ വിശ്വസ്തതയാണ് യഹോവയുടെ കണ്ണിൽ നിങ്ങളെ വിലപ്പെട്ടവനാക്കുന്നത് എന്ന് ഓർക്കുക. ദാനിയേൽ പ്രവാചകന് ഒരു സമയത്ത് നിരുത്സാഹവും ‘ആകെ അവശതയും’ തോന്നി. അദ്ദേഹത്തിന് അപ്പോൾ ഏതാണ്ട് 100-നോടടുത്ത് പ്രായം ഉണ്ടായിരുന്നിരിക്കണം. (ദാനി. 9:20, 21) യഹോവ എങ്ങനെയാണ് ദാനിയേലിനെ പ്രോത്സാഹിപ്പിച്ചത്? ദൈവം ഗബ്രിയേൽ ദൂതനെ അയച്ചു. ദാനിയേൽ യഹോവയ്ക്കു “വളരെ പ്രിയപ്പെട്ടവനാണ്” എന്നും അദ്ദേഹത്തിന്റെ പ്രാർഥനകൾ യഹോവ കേട്ടു എന്നും ദൂതൻ അദ്ദേഹത്തെ ഓർമിപ്പിച്ചു. (ദാനിയേൽ 9:23 വായിക്കുക.) ദാനിയേലിനെ യഹോവയ്ക്ക് ഇത്രയധികം പ്രിയപ്പെട്ടവനാക്കിയത് എന്താണ്? അദ്ദേഹത്തിന്റെ വിശ്വസ്തതയും നീതിയോടുള്ള സ്നേഹവും ആയിരുന്നു അതിന്റെ കാരണം. (യഹ. 14:14) യഹോവ ഈ വിവരണം തന്റെ വചനത്തിൽ ഉൾപ്പെടുത്തിയത് നമ്മുടെ ആശ്വാസത്തിനുവേണ്ടിയാണ്. (റോമ. 15:4) യഹോവ നിങ്ങളുടെയും പ്രാർഥനകൾ കേൾക്കുന്നുണ്ട്. നിങ്ങളുടെ നീതിയോടുള്ള സ്നേഹവും വിശ്വസ്തസേവനവും മൂല്യമുള്ളതായി കാണുന്നുമുണ്ട്.—മീഖ 6:8, അടിക്കുറിപ്പ്; എബ്രാ. 6:10.
16. സ്നേഹമുള്ള ഒരു പിതാവായി യഹോവയെ കാണാൻ നിങ്ങളെ എന്തു സഹായിക്കും?
16 നിങ്ങളെ സ്നേഹിക്കുന്ന ഒരു പിതാവായി യഹോവയെ കാണുക. നിങ്ങളുടെ കുറ്റം കണ്ടുപിടിക്കാനല്ല, നിങ്ങളെ സഹായിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. (സങ്കീ. 130:3; മത്താ. 7:11; ലൂക്കോ. 12:6, 7) അതെക്കുറിച്ച് ചിന്തിച്ചത്, തങ്ങൾക്ക് വിലയില്ല എന്നു തോന്നിയ പലരെയും സഹായിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, സ്പെയിനിൽനിന്നുള്ള മിഷേൽ സഹോദരിയുടെ കാര്യം നോക്കാം. വർഷങ്ങളോളം ഭർത്താവിൽനിന്ന് ക്രൂരമായ സംസാരം സഹിക്കേണ്ടിവന്ന സഹോദരിക്കു താൻ വിലയില്ലാത്തവളാണെന്നും തന്നെ ആരും സ്നേഹിക്കുന്നില്ലെന്നും തോന്നി. മിഷേൽ പറയുന്നു: “താൻ ഒന്നിനും കൊള്ളാത്തവളാണെന്ന ചിന്തവരുമ്പോൾ യഹോവ എന്നെ വാത്സല്യത്തോടെ കൈകളിൽ എടുത്തുകൊണ്ട് നടക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതായി ഞാൻ ഭാവനയിൽ കാണും.” (സങ്കീ. 28:9) സൗത്ത് ആഫ്രിക്കയിൽനിന്നുള്ള ലോറെൻ സഹോദരി സ്വയം ഇങ്ങനെ ചിന്തിക്കാറുണ്ട്: “യഹോവ എന്നെ സ്നേഹത്തിന്റെ ചരടുകൾകൊണ്ട് തന്നിലേക്ക് അടുപ്പിച്ചെങ്കിൽ, ഈ വർഷങ്ങളിലെല്ലാം എന്നെ ചേർത്തുനിറുത്തിയെങ്കിൽ, മറ്റുള്ളവരെ പഠിപ്പിക്കാൻപോലും എന്നെ ഉപയോഗിച്ചെങ്കിൽ തീർച്ചയായും യഹോവയ്ക്ക് ഞാൻ വിലപ്പെട്ടവളാണ്, ഉപയോഗിക്കാൻ പറ്റുന്നവളാണ്.”—ഹോശേ. 11:4.
17. യഹോവയുടെ അംഗീകാരമുണ്ടെന്ന് ഉറപ്പുണ്ടായിരിക്കാൻ നമ്മളെ എന്തു സഹായിക്കും? (സങ്കീർത്തനം 5:12) (ചിത്രവും കാണുക.)
17 യഹോവയുടെ അംഗീകാരമുണ്ടെന്ന് ഉറപ്പുള്ളവരായിരിക്കുക. (സങ്കീർത്തനം 5:12 വായിക്കുക.) യഹോവയുടെ പ്രീതിയെ അഥവാ അംഗീകാരത്തെ നീതിമാന്മാരെ സംരക്ഷിക്കുന്ന ഒരു ‘വൻപരിചയോടാണ്’ ദാവീദ് ഉപമിക്കുന്നത്. യഹോവയുടെ അംഗീകാരവും പിന്തുണയും ഉണ്ടെന്ന് മനസ്സിലാക്കുന്നത് വിലകെട്ടവരാണെന്ന തോന്നലിനെതിരെ പോരാടാൻ നമ്മളെ സഹായിക്കും. അങ്ങനെയെങ്കിൽ യഹോവയുടെ അംഗീകാരമുണ്ടെന്ന് നിങ്ങൾക്ക് എങ്ങനെ ഉറപ്പിക്കാനാകും? നമ്മൾ കണ്ടതുപോലെ യഹോവ തന്റെ വചനത്തിലൂടെ നമുക്ക് ആ ഉറപ്പു തരുന്നു. ഇനി, മൂപ്പന്മാരെയും അടുത്ത കൂട്ടുകാരെയും മറ്റുള്ളവരെയും ഉപയോഗിച്ചുകൊണ്ട് നിങ്ങൾ യഹോവയ്ക്കു പ്രിയപ്പെട്ടവരാണെന്ന് യഹോവ നിങ്ങളെ ഓർമിപ്പിക്കുന്നു. അങ്ങനെയെങ്കിൽ മറ്റുള്ളവർ നമ്മളെ പ്രോത്സാഹിപ്പിക്കുമ്പോൾ അതിനോട് എങ്ങനെ പ്രതികരിക്കണം?
നമുക്ക് യഹോവയുടെ അംഗീകാരമുണ്ടെന്ന് മനസ്സിലാക്കുന്നത് വിലകെട്ടവരാണെന്ന തോന്നൽ ഒഴിവാക്കാൻ നമ്മളെ സഹായിക്കും (17-ാം ഖണ്ഡിക കാണുക)
18. മറ്റുള്ളവരുടെ പ്രോത്സാഹനവാക്കുകൾ നമ്മൾ സ്വീകരിക്കേണ്ടത് എന്തുകൊണ്ട്?
18 നിങ്ങളെ നന്നായി അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നവർ പറയുന്ന പ്രോത്സാഹനവാക്കുകൾ തള്ളിക്കളയരുത്. നിങ്ങൾക്ക് തന്റെ അംഗീകാരം ഉണ്ടെന്നു കാണിക്കാൻവേണ്ടി യഹോവയായിരിക്കാം അവരെ ഉപയോഗിക്കുന്നത്. മുമ്പ് കണ്ട മിഷേൽ പറയുന്നു: “മറ്റുള്ളവർ ദയയോടെ പറയുന്ന വാക്കുകൾ സ്വീകരിക്കാൻ ഞാൻ പതിയെപ്പതിയെ പഠിച്ചുകൊണ്ടിരിക്കുകയാണ്. അത് എനിക്ക് ഒട്ടും എളുപ്പമല്ല. എങ്കിലും ഞാൻ അങ്ങനെ ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നതെന്ന് എനിക്കറിയാം.” മൂപ്പന്മാരുടെ സഹായത്തിൽനിന്നും മിഷേൽ പ്രയോജനം നേടി. സഹോദരി ഇപ്പോൾ മുൻനിരസേവനവും വിദൂര ബഥേൽസേവനവും ചെയ്യുന്നു.
19. ദൈവത്തിന്റെ കണ്ണിൽ നമ്മൾ വിലയുള്ളവരാണെന്ന് ഉറപ്പുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ട്?
19 സ്വർഗീയപിതാവ് നമ്മളെ എത്ര വിലയേറിയവരായി കാണുന്നെന്ന് യേശു ഓർമിപ്പിച്ചു. (ലൂക്കോ. 12:24) അതുകൊണ്ട് നമ്മൾ യഹോവയ്ക്കു പ്രിയപ്പെട്ടവരാണെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാനാകും. അക്കാര്യം ഒരിക്കലും മറക്കരുത്. ഇനി, ദൈവത്തിന്റെ കണ്ണിൽ എത്ര മൂല്യമുള്ളവരാണെന്നു മനസ്സിലാക്കാൻ നമുക്ക് മറ്റുള്ളവരെയും സഹായിക്കാം.
ഗീതം 139 എല്ലാം പുതുതാക്കുമ്പോൾ നിങ്ങളും അവിടെ!
a ചില പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.
b യേശുവിനോടൊപ്പം യാത്ര ചെയ്ത സ്ത്രീകളിൽ മഗ്ദലക്കാരി മറിയയും ഉണ്ടായിരുന്നു. ആ സ്ത്രീകൾ അവരുടെ സ്വന്തം പണം ഉപയോഗിച്ച് യേശുവിനെയും അപ്പോസ്തലന്മാരെയും സഹായിച്ചു.—മത്താ. 27:55, 56; ലൂക്കോ. 8:1-3.
c ഉദാഹരണത്തിന്, യഹോവയോട് അടുത്ത് ചെല്ലുവിൻ എന്ന പുസ്തകത്തിന്റെ 24-ാം അധ്യായം കാണുകയും ക്രിസ്തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ എന്ന പുസ്തകത്തിലെ “വിലകുറഞ്ഞവരാണെന്ന തോന്നൽ” എന്ന വിഷയത്തിനു കീഴിലുള്ള തിരുവെഴുത്തുകളും ബൈബിൾവിവരണങ്ങളും വായിക്കുകയും ചെയ്യുക.