mustafahacalaki/DigitalVision Vectors via Getty Images
ഉണർന്നിരിക്കുക!
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്—ഗുണത്തിനോ ദോഷത്തിനോ?—ബൈബിളിനു പറയാനുള്ളത്
അടുത്തിടെ ലോകനേതാക്കളും ശാസ്ത്രജ്ഞന്മാരും സാങ്കേതികവിദഗ്ധരും നിർമിതബുദ്ധിയുടെ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ശക്തിയെക്കുറിച്ച് പറയുകയുണ്ടായി. ഈ സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ സമ്മതിക്കുമ്പോൾത്തന്നെ, അതു ദുരുപയോഗം ചെയ്തേക്കുമോ എന്ന ആശങ്കയും അവർ പ്രകടിപ്പിക്കുന്നു.
“ഇന്നത്തെ ഏറ്റവും ശക്തമായ സാങ്കേതികവിദ്യകളിൽ ഒന്നായ എഐയ്ക്ക് മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പ്രാപ്തിയുണ്ട്. . . . എന്നാൽ അതേസമയം സുരക്ഷയ്ക്കും പൗരാവകാശങ്ങൾക്കും സ്വകാര്യതയ്ക്കും ഇതു ഉയർത്തിയേക്കാവുന്ന ഭീഷണിയും നമ്മൾ മുന്നിൽക്കാണണം. ഈ സാങ്കേതികവിദ്യ ജനാധിപത്യത്തിലുള്ള ആളുകളുടെ വിശ്വാസം തകരാൻ കാരണമായേക്കാം.”—കമലാ ഹാരിസ്, യു.എസ്.-ന്റെ വൈസ് പ്രസിഡന്റ് , 2023 മെയ് 4.
“നിർമിതബുദ്ധി (എഐ) ആരോഗ്യമേഖലയിൽ പുരോഗതികൾ വരുത്തുമെങ്കിലും മനുഷ്യരുടെ ശാരീരികവും മാനസികവും ആയ ആരോഗ്യത്തിന് അതു പല വെല്ലുവിളികളും ഉയർത്തിയേക്കാം.” ഡോ. ഫ്രെഡെറിക് ഫിഡെസ്പീലിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെയും ആരോഗ്യവിദഗ്ധരുടെയും ഒരു അന്താരാഷ്ട്ര കൂട്ടം എഴുതിയത്, ബിഎംജെ ഗ്ലോബൽ ഹെൽത്തിൽ 2023 മെയ് 9-ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ വന്നത്.a
“ആളുകൾക്ക് ഇപ്പോൾത്തന്നെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള ഒരു ഉപകരണമായി എഐയെ ഉപയോഗിക്കാനാകും. ഇനി പെട്ടെന്നുതന്നെ ആളുകളുടെ ജോലിസാധ്യതകൾ ഇല്ലാതാക്കാൻ ഈ സാങ്കേതികവിദ്യയ്ക്കു കഴിഞ്ഞേക്കും. ഭാവിയിൽ എപ്പോഴെങ്കിലും, മനുഷ്യരാശിക്കുതന്നെ അതു ഭീഷണിയായേക്കുമെന്നും സാങ്കേതികമേഖലയിൽ പ്രവർത്തിക്കുന്നവർ മുന്നറിയിപ്പ് നൽകുന്നു.”—ദ ന്യൂയോർക്ക് ടൈംസ്, 2023 മെയ് 1.
നിർമിതബുദ്ധിയുടെ ഉപയോഗം മനുഷ്യർക്കു ഗുണമാണോ ദോഷമാണോ വരുത്തുക എന്നു കാലം തെളിയിക്കും. എന്നാൽ ബൈബിൾ ഇതെക്കുറിച്ച് എന്താണു പറയുന്നത്?
മനുഷ്യന്റെ ശ്രമങ്ങൾ ആശങ്കകൾ ഉയർത്തുന്നത് എന്തുകൊണ്ടാണ്?
മനുഷ്യൻ നേടിയെടുക്കുന്ന സാങ്കേതികപുരോഗതികൾ നല്ലതിനുവേണ്ടി മാത്രമേ ഉപയോഗിക്കൂ എന്ന് ഉറപ്പുതരാൻ അവർക്കു കഴിയുന്നില്ല. അതിന്റെ കാരണം ബൈബിൾ വ്യക്തമാക്കുന്നു.
1. നല്ല ഉദ്ദേശ്യത്തോടെയാണ് ആളുകൾ പലതും ചെയ്യുന്നതെങ്കിലും അതിന്റെ ദോഷവശങ്ങൾ മുൻകൂട്ടിക്കാണാൻ അവർക്കു കഴിയുന്നില്ല.
ഒരു വഴി ശരിയാണെന്നു ചിലപ്പോൾ ഒരുവനു തോന്നും; എന്നാൽ അതു ചെന്നെത്തുന്നതു മരണത്തിലായിരിക്കും.—സുഭാഷിതങ്ങൾ 14:12.
2. താൻ കണ്ടുപിടിച്ചൊരു കാര്യത്തെ മറ്റൊരാൾ ദുരുപയോഗം ചെയ്യുന്നതു തടയാൻ ഒരാൾക്കാകില്ല.
“എനിക്കു ശേഷം വരുന്നവനുവേണ്ടി, (ചെയ്തതെല്ലാം) ഞാൻ വിട്ടിട്ടുപോകണമല്ലോ. അവൻ ബുദ്ധിമാനോ വിഡ്ഢിയോ എന്ന് ആർക്ക് അറിയാം? അവൻ എങ്ങനെയുള്ളവനായാലും ഞാൻ വളരെ ശ്രമം ചെയ്ത് ജ്ഞാനം ഉപയോഗിച്ച് സൂര്യനു കീഴെ സമ്പാദിച്ചതെല്ലാം അവൻ കൈയടക്കും.”—സഭാപ്രസംഗകൻ 2:18, 19.
നമുക്ക് സ്രഷ്ടാവിന്റെ സഹായം വേണ്ടത് എന്തുകൊണ്ടാണെന്ന് മനുഷ്യന്റെ ഈ പരിമിതികൾ കാണിച്ചുതരുന്നു.
നമുക്ക് ആരിൽ വിശ്വസിക്കാം?
ഈ ഭൂമിയെയോ മനുഷ്യകുടുംബത്തെയോ നശിപ്പിക്കാൻ മനുഷ്യരെയോ അവരുണ്ടാക്കിയ സാങ്കേതികവിദ്യയെയോ ഒരിക്കലും അനുവദിക്കില്ലെന്ന് സ്രഷ്ടാവ് ഉറപ്പുതന്നിട്ടുണ്ട്.
“ഭൂമി എന്നും നിലനിൽക്കുന്നു.”—സഭാപ്രസംഗകൻ 1:4.
“നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.”—സങ്കീർത്തനം 37:29.
ബൈബിളിലൂടെ, സമാധാനവും സുരക്ഷിതത്വവും ഉള്ളൊരു ഭാവിജീവിതം നേടാൻ സ്രഷ്ടാവ് നമ്മളെ സഹായിക്കുന്നു. ഇതെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നതെന്ന് കൂടുതൽ അറിയാൻ “ഭാവി സുരക്ഷിതമാക്കാൻ എന്തു സഹായിക്കും?,” “നല്ലൊരു ഭാവി ശരിക്കും പ്രതീക്ഷിക്കാമോ?” എന്നീ ലേഖനങ്ങൾ വായിക്കുക.
a ഫ്രെഡെറിക് ഫിഡെസ്പീൽ, രൂത്ത് മിച്ചെൽ, ആശ അശോകൻ, കാർലോസ് ഉമാന, ഡേവിഡ് മഖോയ് എന്നിവർ എഴുതിയ “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരുടെ ആരോഗ്യത്തിനും നിലനിൽപ്പിനും ഉയർത്തുന്ന ഭീഷണികൾ” എന്ന ലേഖനത്തിൽനിന്ന്.