-
മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
മരപ്പണിക്കാരൻ: യേശു ‘മരപ്പണിക്കാരൻ’ എന്നും ‘മരപ്പണിക്കാരന്റെ മകൻ’ എന്നും അറിയപ്പെട്ടിരുന്നു. ഈ പദപ്രയോഗങ്ങൾ, യേശു 12-ാം വയസ്സിൽ ദേവാലയം സന്ദർശിച്ചതിനും പിൽക്കാലത്ത് ശുശ്രൂഷ ആരംഭിച്ചതിനും ഇടയ്‌ക്കുള്ള കാലഘട്ടത്തിലെ യേശുവിന്റെ ജീവിതത്തിലേക്കു വെളിച്ചം വീശുന്നു. (മത്ത 13:55-ന്റെ പഠനക്കുറിപ്പു കാണുക.) മത്തായിയുടെയും മർക്കോസിന്റെയും സുവിശേഷത്തിലെ ഈ ഭാഗങ്ങൾ പരസ്‌പരപൂരകങ്ങളാണ്.
മറിയയുടെ മകൻ: യേശുവിനെ ഇങ്ങനെ വിളിച്ചിരിക്കുന്നത് ഇവിടെ മാത്രമാണ്. ഇവിടെ യോസേഫിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലാത്തതുകൊണ്ട് യോസേഫ് അപ്പോഴേക്കും മരിച്ചുപോയിരുന്നു എന്ന് ഊഹിക്കാം. തന്റെ മരണശേഷം അമ്മയായ മറിയയെ നോക്കാനുള്ള ചുമതല യേശു യോഹന്നാനെ ഏൽപ്പിച്ചു എന്നതും ഈ സാധ്യതയെ ശരിവെക്കുന്നു.—യോഹ 19:26, 27.
യാക്കോബ്: മത്ത 13:55-ന്റെ പഠനക്കുറിപ്പു കാണുക.
യൂദാസ്: മത്ത 13:55-ന്റെ പഠനക്കുറിപ്പു കാണുക.
സഹോദരന്മാർ: അഡെൽഫോസ് എന്ന ഗ്രീക്കുപദം ബൈബിളിൽ ആത്മീയബന്ധത്തെ കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ അതു യേശുവിനു തന്റെ അർധസഹോദരന്മാരുമായി, അതായത് യോസേഫിന്റെയും മറിയയുടെയും ഇളയ ആൺമക്കളുമായി, ഉള്ള ബന്ധത്തെയാണു കുറിക്കുന്നത്. യേശു ജനിച്ചശേഷവും മറിയ ഒരു കന്യകയായിത്തന്നെ തുടർന്നു എന്നു വിശ്വസിക്കുന്നവർ വാദിക്കുന്നത്, ഈ വാക്യത്തിലെ അഡെൽഫോസ് എന്ന പദം കുറിക്കുന്നതു യേശുവിന്റെ മാതാപിതാക്കളുടെ സഹോദരപുത്രന്മാരെയാണെന്നാണ്. എന്നാൽ മാതാപിതാക്കളുടെ സഹോദരീസഹോദരന്മാരുടെ പുത്രന്മാരെ കുറിക്കാൻ ഗ്രീക്കുതിരുവെഴുത്തുകളിൽ വേറൊരു പദമാണ് ഉപയോഗിച്ചിരിക്കുന്നത്. (കൊലോ 4:10-ലെ അനപ്‌സിയോസ് എന്ന ഗ്രീക്കുപദം.) ഇനി, “പൗലോസിന്റെ പെങ്ങളുടെ മകൻ” എന്നു പറയുന്നിടത്ത് മറ്റൊരു ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. (പ്രവൃ 23:16) കൂടാതെ, ലൂക്ക 21:16-ൽ അഡെൽഫോസ് (“സഹോദരങ്ങൾ”), സിജെനെസ് (“ബന്ധുക്കൾ”) എന്നീ രണ്ടു ഗ്രീക്കുപദങ്ങളുടെയും ബഹുവചനരൂപങ്ങൾ കാണുന്നു. ഗ്രീക്കുതിരുവെഴുത്തുകളിൽ കുടുംബബന്ധങ്ങളെ സൂചിപ്പിക്കുന്ന പദങ്ങൾ വളരെ വിവേചനയോടെ, ശ്രദ്ധാപൂർവമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഈ ഉദാഹരണങ്ങൾ തെളിയിക്കുന്നു.
-