-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
വീണ്ടും ജനിക്കുക: നിക്കോദേമൊസിനോടുള്ള യേശുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതു ദൈവരാജ്യത്തിൽ പ്രവേശിക്കാൻ ഒരാൾ രണ്ടാമതു ജനിക്കണമെന്നാണ്. യേശുവിന്റെ ആ വാക്കുകളുടെ ശരിയായ അർഥം നിക്കോദേമൊസിനു മനസ്സിലായില്ലെന്നാണ് 4-ാം വാക്യത്തിലെ അദ്ദേഹത്തിന്റെ മറുപടി കാണിക്കുന്നത്. ഒരാൾ മനുഷ്യനായിത്തന്നെ രണ്ടാമതും ജനിക്കണം എന്നാണു യേശു പറഞ്ഞതെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. എന്നാൽ രണ്ടാമത്തെ ഈ ജനനം ‘ദൈവാത്മാവിൽനിന്നുള്ളതാണെന്ന്’ യേശുതന്നെ വിശദീകരിക്കുന്നുണ്ട്. (യോഹ 3:5) ‘ദൈവമക്കളാകുന്നവർ’ ജനിക്കുന്നതു ‘രക്തത്താലോ ശരീരത്തിന്റെ ഇഷ്ടത്താലോ പുരുഷന്റെ ഇഷ്ടത്താലോ അല്ല,’ മറിച്ച് “ദൈവത്തിൽനിന്നാണ്.” (യോഹ 1:12, 13) 1പത്ര 1:3, 23-ൽ സമാനമായ ഒരു പദപ്രയോഗം പത്രോസും ഉപയോഗിക്കുന്നുണ്ട്. അഭിഷിക്തക്രിസ്ത്യാനികൾക്കു “പുതുജനനം” ലഭിച്ചിരിക്കുന്നു എന്ന് അദ്ദേഹം അവിടെ പറയുന്നു. മിക്ക ബൈബിളുകളും “വീണ്ടും ജനിക്കുക” എന്ന പദപ്രയോഗമാണു ലൂക്ക 3:3-ൽ ഉപയോഗിച്ചിരിക്കുന്നതെങ്കിലും ചില ബൈബിളുകളിൽ “ഉന്നതങ്ങളിൽനിന്ന് ജനിക്കുക” എന്നാണു കാണുന്നത്. അതിൽ തെറ്റില്ലതാനും. കാരണം ഏനോഥൻ എന്ന ഗ്രീക്കുവാക്കിന്റെ അർഥം പൊതുവേ “ഉന്നതങ്ങളിൽനിന്ന്” എന്നാണ്. (യോഹ 3:31; 19:11; യാക്ക 1:17; 3:15, 17) ഈ രണ്ടു പദപ്രയോഗവും സൂചിപ്പിക്കുന്ന ആശയം ഒന്നുതന്നെയാണ്: രാജ്യത്തിൽ പ്രവേശിക്കാനിരിക്കുന്നവർക്കു “ദൈവത്തിൽനിന്ന്” അഥവാ ഉന്നതങ്ങളിൽനിന്ന് ഒരു പുതുജനനം ലഭിക്കും. (1യോഹ 3:9) എന്നാൽ നിക്കോദേമൊസിന്റെ മറുപടി കണക്കിലെടുക്കുമ്പോൾ, ഏനോഥൻ എന്ന ഗ്രീക്കുവാക്കിനെ ഇവിടെ “വീണ്ടും; പുതുതായി” എന്നൊക്കെ പരിഭാഷപ്പെടുത്തുന്നതിലും തെറ്റില്ല.
ദൈവരാജ്യം: യോഹന്നാന്റെ സുവിശേഷത്തിൽ ഈ പദപ്രയോഗം രണ്ടു പ്രാവശ്യമേ കാണുന്നുള്ളൂ.—യോഹ 3:5; മത്ത 3:2; മർ 1:15 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
-