-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
വെള്ളത്തിൽനിന്നും ദൈവാത്മാവിൽനിന്നും ജനിക്കുക: യോഹന്നാൻ സ്നാപകൻ നടത്തിയിരുന്ന സ്നാനത്തെക്കുറിച്ച് സാധ്യതയനുസരിച്ച് നിക്കോദേമൊസിന് അറിയാമായിരുന്നു. (മർ 1:4-8; ലൂക്ക 3:16; യോഹ 1:31-34) അതുകൊണ്ട് വെള്ളത്തെക്കുറിച്ച് പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്, ആളുകൾ സ്നാനമേൽക്കുന്ന വെള്ളമാണെന്നു നിക്കോദേമൊസ് ന്യായമായും മനസ്സിലാക്കിയിട്ടുണ്ടാകും. ഇനി, എബ്രായതിരുവെഴുത്തുകളിൽ ‘ദൈവാത്മാവിനെക്കുറിച്ച്,’ അതായത് ദൈവത്തിന്റെ ചലനാത്മകശക്തിയായ പരിശുദ്ധാത്മാവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നതും നിക്കോദേമൊസിനു പരിചിതമായിരുന്നിരിക്കണം. (ഉൽ 41:38; പുറ 31:3; സംഖ 11:17; ന്യായ 3:10; 1ശമു 10:6; യശ 63:11) അതുകൊണ്ട് ‘ദൈവാത്മാവ്’ എന്നു പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചതു പരിശുദ്ധാത്മാവിനെയാണെന്ന് അദ്ദേഹത്തിനു മനസ്സിലായിക്കാണും. വാസ്തവത്തിൽ ‘വെള്ളത്തിൽനിന്നും ദൈവാത്മാവിൽനിന്നും ജനിക്കുന്നതിനെക്കുറിച്ച്’ യേശു പറഞ്ഞ കാര്യം, യേശുവിന്റെ ജീവിതത്തിൽത്തന്നെ സംഭവിച്ചിരുന്നു. വെള്ളത്തിൽ സ്നാനമേറ്റപ്പോൾ പരിശുദ്ധാത്മാവ് യേശുവിന്റെ മേൽ ഇറങ്ങി. അങ്ങനെ യേശു ‘വെള്ളത്തിൽനിന്നും ദൈവാത്മാവിൽനിന്നും ജനിച്ചു.’ (മത്ത 3:16, 17; ലൂക്ക 3:21, 22) യേശു തന്റെ മകനാണെന്നു ദൈവം ആ സന്ദർഭത്തിൽ പ്രഖ്യാപിച്ചത്, താൻ യേശുവിനെ ഒരു ആത്മപുത്രനായി ജനിപ്പിച്ചിരിക്കുന്നെന്നു സൂചിപ്പിക്കാനായിരിക്കാം. അതു യേശുവിനു സ്വർഗത്തിലേക്കു മടങ്ങിച്ചെല്ലാനുള്ള വഴി തുറക്കുകയും ചെയ്തു. ഒരാൾ തന്റെ മുൻകാലജീവിതം ഉപേക്ഷിക്കുകയും തന്റെ പാപങ്ങളെക്കുറിച്ച് ഓർത്ത് പശ്ചാത്തപിച്ച്, വെള്ളത്തിൽ സ്നാനമേൽക്കുകയും ചെയ്യുന്നെങ്കിൽ ആ ക്രിസ്തുശിഷ്യൻ ‘വെള്ളത്തിൽനിന്ന് ജനിച്ചെന്നു’ പറയാം. ഇനി “വെള്ളത്തിൽനിന്നും ദൈവാത്മാവിൽനിന്നും” ജനിക്കുന്നവരുടെ കാര്യമോ? ദൈവം അവരെ തന്റെ പുത്രന്മാരായി ജനിപ്പിക്കുകയാണ്. സ്വർഗത്തിൽ ആത്മവ്യക്തികളായി ജീവിക്കാൻ പ്രത്യാശയുള്ള അവർ ദൈവരാജ്യത്തിൽ രാജാക്കന്മാരായി ഭരിക്കുകയും ചെയ്യും.—ലൂക്ക 22:30; റോമ 8:14-17, 23; തീത്ത 3:5; എബ്ര 6:4, 5.
ദൈവാത്മാവ്: അഥവാ “ചലനാത്മകശക്തി.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ന്യൂമ എന്ന ഗ്രീക്കുപദം കുറിക്കുന്നത്, ദൈവത്തിന്റെ ചലനാത്മകശക്തിയെയാണ്.—പദാവലിയിൽ “ആത്മാവ്” കാണുക.
-