-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
കാറ്റ് . . . ദൈവാത്മാവ്: പൊതുവേ “ദൈവാത്മാവ്,” “ആത്മാവ്” എന്നെല്ലാം പരിഭാഷപ്പെടുത്തുന്ന ന്യൂമ എന്ന ഗ്രീക്കുപദം ഈ വാക്യത്തിൽ രണ്ടു തവണ കാണാം. അതിൽ ആദ്യത്തേത് “കാറ്റ്” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഗ്രീക്കുതിരുവെഴുത്തുകളിൽ ഇവിടെ മാത്രമേ ആ പദത്തെ “കാറ്റ്” എന്നു തർജമ ചെയ്തിട്ടുള്ളൂ. എന്നാൽ അതിന്റെ തത്തുല്യ എബ്രായപദമായ റുവാക്ക് 100-ഓളം പ്രാവശ്യം “കാറ്റ്” എന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. (ഉൽ 8:1; പുറ 10:13; 1രാജ 18:45; ഇയ്യ 21:18; സെഖ 2:6, അടിക്കുറിപ്പ്; പദാവലിയിൽ “ആത്മാവ്” കാണുക.) ഈ രണ്ടു പദങ്ങളും മനുഷ്യനേത്രങ്ങൾക്ക് അദൃശ്യമായ ഒന്നിനെയാണു പൊതുവേ കുറിക്കുന്നത്. അതിനെ കാണാൻ കഴിയില്ലെങ്കിലും അതിന്റെ ശക്തിയുടെ ചലനം മിക്കപ്പോഴും തെളിവുകളിലൂടെ മനസ്സിലാക്കാനാകും. ആഴമേറിയ ഒരു ആത്മീയസത്യം പഠിപ്പിക്കാനാണു യേശു ഇവിടെ ഈ പദപ്രയോഗം ഉപയോഗിച്ചത്. ഈ വാക്യത്തിന്റെ ഒടുവിൽ കാണുന്ന ദൈവാത്മാവിൽനിന്ന് ജനിക്കുന്നവർ എന്ന പദപ്രയോഗത്തിലും ന്യൂമ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. തന്റെ ചലനാത്മകശക്തിയായ പരിശുദ്ധാത്മാവിലൂടെ ദൈവം ജനിപ്പിക്കുന്നവരെക്കുറിച്ചാണ് അവിടെ പറയുന്നത്. (യോഹ 3:5-ന്റെ പഠനക്കുറിപ്പു കാണുക.) ‘ദൈവാത്മാവിൽനിന്ന് ജനിക്കുന്നതിനെ’ കാറ്റ് വീശുന്നതിനോടു താരതമ്യപ്പെടുത്താമെന്നു യേശു നിക്കോദേമൊസിനോടു പറഞ്ഞു. കാറ്റു വീശുന്നതിന്റെ തെളിവുകൾ കാണാനും കേൾക്കാനും അറിയാനും നിക്കോദേമൊസിനു കഴിയുമായിരുന്നെങ്കിലും അത് എവിടെനിന്ന് വന്നെന്നോ എവിടേക്കു പോകുന്നെന്നോ അദ്ദേഹത്തിന് അറിയാനാകില്ലായിരുന്നു. സമാനമായി, യഹോവ തന്റെ ആത്മാവിനെ ഉപയോഗിച്ച് ഒരു മനുഷ്യനെ വീണ്ടും ജനിപ്പിക്കുന്നത് എങ്ങനെയെന്നു മനസ്സിലാക്കാൻ തിരുവെഴുത്തുഗ്രാഹ്യം ഇല്ലാത്തവർക്കു ബുദ്ധിമുട്ടായിരിക്കും. അത്തരത്തിൽ വീണ്ടും ജനിക്കുന്നവരെ കാത്തിരിക്കുന്ന മഹത്തായ അനുഗ്രഹങ്ങൾ ഉൾക്കൊള്ളാനും അവർക്കാകില്ല.
-