-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ജൂതന്മാർക്കു ശമര്യക്കാരുമായി ഒരു സമ്പർക്കവുമില്ലായിരുന്നു: ബൈബിളിൽ “ശമര്യക്കാർ” എന്ന പദം ആദ്യമായി ഉപയോഗിച്ചിരിക്കുന്നത്, അസീറിയക്കാരുടെ അധിനിവേശത്തിനു മുമ്പ് പത്തു-ഗോത്ര ഇസ്രായേലിൽ താമസിച്ചിരുന്ന ജൂതന്മാരെ കുറിക്കാനാണ്. (2രാജ 17:29) പത്തു-ഗോത്ര രാജ്യത്ത് യൊരോബെയാം വിഗ്രഹാരാധന ആരംഭിച്ച കാലത്തുതന്നെ ശമര്യക്കാരും ബാക്കി ജൂതന്മാരും തമ്മിലുള്ള വേർതിരിവ് തുടങ്ങിയിരുന്നു. (1രാജ 12:26-30) എന്നാൽ അസീറിയക്കാർ ശമര്യയെ കീഴടക്കിയതിനു ശേഷം ‘ശമര്യക്കാർ’ എന്ന പദത്തിനു മറ്റൊരു അർഥം കൈവന്നു. കാരണം പിൽക്കാലത്ത് ആ പ്രദേശത്ത്, അസീറിയക്കാർ അവശേഷിപ്പിച്ചിരുന്നവരുടെ പിൻതലമുറക്കാർക്കു പുറമേ അസീറിയക്കാർ അവിടേക്കു കൊണ്ടുവന്ന വിദേശികളും താമസമുണ്ടായിരുന്നു. മനശ്ശെയുടെയും എഫ്രയീമിന്റെയും ഗോത്രത്തിൽപ്പെട്ടവരാണു തങ്ങളെന്നു ശമര്യക്കാർ അവകാശപ്പെട്ടെങ്കിലും അവരിൽ ചിലർ വിദേശികളെ വിവാഹം കഴിച്ചിരുന്നു. അങ്ങനെയുണ്ടായ സമ്മിശ്രജനത ശമര്യയിലെ സത്യാരാധനയെ കൂടുതൽ ദുഷിപ്പിച്ചതായി തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. (2രാജ 17:24-41) തങ്ങൾ യഹോവയെയാണ് ആരാധിക്കുന്നതെന്നു ശമര്യക്കാർ അവകാശപ്പെട്ടിരുന്നെങ്കിലും ജൂതന്മാർ ബാബിലോണിലെ അടിമത്തത്തിൽനിന്ന് മടങ്ങിവന്ന് യരുശലേമിലെ ദേവാലയവും നഗരമതിലുകളും പുതുക്കിപ്പണിയാൻ തുടങ്ങിയപ്പോൾ അവർ അതിനെ എതിർത്തു. സാധ്യതയനുസരിച്ച് ബി.സി. നാലാം നൂറ്റാണ്ടിൽ അവർ ഗരിസീം പർവതത്തിൽ സ്വന്തമായി ഒരു ദേവാലയവും പണിതു. പിന്നീട്, ബി.സി. 128-ൽ ജൂതന്മാർ അതു നശിപ്പിച്ചുകളഞ്ഞെങ്കിലും ശമര്യക്കാർ ആ പർവതത്തിൽത്തന്നെ തങ്ങളുടെ ആരാധന തുടർന്നു. ഒന്നാം നൂറ്റാണ്ടിൽ യഹൂദ്യയ്ക്കും ഗലീലയ്ക്കും ഇടയിലുള്ള ശമര്യ എന്ന റോമൻ ജില്ലയിൽ താമസിച്ചിരുന്നത് അവരാണ്. ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളും ഒരുപക്ഷേ യോശുവയുടെ പുസ്തകവും മാത്രമേ അവർ അംഗീകരിച്ചിരുന്നുള്ളൂ. എന്നാൽ അവരുടെ ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു തിരുവെഴുത്തുകളുടെ പിന്തുണയുണ്ടെന്നു വരുത്താൻ ചില വാക്യങ്ങളിൽ അവർ മാറ്റം വരുത്തി. യേശുവിന്റെ കാലമായപ്പോഴേക്കും, ശമര്യക്കാരെ ഒരു വംശം എന്നതിനു പുറമേ ഒരു മതമായും ആളുകൾ കണ്ടിരുന്നു. ജൂതന്മാർ ശമര്യക്കാരോടു പുച്ഛത്തോടെയാണു പെരുമാറിയിരുന്നത്.—യോഹ 8:48.
. . . ഒരു സമ്പർക്കവുമില്ലായിരുന്നു: ഈ വാക്യത്തിൽ വലയങ്ങളിൽ കൊടുത്തിരിക്കുന്ന ഭാഗം ചില കൈയെഴുത്തുപ്രതികളിൽ കാണുന്നില്ലെങ്കിലും ആധികാരികമായ പല ആദ്യകാല കൈയെഴുത്തുപ്രതികളും അത് ഉൾപ്പെടുത്തുന്നതിനെയാണു പിന്താങ്ങുന്നത്.
-