-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ജൂതന്മാരുടെ ഒരു ഉത്സവം: ഈ ഉത്സവം ഏതാണെന്നു യോഹന്നാൻ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത് എ.ഡി. 31-ലെ പെസഹയാണെന്നു വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ട്. യോഹന്നാൻ പൊതുവേ സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്തന്നെയാണു രേഖപ്പെടുത്തിയിരിക്കുന്നത്. ‘കൊയ്‌ത്തിന് ഇനിയും നാലു മാസമുണ്ട്’ എന്നു യേശു പറഞ്ഞിട്ട് അധികം വൈകാതെയാണ് ഈ ഉത്സവം നടന്നതെന്നു സന്ദർഭം സൂചിപ്പിക്കുന്നു. (യോഹ 4:35) കൊയ്ത്തുകാലം, പ്രത്യേകിച്ച് ബാർളിക്കൊയ്ത്ത്, തുടങ്ങുന്നതു സാധാരണ പെസഹയോട് (നീസാൻ 14) അടുത്തായിരുന്നു. അതുകൊണ്ട് യേശു ഈ വാക്കുകൾ പറഞ്ഞത് അതിനു നാലു മാസം മുമ്പ് കിസ്ലേവ് മാസത്തിൽ (നവംബർ/ഡിസംബർ) ആയിരിക്കാം. കിസ്ലേവിനും നീസാനും ഇടയ്‌ക്ക് സമർപ്പണോത്സവം, പൂരീം ഉത്സവം എന്നിങ്ങനെ മറ്റു രണ്ട് ഉത്സവങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയ്ക്കായി ഒരു ഇസ്രായേല്യൻ യരുശലേമിലേക്കു പോകേണ്ടതില്ലായിരുന്നു. പക്ഷേ പെസഹയ്ക്ക് ഇസ്രായേല്യർ യരുശലേമിൽ പോകണമെന്നു ദൈവനിയമം ആവശ്യപ്പെട്ടിരുന്നു. (ആവ 16:16) ഇവിടെ പറഞ്ഞിരിക്കുന്ന ‘ജൂതന്മാരുടെ ഉത്സവത്തിനായി’ യേശു യരുശലേമിലേക്കു പോയെന്നു വാക്യത്തിൽ പറഞ്ഞിരിക്കുന്നതുകൊണ്ട് അതു സർവസാധ്യതയുമനുസരിച്ച് പെസഹയാണെന്ന് അനുമാനിക്കാം. യോഹന്നാന്റെ വിവരണത്തിൽ, ഈ ഉത്സവത്തിനും അടുത്ത പെസഹയ്ക്കും (യോഹ 6:4) ഇടയിൽ വളരെ കുറച്ച് സംഭവങ്ങൾ നടന്നതായേ കാണുന്നുള്ളൂ എന്നതു ശരിയാണ്. എന്നാൽ യേശുവിന്റെ ആദ്യകാലശുശ്രൂഷയെക്കുറിച്ചുള്ള യോഹന്നാന്റെ വിവരണം പൊതുവേ വളരെ ഹ്രസ്വമാണെന്ന് ഓർക്കുക. മാത്രമല്ല അതിനോടകം മറ്റു മൂന്നു സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയ പല സംഭവങ്ങളും യോഹന്നാൻ തന്റെ വിവരണത്തിൽ ഉൾപ്പെടുത്തിയിട്ടുമില്ല. അനു. എ7-ലെ ചാർട്ട് അതു വ്യക്തമാക്കുന്നുണ്ട്. വാസ്തവത്തിൽ, യോഹ 2:13-ലും യോഹ 6:4-ലും രേഖപ്പെടുത്തിയിരിക്കുന്ന പെസഹകൾക്കിടയിൽ മറ്റൊരു വാർഷിക പെസഹ ഉണ്ടായിരുന്നെന്നുതന്നെയാണു മറ്റു മൂന്നു സുവിശേഷങ്ങളും സൂചിപ്പിക്കുന്നത്. കാരണം അവയിൽ യേശുവിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള കൂടുതലായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.—അനു. എ7-ഉം യോഹ 2:13-ന്റെ പഠനക്കുറിപ്പും കാണുക.
-