-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ജീവനായുള്ള പുനരുത്ഥാനം: മരിക്കുന്നതിനു മുമ്പ് ‘നല്ല കാര്യങ്ങൾ ചെയ്തവർക്കായിരിക്കും’ “ജീവനായുള്ള പുനരുത്ഥാനം” ലഭിക്കുന്നത്. വിശ്വസ്തരായ ആളുകളെ പുനരുത്ഥാനപ്പെടുത്തുന്നതിനു മുമ്പും, അവരെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം അത്ര ഉറപ്പുള്ളതായതുകൊണ്ട്, “ദൈവമുമ്പാകെ അവരെല്ലാം ജീവിച്ചിരിക്കുന്നവരാണ്.” ലോകാരംഭംമുതലുള്ള “ജീവന്റെ പുസ്തകത്തിൽ” അവരുടെ പേരുകൾ ഇപ്പോൾത്തന്നെ എഴുതിയിട്ടുണ്ട്. (ലൂക്ക 20:38-ഉം പഠനക്കുറിപ്പും കാണുക; വെളി 17:8; ഫിലി 4:3-ഉം പഠനക്കുറിപ്പും കൂടെ കാണുക.) സാധ്യതയനുസരിച്ച് ഇവർതന്നെയാണ് പ്രവൃത്തികൾ 24:15-ൽ പുനരുത്ഥാനത്തിൽ വരുമെന്നു പറയുന്ന “നീതിമാന്മാർ.” ഒരാൾ മരിക്കുമ്പോൾ അയാൾ ‘പാപത്തിൽനിന്ന്മോചിതനാകുമെന്നു’ റോമർ 6:7-ൽ പറയുന്നു. നീതിമാന്മാർ ചെയ്‌ത തെറ്റുകൾ മരണത്തോടെ മാഞ്ഞുപോകുമെങ്കിലും അവർ ചെയ്‌ത നല്ല കാര്യങ്ങൾ അപ്പോഴും നിലനിൽക്കും. (എബ്ര 6:10) പക്ഷേ, പുനരുത്ഥാനപ്പെട്ടുവരുന്ന ഈ നീതിമാന്മാരും വിശ്വസ്തതയോടെ തുടർന്നാൽ മാത്രമേ അവരുടെ പേരുകൾ എന്നും “ജീവന്റെ പുസ്തകത്തിൽ” ഉണ്ടായിരിക്കുകയും ഒടുവിൽ അവർക്ക് ‘നിത്യജീവൻ’ ലഭിക്കുകയും ചെയ്യുകയുള്ളൂ.—വെളി 20:12; യോഹ 3:36.
ന്യായവിധിക്കായുള്ള പുനരുത്ഥാനം: മരിക്കുന്നതിനു മുമ്പ് “മോശമായ കാര്യങ്ങൾ ചെയ്‌തവർക്ക്” “ന്യായവിധിക്കായുള്ള പുനരുത്ഥാനം” ലഭിക്കും. “ന്യായവിധി” (ക്രൈസിസ്) എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന് സന്ദർഭമനുസരിച്ച് വ്യത്യസ്‌ത അർഥങ്ങൾ വരാം. (യോഹ 5:24-ന്റെ പഠനക്കുറിപ്പ് കാണുക.) ഈ വാക്യത്തിലെ “ന്യായവിധി” എന്ന വാക്ക് ഒരാളെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ഒക്കെ ചെയ്യുന്നതിനെ അല്ലെങ്കിൽ ഒരു ഗ്രീക്ക്‌ബൈബിൾ നിഘണ്ടു പറയുന്നതുപോലെ ഒരാളുടെ “പെരുമാറ്റത്തെ പരിശോധിക്കുന്നതിനെ” ആയിരിക്കാം കുറിക്കുന്നത്. ഇവിടെ “ന്യായവിധിക്കായുള്ള പുനരുത്ഥാനം” ലഭിക്കുമെന്നു പറഞ്ഞിരിക്കുന്നവരെത്തന്നെ ആയിരിക്കണം പ്രവൃത്തികൾ 24:15-ൽ “നീതികെട്ടവർ” എന്നു വിളിക്കുന്നത്. ക്രിസ്‌തുവും സഹന്യായാധിപന്മാരും ദൈവരാജ്യത്തിൽ ഭരണം നടത്തുമ്പോൾ ഈ നീതികെട്ടവർ അവരുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ ന്യായം വിധിക്കപ്പെടും. (ലൂക്ക 22:30; റോമ 6:7) നീതികെട്ടവരെ പരിശോധിക്കുന്ന ആ സമയത്ത്, അവരെ ഓരോരുത്തരെയും ‘അവരുടെ പ്രവൃത്തികളനുസരിച്ച് ന്യായം വിധിക്കും.’ (വെളി 20:12, 13) മുമ്പത്തെ മോശമായ ജീവിതരീതി ഉപേക്ഷിക്കുന്ന നീതികെട്ടവരുടെ പേരുകൾ മാത്രമേ “ജീവന്റെ പുസ്തകത്തിൽ” എഴുതുകയുള്ളൂ. അവർക്കു ‘നിത്യജീവനും’ ലഭിക്കും.—വെളി 20:15; യോഹ 3:36.
പുനരുത്ഥാനം: മത്ത 22:23-ന്റെ പഠനക്കുറിപ്പു കാണുക.
-