-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരാണെന്നും . . . യേശുവിന് അറിയാമായിരുന്നു: യേശു ഇവിടെ യൂദാസ് ഈസ്കര്യോത്തിനെക്കുറിച്ചാണു പറഞ്ഞത്. ഒരു രാത്രി മുഴുവൻ പിതാവിനോടു പ്രാർഥിച്ചശേഷമാണു യേശു 12 അപ്പോസ്തലന്മാരെ തിരഞ്ഞെടുത്തത്. (ലൂക്ക 6:12-16) യൂദാസ് തുടക്കത്തിൽ ദൈവത്തോടു വിശ്വസ്തനായിരുന്നെന്ന് ഇതു സൂചിപ്പിക്കുന്നു. എന്നാൽ ഒരു അടുത്ത സഹകാരി തന്നെ ചതിക്കുമെന്നു യേശു എബ്രായതിരുവെഴുത്തുകളിലെ പ്രവചനങ്ങളിൽനിന്ന് മനസ്സിലാക്കിയിരുന്നു. (സങ്ക 41:9; 109:8; യോഹ 13:18, 19) യേശുവിനു ഹൃദയവും ചിന്തകളും വായിക്കാനുള്ള കഴിവുണ്ടായിരുന്നതുകൊണ്ട് യൂദാസ് തെറ്റായ ഒരു വഴിയിലേക്കു തിരിയാൻ തുടങ്ങിയപ്പോൾത്തന്നെ യേശു ആ മാറ്റം വായിച്ചെടുത്തു. (മത്ത 9:4) ദൈവത്തിനു ഭാവികാര്യങ്ങൾ അറിയാൻ കഴിവുള്ളതുകൊണ്ട്, ഒരു വിശ്വസ്തസുഹൃത്തുതന്നെ യേശുവിനെ വഞ്ചിക്കുമെന്നു ദൈവം മനസ്സിലാക്കി. എന്നാൽ വഞ്ചകനായിത്തീരുന്നതു യൂദാസ് ആയിരിക്കുമെന്നു ദൈവം മുൻകൂട്ടി നിശ്ചയിച്ചിരുന്നു എന്ന വാദം ദൈവത്തിന്റെ ഗുണങ്ങളുമായി ഒട്ടും ചേരില്ല. മുൻകാലങ്ങളിൽ ദൈവം മറ്റുള്ളവരോട് ഇടപെട്ട വിധം പരിശോധിച്ചാലും ദൈവത്തിന് അങ്ങനെയൊരു കാര്യം ചെയ്യാനാകില്ല എന്നു വ്യക്തമാകും. അതെ, യൂദാസിന്റെ ഭാവി ദൈവം മുൻകൂട്ടി വിധിച്ചതായിരുന്നില്ല.
ആദ്യംമുതലേ: അഥവാ “ആരംഭംമുതലേ; തുടക്കംമുതലേ.” ഇവിടെ പറയുന്നതു യൂദാസിന്റെ ജനനത്തെക്കുറിച്ചല്ല; യൂദാസിനെ ഒരു അപ്പോസ്തലനായി തിരഞ്ഞെടുത്ത സമയത്തെക്കുറിച്ചുമല്ല. കാരണം ഒരു രാത്രി മുഴുവൻ പ്രാർഥിച്ചശേഷമാണു യേശു അപ്പോസ്തലന്മാരെ തിരഞ്ഞെടുത്തത്. (ലൂക്ക 6:12-16) യൂദാസ് വഞ്ചന കാണിച്ചുതുടങ്ങിയ സമയത്തെക്കുറിച്ചാണ് ഈ വാക്യത്തിൽ പറയുന്നത്; യേശു അത് ഉടനടി തിരിച്ചറിയുകയും ചെയ്തു. (യോഹ 2:24, 25; വെളി 1:1; 2:23; യോഹ 6:70; 13:11 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) മുന്നമേ ആസൂത്രണം ചെയ്ത്, കരുതിക്കൂട്ടിയാണു യൂദാസ് എല്ലാം ചെയ്തതെന്നും അതു പെട്ടെന്നുണ്ടായ ഒരു മനംമാറ്റത്തിന്റെ ഫലമല്ലായിരുന്നെന്നും ഇതു സൂചിപ്പിക്കുന്നു. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ “ആദ്യം; ആരംഭം; തുടക്കം” എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന പദംകൊണ്ട് (ഗ്രീക്കിൽ, ആർഖീ) ഉദ്ദേശിക്കുന്നത് എന്താണെന്നു സന്ദർഭം നോക്കിയാണു മനസ്സിലാക്കേണ്ടത്. ഉദാഹരണത്തിന്, 2പത്ര 3:4-ന്റെ മൂലഭാഷാപ്രതികളിൽ കാണുന്ന “ആരംഭത്തിൽ” എന്ന പദം സൃഷ്ടിയുടെ ആരംഭത്തെയാണു കുറിക്കുന്നത്. എന്നാൽ മറ്റു പല സ്ഥലങ്ങളിലും ഈ പദത്തിന് അതിലും അർഥവ്യാപ്തി കുറവാണ്. ഉദാഹരണത്തിന്, “അന്നു (അക്ഷ. “ആരംഭത്തിൽ”) നമ്മുടെ മേൽ പരിശുദ്ധാത്മാവ് വന്നതുപോലെ” ജനതകളുടെ മേലും വന്നു എന്ന പത്രോസിന്റെ വാക്കുകളെക്കുറിച്ച് ചിന്തിക്കുക. (പ്രവൃ 11:15) “അന്ന്” അഥവാ “ആരംഭത്തിൽ” എന്നു പറഞ്ഞപ്പോൾ പത്രോസ് ഉദ്ദേശിച്ചതു താൻ ജനിച്ച സമയമോ അപ്പോസ്തലനായി തിരഞ്ഞെടുക്കപ്പെട്ട സമയമോ അല്ല, മറിച്ച് എ.ഡി. 33-ലെ പെന്തിക്കോസ്ത് നാളായിരുന്നു. കാരണം ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി പരിശുദ്ധാത്മാവിനെ പകരാൻ ‘ആരംഭിച്ച’ ദിവസമായിരുന്നു അത്. (പ്രവൃ 2:1-4) “ആദ്യം; ആരംഭം; തുടക്കം” എന്നൊക്കെയുള്ള പദങ്ങളുടെ അർഥം സന്ദർഭമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും എന്നു തെളിയിക്കുന്ന മറ്റ് ഉദാഹരണങ്ങൾ ലൂക്ക 1:2; യോഹ 15:27; 1യോഹ 2:7 എന്നീ വാക്യങ്ങളിൽ കാണാം.
-