-
യോഹന്നാൻ 21:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 അവർ ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ യേശു ശിമോൻ പത്രോസിനോട്, “യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവയെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ” എന്നു ചോദിച്ചു. പത്രോസ് യേശുവിനോട്, “ഉണ്ട് കർത്താവേ, എനിക്ക് അങ്ങയെ എത്ര ഇഷ്ടമാണെന്ന് അങ്ങയ്ക്ക് അറിയാമല്ലോ” എന്നു പറഞ്ഞു. യേശു പത്രോസിനോട്, “എന്റെ കുഞ്ഞാടുകളെ തീറ്റുക”+ എന്നു പറഞ്ഞു.
-
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
യേശു ശിമോൻ പത്രോസിനോട്: പത്രോസ് യേശുവിനെ മൂന്നു വട്ടം തള്ളിപ്പറഞ്ഞിട്ട് അധികമാകുന്നതിനു മുമ്പാണു യേശുവും പത്രോസും തമ്മിലുള്ള ഈ സംഭാഷണം നടക്കുന്നത്. പത്രോസിനു തന്നോടുള്ള ഇഷ്ടം അളക്കാൻ യേശു മൂന്നു ചോദ്യങ്ങൾ ചോദിച്ചെന്നും ഒടുവിൽ “പത്രോസിന് ആകെ സങ്കടമായി” എന്നും നമ്മൾ വായിക്കുന്നു. (യോഹ 21:17) യോഹ 21:15-17-ലെ ഈ വിവരണത്തിൽ വ്യത്യസ്തമായ രണ്ടു ഗ്രീക്ക് ക്രിയാപദങ്ങൾ കാണാം: ഒന്ന്, സ്നേഹിക്കുക എന്ന് അർഥംവരുന്ന അഗപാഓ; രണ്ട്, ഇഷ്ടപ്പെടുക എന്ന് അർഥംവരുന്ന ഫിലീയോ. ‘നീ എന്നെ സ്നേഹിക്കുന്നുണ്ടോ’ എന്നു രണ്ടു പ്രാവശ്യം യേശു പത്രോസിനോടു ചോദിച്ചു. തനിക്കു യേശുവിനെ വളരെ ‘ഇഷ്ടമാണെന്ന്’ രണ്ടു തവണയും പത്രോസ് ആത്മാർഥമായിത്തന്നെ മറുപടിയും കൊടുത്തു. ഒടുവിൽ യേശു, “നിനക്ക് എന്നോട് ഇഷ്ടമുണ്ടോ” എന്നു ചോദിച്ചു. ഉണ്ടെന്ന് ഇത്തവണയും പത്രോസ് ഉറപ്പു കൊടുത്തു. പത്രോസ് ഓരോ തവണ തന്റെ സ്നേഹത്തിന് ഉറപ്പു കൊടുത്തപ്പോഴും യേശു ഒരു കാര്യം ഊന്നിപ്പറഞ്ഞു: തന്നോടു സ്നേഹവും ഇഷ്ടവും ഉണ്ടെങ്കിൽ പത്രോസ് തന്റെ ശിഷ്യന്മാരായ കുഞ്ഞാടുകളെ ആത്മീയമായി തീറ്റുകയും ‘മേയ്ക്കുകയും’ വേണം. (യോഹ 21:16, 17; 1പത്ര 5:1-3) തന്നോടു പത്രോസിനു സ്നേഹമുണ്ടെന്ന് ഉറപ്പേകാൻ മൂന്ന് അവസരം കൊടുത്തശേഷമാണു തന്റെ ആടുകളെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം യേശു അദ്ദേഹത്തെ ഏൽപ്പിച്ചത്. താൻ യേശുവിനെ മൂന്നു വട്ടം തള്ളിപ്പറഞ്ഞതു യേശു ക്ഷമിച്ചോ എന്നു ചെറിയൊരു സംശയമെങ്കിലും പത്രോസിന് ഉണ്ടായിരുന്നെങ്കിൽ അത് ഈ സംഭാഷണത്തോടെ തീർന്നുകാണും.
യോഹന്നാൻ: ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഇവിടെ പത്രോസ് അപ്പോസ്തലന്റെ അപ്പനെ യോഹന്നാൻ എന്നാണു വിളിച്ചിരിക്കുന്നത്. എന്നാൽ മറ്റു ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഇവിടെ അദ്ദേഹത്തെ യോന എന്നു വിളിച്ചിരിക്കുന്നതായി കാണാം. മത്ത 16:17-ൽ യേശു പത്രോസിനെ ‘യോനയുടെ മകനായ ശിമോൻ’ എന്നാണു വിളിച്ചത്. (മത്ത 16:17-ന്റെ പഠനക്കുറിപ്പു കാണുക.) യോഹന്നാൻ എന്നതിന്റെ എബ്രായപേര് ഗ്രീക്കിൽ രണ്ടു രീതിയിൽ എഴുതാം. അതിൽനിന്നായിരിക്കാം യോഹന്നാൻ, യോന എന്നീ രണ്ടു പേരുകൾ വന്നതെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.
നീ ഇവയെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ?: ഗ്രീക്കുവ്യാകരണമനുസരിച്ച്, “ഇവയെക്കാൾ” എന്ന പദപ്രയോഗത്തിന് ഒന്നിലധികം അർഥം വരാം. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ യേശു ചോദിച്ചതിന്റെ അർഥം, “ഈ ശിഷ്യന്മാരെ സ്നേഹിക്കുന്നതിനെക്കാൾ നീ എന്നെ സ്നേഹിക്കുന്നുണ്ടോ” എന്നോ “ഈ ശിഷ്യന്മാർ എന്നെ സ്നേഹിക്കുന്നതിനെക്കാളും നീ എന്നെ സ്നേഹിക്കുന്നുണ്ടോ” എന്നോ ആണ്. എന്നാൽ “നീ ഇവയെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ” എന്ന യേശുവിന്റെ ചോദ്യം, അവർ പിടിച്ച മീനുകളെയോ അവരുടെ മത്സ്യബന്ധനബിസിനെസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളെയോ ഉദ്ദേശിച്ചായിരിക്കാനാണു കൂടുതൽ സാധ്യത. ചുരുക്കത്തിൽ ആ വാക്യത്തിന്റെ ആശയം ഇതായിരിക്കാം: ‘നീ ഭൗതികവസ്തുക്കളെക്കാളും സ്ഥാനമാനങ്ങളെക്കാളും എന്നെ സ്നേഹിക്കുന്നുണ്ടോ? എങ്കിൽ എന്റെ കുഞ്ഞാടുകളെ തീറ്റുക.’ പത്രോസിന്റെ ഭൂതകാലം കണക്കിലെടുക്കുമ്പോൾ ഈ ചോദ്യത്തിനു പ്രത്യേകപ്രസക്തിയുണ്ട്. കാരണം, പത്രോസ് യേശുവിന്റെ ആദ്യശിഷ്യന്മാരിൽ ഒരാളായിരുന്നെങ്കിലും (യോഹ 1:35-42) അദ്ദേഹം പെട്ടെന്നൊന്നും യേശുവിനെ മുഴുവൻ സമയവും അനുഗമിച്ചില്ല. പകരം അദ്ദേഹം മീൻപിടുത്തത്തിലേക്കുതന്നെ തിരിച്ചുപോയി. ആ വലിയ ബിസിനെസ്സിൽ ഉൾപ്പെട്ടിരുന്ന പത്രോസിനെ കുറച്ച് മാസങ്ങൾക്കു ശേഷം യേശു ‘മനുഷ്യരെ പിടിക്കുന്നവനാകാൻ’ വിളിച്ചു. (മത്ത 4:18-20; ലൂക്ക 5:1-11) എന്നാൽ യേശുവിന്റെ മരണശേഷം അധികം വൈകാതെ പത്രോസ് വീണ്ടും, താൻ മീൻ പിടിക്കാൻ പോകുകയാണെന്നു പറഞ്ഞു. മറ്റ് അപ്പോസ്തലന്മാരും പത്രോസിന്റെ കൂടെ കൂടി. (യോഹ 21:2, 3) അതുകൊണ്ട് പത്രോസിനോടുള്ള യേശുവിന്റെ ഈ വാക്കുകൾ നിർണായകമായ ഒരു തീരുമാനം എടുക്കാനുള്ള ആഹ്വാനമായിരുന്നിരിക്കാം. താൻ ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നത് അവിടെ കൂട്ടിയിട്ടിരുന്ന മീനുകൾക്ക് അഥവാ മത്സ്യബന്ധനബിസിനെസ്സിന് ആയിരിക്കുമോ അതോ യേശുവിന്റെ അനുഗാമികളായ കുഞ്ഞാടുകൾക്ക് ആത്മീയഭക്ഷണം കൊടുക്കുന്നതിനായിരിക്കുമോ എന്നു പത്രോസ് തീരുമാനിക്കേണ്ടിയിരുന്നു.—യോഹ 21:4-8.
-