-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ആശ്വാസപുത്രൻ: അഥവാ “പ്രോത്സാഹനപുത്രൻ.” “യോസേഫ്” (പ്രവൃ 4:36) എന്ന ശിഷ്യനു ലഭിച്ച ബർന്നബാസ് എന്ന വിളിപ്പേരിന്റെ പരിഭാഷയാണ് ഇത്. യോസേഫ് എന്ന പേര് ജൂതന്മാരുടെ ഇടയിൽ സർവസാധാരണമായിരുന്നതുകൊണ്ട് പ്രായോഗികബുദ്ധിമുട്ടുകൾ ഒഴിവാക്കാനായിരിക്കാം അപ്പോസ്തലന്മാർ അദ്ദേഹത്തിനു ബർന്നബാസ് എന്ന പേര് നൽകിയത്. (പ്രവൃ 1:23 താരതമ്യം ചെയ്യുക.) ഈ വാക്യത്തിലെ പുത്രൻ എന്നതിന്റെ പഠനക്കുറിപ്പിൽ വിശദീകരിച്ചിരിക്കുന്നതുപോലെ, ഒരാളെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്ന ഒരു പ്രമുഖഗുണത്തെയോ സ്വഭാവസവിശേഷതയെയോ കുറിക്കാൻ “പുത്രൻ” എന്ന പദം ഉപയോഗിച്ചിരുന്നു. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും ആശ്വസിപ്പിക്കാനും യോസേഫിനു പ്രത്യേകമായൊരു കഴിവുണ്ടായിരുന്നതുകൊണ്ടാകാം അദ്ദേഹത്തിന് ആശ്വാസപുത്രൻ എന്ന വിളിപ്പേര് ലഭിച്ചത്. യോസേഫിനെ (ബർന്നബാസിനെ) സിറിയയിലെ അന്ത്യോക്യയിലുള്ള സഭയിലേക്ക് അയച്ചപ്പോൾ അദ്ദേഹം അവിടെയുള്ള സഹവിശ്വാസികളെ ‘പ്രോത്സാഹിപ്പിച്ചതായി’ ലൂക്കോസ് രേഖപ്പെടുത്തിയിട്ടുണ്ട്. (പ്രവൃ 11:22, 23) ആ തിരുവെഴുത്തുഭാഗത്ത്, “പ്രോത്സാഹിപ്പിച്ചു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന് (പാരാകാലേഓ) പ്രവൃ 4:37-ലെ ‘ആശ്വാസം’ എന്നതിന്റെ ഗ്രീക്കുപദവുമായി (പരാക്ലേസിസ്) ബന്ധമുണ്ട്.—ഈ വാക്യത്തിലെ പുത്രൻ എന്നതിന്റെ പഠനക്കുറിപ്പു കാണുക.
പുത്രൻ: എബ്രായ, അരമായ, ഗ്രീക്ക് ഭാഷകളിൽ “പുത്രൻ,” “പുത്രന്മാർ,” “മക്കൾ” എന്നീ പദപ്രയോഗങ്ങൾക്ക്, ഒരാളെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്ന ഒരു പ്രമുഖഗുണത്തെയോ സ്വഭാവസവിശേഷതയെയോ കുറിക്കാനാകും. ഇനി, ഒരു കൂട്ടം ആളുകളുടെ ഏതെങ്കിലുമൊരു പ്രത്യേകതയെ വർണിക്കാനും ആ പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ആവ 3:18-ന്റെ കാര്യമെടുക്കുക. അവിടെ ‘വീരന്മാർ’ അഥവാ ധീരരായ പോരാളികൾ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാ പദപ്രയോഗത്തിന്റെ അക്ഷരാർഥം “കരുത്തിന്റെ പുത്രന്മാർ” എന്നാണ്. ഇനി, ഇയ്യ 1:3-ൽ “പൗരസ്ത്യദേശത്തെ (ആളുകൾ)” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാ പദപ്രയോഗത്തിന്റെ അക്ഷരാർഥമാകട്ടെ, “പൗരസ്ത്യദേശത്തിന്റെ പുത്രന്മാർ” എന്നാണ്. 1ശമു 25:17-ൽ “നികൃഷ്ടൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാ പദപ്രയോഗത്തിന്റെ അക്ഷരാർഥം “ബലീയാലിന്റെ പുത്രൻ” അഥവാ “നികൃഷ്ടതയുടെ പുത്രൻ” എന്നാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിലും, ഒരു പ്രത്യേക ജീവിതപാത തിരഞ്ഞെടുത്തവരെയോ ചില പ്രത്യേക സ്വഭാവസവിശേഷതകളുള്ളവരെയോ കുറിക്കാൻ “പുത്രൻ,” “പുത്രന്മാർ,” “മക്കൾ” എന്നീ പദപ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അതിന് ഉദാഹരണമാണ് ‘അത്യുന്നതന്റെ പുത്രന്മാർ,’ ‘വെളിച്ചത്തിന്റെയും പകലിന്റെയും മക്കൾ,’ ‘അനുസരണക്കേടിന്റെ മക്കൾ’ എന്നതുപോലുള്ള പദപ്രയോഗങ്ങൾ.—ലൂക്ക 6:35; 1തെസ്സ 5:5; എഫ 2:2.
-