-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
കൂടാരപ്പണിക്കാർ: പൗലോസിന്റെയും അക്വിലയുടെയും പ്രിസ്കില്ലയുടെയും തൊഴിലിനെ കുറിക്കാൻ സ്ക്കീനൊപോയിയൊസ് എന്ന ഗ്രീക്കുപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇതു കൃത്യമായി ഏതു തൊഴിലിനെയാണു കുറിക്കുന്നത് എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട് (കൂടാരപ്പണി, അലങ്കാരപ്പണിയുള്ള തുണിയുടെ നെയ്ത്ത്, കയറുനിർമാണം എന്നിവയെല്ലാം സാധ്യതകളാണ്.). എന്നാൽ ഇതു ‘കൂടാരപ്പണിയെത്തന്നെയാണു’ കുറിക്കുന്നതെന്നു പല പണ്ഡിതന്മാരും കരുതുന്നു. പൗലോസിന്റെ സ്വദേശമായ കിലിക്യയിലെ തർസൊസ്, കോലാട്ടുരോമംകൊണ്ട് ഉണ്ടാക്കുന്ന സിലിഷ്യം എന്ന കൂടാരത്തുണിക്കു പേരുകേട്ടതായിരുന്നു. (പ്രവൃ 21:39) ജൂതന്മാരായ ചെറുപ്പക്കാർ ഉന്നതവിദ്യാഭ്യാസം നേടാനിരിക്കുന്നവരാണെങ്കിൽപ്പോലും അവർ ഒരു കൈത്തൊഴിൽ പഠിക്കുന്നതു വളരെ ആദരണീയമായ ഒരു കാര്യമായിട്ടാണു എ.ഡി. ഒന്നാം നൂറ്റാണ്ടിലെ ജൂതസമൂഹം കണ്ടിരുന്നത്. അതുകൊണ്ട് പൗലോസ് ചെറുപ്പത്തിൽത്തന്നെ കൂടാരം ഉണ്ടാക്കാനുള്ള പരിശീലനം നേടിയിരിക്കാം. എന്നാൽ ഈ പണി അത്ര എളുപ്പമായിരുന്നില്ല. കാരണം സിലിഷ്യം പൊതുവേ നല്ല കട്ടിയുള്ള, പരുക്കൻ തുണിയായിരുന്നെന്നു പറയപ്പെടുന്നു. അതുകൊണ്ടുതന്നെ അതു മുറിച്ച്, തുന്നിയെടുക്കാൻ നല്ല കഷ്ടപ്പാടായിരുന്നു.
-